ഉത്തർപ്രദേശിലെ മറ്റൊരു മുസ്ലിം ആരാധനാലയം കൂടി തീവ്ര ഹിന്ദുത്വ ശക്തികൾ അവകാശവാദമുന്നയിച്ച് പിടിച്ചെടുക്കാൻ നടത്തുന്ന നീക്കം അഞ്ചുപേരുടെ ജീവഹാനിക്കിടയാക്കിയ സംഘർഷമായി പരിണമിച്ചിരിക്കുന്നു. ഇരട്ട എൻജിൻ സർക്കാർ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിശേഷിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് യുപി. ഏഴര വർഷത്തിലധികമായി ഇവിടെ ബിജെപിയാണ് ഭരണം നടത്തുന്നത്. എങ്കിലും വികസനമല്ല വിദ്വേഷം മാത്രമാണ് തെരഞ്ഞെടുപ്പുകളിൽ ജയിക്കാനുള്ള ആയുധമായി ഉപയോഗിക്കുന്നത്. ജീവിത സൂചികയുടെ എല്ലാ തലങ്ങളിലും പിന്നിൽ നിൽക്കുന്ന ഒരു സംസ്ഥാനത്തിന് അതല്ലാതെ മാർഗമില്ല. അതുകൊണ്ട് ഒന്നിന് പിറകേ മറ്റൊന്നായി മസ്ജിദുകളുടെ പേരിൽ അവകാശവാദം ഉന്നയിക്കുകയും അടിത്തറ തോണ്ടി പരിശോധിക്കുന്നതിനുള്ള നീക്കങ്ങൾ നടത്തുകയുമാണ് ബിജെപി. അതിൽ ഒടുവിലത്തേതാണ് സംഭാലിൽ ഷാഹി ജുമാ മസ്ജിദിന്റെ പേരിൽ കുത്തിപ്പൊക്കിയിരിക്കുന്ന തർക്കം. പത്തും പതിനഞ്ചും നൂറ്റാണ്ട് മുമ്പുള്ള ചരിത്രം പരിശോധിച്ച് തർക്കങ്ങൾ ഉണ്ടാക്കുന്നതിന് നിയമജ്ഞരുടെ വലിയ സംഘത്തെ തന്നെ തീവ്ര ഹിന്ദുത്വ സംഘടനകൾ പോറ്റിവളർത്തുന്നുണ്ട്. അതിനനുസൃതമായി, ലഖ്നൗവിലെ ആദിത്യനാഥിന്റെ സെക്രട്ടേറിയറ്റിൽ നിന്ന് ലഭിക്കുന്ന തിട്ടൂരമനുസരിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കുവാൻ സന്നദ്ധരായ ന്യായാധിപരും അവിടെയുണ്ട്. സംഭാലിൽ ഷാഹി ജുമാ മസ്ജിദിനുമേലുള്ള അവകാശവാദവും നിയമനടപടികളും പരിശോധിച്ചാൽ ഇത് ബോധ്യമാകും. ബാബറി മസ്ജിദ് കേസുൾപ്പെടെ നൂറിലധികം വ്യവഹാരങ്ങൾ നടത്തുന്ന വിഷ്ണുശങ്കർ ജെയിനും പിതാവ് ഹരി ശങ്കർ ജെയിനും സംഭാൽ ജില്ലാ സിവിൽ കോടതിയിൽ നവംബർ 19ന് ഹർജി നൽകിയതിന് പിന്നാലെ സർവേ നടത്താൻ അഭിഭാഷക കമ്മിഷനെ നിയോഗിക്കുന്നതിന് ഉത്തരവുണ്ടാകുന്നു. പുരാതന ഹിന്ദുക്ഷേത്രമായ ഹരിഹർ സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് മുഗൾ ഭരണകാലത്ത് മസ്ജിദ് നിർമ്മിച്ചതെന്നാണ് തീവ്ര ഹിന്ദുത്വ സംഘടനകൾക്ക് വേണ്ടി സമർപ്പിച്ച ഹർജിയിലെ വാദം.
