27 September 2024, Friday
KSFE Galaxy Chits Banner 2

പശ്ചിമേഷ്യ സയണിസ്റ്റ് കൂട്ടക്കുരുതിയുടെ നിഴലിൽ

രാജാജി മാത്യു തോമസ്
September 27, 2024 4:45 am

ഴിഞ്ഞ ഒരാഴ്ചയായി ലെബനനിൽ ഇസ്രയേലി പ്രതിരോധ സേന (ഐഡിഎഫ്) തുടർന്നുവരുന്ന വ്യോമാക്രമണം മാരകമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ഹിസ്ബുള്ളയുമായി വെടിനിർത്തലിനുള്ള യുഎസ് ഫ്രഞ്ച് പദ്ധതികൾ ഇസ്രയേൽ നിരസിച്ചു. കരയുദ്ധത്തിന് തയ്യാറായിരിക്കാൻ ഐഡിഎഫ് മേധാവി ലെഫ്. ജനറൽ ഹെർസി ഹലെവി സൈന്യത്തെ ആഹ്വാനംചെയ്തു. ലെബനനിലേത് നരക സമാധാന അന്തരീക്ഷമാണെന്നും മേഖല സർവനാശത്തിലേക്കാണ് നീങ്ങുന്നതെന്നും യുഎൻ സുരക്ഷാകൗണ്‍സിലിൽ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പുനൽകി. കഴിഞ്ഞ ഒരാഴ്ചയിൽ അവിടെ സ്ത്രീകളും കുട്ടികളുമടക്കം അറുനൂറിലധികം പേർ കൊല്ലപ്പെടുകയും രണ്ടായിരത്തില്‍പ്പരം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനീസ് ഭരണവൃത്തങ്ങൾ സ്ഥിരീകരിച്ചു. 1975–90ലെ ലെബനീസ് ആഭ്യന്തരയുദ്ധത്തിലെ പ്രതിദിന ജീവനാശത്തെക്കാൾ ഉയർന്നതാണ് ഈ മരണനിരക്ക്. 2006ലെ ഇസ്രയേൽ ഹിസ്ബുള്ള യുദ്ധത്തെക്കാൾ മാരകവും വ്യാപകവുമായ ആക്രമണമാണ് ഇസ്രയേൽ അഴിച്ചുവിട്ടിരിക്കുന്നതെന്ന് രാജ്യാന്തര നിരീക്ഷകർ വിലയിരുത്തുന്നു.
ദക്ഷിണ, പൂർവ ലെബനനിലെ ജനങ്ങളോട് ആക്രമണം ശക്തവും വ്യാപകവുമാക്കുംമുമ്പ് പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാനാണ് ഇസ്രയേലി അധികൃതർ തുടക്കത്തിൽ ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇപ്പോൾ യുദ്ധം ബെയ്റൂട്ടിലേക്കും ഉത്തരമേഖലകളിലേക്കും വ്യാപിച്ചുകഴിഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി യോവ് ഗാലന്റും നേരിട്ട് പ്രത്യക്ഷപ്പെടുന്ന വീഡിയോ സന്ദേശങ്ങളും ഫോൺ വിളികളും പതിനായിരങ്ങളെ പരിഭ്രാന്തരാക്കുകയും പലായനത്തിന് നിർബന്ധിതരാക്കുകയും ചെയ്തിട്ടുണ്ട്. ലെബനനിലെ തെക്കൻ തുറമുഖനഗരമായ സിദോനടക്കം ജനവാസകേന്ദ്രങ്ങൾ നിശ്ചലമാകുകയും പതിനായിരങ്ങൾ ജീവനുംകൊണ്ട് ബെയ്റൂട്ടടക്കം സുരക്ഷിതമെന്ന് കരുതപ്പെടുന്ന കേന്ദ്രങ്ങളിലേക്ക് നീങ്ങുകയുമാണ്. ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലേക്കുള്ള തെക്കുവടക്കൻ ദേശീയപാതകളാകെ വൻ ഗതാഗതക്കുരുക്കിലാണ്. ഇപ്പോൾ ഒരിടവും സുരക്ഷിതമല്ലെന്ന പരിഭ്രാന്തിയിലാണ് സാമാന്യജനങ്ങൾ.
ഇസ്രയേലി ആക്രമണത്തെത്തുടർന്ന് ഇതിനകം ആയിരക്കണക്കിന് കുടുംബങ്ങൾ ഭവനരഹിതരാവുകയും പതിനായിരങ്ങൾ അഭയാർത്ഥികളാക്കപ്പെടുകയും ചെയ്തു. കഴിഞ്ഞയാഴ്ച ആയിരക്കണക്കിന് പേജറുകളും വാക്കിടാേക്കികളുമടക്കം സമ്പർക്കോപകരണങ്ങൾ പൊട്ടിത്തെറിച്ച് 39 പേർ കൊല്ലപ്പെടുകയും മൂവായിരത്തില്പരം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥതന്നെ സൃഷ്ടിച്ചിരുന്നു. ഇസ്രയേൽ വ്യോമാക്രമണം കടുപ്പിച്ചതോടെ ആരോഗ്യ‑ചികിത്സാ സംവിധാനങ്ങൾ അപ്പാടെ താറുമാറായി. ലെബനൻ ഫലത്തിൽ മറ്റൊരു ഗാസയായി മാറുകയാണ്.


