അഭിമന്യു

Web Desk
Posted on July 07, 2019, 7:38 am

സതീഷ് ജി നായര്‍

പ്രിയപ്പെട്ട പോരാളി,
ഹൃദയം തുറന്ന
നിന്റെപുഞ്ചിരി
അവരെ ഭയപ്പെടുത്തി.

ഒറ്റമുറി വീട്ടിലെ
ചിമ്മിനി വിളക്കില്‍
നിന്ന് നീ ഉയര്‍ത്തിയ
പ്രകാശഗോപുരം
അവരുടെ കറുത്ത
ഇടനാഴികളില്‍
പോലും
വെളിച്ചമായി മാറി.

വിശപ്പിന്റെ വേദനയിലും
ചിരിച്ചു കൊണ്ട്
നീ പാടിയ പാട്ട്
അവരെ
അസ്വസ്ഥപ്പെടുത്തി.

അതിനാലാകാം
വരാനിരിക്കുന്ന
വസന്തകാലത്തിന്റെ
വരവറിയിച്ച
നിന്നെ അവര്‍
ചതിയുടെ
പത്മവ്യൂഹത്തില്‍
തളച്ചത്.
പക്ഷേ പ്രിയപ്പെട്ട
കൂട്ടുകാരാ,
നീ, ചക്രവ്യൂഹം
ഭേദിച്ചിരിക്കുന്നു
വിപ്ലവത്തിന്റെ
ആകാശത്തും,
ചരിത്രത്തിന്റെ
ഭൂമിയിലും
വര്‍ഗീയതയുടെ
കരിങ്കല്ലുകള്‍
തകര്‍ത്തെറിഞ്ഞു
കൊണ്ട് നീ
നിറഞ്ഞ് നില്‍ക്കുന്നു.