വർധിച്ചുവരുന്ന തൊഴിലില്ലായ്മ നിരക്ക് രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് വെല്ലുവിളി മാത്രമല്ല, അടിസ്ഥാന നയങ്ങള്‍ക്കും വിരുദ്ധമാണ്. ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ രാജ്യങ്ങളിലൊന്നാണ്. അതിനാൽ തന്നെ രാജ്യത്തിന്റെ ആവശ്യങ്ങള്‍ അളവിലും വിഭവങ്ങളിലും വ്യത്യസ്തവുമാണ്. ഉല്പാദനത്തിനും വളർച്ചയ്ക്കും ആവശ്യമായ മനുഷ്യാധ്വാനത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. എന്നാൽ അത് സംഭവിക്കുന്നില്ല. കാരണം രാജ്യം കടന്നു പോകുന്നത് തൊഴിലുകളില്ലാത്ത വളർച്ചയുടെ വര്‍ത്തമാനത്തിലാണ്. വളര്‍ച്ചയുടെ ഗതിമുട്ടിയെന്നു തന്നെയാണ് അര്‍ത്ഥം. കാർഷിക മേഖലയിലെ തൊഴിൽ സാധ്യതകൾ ഉപേക്ഷിച്ച് (42ശതമാനം മുതൽ 70 ശതമാനം വരെ) കാർഷികേതര ജോലികൾക്കായി ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് കുടിയേറ്റം നടന്നിരുന്നു. ഇതൊരു ഭൂതകാല കണക്കാണ്. തൊഴിൽ കണ്ടെത്താൻ തയ്യാറുള്ള 20 ദശലക്ഷത്തിലധികം ആളുകൾ കൃഷിയിലേക്ക് മടങ്ങുന്നതിന്റെ സൂചനയായി കാർഷികാധിഷ്ഠിത തൊഴിലവസരങ്ങളുടെ വർധനവ് 42ൽ നിന്ന് 46 ശതമാനമായി ഉയര്‍ന്നു. സ്വയംതൊഴിൽ ചെയ്യുന്നവരുടെയും, അസംഘടിത, അനൗപചാരിക ഭൂപ്രകൃതിയിൽ ജോലി ചെയ്യുന്നവരുടെയും അനുപാതത്തിൽ വലിയ വർധനവുണ്ട്. ഇതൊന്നും മികച്ചതും സ്ഥിരവും സുരക്ഷിതവുമായ ജോലികളല്ല. സുരക്ഷിതവും സംഘടിതവുമായ മേഖലയിൽ അവസരങ്ങളില്ലാത്തതിനാൽ നിലനില്‍പ്പിനായുള്ള വഴി മാത്രമാണ്.
സ്വയംതൊഴില്‍-കാര്‍ഷിക മേഖലകളിലെ തൊഴിലവസരങ്ങളുടെ വർധനവ് ‘തൊഴിൽ സൃഷ്ടിക്കൽ’ മികവായി കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭരണകൂടം അവകാശപ്പെടുന്നുണ്ട്. തൊഴിൽ ഉല്പാദനക്ഷമത, തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക് (എല്‍എഫ്‌പിആര്‍), സംഘടിത തൊഴിൽ, യഥാർത്ഥ വേതനം, വരുമാനത്തിലെ വര്‍ധനവ്, സമ്പത്ത് സൃഷ്ടിക്കൽ എന്നീ ഘടകങ്ങളെക്കുറിച്ചുള്ള പ്രധാന സൂചകങ്ങൾ ഇത്തരം ‘വസ്തുതകള്‍’ കൗശലപൂർവം സാധൂകരിക്കുന്നതിനാണ് ആർബിഐയും റിപ്പോർട്ടില്‍ പരിശ്രമിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഭരണകൂടം വിവക്ഷിക്കുന്ന തൊഴിൽ വർധനവ് എന്നത് അഭിവൃദ്ധി പ്രാപിക്കലല്ല, നിലനില്‍പ്പിനുള്ള ജോലി കണ്ടെത്താനുള്ള ആളുകളുടെ പരിശ്രമമാണ്. ഇതിന് പിന്നിലുള്ളത് മൂലധനശക്തികള്‍ക്ക് തങ്ങളുടെ വളർച്ച അധികരിക്കുന്നതിന് അനുകൂലമായ തൊഴിൽ ബദൽ ഉല്പാദന രീതി സൃഷ്ടിച്ചെടുക്കുകയാണ്. സംഘടിത മേഖലയിൽ ‘മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ’ കൂടുതൽ ദുഷ്കരമാക്കുകയും യുവതൊഴിലാളികൾക്ക് അനിശ്ചിതത്വം സൃഷ്ടിക്കുകയും ചെയ്യുന്ന വളർച്ചാ മാതൃകയാണ് ഇതിന് പിന്നിൽ.
