19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 29, 2024
May 17, 2024
April 24, 2024
April 17, 2024
April 15, 2024
April 2, 2024
April 2, 2024
March 21, 2024
March 21, 2024
March 19, 2024

ഒഴിഞ്ഞുമാറല്‍ കലയാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

പ്രൊഫ. കെ അരവിന്ദാക്ഷൻ
March 21, 2024 4:30 am

രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചരിത്രപ്രസിദ്ധമായ വിധി പുറത്തുവന്നതോടെ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ‘രഹസ്യ’വരുമാന സ്രോതസായി കരുതിയിരുന്ന ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമായ ഒന്നായി തിരിച്ചറിഞ്ഞിരിക്കുകയാണല്ലോ. ഇതിനെത്തുടര്‍ന്ന് അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നും കേന്ദ്ര ഭരണകക്ഷിയായ ബിജെപി അടക്കമുള്ള ഏതാനും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ കെെകളിലെത്തിക്കൊണ്ടിരുന്ന അനധികൃത സ്രോതസുകള്‍ വഴിയുള്ള അനുസ്യൂതമായ പണത്തിന്റെ ഒഴുക്കാണ് നിലച്ചുപോയിരിക്കുന്നത്. മാത്രമല്ല, സുപ്രീം കോടതിയുടെ വിധി പ്രയോഗത്തില്‍ വരുന്നതോടെ ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥയില്‍ കള്ളപ്പണം ചെലുത്തിവന്നിരുന്ന അവിഹിത സ്വാധീനത്തിന് വലിയതോതിലുള്ള അറുതിവരികയും ചെയ്തേക്കാം എന്നാണ് പൊതുജനങ്ങളുടെ ആശ്വാസം. ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും സംബന്ധിച്ചിടത്തോളം ഒട്ടും‌പ്രതീക്ഷിക്കാത്തൊരു തിരിച്ചടിയായിരുന്നു ഇത്. എന്തിനുമേതിനും ദെെവത്തിന്റെ നാമധേയം വലിച്ചിഴയ്ക്കുന്ന മോഡിയും സംഘപരിവാരവും നീതിയുക്തവും ഭരണഘടനാപരവുമായ ഈ കോടതിവിധി കെെകാര്യം ചെയ്യുന്നതിലും ദെെവത്തെ വെറുതെ വിട്ടില്ല. കോര്‍പറേറ്റുകളില്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി പണം പിരിക്കുന്ന പ്രക്രിയയെ ‘കുചേലന്‍ ഭഗവാന്‍ ശ്രീകൃഷ്ണന് ഒരു പിടി അവില്‍ ദാനം ചെയ്ത’ നടപടിയുമായി മോഡി തന്നെ തുലനം ചെയ്യുകയാണുണ്ടായത്.

കുചേലന്‍ ഇന്നാണ് ഈവിധമൊരു നടപടിക്ക് തയ്യാറായിരുന്നെങ്കില്‍, ഒരുപക്ഷെ കുചേലന്‍ മാത്രമല്ല, ശ്രീകൃഷ്ണ ഭഗവാനും കസ്റ്റഡിയിലാവുമായിരുന്നു എന്നുവരെ പ്രധാനമന്ത്രി തട്ടിവിട്ടു. അതേ അവസരത്തില്‍, ബോണ്ടുകള്‍ കെെകാര്യം ചെയ്യുന്നതിന് ചുമതല ഏല്പിക്കപ്പെട്ടിരിക്കുന്ന എസ്ബിഐ ഈ ഇടപാടിന്റെ വിവരങ്ങള്‍ 21 ദിവസങ്ങള്‍ക്കകം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അതിന്റെ വെബ്‌സെെറ്റില്‍ പ്രസിദ്ധീകരിക്കുന്നതിലേക്കായി നല്‍കണമെന്ന് കോടതി കര്‍ശന നിലപാടെടുത്തിരുന്നു. ഇതില്‍ ആദ്യത്തേത്, 2019 ഏപ്രില്‍ 12 മുതല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയവരെ സംബന്ധിക്കുന്ന വിവരങ്ങളാണ്. ഇതില്‍ വാങ്ങിയ വ്യക്തിയുടെ പേര്, വാങ്ങിയ തീയതി, ബോണ്ടിന്റെ മൂല്യം തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം. രണ്ടാമത്തേത്, ബോണ്ടുകള്‍ നിശ്ചിത കാലയളവില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പണമാക്കി മാറ്റിയത് സംബന്ധമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതുമായിരിക്കണം. സുപ്രീം കോടതി വിധി പുറത്തുവന്ന ഉടനെ യാതൊരു പ്രതികരണവുമില്ലാതിരുന്ന എസ്ബിഐ മാനേജ്മെന്റ് ബാഹ്യസമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് ആര്‍ക്കും ബോധ്യമാകുന്ന വിധം, നിശ്ചിത തീയതിക്ക് രണ്ടുനാള്‍ മുമ്പ് ഒരു അഫിഡവിറ്റുമായി കോടതിയിലെത്തുകയാണ്. തികച്ചും ബാലിശമായ കാരണങ്ങള്‍ നിരത്തിയായിരുന്നു ഈ അപേക്ഷ. കോടതി നിജപ്പെടുത്തിയ സമയപരിധിക്കകം ബോണ്ടുകള്‍ സംബന്ധമായ ഡാറ്റ ശേഖരിക്കുന്നതിന് നിരവധി രേഖകള്‍ ഡികോഡ് ചെയ്യുകയും താരതമ്യപ്പെടുത്തുകയും വേര്‍തിരിച്ചെടുക്കുകയും മറ്റും വേണം. ഡോണര്‍മാരുടെയും ബോണ്ട് വാങ്ങുന്നവരുടെയും പേരുവിവരങ്ങളടക്കം വിവിധയിനം വിശദാംശങ്ങളും കണക്കുകളും പ്രത്യേകം പ്രത്യേകം അറകളില്‍ ശേഖരിച്ചുവച്ചിരിക്കുന്നതിനാല്‍ അവ കണ്ടെത്തി വേര്‍തിരിച്ചെടുക്കുക ശ്രമകരമാണ് എന്നും എസ്ബിഐ മാനേജ്മെന്റ് കോടതിക്ക് മുമ്പില്‍ ഉന്നയിച്ചു. ഇതിലേറെ അവിശ്വസനീയവും നട്ടാല്‍ കുരുക്കാത്തതുമായ നുണയും ബാങ്ക് പ്രയോഗിക്കാതിരുന്നില്ല.


