22 November 2024, Friday
KSFE Galaxy Chits Banner 2

ആനന്ദ ബോസിനെ നയിക്കുന്നത് ബിജെപി-സംഘ്പരിവാര്‍ ജെെവാവസ്ഥ

Janayugom Webdesk
May 7, 2024 5:00 am

കൊൽക്കത്ത രാജ്ഭവനെയും അതിലെ മുഖ്യ അന്തേവാസി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെയും ചുറ്റിപ്പറ്റി പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവാദ വാർത്തകൾ മോഡിയുടെ ഇന്ത്യയിൽ ജീവിക്കുന്ന സാമാന്യബുദ്ധിയുള്ള ആരെയും അമ്പരപ്പിക്കുന്നുണ്ടാവില്ല. ‘നാരീശക്തി‘യെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിലയ്ക്കാത്ത വാചാടോപങ്ങൾക്കിടെ അമ്മമാർക്കും സഹോദരിമാർക്കും നേരിടേണ്ടിവരുന്ന കൊടിയ അപമാനങ്ങൾക്ക് ദിനംപ്രതിയെന്നോണം സാക്ഷ്യംവഹിക്കുന്നവരാണല്ലോ ഇന്ത്യക്കാർ. മോഡി ഭരണത്തിൽ ഉന്നതങ്ങളിൽ നടമാടുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെയും അക്രമികൾക്ക് ഭരണകൂടം നൽകുന്ന സംരക്ഷണത്തിന്റെയും ഏറ്റവും പുതിയ അധ്യായങ്ങളിൽ ഒന്ന് മാത്രമാണ് കൊൽക്കത്ത രാജ്ഭവനിൽ അരങ്ങേറുന്നത്. രാജ്ഭവനിലെ ഒരു കരാർ ജീവനക്കാരി ഗവർണർ ആനന്ദ ബോസിന്റെ ലൈംഗിക അതിക്രമ ശ്രമങ്ങൾക്ക് രണ്ടുതവണ ഇരയാവുന്നു. അവർ കൊൽക്കത്ത പൊലീസിൽ രേഖാമൂലം പരാതി നൽകുന്നു. ഉന്നതമായ തന്റെ പദവിയുടെ അന്തസും, ആർജവവും, സുതാര്യതയും, ധാർമ്മികതയും ഉയർത്തിപ്പിടിക്കുന്നതിന് പകരം ഗവർണർ പൊലീസ് അന്വേഷണത്തിനെതിരെ തന്റെ പദവിക്ക് ഭരണഘടന ഉറപ്പുനൽകുന്ന ‘ഇമ്മ്യൂണിറ്റി‘യുടെ ബലത്തിൽ അന്വേഷണ പ്രക്രിയയെ തടസപ്പെടുത്തുന്നു. രാജ്ഭവനിൽ പൊലീസ് പ്രവേശിക്കുന്നതിനും അവിടത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനും നിരോധനം ഏർപ്പെടുത്തുന്നു. രാജ്ഭവൻ ജീവനക്കാർ പൊലീസിൽ സാക്ഷിമൊഴി നൽകുന്നതിനും വിഷയത്തിൽ പ്രതികരിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തുന്നു. ഇര രാജ്ഭവനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നായപ്പോൾ സ്വന്തം നാടായ കേരളത്തിലെത്തി വിഷയത്തിന് രാഷ്ട്രീയ നിറം നല്‍കാൻ ശ്രമിക്കുന്നു. വിഷയം രാഷ്ട്രീയപ്രേരിതമാണെങ്കിൽ അന്വേഷണം തടസപ്പെടുത്താതെ തന്റെ നിരപരാധിത്വം തെളിയിക്കാനും പ്രതിയോഗികളുടെ രാഷ്ട്രീയ ഗൂഢാലോചന തെളിയിക്കാനും ആനന്ദ ബോസിന് കഴിയുമായിരുന്നു. കുറ്റവാളിയെന്ന് കൊൽക്കത്ത പൊലീസ് ആ­രോ­പിച്ചാലും ഗവർണർ പദവിയിൽ ഇരിക്കുന്ന ആൾക്ക് ഭരണഘടന നൽകുന്ന സംരക്ഷണം തുടർ നടപടി അനുവദിക്കുന്നുമില്ല. വസ്തുത ഇ­തായിരിക്കെ ബോസിന്റെ നടപടി അദ്ദേഹത്തിന്റെ നിരപരാധിത്വത്തെപ്പറ്റി ജനങ്ങളിൽ സംശയം ഉണർത്തുക സ്വാഭാവികം മാത്രം. സ്ത്രീകൾക്കെതിരായ മറ്റുപല കുറ്റകൃത്യങ്ങളിലും മൗനം പാലിച്ച പ്രധാനമന്ത്രിയിൽനിന്നും ഇ­ക്കാര്യത്തിലും ആരും യാതൊരു നടപടിയും പ്രതീക്ഷിക്കുന്നില്ല എ­ന്നതാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ധർമ്മസങ്കടം.


