21 April 2025, Monday
KSFE Galaxy Chits Banner 2

സ്ത്രീ സമൂഹം എഴുത്ത്

ഡോ. നിത്യ പി വിശ്വം
March 2, 2025 7:00 am

മാധ്യമപ്രവർത്തകയിൽനിന്ന് അധ്യാപികയിലേക്കുള്ള പരകായപ്രവേശം എഴുത്തുജീവിതത്തിൽ വരുത്തിയ മാറ്റമെന്താണ്?

എഴുത്തുകാർക്ക് പൊതുവേ ഒരു ആലസ്യമുണ്ടായിരിക്കും. ക്രിയേറ്റിവിറ്റിയുടെ ലോകത്ത് ഒരു ആലസ്യമുണ്ട്. അതിനെ മറികടക്കുന്ന ഒരു വേഗം ഈ തൊഴിൽ പഠിച്ച എല്ലാ മനുഷ്യർക്കും ഉണ്ടാകും. അധ്യാപികയായപ്പോൾ കഥയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ചാണ് ഞാൻ ചിന്തിക്കാറുള്ളത്. എനിക്ക് നിരൂപക വേഷം ഇഷ്ടമല്ല. ആസ്വാദനത്തിന്റെ തലത്തിൽ നിന്ന് തന്നെയാണ് അത് വായിക്കുന്നത്. പക്ഷേ അധ്യാപികയായപ്പോൾ ആ ഒരു കണ്ണ് ഞാൻ കുറേക്കൂടി തുറക്കാൻ ശ്രമിക്കാറുണ്ട്. ഒരാളുടെ കഥ വായിച്ചാൽ അതെന്നെ ആനന്ദിപ്പിക്കുമോ ഇല്ലയോ എന്നുള്ളത് മാത്രമായിരുന്നു അതുവരെ ചിന്തിച്ചിരുന്നത്. എന്തുകൊണ്ട് എന്നെ ആനന്ദിപ്പിച്ചു, എന്തുകൊണ്ട് ആനന്ദിപ്പിച്ചില്ല എന്നുള്ള ഒരു ചിന്തകൂടി ഇപ്പോൾ ഞാൻ ചേർക്കാറുണ്ട്. അത് അധ്യാപികയായതിന്റെ മാറ്റമാണ്.

സരസ്വതി അമ്മയിൽനിന്ന് കെ രേഖയുടെ തലമുറയിലലേക്കെത്തുമ്പോൾ എഴുത്തുകാരികൾ സ്ത്രീകളെ അഭിസംബോധന ചെയ്യുന്നതിൽ സംഭവിച്ച മാറ്റങ്ങളെ എങ്ങനെയാണ് നോക്കികാണുന്നത്? 

