സുപ്രീം കോടതി ചീഫ് ജസ്റ്റിസായി അടുത്തിടെ വിരമിച്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തി രാജ്യത്തെ മുൻനിര അഭിഭാഷകരിൽ ഒരാളായ ദുഷ്യന്ത് ദാവെ പ്രമുഖ മാധ്യമ പ്രവർത്തകൻ കരൺ ഥാപറിന് നൽകിയ അഭിമുഖം ദ വയർ പ്രസിദ്ധീകരിക്കുകയുണ്ടായി. ചരിത്രം ചന്ദ്രചൂഡിനെ ഓർമ്മിക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു അഭിമുഖത്തിന്റെ തലക്കെട്ട്. അതിനുള്ള നിരവധി ഉദാഹരണങ്ങൾ ദാവെ അവതരിപ്പിക്കുന്നു. സുപ്രധാന വിധിപ്രസ്താവങ്ങളിലൂടെ ശ്രദ്ധേയനായ നീതിപാലകനായിരുന്നു ചന്ദ്രചൂഡെങ്കിലും വിരമിക്കലിനുശേഷം പുറത്തുവന്ന വിലയിരുത്തലുകളിൽ പലതും ഇതിന് സമാനമായിരുന്നു എന്ന് കാണാം. മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ എഴുതിയ മറ്റൊരു കുറിപ്പിൽ സ്വയംപ്രസിദ്ധിയും ഫോട്ടോ അവസരങ്ങളും വിട്ടുകളയാതെ ജഡ്ജിമാർക്ക് പുതിയ മാതൃക സൃഷ്ടിച്ച വ്യക്തിയാണ് ചന്ദ്രചൂഡെന്നാണ് വിശേഷിപ്പിക്കുന്നത്. അതിനുള്ള ഉദാഹരണങ്ങൾ പലതാണെങ്കിലും പ്രധാനമായും ഉയർത്തിക്കാട്ടുന്നത് പരമോന്നത കോടതിയുടെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഫോട്ടോകളിൽ ഒന്നായി കാണാവുന്ന രാമജന്മഭൂമി കേസിലെ അഞ്ച് ജഡ്ജിമാർ തങ്ങളുടെ വിധി ആഘോഷിക്കുന്ന ചിത്രമാണ്. അതിന് മുമ്പൊരിക്കലും ജഡ്ജിമാർ സ്വന്തം വിധി ആഘോഷിച്ചതിന്റെ ഉദാഹരണമില്ല എന്നിടത്താണ് ആ ചിത്രത്തിന് പ്രസക്തി ഏറുന്നത്. ഹിന്ദു സമൂഹത്തിന് അനുകൂലമായതെന്ന് വ്യക്തമായി വ്യാഖ്യാനിക്കാവുന്ന പ്രസ്തുത വിധി ആഘോഷിക്കാൻ കൈകോർത്ത് ജഡ്ജിമാർ നിൽക്കുന്ന ചിത്രമായിരുന്നു അത്. കോടതിയുടെ പിറകിൽ നിന്നെടുത്ത ഈ ചിത്രത്തിൽ ജഡ്ജിമാരായ രഞ്ജൻ ഗൊഗോയ്, എസ് എ ബോബ്ഡെ, ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൾ നസീർ എന്നിവരാണുള്ളത്. സ്വന്തം വിധിന്യായങ്ങൾ ഫോട്ടോയെടുത്ത് ആഘോഷിക്കുന്നത് അവിശ്വസനീയമായിരുന്നു. എങ്കിലും അത്തരമൊരു ചിത്രം ചരിത്രത്തിന്റെ ഭാഗമായി. ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായതിനുശേഷം നിരവധി തവണ സ്വയം ആഘോഷിച്ചതിന്റെ ഉദാഹരണങ്ങൾ തന്റെ കുറിപ്പിൽ രാജീവ് ധവാൻ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിൽ പലതും നമുക്ക് ഓർമ്മയുള്ളതുമാണ്. തന്റെ വസതിയിൽ സെപ്റ്റംബർ 11ന് നടത്തിയ ഗണപതി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നത് അടുത്തിടെയാണ്. ഭരണഘടനാപരമായ പദവിയിൽ ഇരിക്കുന്ന വ്യക്തി മതചടങ്ങുകളിൽ രാജ്യത്തെ മതാധിഷ്ഠിത രാഷ്ട്രീയ പാർട്ടി നേതാവ് കൂടിയായ ഭരണാധികാരിയോടൊപ്പം പങ്കെടുക്കുന്നതിന്റെ ചിത്രം വലിയ വിവാദത്തിനിടയാക്കി. മതേതര രാജ്യത്തിന് ആ ചിത്രം നല്ല സന്ദേശമല്ല നൽകുന്നതെന്നവിലയിരുത്തലിനാണ് പ്രാമുഖ്യം ലഭിച്ചത്. പക്ഷേ അതിനെ യുക്തിഭദ്രമല്ലാത്ത കാരണങ്ങൾ നിരത്തി ന്യായീകരിക്കുകയാണ് ചന്ദ്രചൂഡ് ചെയ്തത്. ഉന്നത സ്ഥാനങ്ങളിലുള്ളവർ തമ്മിൽ ഇത്തരം സന്ദർശനങ്ങളും ചടങ്ങുകളിൽ പങ്കെടുക്കുന്നതിലും