22 January 2026, Thursday

ജനഹൃദയങ്ങളിൽ കൊത്തിവച്ച ചരിത്രം മായ്ക്കാനാകില്ല

Janayugom Webdesk
April 30, 2025 5:00 am

ചരിത്ര വസ്തുതകളെ തങ്ങൾക്കനുകൂലമായി മാറ്റുകയും ജീവിത യാഥാർത്ഥ്യങ്ങളെ മറച്ചുവയ്ക്കുകയും ചെയ്യുക എന്നത് ഫാസിസത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളിൽ ഒന്നാണ്. ഇന്ത്യയിൽ ബിജെപി അതിന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചതുമുതൽ ഈ പ്രക്രിയയ്ക്കുവേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചതാണ്. അതിന്റെ ആദ്യരൂപങ്ങളിൽ ഒന്നായിരുന്നു ബാബറി മസ്ജിദിനുമേൽ രാമ ജന്മഭൂമിയെന്ന അവകാശവാദമുന്നയിച്ചുള്ള കലാപങ്ങൾ. നിരക്ഷര വിശ്വാസികളുടെ വൈകാരികത മുതലെടുത്ത് അവരിൽ അത്തരമൊരു ബോധം സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള പ്രചണ്ഡമായ പ്രചരണങ്ങളും കാമ്പയിനുകളുമായിരുന്നു ആദ്യപടി. അതിനുശേഷം മതത്തെ രാഷ്ട്രീയവുമായി അഭേദ്യമായി കൂട്ടിയിണക്കുന്നതിൽ വിജയിക്കുകയും അതുപയോഗിച്ച് ബാബറി മസ്ജിദിനുമേൽ ആധിപത്യം നേടുന്നതിനുള്ള നീക്കങ്ങൾ ശക്തമാക്കുകയും ചെയ്തു. നീതിപീഠങ്ങളുടെ പിൻബലം കൂടി കിട്ടിയതോടെ ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുക എന്ന ലക്ഷ്യം അവർ കൈവരിച്ചു. പിന്നീട് വ്യത്യസ്തമായ മുസ്ലിം ആരാധനാലയങ്ങൾക്കുമേൽ അവകാശമുന്നയിക്കുകയും അതിന്റെ പേരിൽ സംഘർഷങ്ങളും നിയമയുദ്ധങ്ങളും സൃഷ്ടിച്ച് തങ്ങളുടെ അജണ്ട അവർ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്നു. ഈ നടപടികൾ നൽകിയ ധ്രുവീകരണ അടിത്തറയിൽ നിന്നുകൊണ്ട് വിവിധ സംസ്ഥാനങ്ങളിലും 2014ൽ കേന്ദ്രത്തിലും ഭരണത്തിലെത്തിയ ബിജെപി അധികാര സ്ഥാപനങ്ങളെ ഉപയോഗിച്ചും പ്രസ്തുത നീക്കങ്ങൾ മുന്നോട്ടുകൊണ്ടുപോയി. ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചി (ഐസിഎച്ച്ആർ) നെ ഉപയോഗിച്ച് രാജ്യത്തിന്റെ വിവിധ ചരിത്ര ഘട്ടങ്ങളെയും നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷൻ റിസർച്ച് ആന്റ് ട്രെയിനിങ് (എൻസിഇആർടി) എന്ന സ്ഥാപനത്തിന്റെ സഹായത്തോടെ പാഠപുസ്തകങ്ങളിലും തങ്ങളുടെ ആശയങ്ങൾ അടിച്ചേല്പിക്കുന്നതിന് അവർ ശ്രമങ്ങൾ നടത്തി. 