ഇതുകൂടി വായിക്കൂ: ജനാധിപത്യത്തെ കുറിച്ച് പ്രതീക്ഷ നല്‍കുന്ന വിധി


ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് ഒരു കേന്ദ്രീകൃത ഡാറ്റാബേസ് ഇല്ലെന്നതായിരുന്നു ഇത്. ഇതു മാത്രമോ, മാനേജ്മെന്റ് തട്ടിവിട്ട കള്ളങ്ങളുടെ കൂട്ടത്തില്‍ വേറെയും ചിലതുണ്ടായിരുന്നു. ചില ബോണ്ടുകള്‍ ഡിജിറ്റലായി സൂക്ഷിച്ചിരിക്കുന്നതിനാല്‍ അവ സംബന്ധമായ വിവരങ്ങള്‍ എളുപ്പത്തില്‍ ശേഖരിക്കാനാകും. എന്നാല്‍ മറ്റുചില ബോണ്ടുകള്‍ അതേ രൂപത്തില്‍ത്തന്നെ കസ്റ്റമറെ തിരിച്ചറിയാന്‍ പറ്റിയ രേഖകളും (കെവെെസി) വാങ്ങുന്ന വ്യക്തിയുടെ പേരും അടക്കമാണ് സൂക്ഷിച്ചിട്ടുള്ളത്. ഓരോ ബോണ്ടും സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ കര്‍ശനമായ പരിശോധനയ്ക്ക് ശേഷം മാത്രമേ തിട്ടപ്പെടുത്താന്‍ കഴിയൂ. അത് ബോണ്ട് വാങ്ങുന്ന വ്യക്തിയോ, സ്ഥാപനമോ ആയാലും തുല്യമായി ബാധിക്കുന്ന ഒന്നാണ്. ഇത്തരം പ്രക്രിയകളെല്ലാം ഒരുവിധം പൂര്‍ത്തിയാക്കിയാലും പ്രശ്നം തീര്‍ത്തും പരിഹരിക്കപ്പെടുന്നില്ല. ആദ്യഘട്ടത്തില്‍ ബോണ്ടുകള്‍ സംബന്ധമായി ശേഖരിക്കപ്പെട്ട വിവരങ്ങളും അവ പണമാക്കി മാറ്റുന്ന ഘട്ടത്തില്‍ പുനഃപരിശോധിക്കപ്പെടേണ്ടത് അനിവാര്യമാണ്. ഇതത്ര എളുപ്പമുള്ള ഏര്‍പ്പാടല്ല എന്ന വാദമുന്നയിക്കാനും ബാങ്ക് മാനേജ്മെന്റ് മടിച്ചുനിന്നില്ല. എന്നാല്‍, ഈവിധം പൊള്ളയായതും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമായ ന്യായങ്ങള്‍ നിരത്തി സുപ്രീം കോടതിയെ എന്നല്ല, ഇന്ത്യയിലെ സാമാന്യബുദ്ധിയും വിവേകവുമുള്ള ഏതൊരാളെയും കബളിപ്പിക്കാന്‍ ശ്രമിച്ചതിന് എസ്ബിഐ, മാനേജ്മെന്റിനും അതിന് ഒത്താശ ചെയ്തിരിക്കാനിടയുള്ള മോഡി ഭരണകൂടത്തിനും ഒരു പ്രത്യേക ‘അവാര്‍ഡ്’ ഏര്‍പ്പെടുത്തിയാലും കുഴപ്പമില്ലെന്ന് പറയേണ്ടിവരുന്നു. എസ്ബിഐ മാനേജ്മെന്റിന്റെ കരുതിക്കൂട്ടിയുള്ള അജ്ഞതയും വിവരം വളച്ചൊടിക്കാനുള്ള വ്യഗ്രതയും മനസിലാക്കാന്‍ വിവരശേഖരണത്തിന് നാല് മാസങ്ങളെങ്കിലും വേണ്ടിവരുമെന്ന് കോടതിയില്‍ ഹാജരാക്കിയ അഫിഡവിറ്റ് ഒന്ന് ഓടിച്ച് പരിശോധിച്ചാല്‍ തന്നെ മതിയാകും. ഒന്ന്, 2019 ഏപ്രിലിന് ശേഷം മൊത്തം 22,217 ബോണ്ടുകളിലൂടെയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയത്.