തെറ്റില്ലെന്നും, പതിവാണെന്നുമായിരുന്നു ചന്ദ്രചൂഡിന്റെ വാദം. സർക്കാരിന്റെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവർ തമ്മിലുള്ള ആരോഗ്യകരമായ കൂടിക്കാഴ്ച തെറ്റല്ല. ജനാധിപത്യ ഭരണസംവിധാനത്തിൽ ചുമതലകളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളവരാണ് തങ്ങൾ. ഇത്തരം കൂടിക്കാഴ്ചകളിൽ ഒരു ജുഡീഷ്യൽ കേസും ചർച്ചചെയ്യപ്പെടുന്നില്ല. അതേസമയം കൂടിക്കാഴ്ച രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടിയാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞുവയ്ക്കുന്നു. എന്നാൽ എന്ത് പുരോഗതിയാണ് ഈ കൂടിക്കാഴ്ച രാജ്യത്തിന് നൽകുന്നതെന്ന് അദ്ദേഹത്തിന് വിശദീകരിക്കാനായിട്ടില്ല. ഗുജറാത്തിലെ ദ്വാരക ക്ഷേത്ര ദർശനം നടത്തിയ അദ്ദേഹം അഭിഭാഷകരുടെ ഒരു യോഗത്തിൽ ദ്വാരക ക്ഷേത്രത്തിലെ കാവി ധ്വജം നീതിയുടെ പതാകയാണെന്ന് പറഞ്ഞതും വിവാദമായിരുന്നതാണ്. 2022 നവംബർ ഒമ്പതിനാണ് ഡി വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനം ഏറ്റെടുത്തത്. ചുമതലയേൽക്കുന്നതിന് മുമ്പ്, ആ വർഷം ഒക്ടോബറിൽ നൽകിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ ദുഷ്യന്ത് ദാവെ ഓർമ്മിക്കുന്നുണ്ട്. 2022ലെ അഭിമുഖത്തിൽ രാഷ്ട്രീയ പ്രാധാന്യമുള്ള കാര്യങ്ങളിൽ “ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരാശപ്പെടുത്തും” എന്ന് ദാവെ സൂചിപ്പിക്കുന്നു. രാഷ്ട്രീയമായി സങ്കീർണമായ വിഷയങ്ങളിൽ, അദ്ദേഹം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നിട്ടില്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് “തീർച്ചയായും” എന്നാണ് ഉത്തരം നൽകുന്നത്. നിയമവാഴ്ചയാണ് ഭരണഘടനയുടെ അടിസ്ഥാന ഘടന. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും അടിസ്ഥാന ഘടനയാണ്. വളരെ ആരോഗ്യകരവും ശക്തവുമായ നിയമവാഴ്ചയില്ലെങ്കിൽ, ജനാധിപത്യം അപകടത്തിലാകും. അവിടെയാണ് യഥാർത്ഥത്തിൽ ജുഡീഷ്യറിക്ക് മുന്നിലുള്ള വെല്ലുവിളി. നിയമവാഴ്ചയുടെ കർശനമായ നടത്തിപ്പ് ഉറപ്പാക്കുന്നതിൽ ചീഫ് ജസ്റ്റിസ് ആയിരിക്കെ ഡി വൈ ചന്ദ്രചൂഡ് പരാജയപ്പെട്ടുവെന്ന് മാത്രമല്ല, വിജയിക്കാൻ പോലും ശ്രമിച്ചിട്ടില്ലെന്ന് ഖേദത്തോടെ പറയേണ്ടിവരുമെന്നാണ് ദാവെയുടെ നിലപാട്. അതിന് ഉദാഹരണമായി ദാവെ ചില കണക്കുകൾ അവതരിപ്പിക്കുന്നുണ്ട്. 2022 നവംബറിൽ ചുമതലയേൽക്കുമ്പോൾ രാജ്യത്ത് തീർപ്പാക്കാത്ത കേസുകളുടെ എണ്ണം 4.50 കോടിയായിരുന്നു. 2024ൽ, അദ്ദേഹം വിരമിക്കുമ്പോൾ ആ കേസുകൾ 5.1 കോടിയായി ഉയർന്നു. ആ 5.1 കോടിയിൽ 1,80,000 കേസുകളും വിവിധ കോടതികളിൽ 30 വർഷത്തിലേറെയായി കെട്ടിക്കിടക്കുന്നവയാണ്. ഇന്ത്യയുടെ സുപ്രീം കോടതിയില്‍ അദ്ദേഹം ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുമ്പോൾ ആകെ കെട്ടിക്കിടക്കുന്നത് 69,647 കേസുകളായിരുന്നു. എന്നാൽ ഇന്ന് അത് 82,989 കേസുകളാണ്. ഈ കേസുകളിൽ കഴിയുന്നത്ര വേഗത്തിൽ നീതി ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ അദ്ദേഹം എന്തെങ്കിലും ഗൗരവമായി ശ്രമിച്ചിട്ടുണ്ടോ ! വൈകുന്നനീതിയും നീതിനിഷേധത്തിന് തുല്യമാണ് എന്നിടത്താണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കാര്യമായ ഒരു ശ്രമവും നടത്താതിരുന്നത് എന്നത് ഗൗരവമുള്ള കാര്യം തന്നെയാണെന്ന് ദാവെ പറയുന്നു. 