30 June 2024, Sunday
KSFE Galaxy Chits

ജനാധിപത്യം ഊർജസ്വലമാകുന്ന പുതിയ കാലാവസ്ഥ

ഡോ. ഗ്യാൻ പഥക് 
June 28, 2024 4:30 am

രു ദശാബ്ദത്തിന് ശേഷം 18-ാം ലോക്‌സഭ ഒരു പുതിയ യുഗത്തിന് തുടക്കംകുറിച്ചിരിക്കുന്നു. ജനങ്ങളുടെ സഭയിൽ ഒരു പ്രതിപക്ഷ നേതാവ് ഉണ്ടെന്നത് മൂന്നാം മോഡി മന്ത്രിസഭയുടെ തീരുമാനങ്ങളും പ്രവർത്തനങ്ങളും ഏകപക്ഷീയമാകില്ല എന്ന വ്യക്തമായ സൂചന നൽകുന്നുണ്ട്. സഭയുടെ ആദ്യദിവസങ്ങളില്‍ തന്നെ അത് വ്യക്തമാകുകയും ചെയ്തു.
‘മോണിങ് ഷോ ദി ഡേ’ എന്നതൊരു പഴഞ്ചൊല്ലാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും മറ്റ് ഇന്ത്യ സഖ്യം നേതാക്കളും കഴിഞ്ഞദിവസം പറഞ്ഞ കാര്യങ്ങള്‍, ലോക്‌സഭാ നടപടികൾ ഇനി ഏകപക്ഷീയമാകില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ്. പ്രതിപക്ഷത്തിന് ലോക്‌സഭയില്‍ നേതൃസ്ഥാനം പോലും നിഷേധിച്ചുകൊണ്ട് മൃഗീയഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ അധികാരം കയ്യാളുകയായിരുന്നു 2014 മുതൽ ബിജെപി സഖ്യം.
2019ൽ ഓം ബിർള സഭയുടെ സ്പീക്കറായി. അദ്ദേഹത്തിന്റെ ആദ്യ ടേം അടയാളപ്പെട്ടത് സഭാ നടപടികളുടെ തടസങ്ങളും 2023ലെ അവസാന സമ്മേളനത്തോടെ മിക്കവാറും മുഴുവൻ പ്രതിപക്ഷത്തെയും പുറത്താക്കുകയും ചെയ്തു­കൊണ്ടാണ്. രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കാവുന്ന നിരവധി നിയമങ്ങൾ ചർച്ചയില്ലാതെ പാസാക്കി. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെയും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിന്റെയും നിലവിലെ ശക്തിയനുസരിച്ച് ലോക്‌സഭയിലെ ഇത്തരം ദൗർഭാഗ്യകരമായ പ്രവർത്തനങ്ങള്‍ ഇനി സാധ്യമാകാനിടയില്ല.

സ്പീക്കർക്കുള്ള സ്വാഗത പ്രസംഗത്തിൽ രാഹുല്‍ പറഞ്ഞു, “താങ്കളുടെ ജോലി ചെയ്യുന്നതിൽ പ്രതിപക്ഷം താങ്കളെ സഹായിക്കാൻ ആഗ്രഹിക്കുന്നു. സഭ സുഗമമായി പ്രവർത്തിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. സഹകരണം വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കുക എന്നത് വളരെ പ്രധാനമാണ്. ഈ സഭയിൽ പ്രതിപക്ഷത്തിലൂടെ ജനങ്ങളുടെ ശബ്ദത്തെ പ്രതിനിധീകരിക്കാൻ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കി സഭ കാര്യക്ഷമമായി നടത്താം എന്ന ചിന്ത ജനാധിപത്യവിരുദ്ധമാണ്. പ്രതിപക്ഷം ഭരണഘടനയെ സംരക്ഷിക്കുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചു. പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കുന്നതിലൂടെ, ഭരണഘടനയെ സംരക്ഷിക്കാനുള്ള കടമ താങ്കൾ നിർവഹിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”
രാഹുൽ ഗാന്ധി തന്റെ ഉത്തരവാദിത്തങ്ങളിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ശ്രദ്ധാലുവാണെന്ന് തോന്നുന്നുണ്ട്. സിബിഐ മേധാവി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ, ദേശീയ മനുഷ്യാവകാശ കമ്മിഷൻ, കേന്ദ്ര വിജിലൻസ് കമ്മിഷണർ, ലോകായുക്ത തുടങ്ങി നിരവധി നിയമന സമിതികളുടെ ഭാഗമാകാന്‍ പ്രതിപക്ഷ നേതാവിന് കഴിയും. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായി ഭരണഘടനാപരമായ നിരവധി ചുമതലകൾ അദ്ദേഹത്തിനുണ്ടാകും. സിഎജി റിപ്പോർട്ടുകൾ പരിശോധിക്കുന്നതിന്റെ മുഖ്യ ചുമതലയുള്ള സുപ്രധാന പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ചെയർമാനായും മോഡി സർക്കാരിൽ നിന്ന് അന്വേഷണങ്ങൾ ആവശ്യപ്പെടാനുള്ള അവകാശം അദ്ദേഹത്തിനുണ്ടാകും. പ്രധാനമന്ത്രിയും ഇന്ത്യയുടെ ചീഫ് ജസ്റ്റിസും അടങ്ങുന്ന മറ്റ് നിരവധി കമ്മിറ്റികളിലും അദ്ദേഹം അംഗമായിരിക്കും.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ തന്റെ കഴിവുകള്‍ പ്രകടിപ്പിച്ചത് ലോക്‌സഭയിലെ വലിയ മാറ്റത്തിന് ഒരു കാരണമാണ്. പ്രതിപക്ഷ നേതാക്കൾക്കിടയിൽ ഏറ്റവും നിർഭയമായ ശബ്ദങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിന്റേത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ സ്വാധീനം കൂടുതൽ ആഴത്തിലുള്ളതായിരിക്കുമെന്ന് എഐസിസി അവകാശപ്പെടുന്നു. സർക്കാരിന്റെ തെറ്റായ നയങ്ങളെ വിമർശിക്കുകയും ബദൽ നയങ്ങൾ നിര്‍ദേശിക്കുകയും ചെയ്യുക എന്നതാണ് പ്രതിപക്ഷ നേതാവിന്റെ പ്രധാന ഉത്തരവാദിത്തങ്ങളിലൊന്ന്. കൂടാതെ, ഒഴിവാക്കലും കൂട്ടിച്ചേര്‍ക്കലും തീരുമാനങ്ങളും പ്രവർത്തനങ്ങളും ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കാനും അദ്ദേഹത്തിന് അവകാശമുണ്ട്.