അന്തർജ്ജനത്തിന്റെ ‘മൂടുപടം’ എന്നുള്ള കഥയിൽ നിന്നുതന്നെ നമുക്ക് തുടങ്ങാം. ഒരു പുരുഷനെയൊന്ന് സ്പർശിച്ചതിന്റെ പേരിൽ ഒരു സ്ത്രീ, ജീവിതം മുഴുവൻ കുറ്റവാളിയായി സ്വയം കൽപ്പിച്ച് പാപബോധത്തോടുകൂടി ജീവിക്കുകയാണ് ആ കഥയിൽ. പുതിയകാലത്തെ സ്ത്രീക്ക് അതൊരു സംഘർഷം പോലും അല്ലല്ലോ. ഒരു ചേർത്തുപിടിക്കലൊക്കെ സമൂഹത്തിലെ സ്വാഭാവികമായിട്ടുള്ള പ്രക്രിയയായി മാറിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഒരു സ്ത്രീയും പുരുഷനും ചേർത്തുപിടിച്ച് നിൽക്കുന്ന ഒരു പടം വന്നാൽ അതിനകത്ത് ആരും പാപം കാണാതിരിക്കുന്ന സാഹചര്യം വന്നു. അതിൽ പ്രണയത്തിന്റെയോ കാമത്തിന്റെയോ സ്നേഹത്തിന്റെയോ ഒന്നും അംശമില്ലാണ്ട് സൗഹൃദത്തിന്റെ ഒരു തെളിവ് മാത്രമായിട്ട് മാറി. ‘മൂടുപട’ത്തിൽനിന്ന് പുതിയ കാലത്തിൽ വരുമ്പോൾ ഒരു വലിയ അന്തരം സാമൂഹിക അന്തരീക്ഷത്തിൽ വരുന്നുണ്ട്. സരസ്വതി അമ്മയ്ക്ക് കഥ എഴുതുക എന്നതുതന്നെ വലിയ വിപ്ലവമായിരുന്നു. അവർ അതിനുവേണ്ടിയാവാം ഒരുപക്ഷേ, അവിവാഹിതയായി ജീവിച്ചതുപോലും. കഥാസമാഹാരത്തിന് അവതാരിക എഴുതിക്കിട്ടാൻ അവർ വളരെ വിഷമിച്ചു പോയെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.
അടുത്ത തലമുറയിൽ വന്നപ്പോൾ മാധവിക്കുട്ടിയുടെ കാലത്ത് തെറിക്കത്തുകൾ വരുന്നു. അവർ അതിൽ വളരെ അസ്വസ്ഥതയാകുന്നു. രാജലക്ഷ്മിയുടെ കാലത്ത് ചുറ്റിലും ഉള്ളവരല്ലേ കഥയിലുള്ളത് എന്ന് ചോദിക്കുമ്പോൾ സ്വയം ഹത്യകൊണ്ടാണ് അവര്‍ അതിന് മറുപടി പറഞ്ഞത്. പുതിയ കാലത്തെ ഞാനുൾപ്പെടെയുള്ള എഴുത്തുകാരികളോട് ഈ കഥാപാത്രം ഇങ്ങനെയല്ലേ എന്ന് സമൂഹം ചോദിക്കാറുണ്ട്. ഒടുവിൽ വന്ന ‘സഞ്ചാരിപ്രാവ്’ എന്ന കഥയിൽപ്പോലും ഈ ചോദ്യം ചോദിക്കപ്പെട്ടിട്ടുണ്ട്. സഞ്ചാരിപ്രാവിലെ ഷാലമിസ് ഞാനല്ലേ എന്ന്. ഞാൻ പറഞ്ഞു എനിക്ക് ഷാലമിസിന്റെ ആത്രയും സൗന്ദര്യമില്ല. മനസിനും അത്രയും സൗന്ദര്യമില്ല. എന്നെക്കാളും ഒരു പത്തുപതിനഞ്ച് വയസെങ്കിലും പ്രായം കൊണ്ട് ഇളപ്പമുള്ള ഒരാളാണ് അവർ. പക്ഷേ സമൂഹത്തിന് അത് ഞാനായിട്ട് കാണാനാണ് ഇഷ്ടം. പക്ഷേ അതിൽ സമൂഹത്തെ പൂർണമായിട്ടും കുറ്റപ്പെടുത്താൻ പറ്റില്ല. കാരണം നമ്മൾ ഒരു കഥ എഴുതാൻ തുടങ്ങുമ്പോൾ നമ്മുടെ മനസിസിൽ ഒരു കഥാപാത്രമുണ്ട്. തീർച്ചയായും ഷാല മിസ് എന്ന ആൾക്ക് ജീവിച്ചിരിക്കുന്ന ഒരാളുമായി ബന്ധമുണ്ട്. കഥ എഴുതാൻ തുടങ്ങുമ്പോൾ എനിക്ക് അവരെക്കുറിച്ച് പൂർണമായിട്ട് കാര്യങ്ങൾ പിടികിട്ടില്ല. ആ ശൂന്യതയൊക്കെ ഞാൻ എന്നെവെച്ചാണ് പൂരിപ്പിക്കുന്നത്. എന്റെ ശീലങ്ങൾ, സ്വഭാവങ്ങൾ, കാഴ്ചപ്പാടുകൾ ഒക്കെ കടന്നുവരും. അപ്പോൾ ഞാനാണെന്ന് വായിച്ചെടുക്കാനുള്ള സാധ്യത കൂടുതലാണ്. പുതിയകാലത്തെ എഴുത്തുകാരി തന്റെ കഥയിലെ കഥാപാത്രം താനാണെന്നു പറയുന്നതിനെ ചിരിച്ചുകൊണ്ട് നേരിടാൻ പഠിച്ചു. രാജലക്ഷ്മി അത് മരണംകൊണ്ടാണ് നേരിട്ടതെങ്കിൽ മാധവിക്കുട്ടി തനിക്ക് വരുന്ന തെറിക്കത്തുകളെ ഭയന്നിരുന്നെങ്കിൽ ഇന്ന് അത്തരത്തിലുള്ള ഭയമൊന്നും എഴുത്തുകാരികൾക്കുള്ളതായിട്ട് തോന്നുന്നില്ല. 

എഴുത്തുകാരി, വായനക്കാരി, ഉദ്യോഗസ്ഥ, കുടുംബിനി, സമൂഹജീവി എന്നീ നിലയിൽ ഒരു സ്ത്രീയായിരിക്കെ എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത്? 

എഴുത്തുകരി എന്ന നിലയിലല്ല, ഒരു വ്യക്തി എന്നനിലയിൽ നമ്മുടെ സമൂഹത്തിൽ ജീവിക്കുമ്പോൾ നിരന്തരമായൊരു പോരാട്ടം ആവശ്യമായി വരുന്നുണ്ട്. അത് പുരുഷനു വേണ്ടിവരുന്നില്ല. ജനിക്കുമ്പോൾത്തന്നെ നമ്മുടെ അവകാശങ്ങളെക്കുറിച്ച് നാം എപ്പോഴും ജാഗ്രത പാലിക്കേണ്ടി വരുന്നു. നമ്മുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ പലതരത്തിൽ ശബ്ദിക്കേണ്ടി വരുന്നു. അത് പുരുഷനു വേണ്ടിവരുന്നില്ല എന്നത് പുരുഷനു ലഭിക്കുന്ന വലിയ സൗകര്യമാണ്. 