ഡോണര്‍മാരെ സംബന്ധിക്കുന്ന വിവരങ്ങള്‍ സീല്‍ ചെയ്ത കവറില്‍ ഈ ഇടപാടുകള്‍ക്കായി നിയോഗിക്കപ്പെട്ട എസ്ബിഐ ശാഖകളിലൂടെ മുംബെെയിലെ മെയിന്‍ ബ്രാഞ്ചില്‍ എത്തിയിരിക്കും. ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണത്തിന്റെ രൂപത്തില്‍ തിരികെ കെെപ്പറ്റുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സീല്‍ ചെയ്ത കവറുകളില്‍ മുംബെെയിലെ എസ്ബിഐ മെയിന്‍ ബ്രാഞ്ചില്‍ സൂക്ഷിച്ചിട്ടുണ്ടാകും. ഇലക്ടറല്‍ ബോണ്ടുകളുടെ എണ്ണം, മുഖമൂല്യം, ഡോണര്‍മാരെയും, ബോണ്ട് കെെപ്പറ്റുന്നവരെയും അത് പണമായി കെെവശം വാങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും സംബന്ധിച്ച വിവരങ്ങള്‍ എസ്ബിഐയുടെ മുംബെെയിലെ കേന്ദ്രശാഖയില്‍ ഉണ്ടായിരിക്കും. സീല്‍ ചെയ്യപ്പെട്ട കവറുകളില്‍ തീര്‍ത്തും സുരക്ഷിതമായ നിലയില്‍ത്തന്നെ ആയിരിക്കുമെന്നു മാത്രം. സീല്‍ ചെയ്ത ഈ കവറുകള്‍ തുറന്ന് പരിശോധിക്കാനും പുനഃപരിശോധനയ്ക്ക് വിധേയമാക്കാനും താരതമ്യത്തിനായി വിനിയോഗിക്കുന്നതിനും ഹെര്‍ക്കുലീസിന്റെ സഹായമൊന്നും വേണ്ടിവരില്ല. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതും വലിപ്പമേറിയതുമായൊരു പൊതുമേഖലാ വാണിജ്യബാങ്കായ എസ്ബിഐ 50 കോടി ഇടപാടുകാര്‍ക്കാണ് ഇപ്പോള്‍ സേവനം നല്‍കിവരുന്നതെന്നോര്‍ക്കുക. ഇത്തരമൊരു ലോകോത്തര നിലവാരമുള്ള എസ്ബിഐക്ക് വെറും 22,217 ഇലക്ടറല്‍ ബോണ്ടുകള്‍ സംബന്ധമായ വിവരശേഖരണത്തിന് 21 ദിവസങ്ങള്‍ മതിയാവില്ലെന്നും നാല് മാസങ്ങളെങ്കിലും ആവശ്യമായി വരുമെന്നും രാജ്യത്തെ പരമോന്നത നീതിപീഠത്തെ അറിയിക്കാന്‍ എങ്ങനെ സാധ്യമാകുന്നു. അതിനുള്ള ധെെര്യവും മനഃസാന്നിധ്യവും എങ്ങനെ ഉണ്ടാകുന്നു എന്നതാണ് അത്ഭുതകരം. എസ്ബിഐ മാനേജ്മെന്റിന്റെ ഒളിച്ചുകളിക്ക് പിന്നില്‍ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന ന്യായമായ സംശയം കൂടിയുണ്ട്. വിവിധ ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി നിഷ്ക്രിയമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന മോഡി സര്‍ക്കാര്‍, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഇതിനകം തന്നെ സ്വന്തം ആജ്ഞാനുവര്‍ത്തികളെ കുത്തിനിറയ്ക്കാനുള്ള തത്രപ്പാടിലാണ്.


