1 March 2024, Friday

ജീവിതം കൊത്തിയ നോവല്‍

എം നിഷ
February 26, 2023 6:15 am

വിശ്വ സാഹിത്യകാരൻ ഫയദോർ ദസ്തയവ്സ്കിയുടെ ജീവിതം പ്രമേയമാക്കി ഇറങ്ങിയ പുതിയ നോവലാണ് പി സുനില്‍കുമാറിന്റെ ‘പ്രിയപ്പെട്ട ഫയദോർ.
ഇരുപത്തഞ്ച് അധ്യായങ്ങളിലായി വികസിക്കുന്ന നോവൽ നല്ല വായനാനുഭവമാണ് നൽകുന്നത്. വിശ്വ സാഹിത്യകാരന്റെ ജീവിതം ഒരു പുതിയ രൂപത്തിൽ അവതരിപ്പിക്കുക വഴി കഥ പറച്ചിലിൽ നവീനത്വം കൊണ്ടുവരാൻ എഴുത്തുകാരൻ ശ്രമിക്കുന്നത് കാണാം. ദസ്തയവ്സ്കിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഇറങ്ങിയിട്ടുള്ള കൃതികളുടെ നിഴൽ ഒട്ടുമേ വീഴാതിരിക്കാൻ നോവലിസ്റ്റ് പ്രത്യേക സൂക്ഷ്മത പുലർത്തിയിട്ടുണ്ട്. എഴുത്തിന്റെ നോവുന്ന ഘട്ടങ്ങളിൽ നോവലിസ്റ്റ് തന്നെ കഥാപാത്രമായി മാറുന്ന രംഗങ്ങൾക്ക് വല്ലാത്ത നാടകീയത കാണാൻ കഴിയും. നാം കണ്ടിട്ടില്ലാത്ത അപരിചിത ദേശങ്ങളെ നമ്മുടെ മുന്നിൽ പരിചിത ദേശങ്ങളെപ്പോലെ ദൃശ്യമാക്കി കാണിക്കുവാൻ നോവലിസ്റ്റിന് കഴിയുന്നുണ്ട്.
വിശ്വ സാഹിത്യകാരന്റെ ജീവിതം പകർത്തുന്നത് ലളിതവും സുന്ദരവുമായ ഭാഷയിലാണ്. വായനക്കു ശേഷവും ഫയദോറും അന്നയും നമ്മുടെ മനസിൽ നിറഞ്ഞു നിൽക്കുന്നത് നോവലിന്റെ മികവിനെ കുറിക്കുന്നു. ഫയദോറിന്റെ ബാല്യം മുതൽ മരിക്കുന്നതുവരെയുള്ള കാലത്തെ മിക്കവാറും സംഭവങ്ങൾ നോവലിലൂടെ നമുക്ക് കാണാൻ കഴിയും. ഫയദോറിന്റെ മിക്ക കൃതികളെയും അവ എഴുതിയ കാലത്തെയും അന്ന് ഫയദോർ നേരിട്ട വിധി വിപര്യയങ്ങളെയും മനോഹരമായി നോവലിൽ വിവരിക്കുന്നുണ്ട്. 

ഫയദോറിലെ എഴുത്തുകാരനും ചൂതാട്ടക്കാരനും പിതാവും കാമുകനുമൊക്കെ ഭംഗിയായി താളുകളിലൂടെ ഇതൾ വിരിയുന്നു. ഫയദോറിന്റെ ജീവിതവും വിശുദ്ധ ബൈബിളുമായുള്ള അഭേദ്യ ബന്ധവും നോവൽ വായനയിലൂടെ നാം തിരിച്ചറിയുന്നു. ഫയദോർ ദസ്തയവ്സ്കിയുടെ ജീവിതദർശനങ്ങളുടെ സമഗ്രത മുഴുവൻ നോവലിൽ വന്നിട്ടില്ലെങ്കിലും ഇന്നും മനുഷ്യൻ തേടുന്ന പല സത്യങ്ങളെയും ഒന്നര നൂറ്റാണ്ട് മുൻപ് തേടി നടന്ന ഒരു കലാകാരന്റെ ജീവിത ക്ലേശങ്ങളും തന്റെ കലയ്ക്ക് വേണ്ടി അയാൾ ജീവിതത്തെ തേടിപ്പിടിക്കുന്നതും മലയാളിക്ക് പുതിയ വായനാനുഭവമാണ്. ജയിലിൽ കഠിന തടവിൽ കൊടും കുറ്റവാളികളുടെ കൂടെ ചങ്ങലകളിൽ ബന്ധിതനായി കിടന്നപ്പോഴും തന്റെ കലയ്ക്ക് വേണ്ടി, നഷ്ടപ്പെട്ടുപോകുമെന്നു തോന്നിയ ജീവിതത്തെ തിരികെ പിടിച്ച ദസ്തയവ്സ്കിയുടെ ജീവിതം കലയ്ക്ക് വേണ്ടി തന്നെയായിരുന്നു എന്ന് നോവൽ കൃത്യമായി പറയുന്നു. അവതാരികയിൽ വേണു വി ദേശം എഴുതിയതുപോലെ നോവലിന് മൊത്തത്തിൽ ഒരു ദാർശനിക ഭാവം ഉണ്ട്. അത് പകരുന്ന ചാരുത ഈ നോവലിന്റെ പ്രകാശമായി നിലനിൽക്കും. ദസ്തയവ്സ്കിയെ തിരയുന്നവർക്ക് പുതുതായി എന്തെങ്കിലുമൊക്കെ ഈ പുസ്തകം വായിക്കുന്നതിലൂടെ കിട്ടുമെന്നതിൽ സംശയമില്ല.
ദസ്തയവ്സ്ക്കിയെ വീണ്ടും വായിക്കാനും ഇനിയും മനസ്സിലാക്കാൻ കഴിയാത്ത അദ്ദേഹത്തിന്റെ രചനകളിലെ അന്തരാർധങ്ങളെ കണ്ടെത്താനും പുതിയ കാഴ്ചപ്പാടിൽ വായിക്കാനും ഈ നോവലിന്റെ വായന വല്ലാതെ പ്രേരണ നൽകുന്നു. മരിച്ചു പോയി 142 വർഷങ്ങൾക്ക് ശേഷവും ദസ്തയവ്സ്കി ഇന്നും കാല്പനിക യൗവനത്തോടെ നമുക്കൊപ്പം ചേർന്നു നിൽക്കുന്നു എന്ന് നോവൽ വായിച്ചു കഴിയുമ്പോൾ വായനക്കാരൻ പറയും. 

പ്രിയപ്പെട്ട ഫയദോർ
(നോവല്‍)
പി സുനില്‍കുമാര്‍
സൈൻ ബുക്സ്
വില: 230 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.