വിഭജന ഭീകരതയുടെ അനുസ്മരണ ദിനാചരണം എന്നൊരു വിചിത്രവും ഭീകരവുമായ ബാനറിനുപിന്നിൽ സംഘ്പരിവാറിന്റെ ഇച്ഛയിൽ എൻസിആർടി വികസിപ്പിച്ചെടുത്ത ഇന്ത്യാ വിഭജനത്തെക്കുറിച്ചുള്ള പുതിയ അളവുകോലിനെ ഇന്ത്യൻ ചരിത്ര കോൺഗ്രസ് (ഐഎച്ച്സി) കടുത്തഭാഷയിൽ തുറന്നുകാട്ടുന്നു. വർഗീയത വിളമ്പാൻ മാത്രം ലക്കാക്കി നിർമ്മിച്ച അബദ്ധങ്ങൾ ഒട്ടേറെ അത്തരം അളവുകോലുകളില്‍ അടങ്ങിയിട്ടുണ്ടെന്ന് ഐഎച്ച്സി ആരോപിച്ചു. വിഭജനത്തിന് ഉത്തരവാദികൾ കോൺഗ്രസും മുസ്ലിം ലീഗും എന്നാണ് ആരോപണം. സംഘ്പരിവാർ ഗൂഢോദ്ദേശ്യം എക്കാലവും വിഭജനത്തിനു വേണ്ടിയുള്ളതായിരുന്നു. രാജ്യം ഭരിച്ച കൊളോണിയലിസ്റ്റുകളെ കുറ്റവിമുക്തരാക്കി അവർ ഒപ്പം നിൽക്കുകയായിരുന്നു. സ്വാതന്ത്ര്യ പോരാളികളെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു. ഇപ്പോൾ ബ്രിട്ടീഷ് യജമാനന്മാർക്കെതിരായ ആരോപണങ്ങൾ യുക്തിസഹമാക്കാൻ പ്രമാണങ്ങൾ ചമയ്ക്കുന്നു. അത് മാത്രമല്ല. വിഭജനകാലത്ത് ഹിന്ദുക്കളും സിഖുകാരും അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ ന്യൂനപക്ഷ സമുദായങ്ങളിൽ വലിയൊരു വിഭാഗം പുലർത്തിയ മാന്യതയുടെയും മാനവികതയുടെയും സംഭാവനകളെക്കുറിച്ച് പരാമർശിക്കാൻ ഒരു വാക്കെങ്കിലും പറയാനും അറയ്ക്കുന്നു. ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ മൊഡ്യൂളുകളുടെ ഉള്ളടക്കത്തിലും അധികവായനയുടെ സാധ്യതകളിലും വിഭജനത്തിന് ഉത്തരവാദികളായവരെ വിഭജനത്തിന്റെ കുറ്റവാളികൾ എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരാൾ വിഭജനത്തിനായി നിലകൊണ്ടു. പിന്നീട് കോൺഗ്രസ് പാർട്ടി അത് അംഗീകരിച്ചു. വൈസ്രോയി മൗണ്ട് ബാറ്റൺ ഔപചാരികമായി നടപ്പിലാക്കി. അവസാനം വരെ ബ്രിട്ടീഷുകാർ ഇന്ത്യയെ ഒന്നായി നിലനിർത്താൻ പരമാവധി ശ്രമിച്ചു. ഇങ്ങനെ പോകുന്നു എൻസിഇആർടി കണ്ടെത്തൽ.
ചരിത്രത്തെ പൂർണമായും തലകീഴായി മാറ്റി, മുസ്ലിം ലീഗിനെ മാത്രമല്ല, ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും രാജ്യവിഭജനത്തിന് ഉത്തരവാദികളാക്കി മാറ്റുകയാണ് എൻസിഇആർടി ഈ പുസ്തകങ്ങളിലൂടെ. 1937ൽ ഹിന്ദു മഹാസഭയെ അഭിസംബോധന ചെയ്തുകൊണ്ട് ഹിന്ദുത്വ വർഗീയതയുടെ മൂർത്തി വി ഡി സവർക്കർ മുന്നോട്ടുവച്ച ദ്വിരാഷ്ട്ര സിദ്ധാന്തത്തെക്കുറിച്ച് എൻസിഇആർടി പരാമർശിക്കുന്നതേയില്ല. ‘ഇന്ത്യ ഒരു ഏകീകൃത രാഷ്ട്രമാണെന്ന് കരുതാനാവില്ല. പ്രധാനമായും രണ്ട് രാഷ്ട്രങ്ങളുണ്ട് എന്ന് കരുതണം. ഹിന്ദുക്കളും മുസ്ലിങ്ങളും’, — സവർക്കർ വ്യക്തമാക്കുന്നുണ്ട്. വിഭജനത്തിന് ഉത്തരവാദികളായവരുടെ പട്ടികയിൽ ഹിന്ദു വർഗീയവാദികളെ ഉൾപ്പെടുത്തിയിട്ടില്ല എന്നത് വിചിത്രമെന്ന് ഐഎച്ച്സി ചൂണ്ടിക്കാട്ടുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ പോരാളികൾ പൂർണമായും മതപരവും സാമുദായികവുമായ വിഭജനത്തിനെതിരെ നിരന്തരം പോരാടുകയായിരുന്നു. മഹാത്മാഗാന്ധി അതിനായി സ്വജീവൻ വെടിയുകയായിരുന്നു. പക്ഷെ ഇപ്പോൾ വിഭജനത്തിന്റെ പ്രധാന ‘കുറ്റവാളികളിൽ’ എണ്ണപ്പെട്ടവരോ ദേശീയ നേതാക്കളും.