ഇതുകൂടി വായിക്കൂ: സുപ്രീം കോടതി വിധി മോഡി സര്‍ക്കാരിനേറ്റ അടി 


തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളുടെ നിയമനം നിഷ്പക്ഷവും രാഷ്ട്രീയമുക്തവുമാക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായി ഒരു കമ്മിഷനെ സുപ്രീം കോടതി നിയോഗിച്ചിരുന്നതാണ്. ഈ സമിതി പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നീ മൂന്നംഗങ്ങളുള്ളൊരു കമ്മിറ്റി വേണമെന്ന ശുപാര്‍ശയാണ് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ജസ്റ്റിസ് കെ എം ജോസഫ് വിരമിക്കുന്നതുവരെ മോഡി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം അവലംബിക്കുകയായിരുന്നു. പിന്നീട് അതിവേഗം കാര്യങ്ങള്‍ നീക്കുകയും ഈ മൂന്നംഗ സമിതിയില്‍ നിന്നും ചീഫ് ജസ്റ്റിസിനെ നീക്കുകയും പകരം പ്രധാനമന്ത്രി നോമിനേറ്റ് ചെയ്യുന്ന കേന്ദ്ര ക്യാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം അംഗീകരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. മൂന്നംഗസമിതിയില്‍ അവസാന തീരുമാനം കേന്ദ്രസര്‍ക്കാരിന്റെതായിരിക്കും എന്നര്‍ത്ഥം. ഇന്നത്തെ നിലയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വതന്ത്രമായ പ്രവര്‍ത്തനവും തകര്‍ത്തെറിയപ്പെടുകയായിരിക്കും ഫലത്തില്‍ നടക്കുക. ഇതിനിടെ തീര്‍ത്തും അപ്രതീക്ഷിതമായി 2027 വരെ സേവന കാലാവധി ഉണ്ടായിരുന്ന കമ്മിഷന്‍ അംഗം ഗോയല്‍ തന്റെ രാജി സമര്‍പ്പിച്ചത് ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ വേണ്ടിയാണെന്നാണ് വാര്‍ത്ത.

ഒരുകാര്യം വ്യക്തമാണ്. ഇലക്ടറല്‍ ബോണ്ടുകള്‍ സംബന്ധമായി സുപ്രീം കോടതി ആവശ്യപ്പെട്ട ഒരുവിധം കാതലായ മുഴുവന്‍ വിവരങ്ങളും കണക്കുകളും എസ്ബിഐ ഇതിനകം തന്നെ ഒരു സത്യവാങ്മൂലമായി കോടതിക്ക് മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മൊത്തം വിറ്റത് 22,217 ബോണ്ടുകള്‍; പണമാക്കി മാറ്റിയത് 22,030 ബോണ്ടുകള്‍. എസ്ബിഐയുടെ വക വെളിപ്പെടുത്തലനുസരിച്ച്, ഇലക്ടറല്‍ ബോണ്ടുകളിലൂടെ കെെമാറ്റപ്പെട്ടത് ഏറെയും അവിശുദ്ധമായി സമാഹരിക്കപ്പെട്ട പണമാണ്. ഖനി കമ്പനികള്‍ മുതല്‍ ഔഷധ നിര്‍മ്മാണ കമ്പനികള്‍ വരെയും വ്യാജവും അനധികൃതവുമായി ലോട്ടറി ടിക്കറ്റുകള്‍ അച്ചടിച്ച് വില്പന നടത്തി കോടികള്‍ അവിഹിതമായി തട്ടിയെടുത്ത സാന്റിയാഗോ മാര്‍ട്ടിന്‍ വരെയും, അടിസ്ഥാന നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും യഥേഷ്ടം ബോണ്ടുകള്‍ വാങ്ങി വിവിധ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പ്രാദേശിക പാര്‍ട്ടികള്‍ക്കും സംഭാവന നല്‍കിയിട്ടുള്ളതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്സെെറ്റില്‍ എസ്ബിഐ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ലഭ്യമാണ്. പണം കെെപ്പറ്റാത്തത് ഇടത് പാര്‍ട്ടികള്‍ മാത്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.