27 April 2024, Saturday

കവിതകളിലെ അപൂർവത

എം സുരേഷ് ബാബു
August 6, 2023 7:00 am

രു കവിരചിച്ച ആറ് കവിതാ സമാഹാരങ്ങൾ ഒരു വേദിയിൽ വച്ച് ഒരുമിച്ച് പ്രകാശിപ്പിക്കുക എന്നത് അപൂർവമായ ഒരു സംഭവമാണ്. ഡോ. ചേരാവള്ളി ശശി തന്റെ ആറ് കാവ്യകൃതികൾ ഒരുവേദിയില്‍ പ്രകാശനം ചെയ്തു. കെപിഎസി സെക്രട്ടറി അഡ്വ. ഷാജഹാന് നൽകിക്കൊണ്ട് മന്ത്രി പി പ്രസാദാണ് ആറു കവിതാ സമാഹാരവും പ്രകാശനം ചെയ്തത്. ഒരു നക്ഷത്രത്തിൻെറ ഓർമ്മയിൽ, നിഴൽവരച്ച ചിത്രങ്ങൾ, നാടിന്റെ തോറ്റം, സ്വരരാഗലഹരി, ഈ കൊച്ചുനിമിഷം, ചന്ദനവെയിൽ എന്നിവയാണ് ആ ആറ് കൃതികൾ. കഴിഞ്ഞ അരനൂറ്റാണ്ടായി അദ്ദേഹം നമ്മുടെ സാഹിത്യത്തിന്റെ വിവിധ ശാഖകളിലായി 45ൽപരം കൃതികൾ ഡോ. ചാരാവള്ളി ശശി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ 11 കാവ്യഗ്രന്ഥങ്ങളും, 17 ബാലസാഹിത്യ കൃതികളും, ഒരു പ്രാദേശിക ചരിത്രവും. രണ്ട് നോവലുകളും, ഏഴ് നിരൂപണ ഗ്രന്ഥങ്ങളും, ഏഴ് ജീവചരിത്രങ്ങളും ഉൾപ്പെടും.

