17 November 2024, Sunday
KSFE Galaxy Chits Banner 2

ഡൽഹി മലിനീകരണം നല്‍കുന്ന പാഠം

ഡോ. ഗ്യാന്‍ പഥക്
November 17, 2024 4:26 am

നമ്മുടെ ദേശീയ തലസ്ഥാനത്തെ വായു മലിനീകരണം ഒരു പുതിയ പ്രതിഭാസമോ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനോ (ജിആര്‍എപി) അല്ല. എല്ലാ വർഷവും ഈ കാലയളവില്‍, ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ഗുരുതരമായി മാറുന്നു, ചിലയിടങ്ങളിൽ അതീവ ഗുരുതരവും. എയർ ക്വാളിറ്റി മാനേജ്‌മെന്റിനായി ഒരു കമ്മിഷൻ (സിഎക്യുഎം) നിലവിലുണ്ട്. രാജ്യത്തെ പരമോന്നത നീതിപീഠം ഇടപെടുന്നു, ഇന്ത്യൻ പാർലമെന്റ് നിയമങ്ങൾ നിർമ്മിക്കുന്നു, സർവശക്തരെന്ന് വിശേഷിപ്പിക്കപ്പെടുന്ന നേതാക്കൾ കേന്ദ്ര — ഡൽഹി സർക്കാരുകളെ നയിക്കുന്നു. എന്നിട്ടും വർഷം കഴിയുന്തോറും ഫലപ്രദമായ നടപടി മാത്രം ഉണ്ടാകുന്നില്ല.
കഠിനമായ അന്തരീക്ഷ മലിനീകരണത്തോതിലുള്ള കനത്ത പുകമഞ്ഞിലാണ് നവംബർ 15ന് ഡല്‍ഹി നിവാസികൾ ഉണര്‍ന്നത്. രാവിലെ എട്ട് മുതൽ, ജിആര്‍എപി 3 നടപടികളും നിലവിലുണ്ട്. വിഷയത്തില്‍ കേന്ദ്രം, സംസ്ഥാനം, സുപ്രീം കോടതി, ഭരണ രാഷ്ട്രീയ സ്ഥാപനങ്ങൾ എന്നിവയുടെ നിലപാട് വളരെ വിലപ്പെട്ടതാണ്. പക്ഷേ, പൗരന്മാർക്ക് പ്രതീക്ഷ നല്‍കേണ്ടതിന് പകരം ആത്യന്തികമായി നിരാശപ്പെടുത്തുന്നു. നവംബർ 14ന് 36 മോണിറ്ററിങ് സ്റ്റേഷനുകളിൽ 30 എണ്ണത്തിലും വായുവിന്റെ ഗുണനിലവാരം ഗുരുതരമായിരുന്നു, ശരാശരി എക്യുഐ 418. ആനന്ദ് വിഹാറിൽ അതീവ ഗുരുതരമായ എക്യുഐ 473 രേഖപ്പെടുത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) പറയുന്നു. 

അധികാരികളും ഭരണരാഷ്ട്രീയ സ്ഥാപനങ്ങളും തങ്ങളുടെ പരാജയം മറച്ചുവയ്ക്കുകയും വികലമായ നിയമ വ്യവസ്ഥകൾ ഉണ്ടാക്കുകയും ചെയ്യുന്നു. അതുപോലും ഫലപ്രദമായി നടപ്പാക്കുന്നില്ല. ഉദാഹരണത്തിന്, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2017ൽ ഒരു കൂട്ടം മാർഗനിർദേശങ്ങൾ (സിആര്‍എപി) പുറത്തിറക്കി. എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മിഷനെ (സിഎക്യുഎം) പദ്ധതി നടപ്പാക്കാനുള്ള ചുമതല ഏല്പിച്ചു. ഡൽഹി ഇന്ന് ഗ്യാസ് ചേമ്പറായി മാറിയതിന് കാരണങ്ങൾ എന്തൊക്കെ നിരത്തിയാലും ആക്ഷൻ പ്ലാൻ ഫലപ്രദമല്ലെന്നാണ് വ്യക്തമാകുന്നത്. ജിആര്‍എപി നവീകരിക്കാനും കർശനമായും കൃത്യമായും നടപ്പിലാക്കാനും ഇത് ആവശ്യപ്പെടുന്നു. വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഒക്ടോബർ 23ന്, മിക്കവാറും എല്ലാ നിരീക്ഷണ കേന്ദ്രങ്ങളും റെഡ് സോണിലാവുകയും പല പ്രദേശങ്ങളും കടുത്ത വായു മലിനീകരണത്തിലേക്ക് നീങ്ങുകയും ചെയ്തപ്പോൾ, സുപ്രീം കോടതിയും കണ്ണില്‍പ്പൊടിയിടല്‍ ചൂണ്ടിക്കാണിച്ചു. ഡൽഹിയിലെ വായു മലിനീകരണം വർഷം തോറും വഷളാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായ ഹരിയാനയെയും പഞ്ചാബിനെയും കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടത് കോടതി ചൂണ്ടിക്കാട്ടി. മൂര്‍ച്ചയില്ലാത്ത പരിസ്ഥിതി നിയമങ്ങൾ രൂപപ്പെടുത്തിയതിന് കേന്ദ്രത്തെയും സുപ്രീം കോടതി വിമർശിച്ചു.