വംശവെറിയുടെ ഒരു പാഠമാണ് ഇസ്രയേല്‍


ഇസ്രയേൽ ഗാസയ്ക്കുനേരെ കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിവച്ച യുദ്ധച്ചുഴിയിലേക്ക് പശ്ചിമേഷ്യയെയാകെ വലിച്ചിഴയ്ക്കാനാണ് ശ്രമമെന്ന ആശങ്കയ്ക്ക് ശക്തിപകരുന്നതാണ് ഇസ്രയേലിന്റെ ഇപ്പോഴത്തെ നടപടി. നൂറ്റിമുപ്പതോളം രാഷ്ട്രത്തലവന്മാരും ഭരണനേതാക്കളും പങ്കെടുക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ന്യൂയോർക്കിൽ സമ്മേളിച്ചിരിക്കെയാണ്, ഉച്ചകോടിലക്ഷ്യങ്ങൾക്കും രാഷ്ട്രാന്തര പൊതുഅഭിപ്രായത്തിനും ഐക്യരാഷ്ട്രസഭയ്ക്കു തന്നെയും വെല്ലുവിളിയുയർത്തിക്കൊണ്ട് ലെബനനുനേരെയുള്ള ഇസ്രയേലി കടന്നാക്രമണം ആരംഭിച്ചത്. ഗാസയ്ക്കുനേരെയുള്ള യുദ്ധം അവസാനിപ്പിക്കാൻ യുഎന്നും ലോകരാഷ്ട്രങ്ങളും നടത്തുന്ന എല്ലാശ്രമങ്ങൾക്കും ഇത് കനത്ത തിരിച്ചടിയായി. തങ്ങളുടെ പിന്തുണയോടെ പശ്ചിമേഷ്യയിൽ ചുവടുറപ്പിച്ച സയണിസ്റ്റ് ഇസ്രയേലിനെ നിയന്ത്രിച്ച് നിലയ്ക്കുനിർത്താൻ കഴിയാത്ത ഗതികേടിലും ധർമ്മസങ്കടത്തിലുമാണ് യുഎസും പാശ്ചാത്യ സാമ്രാജ്യത്വശക്തികളും.
ലോകത്തെ ഏറ്റവും വലിയ സര്‍ക്കാരിതര സൈനികശക്തികളിൽ ഒന്നായി കരുതപ്പെടുന്ന ഹിസ്ബുള്ളയെ നയതന്ത്ര ഇടപെടലിലൂടെ ചർച്ചകളിലേക്ക് കൊണ്ടുവരാൻ പ്രാപ്തമായ സംവിധാനങ്ങളുടെ അഭാവത്തിൽ ഇസ്രയേൽ തുടങ്ങിവച്ച യുദ്ധം പശ്ചിമേഷ്യക്ക് മാത്രമല്ല ലോകത്തിനാകെ വിനാശകരമായി മാറിയേക്കാമെന്ന അവസ്ഥയാണ് ഉടലെടുത്തിരിക്കുന്നത്. ഗാസയ്ക്കു പിന്തുണയുമായി വടക്കൻ ഇസ്രയേലിൽ ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങളിൽ ആ മേഖലയിലെ ഏതാണ്ട് 65,000ത്തിലധികം ജനങ്ങൾ പലായനം ചെയ്തതായാണ് കണക്കാക്കപ്പെടുന്നത്. അവരെ തിരികെയെത്തിച്ച് പുനരധിവസിപ്പിക്കലാണ് ആക്രമണ ലക്ഷ്യമെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. താരതമ്യേന ദുർബലവും പരിമിത ബാഹ്യപിന്തുണയുമുള്ള ഹമാസിനെ സമ്പൂർണമായി തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച ഗാസാ യുദ്ധം അനിശ്ചിതമായി നീളുമ്പോൾ ഹിസ്ബുള്ളയെ തകർക്കാമെന്ന ഇസ്രയേലിന്റെ കണക്കുകൂട്ടൽ കേവലം വ്യാമോഹമായി മാറുമെന്നാണ് യുദ്ധകാര്യവിദഗ്ധർ വിലയിരുത്തുന്നത്.