ഉദ്യോഗസ്ഥ എന്ന നിലയിൽ ഞാൻ പത്ര പ്രവർത്തനം തിരഞ്ഞെടുത്ത സമയത്ത് ഞങ്ങളുടെ ജേർണലിസം ക്ലാസിൽ ഒരധ്യാപകൻ പറഞ്ഞ വാചകമുണ്ട്. രാത്രിയാണ് പത്രം ഓഫീസിലെ ജോലി, അതുകൊണ്ട് പെൺകുട്ടികളെ എടുക്കാൻ പറ്റുന്നില്ല. അഥവാ പെൺകുട്ടികളെ എടുത്താൽ തന്നെ പെൺകുട്ടികൾ വരുന്നു, ഉടനെ ആരെങ്കിലും കയറി പ്രേമിക്കുന്നു, കുട്ടികൾ ഉണ്ടാവുന്നു, പിന്നെ അവർക്ക് പത്രപ്രവർത്തനത്തിൽ താല്പര്യം നഷ്ടപ്പെടുന്നു. പെൺകുട്ടികൾ പത്രപ്രവർത്തനത്തിന് പറ്റിയവരല്ല. ഇതുകേട്ട് ഞങ്ങൾക്കൊക്കെ വലിയ അമർഷം ഉണ്ടായി.
ചെറുപ്പം മുതലേ എനിക്കൊരു നിഷേധ സ്വഭാവമുണ്ട്. മരത്തിൽ കയറരുത് എന്ന് പറയുമ്പോൾ മരത്തിൽ മാത്രം കയറിയിരുന്നാണ് ഞാൻ പഠിക്കാറ്, വായിക്കാറ്. ഒരു പേരമരത്തിന്റെ കൊമ്പിലിരുന്നാണ് ഞാൻ പഠിച്ചിരുന്നത്. പെൺകുട്ടികൾ മരത്തിൽ കയറിയാൽ ആ മരം കരിഞ്ഞുപോകും എന്ന അന്ധവിശ്വാസത്തെ നിഷേധിക്കാൻ കുട്ടിപ്രായത്തിൽ പോലും നമ്മുടെ ഉള്ളിൽ ഒരു അവബോധം ഉണ്ടായിരുന്നു. പ്രത്യേകിച്ചും വായനയിലൂടെയും മറ്റും ഉണ്ടായത്. അത് ആ മരം നിഷേധിക്കപ്പെട്ട അവസ്ഥയിൽ ശക്തമായി. പിന്നെ എന്നോട് ആരും ചോദ്യം ചെയ്യാറില്ല. മരത്തിൽ കയറിയിരുന്ന് എനിക്കും ശീലമായി, എന്റെ ഗ്രാമത്തിലെ എല്ലാവർക്കും ആ കാഴ്ചയിൽ വലിയ അത്ഭുതമൊന്നും തോന്നിയില്ല. അവർ അതിനെ സ്വീകരിച്ചു. അന്ന് ഞങ്ങളുടെ നാട്ടിൽ പെൺകുട്ടികളാരും സൈക്കിളൊന്നും ചവിട്ടില്ല. ഞാനാണാദ്യം സൈക്കിൾ ചവിട്ടിപ്പോയിരുന്ന പെൺകുട്ടി എന്നു തോന്നുന്നു. ഇപ്പോൾ ഞങ്ങളുടെ നാട്ടിൽ ചെല്ലുമ്പോൾ പെൺകുട്ടികളും സ്ത്രീകളും രാവിലെ ഏത് വണ്ടിയിലും ഇങ്ങനെ ഒഴുകുന്നത് കാണാം. എനിക്ക് സന്തോഷം തോന്നും. വലിയ മാറ്റങ്ങൾ വരുന്നുണ്ട് എങ്കിലും സ്തീകൾക്ക് അടിസ്ഥാനപരമായ പലതരത്തിലുള്ള തടസങ്ങൾ ഉണ്ട് എന്നുള്ളത് നിഷേധിക്കാൻ പറ്റില്ല. പെൺകുട്ടികൾ ഗർഭിണിയായി പ്രസവിച്ചു കഴിഞ്ഞാൽ പത്രപ്രവർത്തന താല്പര്യം നശിക്കും എന്ന് പറഞ്ഞ അധ്യാപകന്റെ വാക്കുകൾ എന്റെ തലച്ചോറിലുണ്ട് എപ്പോഴും. കുടുംബം ജോലിക്ക് തടസമാവരുത് എന്ന് വാശി തോന്നാറുണ്ടായിരുന്നു. അധ്യാപികയായപ്പോൾ എനിക്ക് തോന്നിയത് അധ്യാപകരുടെ ലോകത്ത് സ്ത്രീയായിരിക്കുന്നതാണ് കൂടുതൽ നല്ലത് എന്നാണ്. പത്രപ്രവർത്തകയായിരിക്കുമ്പോൾ പലപ്പോഴും അതൊരു വെല്ലുവിളിയും വാശിയുമായി ഏറ്റെടുത്തിട്ടാണത് നേരിടുന്നത്. അധ്യാപികയായപ്പോൾ എനിക്ക് തോന്നുന്നത് പുരുഷന്മാരായ അധ്യാപകരെക്കാൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എപ്പോഴും സമീപിക്കാനും കാര്യങ്ങൾ ചർച്ചചെയ്യാനുമൊക്കെ തോന്നുന്നത് സ്ത്രീകളായിട്ടുള്ള അധ്യാപകരോടാണ്. 

എഴുത്തുജീവിതത്തിലെ വലിയ പ്രതിബന്ധങ്ങൾ എന്തൊക്കെയാണ്?
എങ്ങനെയാണവയെ മറികടക്കുന്നത്? 

ആ പ്രതിബന്ധങ്ങളെ മറികടക്കാൻ വളരെ സാഹസപ്പെട്ടു ജീവിച്ച ഒരാളാണ് ഞാൻ. ഗ്രാമപ്രദേശത്തെ ഒരു പെൺകുട്ടി, അവൾ വളരുന്നു, ഡിഗ്രി എടുക്കുന്നു, ഗൾഫിലൊക്കെയുള്ള ആരെയെങ്കിലും വിവാഹംകഴിച്ച് വിദേശത്തേക്ക് പോകുന്നു. ഇങ്ങനെ ഒരു ജീവിതമാണ് എന്റെ ഗ്രാമത്തിലെ ഒട്ടുമിക്ക പെൺകുട്ടികളുടെയും. കഥഎഴുതാൻ തുടങ്ങിയപ്പോൾ ഞാൻ കരുതിയിരുന്നു അതിനു പറ്റുന്ന ഒരു തൊഴിലും പറ്റുന്ന ഒരു ജീവിതവും എഴുത്തുജീവിതത്തിനെ സഹായിക്കുന്ന, അതായത് കോംപ്ലിമെന്റ് ചെയ്യുന്ന ജീവിതവും തൊഴിലുമായിരിക്കണം എനിക്കുണ്ടാവേണ്ടത് എന്ന്. അങ്ങനെയാണ് ഞാൻ ഈ പറഞ്ഞ തൊഴിലുകളിലേക്ക് കടന്നുവന്നത്. ജീവിതപങ്കാളിയെ തിരഞ്ഞെടുത്തപ്പോൾ എഴുത്തിനെ അലട്ടാത്ത, സ്പർശിക്കാത്ത ഒരാളായിരിക്കണം, ബുദ്ധിപരമായി ചിന്തിക്കുന്ന ഒരാളായിരിക്കണം എന്നു കരുതിയിരുന്നു. ഇത് രണ്ടുംകൂടി കണ്ടെത്തുക എന്നുപറയുന്നത് വലിയ പണിയായിരുന്നു. ഏതായാലും ആ കാര്യത്തിൽ ഞാൻ പരാജയപ്പെട്ടിട്ടില്ല എന്നു തോന്നുന്നു. പക്ഷേ, സ്വാഭാവികമായിട്ടുള്ള ചില തടസങ്ങൾ എഴുത്തുജീവിതത്തിനുണ്ട് എന്നത് തർക്കമില്ലാത്ത കാര്യമാണ്. 