സർക്കാർ പ്രവർത്തിക്കുന്നുവെന്ന് കാണിക്കാൻ മാത്രമാണ് അയവുള്ള നിയമങ്ങൾ ഉണ്ടാക്കിയത്. നടപ്പാക്കാൻ ആവശ്യമായ സാമഗ്രികൾ സൃഷ്ടിക്കാതെയാണ് നിയമങ്ങൾ നടപ്പാക്കിയതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അപ്പോള്‍ നഗരം ജിആര്‍എപി 3 നടപടികളിലായിരുന്നു. എന്നിട്ടും ഡൽഹി പൂര്‍ണമായും വായു ഗുണനിലവാരത്തിന്റെ കഠിനമായ മൂന്നാം ഘട്ടത്തിലേക്ക് പതിച്ചു.
ഹരിയാന, പഞ്ചാബ് ചീഫ് സെക്രട്ടറിമാര്‍ സുപ്രീം കോടതിയിൽ ഹാജരായി. കാര്‍ഷികാവശിഷ്ടം ‌കത്തിക്കുന്നത് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ കണ്ണില്‍പ്പൊടിയിടലാണെന്ന വാദം നിരസിച്ചു. കേന്ദ്രം, ഡൽഹി, പഞ്ചാബ്, ഹരിയാന സർക്കാരുകളും അവിടുത്തെ രാഷ്ട്രീയ ഭരണകൂടങ്ങളും രൂക്ഷവും ഗുരുതരവുമായ അന്തരീക്ഷ മലിനീകരണത്തിലേക്ക് നയിക്കുന്ന വിവിധ നിയമലംഘനങ്ങളിൽ ഫലപ്രദമായ നടപടികൾ കൈക്കൊള്ളാതെ താല്‍ക്കാലിക നടപടികളിലാണ് താല്പര്യം കാണിക്കുന്നതെന്ന് സ്ഥിതിഗതികൾ പരിശോധിച്ചാല്‍ മനസിലാകും. അവർക്കെല്ലാമെതിരെ നടപടിയെടുക്കുമെന്ന് സുപ്രീം കോടതി ഭീഷണിപ്പെടുത്തി. പക്ഷേ ആര് ശ്രദ്ധിക്കാന്‍ ?
ഓരോ സര്‍ക്കാരും നടപടിയെടുക്കുന്നുവെന്ന് അവകാശപ്പെടുകയും വായു മലിനീകരണത്തോത് മോശമായതിന് അപരരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. മലിനീകരണമാകട്ടെ കൂടുതൽ വഷളാകുന്നു. അനുകൂലമായ കാലാവസ്ഥ — കാറ്റോ മഴയോ — മാത്രമേ ജനങ്ങൾക്ക് ആശ്വാസം നൽകൂ. ചില സ്ഥലങ്ങളില്‍ വായു മലിനീകരണം അത്യന്തം ഗുരുതരമായ സ്റ്റേജ്-4ൽ എത്തിയിരിക്കുന്നു. അതിനനുസരിച്ചുള്ള നിയന്ത്രണം അനിവാര്യമാണ്.
ഡൽഹി സർക്കാർ നഗരത്തില്‍ ജിആര്‍എപി 3 നടപടികളാണ് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് അനിവാര്യമല്ലാത്ത ഖനന പ്രവർത്തനങ്ങൾക്കൊപ്പം എല്ലാ സ്വകാര്യ നിർമ്മാണ, പൊളിക്കൽ ജോലികളും നിരോധിച്ചിരിക്കുന്നു. ഇത് പൊടി മലിനീകരണം കുറയ്ക്കാനാണ്. റോഡിലെ വാഹന മലിനീകരണം കുറയ്ക്കുന്നതിന് പൊതുഗതാഗതവും പ്രോത്സാഹിപ്പിക്കുന്നു. പെട്രോൾ, ഡീസൽ വാഹനങ്ങൾ റോഡുകളിൽ നിയന്ത്രിച്ചിട്ടുണ്ട്. സ്കൂള്‍ കുട്ടികളെ മലിനീകരണത്തിൽ നിന്ന് രക്ഷിക്കാൻ, എല്ലാ പ്രൈമറി സ്കൂളുകളും അടച്ചുപൂട്ടുകയും ക്ലാസുകൾ ഓൺലൈനായി നടത്തുകയുമാണ്.