പശ്ചിമേഷ്യന്‍ സംഘർഷത്തിന്റെ നാള്‍വഴികള്‍


ഗാസയ്ക്കുനേരെ ഇസ്രയേൽ കടന്നാക്രമണം ആരംഭിച്ചതുമുതൽ ഇക്കഴിഞ്ഞ മാസാവസാനം വരെ ഇസ്രയേലിനെയും ലെബനനെയും വേർതിരിക്കുന്ന യുഎൻ നിയന്ത്രിത ‘നീലരേഖയ്ക്ക്’ ഇരുപുറവുമായി കുറഞ്ഞത് 4,400 റോക്കറ്റ്, മിസൈൽ എന്നിവയടക്കം നേരിട്ടല്ലാത്ത ആക്രമണ സംഭവങ്ങൾ ഉണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. ഇരുഭാഗത്തുമായി ചുരുങ്ങിയത് 2,00,000 സാധാരണ പൗരന്മാരെങ്കിലും അഭയാർത്ഥികളാക്കപ്പെട്ടിട്ടുണ്ട്. ഹിസ്ബുള്ളയെ ലക്ഷ്യംവച്ച് ഇസ്രയേൽ, ലെബനൻ ഭൂപ്രദേശത്ത് ഇതിനകം രണ്ടായിരത്തിലധികം ബോംബുകളെങ്കിലും വർഷിച്ചിട്ടുണ്ട്. അതിന്റെ ഇരകളാകട്ടെ ഏറെയും നിരപരാധികളായ സ്ത്രീകളും കുട്ടികളുമടക്കം സാധാരണ പൗരന്മാരാണ്. സംഘടിത ഇസ്രയേൽ പ്രതിരോധ സേനയുടെ ആക്രമണം തുടരുമ്പോഴും അവർക്കെതിരായ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ ഭാഗത്തുനിന്നും യാതൊരു അയവും ഉണ്ടായിട്ടില്ലെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. പേജർ — വാക്കിടോക്കി സ്ഫോടനപരമ്പരകൾക്ക് ഉത്തരവാദികളെന്ന് കരുതപ്പെടുന്ന ടെൽ അവീവിലെ മൊസാദ് കേന്ദ്രത്തിനുനേരെ ബാലിസ്റ്റിക് മിസൈൽ തൊടുക്കാനും ഹിസ്ബുള്ള ശ്രമിച്ചിരുന്നു.
ഏതാണ്ട് നാലുപതിറ്റാണ്ടിന്റെ നിരന്തര പോരാട്ടാനുഭവമുള്ള ഹിസ്ബുള്ള ദുർഗമമായ ഒരു സൈനിക ശക്തിയാണെന്ന് പ്രമുഖ രാജ്യാന്തര യുദ്ധകാര്യ ചിന്താകേന്ദ്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 1,20,000 മുതൽ 2,00,000 വരെ വിവിധ ദൂരപരിധി ശേഷിയുള്ള മിസൈലുകൾ, റോക്കറ്റുകൾ തുടങ്ങിയ അത്യാധുനിക ആയുധശേഖരങ്ങളും അവയുടെ വിക്ഷേപണ സംവിധാനങ്ങളും ഹിസ്ബുള്ളയ്ക്ക് ഉണ്ടെന്നും യുഎസ് സൈനികവൃത്തങ്ങളടക്കം അംഗീകരിക്കുന്നു. ഹിസ്ബുള്ളയ്ക്ക്, ജനസാന്ദ്രത ഏറെയുള്ള ബെയ്റൂട്ട് നഗരത്തിലടക്കം ലെബനനിൽ ഉടനീളമുള്ള നൂറുകണക്കിന് വിക്ഷേപണ സംവിധാനങ്ങൾ കണ്ടെത്തി തകർക്കുക അസാധ്യമാണ്. അവരുടെ മുതിർന്ന കമാൻഡർമാരിൽ പലരെയും വകവരുത്താൻ കുപ്രസിദ്ധ ഇസ്രയേലി ചാരസംഘടന മൊസാദിന് കഴിഞ്ഞിട്ടുണ്ടെങ്കിലും അവരുടെ സങ്കീർണവും കാര്യക്ഷമവുമായ സൈനിക സംഘടനാ സംവിധാനത്തെ ഇസ്രയേൽ ആഗ്രഹിക്കുംവിധം തുടച്ചുനീക്കുക എളുപ്പമാവില്ല.