തൊഴിൽപരമായ തടസങ്ങളും പ്രയാസങ്ങളുമൊക്കെ എഴുത്തു ജീവിതത്തിന് വലിയ പ്രയാസമായിട്ടുണ്ടായിരിക്കണം. പിന്നെ സ്വാഭാവികമായും കുഞ്ഞുങ്ങളുടെ ജനനമൊക്കെ തടസമായി വന്നിട്ടുണ്ട്. അവരുടെ ആവശ്യപ്രകാരമല്ല, നമ്മുടെ ആവശ്യപ്രകാരമാണവർ ഈ ഭൂമിയിലേക്ക് വന്നത്. അപ്പോൾ അവരുടെ വളർച്ചയിൽ അവരെ സഹായിക്കേണ്ട സന്ദർഭങ്ങൾ, അവരുടെ കൂടെ നിൽക്കേണ്ട ഉത്തരവാദിത്തങ്ങൾ അതിനൊക്കെ കൂടെനിന്നിട്ടുണ്ട്. പക്ഷേ, ഞാൻ അങ്ങനെ ഒരു നല്ല കുടുംബിനിയോ നല്ല അമ്മയോ ഒന്നുമല്ല. പക്ഷേ നല്ലൊരു കൂട്ടുകാരിയാണ്. നല്ല ഉഴപ്പത്തിയായിട്ടുള്ള ഒരു അമ്മയാണ്. അവരുടെ ഒപ്പമിരുന്ന് പഠിക്കാനൊന്നും മിനക്കെട്ടിട്ടില്ല. പൊതുസമൂഹത്തിലൊക്കെ കാണുന്ന ഒരു അമ്മയുടെ, അതായത് കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങളൊക്കെ നോക്കി ജീവിക്കുന്ന ഒരമ്മയാവാൻ പലപ്പോഴും സാധിച്ചിട്ടില്ല. അവരത് ആ രീതിയിത്തന്നെ ഉൾക്കൊണ്ടിട്ടുണ്ട്. അവരുടെ അമ്മ അങ്ങനെയൊന്നും അവർക്ക് ലഭ്യമായ ഒരാളല്ല അല്ലെങ്കിൽ അമ്മയ്ക്ക് വേറൊരു ലോകം ഉണ്ടെന്നുള്ളത് എന്റെ കുടുംബം അംഗീകരിച്ചിട്ടുണ്ട്. ഭർത്താവാണെങ്കിലും കുട്ടികളാണെങ്കിലും അത് അംഗീകരിച്ചിട്ടുണ്ട്. ആ ലോകത്തെ അവർ ബഹുമാനിക്കുന്നുമുണ്ട്. എന്താണത് എഴുതാത്തത് എന്ന് ചോദിക്കുന്ന രീതിയിൽ അവരും പാകപ്പെട്ടു കഴിഞ്ഞു. ആ രീതിയിൽ അവരെ മാറ്റിയെടുത്തതിന് എനിക്ക് വലിയ സന്തോഷമുണ്ട്. പിന്നെ ഏറ്റവും വലിയ സംഗതി രണ്ട് ആൺകുട്ടികളെ ഒരിക്കലും സ്ത്രീവിരുദ്ധമായ ഒരു കാര്യം ചെയ്യാൻ അവർ ധൈര്യപ്പെടാത്ത തരത്തിൽ വളർത്തി എന്നതാണ്. അത് എനിക്ക് വലിയ അഭിമാനമുള്ള കാര്യമാണ്. 

ജീവിതങ്ങളെ അകന്നു നിന്നു നോക്കുവാനും ചുഴിഞ്ഞറിയാനും കഥയുടെ തച്ചുശാസ്ത്രവിധിപ്രകാരം കുറ്റമറ്റ രീതിയിൽ പണിതെടുക്കുവാനുമുള്ള വൈഭവം ഓരോ കഥയിലുമുണ്ട്. കഥയെഴുത്ത് ആയാസകരമാണോ? ആശ്വാസകരമാണോ?