സ്പീക്കറായി ഓം ബിർളയെ സ്വാഗതം ചെയ്തുകൊണ്ട് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നടത്തിയ പ്രസ്താവവും ശ്രദ്ധേയമാണ്. “പ്രതിപക്ഷത്തിന്റെ ശബ്ദം തകർക്കപ്പെടില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, കൂടുതൽ പുറത്താക്കലുകൾ ഉണ്ടാകില്ലെന്നും. താങ്കള്‍ വിവേചനരഹിതമായി മുന്നോട്ട് പോകുമെന്നും സ്പീക്കർ എന്ന നിലയിൽ എല്ലാ പാർട്ടികൾക്കും തുല്യ അവസരവും ബഹുമാനവും നൽകുമെന്നും കരുതുന്നു. ഈ മഹത്തായ തസ്തികയുടെ വലിയ ഉത്തരവാദിത്തമാണ് നിഷ്പക്ഷത. താങ്കള്‍ ഇവിടെ ഇരിക്കുന്നത് ജനാധിപത്യ കോടതിയുടെ ചീഫ് ജസ്റ്റിസായാണ്.”
ഇന്ത്യ സഖ്യത്തിന് 234 സീറ്റുകളും ബിജെപിയുടെ 240 ഉള്‍പ്പെടെ എൻഡിഎയ്ക്ക് 293 സീറ്റുകളുമുള്ള 18-ാം ലോക്‌സഭയിൽ ഓം ബിർളയ്ക്ക് കൂടുതൽ വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നാണ് പ്രതിപക്ഷ നേതാക്കളുടെ സഭയിലെ പ്രസംഗങ്ങള്‍ സൂചിപ്പിക്കുന്നത്. 17-ാം ലോക്‌സഭയിൽ പാസാക്കിയ നിരവധി നിയമങ്ങൾ മൂന്നാം മോഡി ഭരണത്തിൽ നടപ്പാക്കാനിരിക്കുന്നതും പ്രതിപക്ഷം എതിർക്കുന്നവയുമാണ്. സഭയിലെ അർത്ഥവത്തായ ഏത് നടപടിക്രമങ്ങൾക്കും സുഗമമായ പ്രവർത്തനത്തിനും ഭരണ‑പ്രതിപക്ഷ അംഗങ്ങളെ ഒരുമിച്ച് കൊണ്ടുപോകാനുള്ള വലിയ ഉത്തരവാദിത്തം ഓം ബിർളയ്ക്കാണ്. പ്രധാനമന്ത്രി മോഡിയെയും അദ്ദേഹത്തിന്റെ സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്താൻ പ്രതിപക്ഷം ശ്രമിക്കുമ്പോൾ അദ്ദേഹത്തിന് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും.
വലിയ ഉത്തരവാദിത്തമുള്ള പദവിയിലാണെങ്കിലും, സഭയുടെ ആദ്യദിവസത്തെ നടപടികളിൽത്തന്നെ ഓം ബിര്‍ള ‘1975 ലെ അടിയന്തരാവസ്ഥ’യെക്കുറിച്ച് പരാമര്‍ശിച്ചത് തീർച്ചയായും അശുഭലക്ഷണമാണ്. അത് തീര്‍ച്ചയായും പ്രതിപക്ഷത്തെ അലോസരപ്പെടുത്തി. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്തോഷിപ്പിച്ചു. ഓം ബിർള അടിയന്തരാവസ്ഥയെ ‘ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായം’ എന്നാണ് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി മോഡിയുടെ ഭരണം ഇന്ത്യൻ ഭരണഘടനയെ ചവിട്ടിമെതിക്കുകയാണെന്നും രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ ഏർപ്പെടുത്തിയെന്നും കോൺഗ്രസ് തിരിച്ചടിച്ചു.