ഹിസ്ബുള്ളയുടെ സൈനിക കമാൻഡ് സംവിധാനവും യുദ്ധതന്ത്രവും പരമ്പരാഗത രീതികളിൽനിന്നും തികച്ചും വ്യത്യസ്തമാണ്. സ്വയംസന്നദ്ധരായ ഏതാണ്ട് 30,000 സ്ഥിരം പോരാളികളും അത്രതന്നെ കരുതൽ സേനയുമുള്ള മനുഷ്യവിഭവശേഷി അവർക്ക് സ്വന്തമായുണ്ട്. ഒരു കേന്ദ്രീകൃത സംഘടനാരീതിക്കു പകരം കുറഞ്ഞഎണ്ണം പോരാളികളുടെ നൂറുകണക്കിന് സംഘങ്ങളായാണ് ഹിസ്ബുള്ള പോരാളികൾ വിന്യസിക്കപ്പെട്ടിരിക്കുന്നത്. അവരുടെ സൈനിക, രാഷ്ട്രീയ, സാമ്പത്തിക സമാഹരണ പ്രവർത്തനങ്ങൾ ലെബനനിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നതല്ല. അത് പശ്ചിമേഷ്യയിൽ ഉടനീളം വ്യാപിച്ചുകിടക്കുന്നു. അത് പലരും കരുതുന്നതുപോലെ ഇസ്ലാമിലെ ഷിയാ വിഭാഗത്തിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നില്ല. അത്തരത്തിൽ വിഭാഗീയമായിരുന്നു അവരുടെ സമീപനമെങ്കിൽ സുന്നി വിഭാഗത്തിൽപ്പെട്ട പലസ്തീനികൾക്കുവേണ്ടി ധീരവും ത്യാഗപൂര്‍ണവും നീണ്ടുനിൽക്കുന്നതുമായ ഈ പോരാട്ടത്തിന് അവർ മുതിരുമായിരുന്നില്ലല്ലോ.
അള്ളാഹുവിന്റെ പാർട്ടി എന്നാണ് ഹിസ്ബുള്ള എന്ന പേരിന്റെ അർത്ഥം. അവരുടെ പ്രവർത്തനം മതപരമായ വൈവിധ്യംകൊണ്ടും തമ്മിലുള്ള സംഘർഷംകൊണ്ടും സവിശേഷമായ ലെബനൻ പോലൊരു രാജ്യത്ത് ആഴത്തിൽ വേരോട്ടമുണ്ടാക്കിയതിന്റെ മുഖ്യ കാരണം മതപരമായ വിശ്വാസങ്ങൾക്കും ഭിന്നതകൾക്കും അപ്പുറം മാനവികത ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞു എന്നതാണ്. സ്കൂളുകൾ, അനാഥാലയങ്ങൾ, ആതുരശുശ്രൂഷാ കേന്ദ്രങ്ങൾ, ടെലിവിഷൻ നിലയങ്ങൾ തുടങ്ങി ഹിസ്ബുള്ളയുടെ പ്രവർത്തനം എത്തിച്ചേരാത്ത മേഖലകൾ ഒന്നുംതന്നെയില്ല. മതത്തിന് അതീതമായി അറബ് ജനതയുടെ സ്വാതന്ത്ര്യവും പരമാധികാരവും, അത് സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള സാമ്രാജ്യവിരുദ്ധ ചെറുത്തുനില്പിന്റെ രാഷ്ട്രീയവുമാണ് ഹിസ്ബുള്ളയെ നയിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഹിസ്ബുള്ളയെ തുടച്ചുനീക്കുക, സൈനികമായും രാഷ്ട്രീയമായും തകർക്കുക എന്നത് അസാധ്യമായിരിക്കുമെന്ന് യുഎസ്, ഇസ്രയേലി സൈനിക, രാഷ്ട്രീയ ചിന്താകേന്ദ്രങ്ങൾ പോലും ആശങ്കപ്പെടാൻ കാരണം.