ഇതുകൂടി വായിക്കൂ: ചരിത്രത്തെ തമസ്കരിക്കുന്ന പാഠപുസ്തക തിരുത്തല്‍


ആനന്ദ ബോസിന്റെ നടപടി ഒറ്റപ്പെട്ട ഒന്നായി കണക്കാക്കാനാവില്ല. അത് രാഷ്ട്രഭരണം കയ്യാളുന്ന ബിജെപി-സംഘ്പരിവാർ ജൈവാവസ്ഥ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തുവരുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ അവിഭാജ്യ ഭാഗമാണെന്ന് വസ്തുതകൾ ബോധ്യപ്പെടുത്തുന്നു. മുമ്പൊരിക്കലും ഉണ്ടാകാത്തവിധം ഭരണകൂട പിന്തുണയോടെയുള്ള ലൈംഗിക അതിക്രമങ്ങളും അരാജകത്വവുമാണ് മോഡിഭരണത്തിൽ രാജ്യത്ത് തുടർച്ചയായി നടക്കുന്നത്. അവയിൽ ഉൾപ്പെട്ട കുറ്റവാളികളെ വഴിവിട്ടു സംരക്ഷിക്കാൻ നിർലജ്ജം സർക്കാർ തയ്യാറാവുന്നു. ഇരകളുടെ നിലവിളി വനരോദനമായി മാറുന്നു. അത്തരം വിഷയങ്ങളോട് തികഞ്ഞ നിസംഗതയും നിശബ്ദതയുമാണ് പ്രധാനമന്ത്രിയിൽ നിന്നും ഉണ്ടാവുന്നത്. അവസാനമായി കർണാടകയിലെ ഹാസനിൽനിന്നുള്ള എംപി പ്രജ്വൽ രേവണ്ണയുടെ വിഷയമെടുക്കുക. അയാൾ നടത്തിയ കൂട്ട ബലാത്സംഗങ്ങളെപ്പറ്റിയും അവയുടെ ആയിരക്കണക്കിന് വീഡിയോ ദൃശ്യങ്ങളെപ്പറ്റിയും അറിഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി അയാൾക്കുവേണ്ടി തെരഞ്ഞെടുപ്പുറാലിയിൽ പ്രസംഗിച്ചത്. മാത്രമല്ല, അയാൾക്കുവേണ്ടി ചെയ്യുന്ന ഓരോ വോട്ടും തനിക്കുകൂടി ഉള്ളതാണെന്ന് പറയാനും മോഡി മടിച്ചില്ല. മണിപ്പൂരിലെ സ്ത്രീകൾ കൂട്ട ബലാത്സംഗങ്ങൾക്ക് ഇരകളായപ്പോഴും നഗ്നരായി തെരുവിൽ പരേഡ് ചെയ്യപ്പെട്ടപ്പോഴും മോഡി ബധിരതയെ വെല്ലുന്ന നിശബ്ദത പാലിച്ചു. ഉത്തർപ്രദേശിൽ എംഎൽഎമാരും എംപിമാരുമടക്കം തന്റെ അനുയായികൾ കൂട്ട ബലാത്സംഗങ്ങളും കൊലപാതകങ്ങളുമടക്കം അതിക്രമങ്ങളിൽ അഭിരമിച്ചപ്പോഴും മോഡി നിശബ്ദനായിരുന്നു. പ്രായപൂർത്തിയാകാത്തവരടക്കം ഗുസ്തിതാരങ്ങളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ തന്റെ അനുചരൻ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന് പകരം മകന് ലോക്‌സഭാ സ്ഥാനാർത്ഥിത്വം നൽകാനും മോഡി മടിച്ചില്ല. അങ്ങനെയുള്ള മോഡിക്കും സർക്കാരിനും പാർട്ടിക്കും കീഴിൽ എന്ത് ലൈംഗിക അരാജകത്വവും ആകാമെന്ന ഉത്തമ ബോധ്യമാണ് ആനന്ദ ബോസിനെപ്പോലുള്ളവരെ നയിക്കുന്നത്.


