23 December 2024, Monday
KSFE Galaxy Chits Banner 2

മങ്ങലേല്‍ക്കുന്ന ഇന്ത്യന്‍ നയതന്ത്ര പ്രതിച്ഛായ

Janayugom Webdesk
December 6, 2023 5:00 am

രാഷ്ട്രതന്ത്രത്തിൽ ചാരവൃത്തി, രഹസ്യ വിവരസമാഹരണം, ഒളിപ്രവർത്തനങ്ങൾ എന്നിവയ്ക്ക് എക്കാലത്തും നിർണായക സ്ഥാനമാണുള്ളത്. ഒരിക്കലും പിടിക്കപ്പെടാതിരിക്കുക എന്നതാണ് അത്തരം ഗൂഢപ്രവൃത്തികളുടെ വിജയരഹസ്യം. നുണകൾ പിടിക്കപ്പെടുകയോ നിഷേധങ്ങൾ തെറ്റാണെന്ന് തെളിയിക്കപ്പെടുകയോ ചെയ്യുന്നത് പരസ്യമായ നയതന്ത്ര നടപടികളുടെ പരാജയവുമാണ്. ഈ രണ്ട് കാര്യങ്ങളിലും വിദേശ നയതന്ത്രരംഗത്ത് ഇന്ത്യൻ ഭരണകൂടം വലിയ നാണക്കേടിനെയാണ് നേരിടുന്നത്. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഖാലിസ്ഥാൻ ഭീകരൻ എന്ന് ഇന്ത്യ ആരോപിക്കുന്ന കനേഡിയൻ പൗരൻ ഹർദീപ് സിങ്ങ് നിജ്ജറിന്റെ വധത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് അവിടത്തെ പാർലമെന്റിൽ ഉന്നയിക്കുകയുണ്ടായി. ജി20 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിൽ താൻ ഇന്ത്യൻ പ്രധാനമന്ത്രിയോട് വിഷയം ഉന്നയിച്ചതായും ട്രൂഡോ പറഞ്ഞിരുന്നു. വിഷയം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ കാര്യമായ ഉലച്ചിലിനും പ്രതിസന്ധിക്കും കാരണമായി. ഇപ്പോൾ യുഎസ്, കനേഡിയൻ പൗരത്വമുള്ളതും ഇന്ത്യ ഖാലിസ്ഥാൻ വിഘടനവാദി എന്ന് ആരോപിക്കുന്നതുമായ ഗുരുപത്‌വന്ത് സിങ്ങ് പന്നൂൻ എന്നയാളെ വധിക്കാൻ നടന്ന ഗൂഢാലോചനയുടെ പേരിൽ ന്യൂയോർക്ക് കോടതിയിൽ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് സമർപ്പിച്ചിരിക്കുന്ന കുറ്റപത്രം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിഴൽ വീഴ്ത്തിയിരിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിൽ ഉച്ചസ്ഥായിയിൽ എത്തിനിൽക്കുന്ന സുരക്ഷാ സഹകരണം പ്രായോഗികമായ പരസ്പരാശ്രയത്തിൽ അധിഷ്ഠിതമാകയാൽ അത് നിർബാധം തുടരുമെങ്കിലും പ്രശ്നം ഇന്ത്യയുടെ നയതന്ത്ര പ്രതിച്ഛായക്ക് തിരിച്ചടിയും ഇന്ത്യന്‍ സര്‍ക്കാരിന്റെ യുഎസ് വിധേയത്വത്തെ തുറന്നുകാട്ടുന്നതുമായി.