കഥയെഴുത്ത് എന്നെ സംബന്ധിച്ച് ഞാനേറ്റവും സത്യസന്ധമായി ചെയ്യുന്ന ഒരു പ്രവൃത്തിയാണ്. ഞാനൊരിക്കലും വായനക്കാരെ കബളിപ്പിക്കാറില്ല. എനിക്ക് ചില എഴുത്തുകാരെക്കുറിച്ചെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ട്. അവർ വായനക്കാരുടെ ആസ്വാദനശേഷിയെ പരിഹസിക്കുന്ന രീതിയിൽ, ഇവരെയൊക്കെ എനിക്ക് അങ്ങനെ പറ്റിച്ചുകളയാം എന്നുള്ള മട്ടിൽ എഴുതുന്ന ചില എഴുത്തുകാരെയെങ്കിലും നമ്മൾ എപ്പോഴെങ്കിലുമൊക്കെ വായിക്കുന്നുണ്ട്. അതിൽ പ്രശസ്തരായവരുമുണ്ട് അപ്രശസ്തരായവരുമുണ്ട്. അങ്ങനെ ഞാൻ ചെയ്യാറില്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ എന്നെപ്പറ്റി വളരെ സ്നേഹത്തോടുകൂടി ആലോചിക്കുന്ന ഒരു കാര്യമാണിത്. വളരെ സത്യസന്ധമായിട്ടും എനിക്കൊരു കഥപറയാനുണ്ട് എന്ന് പൂർണബോധ്യം വരുമ്പോഴുമാണ് ഞാൻ ആ കഥയെക്കുറിച്ച് ചിന്തിക്കുന്നത്. പത്തും പതിനഞ്ചും പതിനാറും വർഷം ഒരു കഥ മനസിലിട്ട് ലാളിച്ചും ഓമനിച്ചുമാണ് അതിനെ പുറത്തേക്ക് കൊണ്ടുവരുന്നത്. പതിനഞ്ചാമത്തെ വയസിൽ ആലോചിച്ച ‘മാനം നോക്കി സഞ്ചാരം’ എന്ന കഥയെഴുതുന്നത് മുപ്പത്തഞ്ചാമത്തെ വയസിലാണ്. അത്രയും സത്യസന്ധത ഞാൻ കഥയെഴുത്തിൽ സൂക്ഷിക്കാറുണ്ട്. ഈ സത്യസന്ധത സമൂഹത്തിൽ അത്രകണ്ട് തിരിച്ചറിയുന്നുണ്ടോ എന്നുപോലും ചിലപ്പോൾ എനിക്ക് സങ്കടം തോന്നാറുണ്ട്. 

വായിക്കാനും എഴുതാനുമുള്ള അന്തരീക്ഷം കുട്ടിക്കാലത്ത് കുടുംബത്തിൽ ഉണ്ടായിരുന്നോ? പഠിക്കേണ്ട സമയത്ത് എഴുത്തും വായനയുമായി നടക്കുമ്പോൾ അച്ഛനും അമ്മയ്ക്കും അതിനോടുള്ള മനോഭാവമെന്തായിരുന്നു? 

കുടുംബത്തിൽ പലപ്പോഴും സ്ത്രീയോടൊപ്പം പുരുഷനും കഷ്ടപ്പെടുന്നുണ്ടായിരിക്കും, വേദനിക്കുന്നുണ്ടായിരിക്കും. പക്ഷേ കൂടുതൽ അനുഭവിക്കുന്നതും ഇരയാകുന്നതും വേദനിക്കുന്നതും സ്ത്രീകളാണ് എന്ന് തോന്നിയിട്ടുണ്ട്. എത്രയോ പുരുഷന്മാർ വേദനിക്കുന്നുണ്ട്. ഞാൻ പ്രത്യേകിച്ച് അങ്ങനെ ചിന്തിക്കാനേ പാടില്ലാത്തൊരാളാണ്. കാരണം എന്റെ അച്ഛനാണ് കുട്ടിക്കാലത്ത് ഞങ്ങളെ അപ്പിയിടീക്കുന്നതും കുളിപ്പിക്കുന്നതുമെല്ലാം. ഞങ്ങൾ കുട്ടികളെയെല്ലാം നോക്കിവളർത്തിയത്. അമ്മയ്ക്ക് വൃത്തിരോഗം (OCD) ഉണ്ടായിരുന്നു. അപ്പോൾ അച്ഛനാണ് ഞങ്ങളെ നോക്കിയത്. എന്റെ ഏഴു വയസിൽ അച്ഛൻ മരിച്ചു. അപ്പോൾ അമ്മ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഞാൻ കണ്ടിട്ടുണ്ട്. കുടുംബത്തെ ഒരു കരയ്ക്കടുപ്പിക്കുവാൻ അമ്മ നടത്തിയ സ്ട്രഗിളാണ് ഞങ്ങൾ എല്ലാവരുടെയും ജീവിതം സക്സസ് ആക്കിയത്. അമ്മ ഒരു പരാജയപ്പെട്ട കഥാകൃത്ത് ആയിരുന്നു. അമ്മ ചെറുപ്പത്തിൽ നന്നായി എഴുതുകയും വായിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. അതിനുള്ള സാഹചര്യം ഇല്ലാതെ വന്നപ്പോൾ ഞങ്ങൾ മക്കളെയൊക്കെ നല്ല വായനക്കാരാക്കുവാൻ അമ്മ ശ്രമിക്കുമായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ് വാങ്ങിത്തരാൻ അമ്മ ഇരിങ്ങാലക്കുടയിൽ കൊണ്ടുപോവുമായിരുന്നു. പുസ്തകങ്ങളൊക്കെ വായിപ്പിക്കുമായിരുന്നു. അമ്മയുടെ ആഗ്രഹവും പ്രാർത്ഥനയും ഒക്കെക്കൊണ്ടായിരിക്കാം ഞാനൊരു എഴുത്തുകാരിയായത്. അമ്മ എന്നോട് പഠിക്കാനാന്നും പറയാറില്ല. പക്ഷേ ഞാൻ എഴുതിത്തുടങ്ങിയ കാലത്ത് എന്താണ് എഴുതാത്തത് എന്ന് നിരന്തരം ചോദിക്കും. 

