20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 12, 2025
March 28, 2025
March 26, 2025
March 25, 2025
March 24, 2025
March 22, 2025
March 21, 2025
March 17, 2025
March 13, 2025

തെരഞ്ഞെടുപ്പിലെ ഇടപെടൽ: വസ്തുതകൾ പുറത്തുകൊണ്ടുവരണം

Janayugom Webdesk
February 18, 2025 5:00 am

ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള ധനസഹായം റദ്ദാക്കുന്നതിന് ഡോജ് എന്ന് വിളിക്കപ്പെടുന്ന യുഎസ് കാര്യക്ഷമതാ വകുപ്പ് തീരുമാനിച്ചെന്ന വാർത്ത പുറത്തുവരികയുണ്ടായി. വകുപ്പ് മേധാവിയായ ഇലോൺ മസ്കാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുകളിൽ സമ്മതിദായകരുടെ കൂടിയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള 182 കോടി രൂപ (2.1കോടി ഡോളർ) യുടെ ധനസഹായമാണ് നിർത്തലാക്കുന്നത്. ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പുകൾക്കായി 4,200 കോടി (48.6 കോടി ഡോളർ) യിലധികം രൂപയുടെ സഹായമായിരുന്നു യുഎസ് വിവിധ രാജ്യങ്ങൾക്കായി അനുവദിച്ചിരുന്നത്. മൊസാംബിക്ക് (ഒരു കോടി), ബംഗ്ലാദേശ് (2.9കോടി), നേപ്പാൾ (1.9), പ്രാഗ് (3.2 കോടി), ലൈബീരിയ, മാലി, ദക്ഷിണാഫ്രിക്ക, സെർബിയ (5.4 കോടി), കംബോഡിയ (23 ലക്ഷം) ഡോളർ സഹായങ്ങളും നിർത്തിയിട്ടുണ്ട്. 

ഈ വിവരം പുറത്തുവന്നതോടെ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ബാഹ്യ ഇടപെടൽ സംബന്ധിച്ച വിവാദം വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. സാമ്പത്തിക സഹായം റദ്ദാക്കിയെന്ന യുഎസിൽ നിന്നുള്ള വാർത്തകൾക്ക് പിന്നാലെ 2012ൽ കേന്ദ്ര തെരഞ്ഞെ‍ടുപ്പ് കമ്മിഷൻ (ഇസിഐ) ഒപ്പുവച്ച ധാരണാപത്രം സംബന്ധിച്ച വെളിപ്പെടുത്തലുകളുമുണ്ടായി. അന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന എസ് വൈ ഖുറേഷിയാണ് ഒപ്പുവച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അത് നിഷേധിച്ച് അദ്ദേഹവും രംഗത്തെത്തി. വസ്തുതയുടെ കണിക പോലുമില്ലാത്തതാണ് പ്രസ്തുത റിപ്പോർട്ടെന്നാണ് ഖുറേഷി പറഞ്ഞിരിക്കുന്നത്. അതേസമയം 2012ൽ താൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ആയിരുന്നപ്പോൾ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ ഇലക്ടറൽ സിസ്റ്റംസു (ഐഎഫ്ഇഎസ്) മായി ഒരു ധാരണാപത്രം ഒപ്പിട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇവിടുത്തെ ജനാധിപത്യ പ്രക്രിയ സംബന്ധിച്ച്, ഇസിഐയുടെ പരിശീലന, വിഭവ കേന്ദ്രമായ ഇന്ത്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആന്റ് ഇലക്ഷൻ മാനേജ്മെന്റിൽ (ഐഐഐഡിഇഎം) താല്പര്യമുള്ള രാജ്യങ്ങൾക്ക് പരിശീലനം നൽകുന്നതിനാണ് ധാരണയുണ്ടാക്കിയതെന്ന് ഖുറേഷി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎസ് സന്ദർശനം നടത്തിയതിന്റെ അടുത്ത ദിവസമാണ് ഇലോൺ മസ്കിൽ നിന്ന് പ്രഖ്യാപനമുണ്ടായത് എന്നതിനാൽ ബാഹ്യ ഇടപെടൽ സംബന്ധിച്ച് ബിജെപിയാണ് ആദ്യം പ്രതികരിച്ചതെന്നത് വിചിത്രമാണ്. നേരത്തെയുള്ള സർക്കാരുകളുടെ കാലത്തെ തെരഞ്ഞെടുപ്പ് കമ്മിഷനുകൾ എന്തോ മഹാ അബദ്ധം ചെയ്തുവെന്നും മോഡി യുഎസിൽ ചെന്ന് അത് നിർത്തലാക്കിയെന്നുമുള്ള പ്രചരണത്തിലാണ് ബിജെപി ശ്രദ്ധയൂന്നുന്നത്. എന്നാൽ ഇപ്പോഴത്തെ വെളിപ്പെടുത്തൽ നിരവധി സംശയങ്ങൾക്കും ആശങ്കകൾക്കും ഇടനൽകുന്നുണ്ട്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയും വിദേശ ഇടപെടലും സംബന്ധിച്ച് നേരത്തേതന്നെ ഉയർന്നിരുന്ന ആരോപണങ്ങൾ ശരിയാണെന്ന് സംശയിക്കാവുന്നതാണ് ഈ വെളിപ്പെടുത്തൽ. 2012ലെ ധാരണയനുസരിച്ചാണ് അത്തരമൊരു സാമ്പത്തിക സഹായം ഇന്ത്യക്ക് ലഭിച്ചതെങ്കിൽ ഖുറേഷി നിഷേധിച്ചിട്ടുണ്ടെങ്കിലും ഗൗരവമേറിയ കാര്യമാണ്. മസ്കിന്റെ അറിയിപ്പിനെത്തുടർന്ന് ആദ്യം ആ സംശയമുന്നയിച്ചത് ബിജെപിയാണെങ്കിലും അതിന്റെ നേട്ടമുണ്ടാക്കിയിട്ടുള്ളത് അവർ തന്നെയാണ്. കാരണം 2012ന് ശേഷം ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത് 2014ലായിരുന്നു. അതിൽ ബിജെപിയാണ് ജയിച്ചത്. അതിനർത്ഥം സമ്മതിദായകരുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള യുഎസ് ഇടപെടലിന്റെ ഗുണഭോക്താവായത് ബിജെപിയാണ് എന്നാണ്. എന്നുമാത്രമല്ല ചില സർക്കാരിതര സംഘടനകളിലൂടെ പണം വിനിയോഗിച്ചെന്ന വാർത്തയും ഇതിന് പിന്നാലെ പുറത്തുവന്നിട്ടുണ്ട്. 