രചനകളിൽ വ്യത്യസ്തത പുലർത്താൻ കഴിയുന്ന ഡോ. ചേരാവള്ളി ശശിയുടെ പ്രകാശിപ്പിച്ച ആറ് കാവ്യകൃതികളും വിഷയത്തിൽ ഭിന്ന സ്വഭാവികളാണെന്നത് കൗതുക കരമത്രേ! ‘ഒരു നക്ഷത്രത്തിന്റെ ഓർമ്മയിൽ’ എന്ന പുസ്തകത്തിന് നിരൂപകൻ കെ പി ശങ്കരനാണ് അവതാരിക എഴുതിയത്. നിപ്പാ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിച്ച് സ്വയം രോഗിയായി മരണത്തിന് കീഴടങ്ങിയ ലിനി എന്ന നക്ഷത്രത്തെപ്പറ്റിയാണ് ശീർഷക കവിത. പ്രകൃതിയെ വെട്ടിപ്പിടിക്കുന്നതിൽ കാണിക്കുന്ന മനുഷ്യന്റെ ദുരയും അത്യാർത്തിയും (രാവണായനം) മതവൈരം സൃഷ്ടിക്കുന്ന ഭീകരത വരുത്തിവെക്കുന്ന ദുരന്തങ്ങൾ (മതഭ്രാന്ത്) കിണർ ഇറച്ച് ശുദ്ധീകരിക്കുംപോലെ നാട് ശുദ്ധീകരിക്കേണ്ടുന്നതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ‘അമ്മക്കിണർ’ എന്നിവ ഇതിലെ ശ്രദ്ധേയ കവിതകളാണ്.
‘നിഴൽ വരച്ച ചിത്രങ്ങ’ളുടെ അവതാരിക കെ ജയകുമാറിന്റേതാണ്.
എട്ടുവരി കവിതകൾ (അഷ്ടകം) എന്നുള്ളതാണ് ഈ സമാഹാരത്തിന്റെ പ്രത്യേകത.
ആക്ഷേപഹാസ്യ രചനകളാണ് ഇതിലുള്ളത്. നാട്ടിൽ നടക്കുന്ന വിലക്ഷണതകൾ, ജീർണതകൾ, മൂല്യച്യുതികൾ എന്നിവക്കെതിരെയുള്ള പ്രതികരണമാണ് ഇതിലെ കവിതകളിലുള്ളത്.
‘സ്വരരാഗലഹരി’ എന്ന സമാഹാരത്തിന് അവതാരിക എഴുതിയത് പിന്നണി ഗായിക പി സുശീലാദേവിയാണ്. 412 ഗാനങ്ങളുടെ (ലളിതഗാനങ്ങളും/ സമൂഹാനങ്ങളും) സമാഹാരമാണിത്. ആകാശവാണിയിലും, കലാലയങ്ങളിലും ഓഡിയോ, വീഡിയോ കാസറ്റുകളിലും, പൊതുവേദികളിലും യുവജനോത്സവങ്ങളിലും അവതരിപ്പിച്ച ഗാനങ്ങളാണ് ഇതിലുള്ളത്. കെ എസ് ചിത്രയും, മഞ്ജരിയും, പി. ജയചന്ദ്രനും, സിത്താരയും, മധുബാലകൃഷ്ണനും തൊട്ടുള്ളവർ പാടിയത്. ജി ദേവരാജൻ, രാഘവൻ മാസ്റ്റർ, അർജുനൻ മാസ്റ്റർ തൊട്ട് കെപിഎസി ചന്ദ്രശേഖരൻ വരെ ഈണമിട്ട പാട്ടുകൾ ഇതില്‍ ഉള്‍പ്പെടുന്നു.
55 കഥാകാവ്യങ്ങൾ അടങ്ങിയ സമാഹാരമാണ് ‘ഈ കൊച്ചുനിമിഷം.’ ആദ്യമധ്യാന്തം നിറഞ്ഞ പൂർണ കഥകളല്ല. കഥാസ്പർശികളായ ലഘുകാവ്യങ്ങളാണ്. ഈ കവിതകൾ വായിക്കുമ്പോൾ ഒരു കാലഘട്ടത്തിലെ ചരിത്രം, സാമൂഹികാവസ്ഥ, മനുഷ്യാവസ്ഥ എന്നിവയുടെ ചിത്രം ലഭിക്കും. വ്യത്യസ്തമായ 55 ജീവിത മുഹൂർത്തങ്ങൾ. 1976 ഘട്ടം തൊട്ടുള്ള ജീവിതം ഈ സമാഹാരത്തിലുണ്ട്.
സാമൂഹിക ജീർണതകൾക്കും വൈകല്യങ്ങൾക്കും എതിരെയുള്ള പ്രതിധ്വനികഴാണ് ‘നാടിന്റെ തോറ്റം’ എന്ന ചെറുതും വലുതുമായ കവിതാസമാഹാരത്തിലുള്ളത്. വ്യക്തിസ്മരണകളും എട്ട് അർച്ചനാഗീതങ്ങളുമാണ് രണ്ട് ഭാഗങ്ങളുള്ള ‘ചന്ദനവെയിൽ’ എന്ന സമാഹാരത്തിലുള്ളത്. കേശവൻ പോറ്റി, കെപിഎസി സുലോചന, പുതുപ്പള്ളി രാഘവൻ, മന്നത്ത് പത്മനാഭൻ, പി കെ.കുഞ്ഞ്, കെപിഎസി എം ഗോപി, ഡോ. ശങ്കർ, സി ജി ഗോപിനാഥ് തുടങ്ങി ഒട്ടേറെ വ്യക്തികളെ സ്മരിക്കുന്നു.

സ്വരരാഗലഹരി
(വില: 400 രൂപ)
നാടിന്റെ തോറ്റം
(വില: 100 രൂപ)
ഒരു നക്ഷത്രത്തിന്റെ ഓര്‍മ്മയില്‍
(വില: 130 രൂപ)
ചന്ദനവെയില്‍
(വില: 110 രൂപ)
നിഴല്‍ വരച്ച ചിത്രങ്ങള്‍
(വില: 120 രൂപ)
ഈ കൊച്ചുനിമിഷം
(വില: 150 രൂപ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.