ഇതുകൂടി വായിക്കൂ:കള്ളം പറഞ്ഞ് വോട്ട് തേടുന്നവര്‍ 


ബലാത്സംഗ വീരന്മാരുടെയും ലൈംഗിക അരാജകവാദികളുടെയും പാളയമായി മാറിയിരിക്കുമ്പോഴും സ്ത്രീകൾക്കും സംസ്കാരത്തിനും വേണ്ടി മുതലക്കണ്ണീരൊഴുക്കി ജനങ്ങളെ കബളിപ്പിക്കാനുള്ള മോഡിയുടെയും ബിജെപിയുടെയും ശ്രമങ്ങൾ പൂർവാധികം തീവ്രതയോടെ തുടരുകയാണ്. വർഗീയ വിദ്വേഷത്തിന് തുല്യമാണ് ‘നാരീശക്തി‘ക്കും ബിജെപിയുടെ പ്രചരണ അജണ്ടയിൽ സ്ഥാനം. വർഗീയ പ്രചരണത്തെപ്പോലെതന്നെ തെറ്റിദ്ധാരണാജനകവും വ്യാജവുമാണ് സ്ത്രീകൾക്കു വേണ്ടി മോഡിയും ബിജെപിയും ഒഴുക്കുന്ന മുതലക്കണ്ണീർ എന്ന് സന്ദേശ്ഖാലി വിവാദത്തിൽ ഇതിനകം പുറത്തുവന്ന വസ്തുതകൾ വെളിപ്പെടുത്തുന്നു. സന്ദേശ്ഖാലിയുമായി ബന്ധപ്പെട്ട വിവാദം തൃണമൂൽ കോൺഗ്രസിൽനിന്നും കാലുമാറി ബിജെപിയിലെത്തിയ സുവേന്ദു അധികാരിയുടെ നിർദേശാനുസരണം കെട്ടിച്ചമച്ചതാണെന്ന് അവിടത്തെ ഒരു മണ്ഡലം പ്രസിഡന്റ് തുറന്നു സമ്മതിക്കുന്ന വീഡിയോ ഇതിനകം പുറത്തുവന്നിട്ടുണ്ട്. പണത്തിന്റെയും അധികാരിയുടെയും ഉന്നത ബിജെപി നേതാക്കളുടെയും പങ്കും വീഡിയോ തുറന്നുകാട്ടുന്നു. ഇതെല്ലം സ്ത്രീകൾ കയ്യൊഴിയുന്ന, പരാജയം മണക്കുന്ന, ബിജെപിയുടെ ചിത്രമാണ് വരച്ചുകാട്ടുന്നത്. ബിജെപിയുടെ തകർച്ചയിൽ തനിക്കും സംഭാവന നൽകാനായി എന്ന ചാരിതാർത്ഥ്യം മലയാളിയായ സി വി ആനന്ദ ബോസിനുകൂടി അവകാശപ്പെട്ടതാണ്.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.