കഴിഞ്ഞ 11 വർഷത്തോളമായി ആ കൃത്യം അവർ അനവരതം തുടരുകയാണ്. അതിന്റെ ഭാഗമായി സ്വാതന്ത്ര്യസമരത്തിൽ ഒട്ടുമേ സ്ഥാനമില്ലാതിരുന്ന തങ്ങളുടെ പൂർവഗാമികളെ ചരിത്രത്തിന്റെ ഹൃദയഭാഗങ്ങളിൽ പ്രതിഷ്ഠിക്കുക, തങ്ങളുടെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളുടെ പേരുകൾ മാറ്റുക, യഥാർത്ഥ ചരിത്രത്തെ തങ്ങളുടെ പിന്തിരിപ്പൻ ആശയഗതികൾക്കനുസൃതമായി വ്യാജ നിർമ്മിതി നടത്തുക തുടങ്ങിയ നടപടികളാണ് അവർ ചെയ്തുപോരുന്നത്. അതി­ൽ ഒടുവിലത്തേതാണ് എൻസിഇആർടിയുടെ ഏഴാം ക്ലാസിനായി ത­യ്യാറാ­ക്കിയ പുതിയ പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ രാജവംശ ഭാഗം പുറന്ത­ള്ളുകയും മഗ­ധ സാമ്രാ­ജ്യം ഉൾപ്പെടെ ഹൈന്ദവ രാജവംശങ്ങ­ളെ അവരോ­ധിക്കുകയും ചെയ്ത നട­പടി. 2020ലെ ദേശീയ വിദ്യാ­ഭ്യാ­സ നയ (എൻഇ­പി 2020) ത്തിന്റെ ഭാഗമാ­യുള്ള പാഠപുസ്തക ന­വീകരണമെന്ന പേരി­ലാ­­ണ് ചരിത്രത്തിന്റെ വ്യാജ നിർമ്മിതിക്കുള്ള ശ്രമം. നേരത്തെ 10, 12 ക്ലാസുകളി­ലെ പാഠഭാഗ­ങ്ങളിൽ മാ­റ്റം വരുത്തി­യിരുന്നു. ബി­ജെ­പിക്ക് 2024ലെ ലോക്‌ സഭാ തെരഞ്ഞെ­ടുപ്പിൽ സഖ്യ­മായി ഭരി­ക്കേ­­ണ്ട സാഹ­ചര്യ­­മു­ണ്ടായപ്പോൾ സഖ്യ സർക്കാരുകളെ കുറിച്ചുള്ള പാഠഭാഗങ്ങളിൽ മാറ്റം വരുത്തിയതും നമ്മുടെ ഓർമ്മയിലുണ്ട്. ബിജെപി നേതാവ് അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായതുൾപ്പെടെ സഖ്യസർക്കാരുകളുടെ പ്രവർത്തനത്തെ അവലോകനം ചെയ്യുന്ന പാഠത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയ, സഖ്യസർക്കാരുകളുടെ വെല്ലുവിളികളും അനിശ്ചിത­ത്വങ്ങളും പരാമർശിച്ചുകൊണ്ടുള്ള കാർട്ടൂൺ നീക്കിയതായിരുന്നു അതിലൊന്ന്. അനുസ്യൂതം തുടരുന്ന രാജ്യചരിത്രത്തിലെ ഒരുഘട്ടമാണ് തെരഞ്ഞെടുപ്പുകളുടെയും ജനാധിപത്യത്തിന്റെയും പരിണാമഘട്ടങ്ങൾ. അത് പരാമർശിക്കുമ്പോൾ രാജ്യത്ത് വിവിധ കാലയളവുകളിലുണ്ടായിരുന്ന സർക്കാരുകളുടെയും അതിന്റെ രൂപഘടനകളുടെയും പാഠങ്ങൾ രാഷ്ട്രീയ, ചരിത്ര പുസ്തകങ്ങളിൽ അനിവാര്യമാണ്. എന്നാൽ സഖ്യ സർക്കാരു­കളുമായി ബന്ധപ്പെട്ട ചില ഭാഗങ്ങൾ ഒഴിവാക്കി ചരിത്രത്തിന്റെ തുടർപഠനത്തെയാണ് ബിജെപി ഇല്ലാതാക്കിയത്. ഇതിന്റെ തുടർച്ചയായി ഈ വർഷം ഏഴാം ക്ലാസിലെ പാഠപുസ്തകം പുതുക്കുകയും അതിൽ നിന്ന് നിർണായക ചരിത്രഘട്ടങ്ങളെ ഒഴിവാക്കിയിരിക്കുകയുമാണ്. 

കോവിഡ് മഹാമാരിക്കാലത്ത് തുഗ്ലക്ക്, ഖിൽജി, ലോദി ഭരണ കാലയളവുകളെ കുറിച്ചുള്ള പാഠങ്ങളിൽ നിന്ന് പല ഭാഗങ്ങളും നീക്കിയിരുന്നു. ഓൺലൈനായുള്ള അധ്യയനവേളയിൽ കുട്ടികളുടെ പഠനഭാരം കുറയ്ക്കുക എന്ന ന്യായം നിരത്തിയായിരുന്നു അന്ന് നടപടി. എന്നാൽ ഇപ്പോൾ അവയെ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്. മഗധയ്ക്ക് പുറമേ മൗര്യന്മാർ, ശുംഗന്മാർ, ശതവാഹനന്മാർ തുടങ്ങിയ പുരാതന ഇന്ത്യൻ രാജവംശങ്ങളെക്കുറിച്ചുള്ള പുതിയ അധ്യായ­മുൾപ്പെടുത്തിയിട്ടുമുണ്ട്. വിവിധ മതങ്ങളുടെ തീർത്ഥാടന കേന്ദ്ര­ങ്ങളെ­ക്കുറിച്ചുള്ള പ്രത്യേക അധ്യായവും ചേർത്തിരിക്കുന്നു. ജ്യോതിർലിംഗങ്ങൾ, ചാർധാം യാത്ര, നദീസംഗമങ്ങൾ, പർവതങ്ങൾ, വന­­ങ്ങൾ, ബദരീനാഥ്, അമർനാഥ്, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. ഈ വർഷം ആദ്യം പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയെക്കുറിച്ചും പരാമർശമുണ്ട്. എല്ലാം ചേർന്ന് ഇന്ത്യയുടെ ചരിത്രത്തെയും ഭൂമിശാസ്ത്രപരമായ പ്രത്യേക­തകളെയും വൈവിധ്യങ്ങളെയും വികലമായ വീക്ഷണ­കോണിൽ അവതരിപ്പിക്കുകയും സമ്പന്നമായ ഭൂതകാല ചരിത്രത്തിൽ നിന്ന് വ­ലി­­യ ഭാഗങ്ങൾ ഒഴിവാക്കുകയും ചെയ്തിരി­ക്കുകയാണ്. ഇത്തരം നീക്കങ്ങളിലൂടെ യഥാർ­ത്ഥ ചരിത്രങ്ങളെ തമസ്കരിക്കാമെന്നാണ് ബിജെപി സർക്കാർ കരുതുന്നത്. എന്നാൽ എത്ര മായ്ക്കാൻ ശ്രമിച്ചാലും അത് സാധ്യമല്ലെന്ന് മനസിലാ­കാത്ത മൂഢരാണവർ. കാരണം എഴുത്തു പുസ്തകങ്ങളിലല്ല, ജനഹൃദയങ്ങളിൽ കൊത്തി­വയ്ക്കപ്പെട്ടതാണ് അവയെല്ലാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.