എന്തുകൊണ്ടാണ് മായ ആഞ്ചലോയെപോലെയുള്ള എഴുത്തുകാരികൾ നമുക്കില്ലാതെ പോയത്? തീക്ഷ്ണമായ ജീവിതയാഥാർത്ഥ്യങ്ങളെ അത്രമേൽ നമ്മുടെ എഴുത്തുകാരികൾക്ക് അനുഭവിക്കാൻ കഴിയാഞ്ഞിട്ടാണോ? 

എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. അന്തർജനത്തെ പോലെയുള്ളവരുടെ എഴുത്തിൽ മാറുമറയ്ക്കാൻ അവകാശമില്ലാത്ത ഒരു സമൂഹത്തിന്റെ പ്രശ്നങ്ങളല്ലേ അവതരിപ്പിക്കുന്നത്. മാറുമറയ്ക്കാനോ വിദ്യാഭ്യാസം നേടാനോ കഴിയാത്ത തരത്തിൽ തീക്ഷ്ണമായ അനുഭവങ്ങൾ കേരളത്തിലും ഉണ്ടായിരുന്നു. മാധവിക്കുട്ടിയിലും മറ്റും ശക്തമായ തുറന്നെഴുത്ത് ഉണ്ടായിട്ടുണ്ട്. ഞാനൊക്കെ പഠിക്കുന്ന സമയത്ത് എം ടി വാസുദേവൻ നായരായിരുന്നു സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ. ഇന്ത്യയിലെ പ്രശസ്തരായ മുഴുവൻ എഴുത്തുകാരേയും അദ്ദേഹം തൃശൂരിൽ കൊണ്ടുവരുമായിരുന്നു. അവരുടെയെല്ലാം പ്രസംഗങ്ങൾ അക്കാലത്ത് ഞങ്ങൾ കേട്ടിട്ടുണ്ട്. അതിലെല്ലാം അവർ പറയും, നമ്മുടെ നാട്ടിൽ വലിയ ലിറ്ററേച്ചർ ഉണ്ടാവാത്തത് വലിയ യുദ്ധങ്ങളും സംഘർഷങ്ങളും ഇല്ലാത്തതുകൊണ്ടാണെന്ന്. സത്യത്തിൽ എല്ലാ സംഘർഷങ്ങളും യുദ്ധങ്ങളും എഴുത്തുകാരുടെ മനസിലല്ലേ നടക്കേണ്ടത്? നേരിട്ട് യുദ്ധമുഖത്ത് പോകുന്ന എഴുത്തുകാർ വളരെ കുറവല്ലേ ഉള്ളൂ. സി വി രാമൻപിള്ള പറഞ്ഞിട്ടില്ലേ കത്തുന്ന കടല് എനിക്ക് സങ്കൽപ്പിക്കാൻ കഴിയുമെന്ന്. ആ കത്തുന്ന കടലിനെ സങ്കൽപ്പിക്കാനുള്ള എഴുത്തുകാരന്റെ ശേഷിയെ ആശ്രയിച്ചിരിക്കും അവരുടെ പ്രമേയങ്ങളിൽ കടലിന്റെ ആഴവും പരപ്പും എത്രയുണ്ട് എന്നത്. അതിനനുസരിച്ചായിരിക്കും അവരുടെ സൃഷ്ടിയുടെ ശക്തി. കറുത്തവർഗക്കാരും വെളുത്തവർഗക്കാരും അനുഭവിക്കുന്ന വേർതിരിവുകളുടെ സംഘർഷം നമുക്ക് പരിചിതമല്ല. എന്നാൽ രണ്ടു തരം സംഘർഷങ്ങൾ എല്ലാ സ്ത്രീഎഴുത്തുകാരും അനുഭവിക്കുന്നുണ്ട്. ഒന്ന് എഴുത്തുകാരി എന്ന നിലയിൽ അവർ അനുഭവിക്കുന്ന സംഘർഷങ്ങൾ. രണ്ട് സ്ത്രീയെന്ന നിലയിൽ അനുഭവിക്കുന്ന സംഘർഷങ്ങൾ. ഇത് കേരളത്തിലെ എല്ലാ സ്ത്രീ എഴുത്തുകാരും അനുഭവിക്കുകതന്നെ ചെയ്യുന്നു. അല്ലാതെ അവർക്ക് സൃഷ്ടി നടത്താൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. 

പൊളിറ്റിക്കൽ സ്റ്റോറികൾ കൈകാര്യം ചെയ്യുന്നതിൽ എഴുത്തുകാരികൾ പലപ്പോഴും പിന്നാക്കം നിൽക്കുന്നതായി പറഞ്ഞുകേൾക്കാറുണ്ടല്ലോ. രേഖയുടെ അഭിപ്രായമെന്താണ്?