2014ന് ശേഷം ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ പ്രതീക്ഷയ്ക്കപ്പുറം നിരാശയാണ് നൽകിയതെന്നതിന്റെ ഉദാഹരണമായാണ് ചന്ദ്രചൂഡിന്റെ കാലയളവും വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് ബോണ്ടുകൾ സംബന്ധിച്ച സുപ്രധാന വിധിയെഴുത്തിലൂടെ ചന്ദ്രചൂഡിന്റെ കാലയളവിനെ പുരോഗമനപരമെന്ന് വിശേഷിപ്പിക്കുമ്പോൾ തന്നെയാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് സംബന്ധിച്ചുണ്ടായ വിധിയെഴുത്ത്. തെരഞ്ഞെടുപ്പ് നടത്തുന്നതിന് നിശ്ചിത തീയതി നിർദേശിച്ചുള്ളതാണ് വിധിയെങ്കിലും അതിന്റെ കാതൽ ആർഎസ്എസ് ബിജെപി അജണ്ടയ്ക്ക് അനുസൃതമായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഭരണഘടനാപരമായ നിരവധി ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ട പ്രസ്തുത വിഷയത്തിൽ ഇലയ്ക്കും മുള്ളിനും കേടുവരാത്ത വിധിയാണുണ്ടായത്. ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട കേസിലും വിധി ഒരുപക്ഷത്തിന് അനുകൂലമാണെന്ന് തോന്നുന്നവരും കുറവായിരിക്കില്ല. അധികാര രാഷ്ട്രീയവുമായി ബന്ധപ്പെട്ട പല കേസുകളിലും സമാനമായ വിധി പ്രസ്താവങ്ങളാണുണ്ടായത്. ന്യായാധിപന്‍ എന്നതിനപ്പുറം ഒരു അഡ്മിനിസ്ട്രേറ്റർ എന്ന നിലയിലും അദ്ദേഹത്തിന് മെച്ചപ്പെട്ടവനാകാന്‍ കഴിഞ്ഞില്ലെന്ന് മുതിര്‍ന്ന അഭിഭാഷകരും അഭിഭാഷക സംഘടനകളും കുറ്റപ്പെടുത്തുന്നുമുണ്ട്. സുപ്രീം കോടതി രജിസ്ട്രിയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കേസുകൾ രജിസ്ട്രിയുടെ ഇഷ്ടാനുസരണം ലിസ്റ്റ് ചെയ്യപ്പെടുകയോ അല്ലെങ്കിൽ ലിസ്റ്റ് ചെയ്യപ്പെടാതിരിക്കുകയോ ചെയ്തു. ഒരു ബെഞ്ചിൽ നിന്ന് മറ്റൊന്നിലേക്ക് പോകുക തുടങ്ങിയ ധാരാളം പൊരുത്തക്കേടുകളും ഉണ്ടായിരുന്നു. തങ്ങളുടെ കേസുകൾ ലിസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ചോദ്യം ചെയ്തുകൊണ്ട് അഭിഭാഷകർ പലപ്പോഴും ഇതിനെക്കുറിച്ച് സംസാരിച്ചു. വാദികളും ആശങ്കകൾ പ്രകടിപ്പിക്കാറുണ്ടായിരുന്നു. ഹിൻഡൻബർഗ് വെളിപ്പെടുത്തൽ സംബന്ധിച്ചും മറിച്ചൊരു വിധിയുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം പുരോഗമനപരമെന്ന് തോന്നാവുന്ന വിധികളും അദ്ദേഹത്തിൽനിന്നുണ്ടായി. അവ പക്ഷേ രാഷ്ട്രീയവിവാദങ്ങളിൽപ്പെടാത്ത വിഷയങ്ങളാകുന്നതിന് പ്രത്യേകം ശ്രദ്ധിച്ചു എന്നുവേണം കരുതാൻ. എന്നുമാത്രമല്ല സർക്കാരിനെതിരായി വിധിയെഴുതുക എന്നതല്ല നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം എന്ന് വിശദമാക്കുന്നതിനും അദ്ദേഹത്തിന് മടിയുണ്ടായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.