നേരത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച സംശയങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിലും വ്യാപകവും ആശങ്കാജനകവുമായത് ബിജെപിയുടെ ആദ്യ വിജയവും ഡൽഹിയിലെ അധികാരാരോഹണവും ഉണ്ടായതിനു ശേഷമായിരുന്നുവെന്നതും ഇവിടെ പ്രസക്തമാണ്. തെരഞ്ഞെടുപ്പുകളിൽ സുതാര്യതയില്ലായ്മയും ക്രമക്കേടുകളും സംബന്ധിച്ച് ഏറ്റവുമധികം പരാതികൾ ഉണ്ടായത് ബിജെപി ഭരണകാലയളവിലായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷത പോലും നിരവധി തവണ ചോദ്യം ചെയ്യപ്പെട്ടു. പെരുമാറ്റച്ചട്ടങ്ങളുടെ നിരന്തര ലംഘനം ശ്രദ്ധയിൽപ്പെടുത്തിയിട്ടും നിസംഗമോ ബിജെപിയോട് പക്ഷപാതപരമോ ആയ സമീപനങ്ങൾ സ്വീകരിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷനെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതും. എന്നുമാത്രമല്ല, കാനഡ പോലുള്ള വിദേശ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നതിന് ഇന്ത്യ ഇടപെട്ടുവെന്ന ആരോപണം അവിടെയുള്ള ഭരണാധികാരികൾ തന്നെ ഉന്നയിച്ചിട്ടുള്ളതുമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വെളിപ്പെടുത്തലിൽ സംശയത്തിന്റെ നിഴൽ ഏറ്റവുമധികം പതിക്കുന്നത് ബിജെപിക്കുമേൽ തന്നെയാണ്. ആദ്യപ്രതികരണം നടത്തിയത് അവരാണെന്നതുകൊണ്ട് ഈ സംശയത്തിൽ അവരെ മാറ്റിനിർത്തുവാൻ കിഴിയില്ല. എന്നുമാത്രമല്ല, എല്ലാ സാഹചര്യത്തെളിവുകളും അവർക്ക് എതിരായി നിൽക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിൽ ബിജെപിയുടെ പ്രതികരണം ആത്മാർത്ഥതയുള്ളതാണെന്ന് കരുതാൻ സാധിക്കില്ല. അതുകൊണ്ട് ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരികയാണ് ചെയ്യേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.