രേഖാമൂലം ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നെ ജില്ലാ ഉദ്യോഗസ്ഥർ സർവേയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുന്നു. സന്ധ്യയോടെ അഡ്വക്കറ്റ് കമ്മിഷണറുടെ മേൽനോട്ടത്തിൽ ജെസിബി ഉൾപ്പെടെ സന്നാഹങ്ങളോടെ എത്തി സർവേ നടത്തുകയും ചെയ്യുന്നു. വിവരമറിഞ്ഞെത്തിയ മുസ്ലിം വിശ്വാസികൾ സ്ഥലത്ത് തടിച്ചുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നുവെങ്കിലും സർവേ പൂർത്തിയായെന്നും റിപ്പോർട്ട് അഡ്വക്കേറ്റ് കമ്മിഷണർ കോടതിയിൽ സമർപ്പിക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് രാജേന്ദ്ര പെൻസിയ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജെസിബി ഉൾപ്പെടെ സന്നാഹങ്ങളുമായെത്തിയെങ്കിലും ജനങ്ങൾ തടിച്ചുകൂടിയതിനാൽ അന്ന് മസ്ജിദ് പൊളിക്കുകയെന്ന നീക്കം നടന്നില്ല. അതുകൊണ്ട് കൂടുതൽ സന്നാഹങ്ങളോടെ ഞായറാഴ്ച വീണ്ടുമെത്തുകയായിരുന്നു. സർവേ മാത്രമാണ് കോടതി നിർദേശിച്ചതെങ്കിലും പൊളിക്കൽ എന്ന ഗൂഢലക്ഷ്യത്തോടെ എത്തിയതാണ് സംഘർഷത്തിന് കാരണമായതെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. നവംബർ 19ന് സർവേ പൂർത്തിയാക്കിയെന്ന് അറിയിച്ചിട്ടും വീണ്ടും സർവേ എന്ന പേരിലെത്തിയത് എന്തിനായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരമില്ല.
ബാബറി മസ്ജിദിന് പിറകേ നിരവധി മുസ്ലിം ആരാധനാലയങ്ങളെ ലക്ഷ്യം വച്ച് ഇതുപോലെ നടപടികളും കലാപങ്ങളും സംസ്ഥാനത്ത് സൃഷ്ടിക്കുന്നുണ്ട്. ഗ്യാവൻ വാപി, ആഗ്രയിലെ താജ്മഹൽ, കൃഷ്ണ ജന്മഭൂമി എന്നിങ്ങനെ നിരവധി കേസുകൾ യുപിയിലെ കോടതികളിലുണ്ട്. ചിലതെല്ലാം സുപ്രീം കോടതിയിലുമെത്തിയിട്ടുണ്ട്. ഇതിൽ ഭൂരിപക്ഷത്തിലും ഹർജിക്കാരായെത്തിയിരിക്കുന്നത് വിഷ്ണുശങ്കർ ജെയിനും പിതാവ് ഹരി ശങ്കർ ജെയിനുമാണ്. ഹർജികളിൽ പല കോടതികളും അനുകൂല നിലപാടെടുക്കുന്നതും ശ്രദ്ധേയമാണ്. സംഭാൽ മസ്ജിദ് ഹർജിയിൽ എതിർ കക്ഷികളുടെ വാദം പോലും കേൾക്കാതെയാണ് ജില്ലാ സിവിൽ കോടതി സർവേയ്ക്ക് ഉത്തരവ് നൽകിയത്. മതസ്ഥാപനങ്ങളെ സംബന്ധിച്ച് 1947ന് മുമ്പുള്ള തൽസ്ഥിതി തുടരണമെന്ന നിയമവും സുപ്രീം കോടതി നിർദേശവുമെല്ലാം നിലനിൽക്കേയാണ് ഈ വിധിയുണ്ടായതെന്നത് കോടതികളും പക്ഷപാതപരമായാണ് പ്രശ്നങ്ങളെ സമീപിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. ആദിത്യനാഥ് സർക്കാരിന്റെയും തീവ്ര ഹിന്ദുത്വ ആശയങ്ങളുടെയും സ്വാധീനവലയത്തിൽ യുപിയിലെ പല കോടതികളിലെയും ന്യായാധിപരും വീണുപോയതിന്റെ പ്രത്യാഘാതമാണ് ഇത്തരം സംഭവങ്ങളിലൂടെ നേരിടേണ്ടിവരുന്നത്. നവംബർ 23ന് വോട്ടെണ്ണൽ നടന്ന ഒമ്പതിൽ ആറ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിയാണ് ജയിച്ചത്. വോട്ടെടുപ്പ് ദിവസം പൊലീസും ഗുണ്ടകളും മുസ്ലിം വോട്ടർമാരെ അടിച്ചോടിച്ചും വോട്ടെണ്ണൽ പ്രക്രിയയിൽ ക്രമക്കേട് നടത്തിയുമാണ് ഈ വിജയമെന്ന ആരോപണമുയർന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സംഘർഷമുണ്ടാക്കുന്നതിന് ശ്രമിച്ചുവെന്നതും സംശയാസ്പദമാണ്. യുപിയിലെ ആദിത്യനാഥ് സർക്കാരിന്റെ ജനവിരുദ്ധ നടപടികളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള എളുപ്പവഴിയായി വർഗീയ കലാപങ്ങളെ മാറ്റുന്നതിന്റെ ദുരന്തങ്ങളാണ് യുപിയിൽ കണ്ടുകൊണ്ടിരിക്കുന്നത്. ഇത് രാജ്യശരീരത്തിനുണ്ടാക്കുന്ന ആഘാതം വളരെ വലുതാണെന്നതിൽ സംശയമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.