27 July 2024, Saturday
KSFE Galaxy Chits Banner 2

ചരിത്രവർത്തമാനങ്ങളുടെ “നിലംതൊട്ട നക്ഷത്രങ്ങൾ’

ഡോ. കായംകുളം യൂനുസ്
November 6, 2022 12:57 pm

എഴുപതുകളിലെ തീവ്രവിപ്ലവ മോഹങ്ങളെ വർത്തമാനകാല സാമൂഹിക യാഥാർത്ഥ്യങ്ങളുമായി കലാപരമായി ബന്ധിപ്പിക്കുകയാണ് ഷാനവാസ് പോങ്ങനാടിന്റെ ‘നിലംതൊട്ട നക്ഷത്രങ്ങൾ.’ ആഖ്യാനത്തിലെ പുതുമകൊണ്ട് പുതുകാല നോവലുകളിൽ ഈ കൃതി വേറിട്ടു നിൽക്കുന്നു. ചരിത്രവും ഭാവനയും ചേർത്ത് കാലത്തെയും കഥാപാത്രങ്ങളെയും അസാധാരണമായി കൂട്ടിയിണക്കിയിരിക്കുന്നു എന്നതാണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്.
1970ൽ നടന്ന നഗരൂർ, കുമ്മിൾ നക്സലൈറ്റ് ആക്രമണങ്ങളുടെ ഉള്ളറകളിലേക്ക് ഒരു പത്രപ്രവർത്തകന്റെ അന്വേഷണമാണ് നോവലിന്റെ കേന്ദ്രപ്രമേയം. ഇതിലൂടെ നാല്പതിലേറെ വർഷങ്ങൾ കടന്നുപോകുന്നു. ആ കഥ കൂട്ടിയോജിപ്പിക്കുന്നതിലാണ് നോവലിസ്റ്റ് വിജയിച്ചിരിക്കുന്നത്. പലവിധത്തിലാണ് കഥ പറഞ്ഞിരിക്കുന്നത്. ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഇതിൽ കഥാപാത്രങ്ങളായി അതേ പേരിൽ വരുന്നുണ്ട്.
ആഖ്യാനത്തിലെ പുതുമ നോവലിനെ വലിയ ഉയരങ്ങളിലേക്ക് എടുത്തുയർത്തുന്നതാണ്. സംഭവ വിവരണം, ഡയറിക്കുറിപ്പ്, ദ്യശ്യശ്രാവ്യ ഖണ്ഡങ്ങൾ… എന്നിങ്ങനെയാണ് കൃതിയുടെ ആഖ്യാനം. നോവലിലെ പ്രധാന ട്വിസ്റ്റുകൾ ഇതിനിടയിൽ ചിതറിക്കിടക്കുന്നു. സ്ഥലകാലങ്ങളുടെ കൃത്യതയാണ് മറ്റൊരു സവിശേഷത.
1975 ജൂൺ 25 അർധരാത്രിയിൽ തിരോധാനം ചെയ്ത മാവോ മാധവൻ, അയാളുടെ മകൾ മല്ലിക എന്നിവരാണ് നോവലിലെ കേന്ദ്ര കഥാപാത്രങ്ങൾ. പൊലീസ് പിടിയിലാവുകയും പിന്നീട് തിരിച്ചുവരാതിരിക്കുകയും ചെയ്ത മാവോ മാധവന്റെ ജീവിതം നോവലിൽ വലിഞ്ഞുമുറുകി നിൽക്കുന്ന രസച്ചരടാണ്. ചരിത്രസംഭവങ്ങൾ യാഥാർത്ഥ്യമായിരിക്കെത്തന്നെ നോവലിസ്റ്റ് കല്പിതകഥാപാത്രങ്ങളിലൂടെ വായനക്കാരനെ വിഭ്രമിപ്പിക്കുന്നു.