ഇതുകൂടി വായിക്കൂ: ആധുനിക ശകുനികൾ


കാനഡയുടെ ആരോപണത്തെ നിഷേധിക്കുക മാത്രമല്ല നയതന്ത്രതലത്തിൽ ഏറ്റുമുട്ടലിനുപോലും തയ്യാറായ ഇന്ത്യ, യുഎസിന്റെ കാര്യത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയതലത്തിലും ചർച്ചക്ക് തയ്യാറാവുകയും ചെയ്തിരിക്കുന്നു. പന്നൂനിനെ വധിക്കാൻ ഇന്ത്യ നിയോഗിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ആൾ യുഎസിന്റെ പിടിയിലാകുക മാത്രമല്ല നിജ്ജർ വധത്തിൽ ഇന്ത്യയുടെ ഔദ്യോഗിക പങ്ക് തുറന്നുകാട്ടുന്ന തെളിവുകൾ അമേരിക്കൻ അന്വേഷണ ഏജൻസികളുടെ പക്കലുള്ളതായുമാണ് ന്യൂയോർക്ക് കോടതിയിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രവും അതുസംബന്ധിച്ച മാധ്യമവാർത്തകളും വെളിപ്പെടുത്തുന്നത്. കുറ്റകൃത്യത്തിനിടെ കയ്യോടെപിടിക്കപ്പെട്ടയാൾ പരസ്പരാശ്രിതത്വത്തിന്റെ പേരിൽ തലയൂരാൻ നടത്തുന്ന ശ്രമമായിട്ടുവേണം നരേന്ദ്ര മോഡിയുടെ സർക്കാർ തീയണയ്ക്കാൻ നടത്തുന്ന ശ്രമം വിലയിരുത്തപ്പെടാൻ. നിജ്ജർ വധവും പന്നൂൻ വധശ്രമവും ഒറ്റപ്പെട്ട സംഭവങ്ങൾ ആണെന്ന് കരുതാനാവില്ല. ഖാലിസ്ഥാൻ വിഘടനവാദത്തെ ഏതാണ്ട് പൂർണമായും രാജ്യത്തിനുള്ളിൽ അമർച്ചചെയ്യാനായിട്ടുണ്ടെങ്കിലും യുഎസും കാനഡയും യുകെയുമടക്കം പാശ്ചാത്യലോകത്തും പാകിസ്ഥാനും നേപ്പാളുമടക്കം അയൽരാജ്യങ്ങളിലും ലോകത്തിന്റെ ഇതരഭാഗങ്ങളിലും ഖാലിസ്ഥാനെന്ന ആശയം സജീവമായി നിലനിർത്താൻ വിഘടനവാദികൾ ശ്രമിക്കുന്നുണ്ട്. ഇന്ത്യാവിരുദ്ധ ശക്തികളുടെ പിന്തുണ അവർക്ക് ലഭിക്കുന്നുമുണ്ടാകാം. എന്നാൽ അവയെയെല്ലാം ചാരവൃത്തികൊണ്ടും ഉന്മൂലന നടപടികൾകൊണ്ടും മറികടക്കാമെന്ന് കരുതുന്നത് കേവലം വ്യാമോഹം മാത്രമാണ്. ഖാലിസ്ഥാന്‍വാദം അടിസ്ഥാനപരമായി ഒരു രാഷ്ട്രീയ പ്രശ്നമാണ്. വിഘടനവാദത്തെയും ഭീകരവാദത്തെയും ശക്തിയുക്തം എതിർക്കുകയും നിരാകരിക്കുകയും ചെയ്യുന്നതിനൊപ്പം രാഷ്ട്രീയപ്രശ്നത്തെ രാഷ്ട്രീയമായും ആശയപരമായും നേരിടുന്നതിനുപകരം നിഗൂഢ സ്റ്റേറ്റ് ഭീകരതയെ ആശ്രയിക്കുന്നത് ജനാധിപത്യ രാഷ്ട്രത്തിനും സംസ്കാരത്തിനും യോജിച്ചതല്ല.


ഇതുകൂടി വായിക്കൂ: പശുശാസ്ത്രത്തിൽ നിന്ന് വ്യാജശാസ്ത്രത്തിലേക്ക്


ആധുനിക ജനാധിപത്യത്തിന് അനുയോജ്യമായ നയതന്ത്രമാർഗങ്ങൾ രാഷ്ട്രാന്തര ബന്ധങ്ങളിൽ പ്രയോഗിക്കുന്നതിന് പകരം അധികാരം നൽകുന്ന അഹങ്കാരോന്മാദത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന വ്യാമോഹത്തിന്റെ പരിണിതഫലമാണ് നയതന്ത്രരംഗത്ത് ഇന്ത്യ ഇപ്പോൾ നേരിടുന്ന നാണക്കേടുകൾ. അധികാരലഹരിയിൽ സ്വയം ‘വിശ്വഗുരു’ ആണെന്ന് ധരിച്ചുവശാവുകയും അനുയായികളെ സ്തുതിപാഠകരാക്കി മാറ്റുകയും ചെയ്ത സ്വേച്ഛാധികാരം നയതന്ത്രരംഗത്ത് എല്ലാ മര്യാദകളെയും കീഴ്‌വഴക്കങ്ങളെയും ലംഘിക്കുന്നതിന് രാജ്യം വലിയ വില നൽകേണ്ടിവരും. ആഗോളരംഗത്തെ അംഗീകാരത്തെപ്പറ്റിയും വിശ്വഗുരുപദവിയെപ്പറ്റിയും തുടർന്നുവരുന്ന വാചകക്കസർത്തുകൾക്കപ്പുറം രാജ്യത്തിന്റെയും ജനതയുടെയും ഉത്തമതാല്പര്യ സംരക്ഷണത്തിൽ ഇന്ത്യ എവിടെ എത്തിനിൽക്കുന്നുവെന്ന് ആത്മപരിശോധനയ്ക്ക് സമയമായിരിക്കുന്നു. ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവികരുടെ വിമോചനത്തെപ്പറ്റി അവിടത്തെ എമിറുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കാൻപോലും കഴിയാത്തതാണ് ഇന്ത്യൻ നയതന്ത്ര വിജയത്തെപ്പറ്റിയുള്ള എല്ലാ വാചകക്കസർത്തുകളുടെയും പൊള്ളത്തരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.