ഇസ്രയേല്‍ യുദ്ധക്കൊല; ആഗോള രോഷം


ഹിസ്ബുള്ള ഐക്യരാഷ്ട്ര സംഘടനയുടെയും യുഎസിന്റെയും പാശ്ചാത്യശക്തികളടക്കം പലരാജ്യങ്ങളുടെയും ഭീകരവാദ പട്ടികയിൽ ഉൾപ്പെട്ട സംഘടനയാണ്. ഇറാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളുടെയും അറബ് ലോകത്തെ നിരവധി സംഘടനകളുടെയും ഗ്രൂപ്പുകളുടെയും പിന്തുണയും അവർക്കുണ്ട്. സയണിസത്തിനെതിരായ അറബ് ജനതയുടെ ചെറുത്തുനില്പിന്റെ പശ്ചാത്തലത്തിൽ പാശ്ചാത്യർ ചാർത്തിക്കൊടുത്ത ഭീകരവാദമുദ്ര എത്രത്തോളം ഹിസ്ബുള്ളയ്ക്ക് അനുയോജ്യമാണെന്നത് തര്‍ക്കവിഷയമാണ്. പ്രത്യേകിച്ചും സയണിസ്റ്റ് ഇസ്രയേൽ പിന്തുടരുന്ന സ്റ്റേറ്റ് ഭീകരതയുടെ പശ്ചാത്തലത്തിൽ.
രാജ്യത്തും പുറത്തും ഒരുപോലെ തനിക്കെതിരെ ഉയർന്നുവരുന്ന വൻ പ്രതിഷേധങ്ങളെ മറികടക്കാനുള്ള ബെഞ്ചമിൻ നെതന്യാഹുവിന്റെ ജീവന്മരണ പോരാട്ടത്തിന്റെ ഏറ്റവും പുതിയ ഘട്ടവും തന്ത്രവുമാണ് ഹിസ്ബുള്ളയുടെ പേരിൽ ലെബനനുനേരെ ഇപ്പോൾ ഇസ്രയേൽ നടത്തുന്ന മനുഷ്യത്വരഹിതവും അതീവ ക്രൂരവുമായ യുദ്ധം. അത് തടയാൻ യുഎൻ അടക്കം ലോകരാഷ്ട്രസമൂഹം പരാജയപ്പെടുകയാണ്. ഇരുപതാം നൂറ്റാണ്ടിൽ ഹിറ്റ്ലറുടെ ഫാസിസത്തിന് അറുതിവരുത്താനും മനുഷ്യരാശിയെ ഉന്മൂലനത്തിൽ നിന്നും രക്ഷിക്കാനും എങ്ങനെ ജനാധിപത്യലോകം കൈകോർത്തുവോ സമാനമായ മാനവിക ഐക്യത്തിലൂടെയേ നെതന്യാഹുവും സയണിസവും പ്രതിനിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഫാസിസത്തെ തടയാനാവൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.