വിപ്ലവത്തെയും ആത്മീയതയേയും നോവലിന്റെ കേന്ദ്രപ്രമേയവുമായി അനായാസം ലയിപ്പിച്ചിരിക്കുന്നു. തന്റെ ശരീരത്തിൽ കൈ വക്കാൻ വന്ന സ്വാമിയുടെ ലിംഗവും കടിച്ചു മുറിച്ചുകൊണ്ട് ആശ്രമം വിടുന്ന മല്ലിക ഊജ്വലമായ ഒറ്റയാൾ പോരാട്ടത്തിന്റെ സ്ത്രീപക്ഷ മുഖമാണ്. വിപ്ലവകാരിയുടെ മകൾ മല്ലിക ആത്മാഭിമാനത്തിന്റെയും അന്തസിന്റേയും പ്രതീകമായി നോവലിൽ വളർന്നുയരുകയാണ്. ആ നിലയ്ക്ക് ഇതൊരു സ്ത്രീപക്ഷനോവലായി മാറുന്നു. ആത്മീയവ്യാപരം നടത്തുന്ന ആശ്രമത്തെയും ധ്യാനകേന്ദ്രത്തെയും നോവൽ പൊളിച്ചടുക്കുന്നു. ആശ്രമത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന കപടസ്വാമി വിശ്വതിലകനെ നേരിട്ടശേഷമാണ് മല്ലിക ആശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുന്നതും ആദിവാസി ഊരുകളിൽ സാമൂഹ്യ പ്രവർത്തനം ചെയ്യുന്നതും.
മാവോ മാധവന്റെ കുടുംബത്തിന്റെ കഥ ദയനീയമായിരുന്നു. ഭാര്യ ദേവകി തമ്പുരാട്ടി അഗതിയായി. ഗതിയില്ലാതെ മകൾ രേണുക മതം മാറി മേരിയാവുന്നു. മല്ലിക ആക്ടിവിസ്റ്റും.
എല്ലാ കഥാപാത്രങ്ങൾക്കും പറയാൻ വലിയ കഥകളുണ്ട്. ഗീവർഗീസും കുന്നത്ത് രവീന്ദ്രനും, ദത്തനും ഐഎസ്ഐ ബന്ധമുള്ള മുനീർ മുഹമ്മദും ആരംഭത്തിലെ ഈസുകുഞ്ഞും, ചരിത്രകാരൻ ശശി കൂവക്കുടിയും നോവലിന്റെ ഗതി നിയന്ത്രിക്കുന്ന ശക്തമായ കഥാപത്രങ്ങളാണ്. “കാഹളധ്വനി’ എന്ന പ്രസിദ്ധീകരണവും കഥാപാത്രത്തെ പോലെ നോവലിൽ നിറഞ്ഞുനിൽക്കുന്നു.
ജിജ്ഞാസ ഒളിപ്പിച്ചുവച്ച് കഥയുടെ ഇതൾ ക്രമേണ വിടർത്തുന്ന ആഖ്യാനതന്ത്രമാണ് ഷാനവാസ് സ്വീകരിച്ചിരിക്കുന്നത്. വളവുകളും തിരിവുകളും അതീവ കയ്യടക്കത്തോടെയാണ് തുന്നിച്ചേർത്തിരിക്കുന്നത്. കാച്ചിക്കുറുക്കിയ ഭാഷാശൈലിയാണ് നോവലിനെ മനോഹരമാക്കുന്നത്. ഒരേസമയം ചിരിത്രത്തേയും വർത്തമാനകാലത്തേയും വായനക്കാരുടെ മുന്നിലേക്ക് നീക്കി നിർത്തുന്ന നിലംതൊട്ട നക്ഷത്രങ്ങൾ വർത്തമാനകാല നോവലുകളുടെ മുൻനിരയിലേക്ക് കടന്നുവരിക തന്നെ ചെയ്യുമെന്ന് ഉറപ്പാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.