വിഭജനത്തിനുശേഷം, ഇന്ത്യയിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു “പുതിയ പ്രശ്നമായി” കശ്മീർ ഉയർന്നുവന്നതായും രാജ്യത്തിന്റെ വിദേശനയത്തിന് ഒരു വെല്ലുവിളി സൃഷ്ടിച്ചതായും പാഠപുസ്തകങ്ങളിൽ പറയുന്നു. ചില രാജ്യങ്ങൾ പാകിസ്ഥാന് സഹായം നൽകുന്നത് തുടരുകയും കശ്മീർ പ്രശ്നത്തിന്റെ പേരിൽ ഇന്ത്യക്കുമേൽ സമ്മർദം ചെലുത്തുകയും ചെയ്യുന്നതായും വിവരിക്കുന്നു. “വ്യക്തമായ വർഗീയ ഉദ്ദേശ്യത്തോടെയുള്ള നുണകൾ” പ്രചരിപ്പിച്ചതായി ആരോപിച്ച് എൻസിഇആർടിയുടെ വിഭജന ചരിത്രസൃഷ്ടിയെ ഐഎച്ച്സി പരിഹസിക്കുന്നുണ്ട്. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യങ്ങളെയും ചരിത്രത്തെയും കുറിച്ചുള്ള ബോധ്യങ്ങളിലും മതേതരവും ശാസ്ത്രീയവുമായ ധാരണകളിലും സംഘരാഷ്ട്രീയം ബോധവാന്മാരാകില്ല. വികലവും ധ്രുവീകരിക്കപ്പെട്ടതുമായ ചരിത്രം അംഗീകരിക്കാനാവില്ല. ഇതോടൊപ്പം വിഭജനത്തിന്റെ സാഹചര്യം ഒരുക്കുന്നതിൽ വി ഡി സവർക്കറും ഹിന്ദു മഹാസഭയും ആർഎസ്എസും വഹിച്ച പങ്ക് ശ്രദ്ധിക്കാതെ പോകുകയും അരുത്. മത്സരാധിഷ്ഠിത വർഗീയ രാഷ്ട്രീയത്തിന്റെ വളർച്ചയ്ക്ക് സവർക്കർ സൈദ്ധാന്തിക ചട്ടക്കൂട് നിർമ്മിച്ചു.
1923ൽ, ജയിൽ മോചിതനാകുന്നതിന് ഏകദേശം ഒരു വർഷം മുമ്പ്, അദ്ദേഹം എസെൻഷ്യൽസ് ഓഫ് ഹിന്ദുത്വ എന്ന ഒരു ചെറിയ പുസ്തകം എഴുതി, അതിൽ മുസ്ലിങ്ങളോ ക്രിസ്ത്യാനികളോ അല്ല, സംഘ്പരിവാർ ചിന്താഗതിക്കാർ മാത്രമാണ് ഇന്ത്യയെ പവിത്രമായി കണക്കാക്കിയതെന്ന് അവകാശപ്പെട്ടു. ഹിന്ദുക്കളെ ഒരു ദേശീയതയായി സംഘടിപ്പിക്കാൻ ലക്ഷ്യമിട്ട് രാഷ്ട്രീയമായി ബോധമുള്ള ഹിന്ദുമതം എന്നാണ് ഹിന്ദുത്വത്തെ നിർവചിച്ചത്. ഇന്ത്യയിലെ മുസ്ലിങ്ങളും മറ്റ് മതന്യൂനപക്ഷങ്ങളും സവർക്കറുടെ രാഷ്ട്രദർശനത്തിന്റെ ഭാഗമല്ലായിരുന്നു. 11-ാം നൂറ്റാണ്ടിൽ മഹ്മൂദ് ഗസ്നി ഇന്ത്യയെ ആക്രമിക്കാൻ സിന്ധു നദി കടന്നതിനുശേഷം ‘ജീവിതത്തിന്റെയും മരണത്തിന്റെയും പോരാട്ടം’ ഉണ്ടായി എന്നായിരുന്നു സവർക്കർ ഭാഷ്യം. മുസ്ലിങ്ങൾക്കെതിരെ പോരാടാനുള്ള ആഹ്വാനം സവർക്കർ ആവർത്തിച്ചു. മുസ്ലിങ്ങളുമായോ അവരുടെ താല്പര്യങ്ങളുമായോ ഹിന്ദുക്കൾ കൂടുതൽ പൊരുത്തപ്പെടുന്നില്ലെന്ന് ബോധ്യപ്പെടുത്താൻ പരിശ്രമിച്ചുകൊണ്ടേയിരുന്നു. ഹിന്ദു ജനതയിലെ ബ്രിട്ടീഷ് വിരുദ്ധ വികാരത്തെ മുസ്ലിം വിരുദ്ധ പ്രവർത്തനത്തിലേക്ക് തിരിച്ചുവിടാനായിരുന്നു സവർക്കർ എക്കാലവും നിലകൊണ്ടത്. സാമ്രാജ്യത്വ ഭരണകൂടത്തിന്റെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രപരമായ നയവുമായി യോജിച്ച സമീപനം തന്നെയായിരുന്നു ഇത്. 1937 ഡിസംബറിൽ, ഹിന്ദു മഹാസഭയുടെ അധ്യക്ഷനായപ്പോൾ പറഞ്ഞ ദ്വിരാഷ്ട്ര സിദ്ധാന്തം മൂന്ന് വർഷങ്ങൾക്കു ശേഷം 1940ൽ ഇന്ത്യ വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രമേയം പാസാക്കുമ്പോൾ, രാജ്യത്തെ വഷളായിക്കൊണ്ടിരിക്കുന്ന സാമുദായിക അന്തരീക്ഷത്തിന് ആക്കം കൂട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.