തൊഴിലവസരങ്ങള്‍ 596.7 ദശലക്ഷത്തിൽ നിന്ന് 643.3 ദശലക്ഷമായി ഉയര്‍ന്നുവെന്ന് ആർബിഐ കണക്കുകള്‍ ഉദ്ധരിച്ച് പ്രധാനമന്ത്രി മോഡി അഘോഷിച്ചു. 46.6 ശതമാനം വർധനവെന്നാണ് അവകാശം. മോഡിയുടെ അവകാശവും ആര്‍ബിഐ റിപ്പോര്‍ട്ടും ശരിയാണെങ്കിൽ തൊഴിലാളികൾക്കായുള്ള സാമൂഹിക സുരക്ഷയ്ക്കും ക്ഷേമ പദ്ധതികൾക്കുമുള്ള ചെലവ് ബജറ്റ് വിഹിതത്തിൽ നിന്ന് കുത്തനെ കുറയുന്നതിന് പകരം ഗണ്യമായി വർധിക്കണം.
പ്രധാനമന്ത്രി ശ്രം യോഗി മന്ധൻ യോജനയുടെ മറവിലാണ് മോഡി സർക്കാർ തൊഴിലാളികളോടുള്ള അവഗണന കൂടുതലായി പ്രകടമാക്കുന്നത്. “അധ്വാനത്തിന്റെ മാന്യത” തുടങ്ങിയ പ്രശംസകൾ ചൊരിയുമ്പോഴും ശ്രം യോഗി മന്ധൻ യോജനയ്ക്കായി ബജറ്റിൽ വകയിരുത്തിയ 350 കോടി പുതുക്കിയ എസ്റ്റിമേറ്റിൽ 205.21 കോടി രൂപയായി കുറച്ചു. യാഥാര്‍ത്ഥ്യം ഇതിലും വിചിത്രമാണ്. 2023 അവസാനത്തോടെ യഥാർത്ഥ ചെലവ് 46.34 കോടി രൂപ മാത്രമാണ് എന്ന കണക്കുകള്‍ പുറത്തുവന്നു.