കാലാകാലങ്ങളായി പുരുഷ എഴുത്തുകാരോ അല്ലെങ്കിൽ അത്തരത്തിലുള്ള കാഴ്ചപ്പാടിൽ ജീവിക്കുന്ന മനുഷ്യരോ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമാണിത്. പക്ഷേ മലയാളത്തിലെ ഇപ്പോഴത്തെ സ്ത്രീയെ എഴുത്തുകാരുടെ രചനകൾ വായിച്ചാൽ അങ്ങനെയൊരു സംഘർഷം ഉണ്ടെന്നു തോന്നുന്നില്ല. വെള്ളം മുതൽ രാഷ്ട്രീയം വരെ അവർ പ്രമേയമാക്കുന്നു. സാറ ടീച്ചറിന്റെ ‘ആതി’ വെള്ളം പ്രമേയമാക്കിയിട്ടുള്ള കൃതിയാണ്. സമൂഹത്തിലെ ഏത് പ്രശ്നമാണ്, ഏത് പൊളിറ്റിക്കൽ ഇഷ്യൂ ആണ് സ്ത്രീ കൈകാര്യം ചെയ്യാത്തത്? ജാതി, വർഗം, പരിസ്ഥിതി അങ്ങനെ സമൂഹത്തിലെ എല്ലാ വിഷയങ്ങളും അതിന്റെ പൊളിറ്റിക്സും സ്ത്രീകൾ വിഷയമാക്കിയിട്ടുണ്ട്. ഇത് നേരത്തെയുള്ള പുരുഷാധിപത്യസമൂഹം ചോദിച്ചുകൊണ്ടിരുന്നതാണ്. ചില മുതിർന്ന എഴുത്തുകാർ ഇത്തരത്തിലുള്ള പ്രസ്താവനകൾ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് 30 വയസിനുമുമ്പ് എല്ലാ എഴുത്തുകാരും ആദ്യത്തെ നോവൽ എഴുതിയില്ലെങ്കിൽ അവർക്ക് ആ എഴുത്തുകാരിയെക്കുറിച്ച് പ്രതീക്ഷയില്ല. സാറ ടീച്ചർ റിട്ടയർമെന്റിനു ശേഷമാണ് നോവൽ രചനയിലേക്ക് ശക്തമായി കടന്നുവന്നത്. ഇത്തരത്തിലുള്ള ചില ലേബലുകൾ സമൂഹമാണ് അടിച്ചേൽപ്പിക്കുന്നത്. 

എഴുത്തുകാരികൾക്ക് പൊളിറ്റിക്സ് ഇല്ല. കാരണം ജീവിതാനുഭവം വ്യത്യസ്തമാണ്. അവർക്ക് പുറത്തേക്ക് ഇറങ്ങാനോ രാത്രി കാണാനോ പറ്റില്ല എന്നൊക്കെ പറയും. ഈ ഒരു കമന്റ് കേട്ടിട്ടാണ് ഞാൻ രാത്രി മാത്രം ജോലിചെയ്യാൻ പറ്റുന്ന പത്രപ്രവർത്തനത്തിലേക്ക് ഇറങ്ങിയത്. ഇതെല്ലാം പത്രപ്രവർത്തക എന്ന നിലയ്ക്ക് ഞാൻ എല്ലാം എളുപ്പത്തിൽ നിർവഹിക്കുകയും ചെയ്തു. കോട്ടയം ജില്ലയിൽ ഒരു ഗ്രാമത്തിൽ പശുവിനെ കറന്നു മാത്രം ജീവിക്കുന്ന ഒരു സമൂഹമുണ്ട്. അവിടെ ഞാൻ റിപ്പോർട്ടിങ്ങിന് പോയിട്ടുണ്ട്. അവിടുത്തെ സ്ത്രീകൾ വെളുപ്പിന് മൂന്നോ നാലോ മണിക്ക് പാൽ കറന്ന് വള്ളത്തിൽ തുഴഞ്ഞ് വേമ്പനാട്ടുകായലിലൂടെ ഇങ്ങേ കരയിലെത്തി പാല് ഏൽപ്പിക്കും. ഇങ്ങനെയുള്ള എത്രയോ സ്ത്രീകളെ നമ്മൾ ജീവിതത്തിൽ കാണുന്നുണ്ട്. വൈവിധ്യവും സംഘർഷവുമുള്ള അനുഭവങ്ങൾ നിറഞ്ഞ എത്രയോ സ്ത്രീകളെ നമ്മൾ കാണുന്നുണ്ട്. അതിനാൽ ഇതൊരു പഴയ ചോദ്യമാണ്. സത്യത്തിൽ ഇപ്പോഴത്തെ സ്ത്രീ എഴുത്തുകാരോട് ഈ ചോദ്യം ചോദിക്കാമോ എന്ന് തന്നെ എനിക്ക് സംശയമുണ്ട്. 

മലയാളത്തിലെ പെൺവിനിമയങ്ങൾക്ക് കാലാനുക്രമം വന്നിട്ടുള്ള മാറ്റങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്?