ഡൽഹിയിലെ വായു മലിനീകരണം നേരിടാൻ സ്വീകരിച്ച ഈ നടപടികളൊന്നും പുതിയതല്ല. ‌ ജിആര്‍എപി നടപടികൾ 2017 മുതൽ നടപ്പിലാക്കുന്നുണ്ട്. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ മലിനീകരണം നിയന്ത്രിക്കുന്നതിൽ ഈ നടപടികൾ പരാജയപ്പെട്ടതായാണ് കാണാന്‍ കഴിയുക. മലിനീകരണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളും നിയമങ്ങളുടെയും പ്രവർത്തന പദ്ധതികളുടെയും പരാജയത്തിന്റെ കാരണങ്ങളും കണ്ടെത്തുകയാണ് വേണ്ടത്. കണ്ണില്‍പ്പൊടിയിട്ടാല്‍ മാത്രം പോരാ, കൃത്യമായ നടപടിയാണ് ആവശ്യം.
ഡൽഹിയിലെ മലിനീകരണത്തിന് സംസ്ഥാനം ഭരിക്കുന്ന എഎപി സർക്കാരിനെ കുറ്റപ്പെടുത്തുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി. എഎപി പഞ്ചാബും ബിജെപി ഹരിയാനയും ഭരിക്കുന്നു. നാല് സര്‍ക്കാരുകളും ഡൽഹി മലിനീകരണത്തിന് ഉത്തരവാദികളാണ്. എന്നിട്ടും ബിജെപിയും ആം ആദ്മി പാർട്ടിയും പരസ്പരം കുറ്റപ്പെടുത്തുകയാണ്. നടപടിക്കായി ഡൽഹി പരിസ്ഥിതി മന്ത്രി കേന്ദ്ര സർക്കാരിന് കത്തെഴുതിയെന്നാണ് എഎപി പറയുന്നത്. മറുവശത്ത്, ഡൽഹിയിലെ ആം ആദ്മി സർക്കാരിനെ ബിജെപി ആക്ഷേപിക്കുന്നു.
പഞ്ചാബിൽ വൈക്കോൽ കത്തിക്കുന്നതുള്‍പ്പെടെ എഎപി, പൗരന്റെ ആരോഗ്യം കൊണ്ട് കളിക്കുകയാണെന്നും ആഭ്യന്തര മലിനീകരണ സ്രോതസുകൾ ശരിയായി കൈകാര്യം ചെയ്യുന്നില്ലെന്നുമാണ് കേന്ദ്രത്തിന്റെ ആരോപണം. എന്നാല്‍ ഡൽഹി മലിനീകരണത്തിന് ഹരിയാനയിലെ വൈക്കോൽ കത്തിക്കലും കാരണമാണെന്ന് ബിജെപി പറയില്ല. പഴിചാരിക്കളിക്കലല്ല, ഓരോ ഭരണസ്ഥാപനങ്ങളും ഉത്തരവാദിത്തമുള്ളവരാകുകയാണ് വേണ്ടത്. ജനങ്ങൾക്ക് വേണ്ടത് തെരഞ്ഞെടുപ്പ് വാചാടോപങ്ങളല്ല, പരിഹാരമാണ്. 

(ഐപിഎ)

TOP NEWS

November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.