ഓം ബിർളയ്ക്ക് തന്റെ മാര്‍ഗം മാറ്റേണ്ടി വരുമെന്നുറപ്പാണ്. അംഗങ്ങളുടെ വിശ്വാസം നേടുകയെന്നത് നിർണായകമായതിനാൽ സഭയില്‍ ഭരണ‑പ്രതിപക്ഷ അംഗങ്ങളോട് നിഷ്പക്ഷത കാണിക്കേണ്ടിവരും. അംഗങ്ങൾക്കിടയിൽ അച്ചടക്കവും മര്യാദയും പാലിക്കുന്നതിനും സഭാ യോഗങ്ങളില്‍ ആര് എത്ര സമയം സംസാരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ സ്പീക്കര്‍ എന്നനിലയില്‍ ഓം ബിർള ശ്രദ്ധാപൂർവം ചുവടുവയ്ക്കേണ്ടിവരും. പ്രതിപക്ഷത്തോട് തന്റെ ആദ്യ ടേമിലേതിന് സമാനമായ രീതിയിൽ ഇത്തവണ പ്രവർത്തിക്കാൻ കഴിയില്ല. ബില്ലുകള്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ അത് മണി ബില്ലാണോ അല്ലയോ, കൂറുമാറ്റത്തിന് സാധ്യതയുള്ള 10-ാം ഷെഡ്യൂൾ പ്രകാരമുള്ള അയോഗ്യത എന്നിവയൊക്കെ തീരുമാനിക്കുമ്പോൾ വെല്ലുവിളി നേരിടേണ്ടിവരും. രാജ്യസഭയിലെ തടസം ഒഴിവാക്കാനായി, ‘മണി ബിൽ’ എന്ന പേരിലാണ് അദ്ദേഹത്തിന്റെ ആദ്യ ടേമിൽ ചില ബില്ലുകൾ ലോക്‌സഭയിൽ പാസാക്കിയത്. ഇത്തവണ അത്തരം കാര്യങ്ങൾ അനുവദിക്കാന്‍ പ്രതിപക്ഷം തയ്യാറാകില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്, തന്റെ ആദ്യ രണ്ട് ടേമുകളിൽ നിന്ന് വ്യത്യസ്തമായി, ശക്തമായ പ്രതിപക്ഷത്തില്‍ നിന്ന് വിവിധ വിഷയങ്ങളിൽ കഠിനമായ വിമര്‍ശനവും സമ്മര്‍ദവും നേരിടേണ്ടിവരും, പ്രത്യേകിച്ച് ഒരു കൂട്ടുകക്ഷി സർക്കാരിനെ നയിക്കുമ്പോള്‍. സഖ്യകക്ഷികളെ കൈകാര്യം ചെയ്യുകയെന്നത് അദ്ദേഹത്തിന് ബുദ്ധിമുട്ടാവുകയും ചെയ്യും. ജെഡിയുവിനെയും ടിഡിപിയെയും അവരുടെ പിന്തുണാ കേന്ദ്രങ്ങൾ ബിജെപിയുടെ രാഷ്ട്രീയ നിലപാടിനൊപ്പം പോകാൻ അനുവദിക്കില്ല. മോഡി തന്റെ വര്‍ഗീയ രാഷ്ട്രീയ ചായ്‌വ് സാമൂഹിക സൗഹാർദത്തിലേക്ക് മാറ്റേണ്ടതുണ്ട്. കൂടുതൽ ജനോപകാരപ്രദമായ നടപടികൾ ഉൾക്കൊള്ളുന്നതിനായി കോർപറേറ്റ് അനുകൂല സാമ്പത്തിക നയങ്ങളിലും മാറ്റം വരുത്തേണ്ടിവരും. രാജ്യം അഭിമുഖീകരിക്കുന്ന ഭൂരിഭാഗം പ്രശ്നങ്ങളിലും അദ്ദേഹത്തിന്റെ ഉത്തരവാദിത്തം പ്രതിപക്ഷം സഭയിൽ ശക്തമായി ഉന്നയിക്കുമെന്നുറപ്പാണ്. 18-ാം ലോക്‌സഭ, ഒരു ദശാബ്ദത്തിനു ശേഷം ശക്തവും ആവേശകരവുമായ നിയമനിർമ്മാണ പ്രവർത്തനങ്ങളുടെ ഒരു പുതിയ യുഗം കൊണ്ടുവന്നേക്കാം.
(ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.