വലിയതോതിൽ രണ്ടുതരത്തിൽ സംഭവിച്ചിട്ടുണ്ട്. ഒന്ന് സമൂഹം മാറിയിട്ടുണ്ട്. സമൂഹം മാറുന്നതിനനുസരിച്ച് അതിന്റെ പ്രതിഫലനം കഥയിലും കടന്നുവന്നിട്ടുണ്ട്. സ്ത്രീവിരുദ്ധമായ വാക്കുകളോ പ്രയോഗങ്ങളോ നടത്താൻ നമ്മുടെ പുരുഷ എഴുത്തുകാരെപ്പോലും അധൈര്യപ്പെടുത്തുന്ന രീതിയിൽ സമൂഹം മാറിക്കഴിഞ്ഞു. പുരുഷ എഴുത്തുകാര്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധർ ആയിരുന്നാൽപോലും അവരുടെ സൃഷ്ടികളിൽ അത് പരസ്യമായിട്ട് ഉപയോഗിക്കാൻ കഴിയാതെ അവരെ അധൈര്യപ്പെടുത്തുന്ന രീതിയിലേക്ക് സമൂഹം മാറിയിട്ടുണ്ട്. രണ്ടാമത്തെത് എഴുത്തിലൂടെ സമൂഹത്തെ മാറ്റുവാൻ സാധിച്ചിട്ടുണ്ട് എന്നതാണ്. കേരളത്തിലെ അടുക്കളകളിൽ പുരുഷന്മാർ കയറുന്നത് എന്തോ മഹാപാതകമായിട്ട് നമ്മൾ വായിച്ചിരുന്നത്. ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത് അച്ഛനാണ് കാര്യങ്ങളൊക്കെ നോക്കുന്നത് എന്നു പറയുമ്പോൾ, കേൾക്കുന്ന ചിലരെങ്കിലും ചിരിക്കുമായിരുന്നു. ഇന്നാ സ്ഥിതി മാറി. സാറടീച്ചറെ പോലുള്ളവരുടെ ഫെമിനിസ്റ്റ് ആശയങ്ങൾ ഈ കാലത്ത് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. രൂപപ്പെട്ട കാലത്ത് ഫെമിസത്തെയും ഫെമിനിസ്റ്റുകളെയും പരിഹാസത്തോടെ അകറ്റിനിർത്തിയിരുന്ന ആ കാലം മാറി. ഞാൻ വിവാഹം കഴിക്കുന്നില്ല എന്ന് പറയുന്ന പെൺകുട്ടികളുടെ എണ്ണം ഏറുന്നുണ്ട്. സിനിമയും സാഹിത്യവും കലയുമെല്ലാം ഈയൊരു ചിന്തയ്ക്ക് പ്രേരകമായിട്ടുണ്ട്. എന്നാൽ ജൈവികമായ ആവശ്യങ്ങളിലൊന്നാണത്. കൂട്ടില്ലാത്ത യാത്ര വളരെ വിരസമാണ്. കൂട്ടുണ്ടാവുക എന്നത്, ജൈവികവും സ്വാഭാവികവുമായ ഒരു പ്രക്രിയയാണ്. പെൺകുട്ടികൾക്ക് വിവാഹം വേണ്ട എന്നുപറയുന്ന സാഹചര്യം ഒരുപക്ഷേ പുരുഷന്മാരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്. 

പെൺ കാഴ്ചകളുടെ അടരുകള്‍ രേഖയുടെ കഥകളിൽ ശക്തമാണ്. ഏറെ പണിപ്പെട്ട്, പണിക്കുറ്റം തീർത്തെഴുതിയ അവയിൽ ഏറ്റവും പ്രിയം ഏതിനോടാണ്? എഴുത്ത് ഭയപ്പെടുത്തിയ സന്ദർഭങ്ങളുണ്ടോ? 

കഥകളെല്ലാം വർഷങ്ങളും മാസങ്ങളും മനസിലെ സഞ്ചാരവും ഒക്കെക്കഴിഞ്ഞ് രൂപപ്പെടുത്തിയെടുത്തതാണ്. പെട്ടെന്ന് എഴുതിയ കഥകൾ വളരെ കുറവേയുള്ളൂ. ഏതെങ്കിലും പത്രാധിപരുടെ ആവശ്യത്തിന് എനിക്ക് അങ്ങനെ പെട്ടെന്ന് എഴുതാൻ പറ്റാറില്ല. വളരെ ആലോചിച്ചും മനസുകൊണ്ട് കഥാപാത്രങ്ങൾക്ക് ഒപ്പം സഞ്ചരിച്ചും ഒക്കെ തന്നെയാണ് കഥകൾ രൂപപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് എഴുതിത്തീരുമ്പോൾ മലയിറക്കി വയ്ക്കുന്ന അനന്ദമൊക്കെ നമുക്കുണ്ടാവും. അത് കഴിഞ്ഞ് അച്ചടിച്ചു വരുമ്പോൾ ഇതേ ആനന്ദം വീണ്ടും ഉണ്ടാകും. കുറച്ചു കഴിഞ്ഞ് വായിച്ചു നോക്കുമ്പോൾ അത് വേണ്ടായിരുന്നു, ഇത് വേണ്ടായിരുന്നു, ആ പ്രയോഗം വേണ്ടായിരുന്നു എന്ന് അസ്വസ്ഥത തോന്നും. കാലങ്ങൾ കഴിഞ്ഞ് ആ കഥ വായിക്കുമ്പോൾ അത് വേറെ ആരുടെയോ കഥയായി തോന്നും. 

അങ്ങനെ വായിക്കുമ്പോൾ ചിലപ്പോൾ നമ്മുടെ കഥകളോട് വലിയ ഇഷ്ടം തോന്നിയ കുറെ കഥകളുണ്ട്. അതിലൊന്നാണ് ‘പെരുമ്പാമ്പ്’ എന്ന കഥ. ഇപ്പോഴത്തെ ഒരു കാലത്താണെങ്കിൽ കുറേക്കൂടി അത് വായിക്കപ്പെടുമായിരുന്നു. എനിക്കിഷ്ടപ്പെട്ട, പിന്നീട് വായിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ഒരു സ്നേഹക്കൂടുതൽ തോന്നുന്ന അല്ലെങ്കിൽ വേറെ ഒരാളുടെ സൃഷ്ടിയായി വായിക്കുമ്പോൾ വലിയ സന്തോഷം തോന്നിയ കഥയാണത്. ‘നാൽക്കാലി’ എന്ന കഥയും ഇഷ്ടമാണ്. സമൂഹമാധ്യമങ്ങളിലെ കഥയൊക്കെ നന്നായി ചർച്ചചെയ്യുന്ന ഇക്കാലത്ത് ആയിരുന്നെങ്കിൽ കുറച്ചുകൂടി ആളുകൾ അത് അറിയുമായിരുന്നു എന്ന് എനിക്ക് നഷ്ടബോധം തോന്നാറുണ്ട്. വായനക്കാർ പൊതുവേ നന്നായി എന്നു പറഞ്ഞിട്ടുള്ളത് ‘ആരുടെയോ ഒരു സഖാവ്’, ‘അന്തിക്കാട്ടുകാരി’, ‘വില്ലുവണ്ടി’ അങ്ങനെയുള്ള കഥകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.