തൊഴിലാളി ക്ഷേമ പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം 75 കോടിയായിരുന്നു. ഇത് പിന്നീട് 102 കോടിയായി ഉയർത്തി, എന്നാൽ യഥാർത്ഥ ചെലവ് 20. 25 കോടി മാത്രമാണെന്ന് മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രധാനമന്ത്രി കർമ്മ യോഗി മന്ധന്‍ യോജന പ്രകാരം വ്യാപാരികൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും വേണ്ടിയുള്ള ദേശീയ പെൻഷൻ പദ്ധതിയിൽ കേന്ദ്രം പണം ചെലവഴിക്കാനേ തയ്യാറായില്ല, ബജറ്റിൽ മൂന്നു കോടി രൂപ വകയിരുത്തുകയും പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 0. 10 കോടി രൂപയായി കുറയ്ക്കുകയും ചെയ്തു. ചെലവാക്കിയതോ വട്ടപ്പൂജ്യം. എംപ്ലോയീസ് പെൻഷൻ സ്കീമിന് കീഴിൽ പോലും 9167 കോടി രൂപ ബജറ്റ് വിഹിതവും 9760 കോടി രൂപ പുതുക്കിയ എസ്റ്റിമേറ്റും ക്രമീകരിച്ചെങ്കിലും 6875.25 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. ആത്മനിർഭർ ഭാരത് റോസ്ഗർ യോജനയ്ക്ക് കീഴിൽ മൊത്തം വിഹിതം 2272.82 കോടി രൂപയായിരുന്നു, ഇത് പുതുക്കിയ എസ്റ്റിമേറ്റിൽ 1,350 കോടി രൂപയായി ഇടിഞ്ഞു. എന്നാൽ 2023 അവസാനത്തോടെ മൊത്തം ചെലവ് 1265 കോടി രൂപയിലൊതുക്കി. അസംഘടിത തൊഴിലാളികളുടെ ദേശീയ വിവരശേഖരണത്തിനായി 300 കോടി രൂപ ബജറ്റിൽ വകയിരുത്തി. പുതുക്കിയ എസ്റ്റിമേറ്റ് 102.96 കോടി രൂപയില്‍ ഒതുക്കി. ചെലവാകട്ടെ 18.63 കോടി രൂപയില്‍ തീര്‍ന്നു. തൊഴിലവസരങ്ങള്‍ക്കായുള്ള സേവനങ്ങൾ വലിയ ആവേശത്തോടെയാണ് ആരംഭിച്ചത്. ഇതിനായി അനുവദിച്ചതും പുതുക്കിയതുമായ 52 കോടി രൂപയ്ക്കെതിരെ 26.36 കോടി രൂപ മാത്രമാണ് യഥാർത്ഥ ചെലവ് ചൂണ്ടിക്കാണിക്കുന്നത്. മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളുടെ ചെലവ് ബജറ്റിൽ 127 കോടി രൂപ നൽകുമ്പോൾ 94.39 കോടി മാത്രം ചെലവഴിച്ച കാര്യവും ശ്രദ്ധിക്കണം.
യുവജനങ്ങൾക്ക് ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സമ്പദ്‌വ്യവസ്ഥ അമ്പേ പരാജയപ്പെട്ടു. സെന്റര്‍ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കനുസരിച്ച്, തൊഴിലില്ലായ്മ നിരക്ക് മാർച്ചിൽ 7.6 ശതമാനമായിരുന്നു. ഉല്പാദനം, കൃഷി, സേവന മേഖലകളിൽ യോജിച്ച നയം വികസിപ്പിക്കുന്നതിൽ മോഡി സർക്കാർ പരാജയപ്പെട്ടു. സംയോജിത അടിസ്ഥാന സൗകര്യങ്ങൾ, അവശ്യവസ്തുക്കള്‍, സേവനങ്ങൾ എന്നിവയുള്ള നിര്‍മ്മാണ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിലുള്ള സർക്കാർ ഇടപെടലും നിക്ഷേപവും ദയനീയമാണ്. ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലുമുള്ള നിക്ഷേപവും കുത്തനെ കുറഞ്ഞു, തൊഴിലാളികൾക്ക് സുരക്ഷിതത്വമില്ല. തൊഴിൽ സേനാ പങ്കാളിത്ത നിരക്ക് വളരെ താഴെയാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രധാന സ്രോതസുകളായ അടിസ്ഥാന സൗകര്യങ്ങള്‍, നിര്‍മ്മാണം, സർക്കാർ ജോലികൾ തുടങ്ങിയ മേഖലകളിലെ തൊഴിൽ നിരക്ക് വിപുലീകരിക്കാൻ ബിജെപി താല്പര്യപ്പെടുന്നതേയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.