വെള്ളിയാഴ്ച നെടുമ്പാശ്ശേരിയില്‍ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവം ഹൈക്കോടതി ഇടപെടലോടെ വിവാദമാകുകയുണ്ടായി. ദേശീയ പാതകളിലെ കുഴിയടയ്ക്കുന്നതിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കര്‍ശന നിര്‍ദ്ദേശം നല്കി. ദേശീയപാത അതോറിറ്റി കേരള മേഖല മേധാവിക്കും പ്രോജക്ട് ഡയറക്ടര്‍ക്കുമാണ് കോടതി നിര്‍ദ്ദേശം നല്കിയത്. ഹോട്ടല്‍ വ്യാപാരിയായ പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ എ ഹാഷിം രാത്രി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടവും മരണവും. അപകടത്തിനിടയാക്കിയ കുഴി ഉടന്‍ തന്നെ അധികൃതര്‍ അടയ്ക്കുകയും ചെയ്തു. നേരത്തെ തന്നെ കുഴി അടയ്ക്കണമെന്ന് പ്രാദേശിക ഭരണ സംവിധാനവും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ നടപടിയെടുക്കുവാന്‍ ഒരാളുടെ ജീവന്‍ നഷ്ടപ്പെടുന്നതുവരെ അവര്‍ വൈകിപ്പിച്ചു. ഈയൊരു സാഹചര്യം ദേശീയ പാതയുടെ പല ഭാഗങ്ങളിലും നിലനില്ക്കുകയാണ്. അശാസ്ത്രീയമായ നിര്‍മ്മാണവും അറ്റകുറ്റപ്പണി നടത്തുന്നതിലെ കാലതാമസവും നിരവധി അപകടങ്ങള്‍ക്കാണ് ഇടയാക്കിയിട്ടുള്ളത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഈ വര്‍ഷം പുറത്തിറക്കിയ 2020ലെ അപകടങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് അനുസരിച്ച് 2019 ല്‍ 30.6 ശതമാനവും 2020ല്‍ 31.6 ശതമാനവും അപകടങ്ങള്‍ നടന്നിട്ടുള്ളത് ദേശീയ പാതകളിലാണ്. 2019ല്‍ 1,37,191 അപകടങ്ങളിലായി 53,872 പേര്‍ മരിക്കുകയും 1,37,549 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. 2020ല്‍ 1,16,496 അപകടങ്ങളാണ് നടന്നത്. മരിച്ചവരുടെ എണ്ണം 47,984. പരിക്കേറ്റവര്‍ 1,09,898. സംസ്ഥാന പാതകളില്‍ 2019ല്‍ 1,08,976, 2021ല്‍ 1,11,831 വീതം അപകടങ്ങളുണ്ടായി. മരിച്ചവരുടെ എണ്ണം 2019ല്‍ 38,472, 2020ല്‍ 33,148. മറ്റു പാതകളില്‍ 2019ല്‍ 2,02,835 അപകടങ്ങളില്‍ 58,769 മരണങ്ങളുണ്ടായപ്പോള്‍ 2020ല്‍ മരിച്ചവരുടെ എണ്ണം 50,582 ആണ്.
അപകടങ്ങള്‍ സംഭവിക്കുന്നതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത് കൂട്ടിയിടിക്കലുകള്‍, വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടല്‍ തുടങ്ങിയവയാണെങ്കിലും റോഡുകളുടെ ശോച്യാവസ്ഥയാണ് 16.4 ശതമാനം അപകടങ്ങളുമുണ്ടാക്കുന്നത്.
അശാസ്ത്രീയമായ നിര്‍മ്മാണവും നിര്‍മ്മാണത്തിലെ അപാകങ്ങളുമാണ് ഇതില്‍ പ്രധാനം. നെടുമ്പാശ്ശേരിയില്‍ വെള്ളിയാഴ്ച ഒരാള്‍ മരിക്കാനിടയായതിന്റെ കാരണം റോഡിലെ കുഴിയായിരുന്നു. അതുകൊണ്ടുതന്നെ ഇത് നിര്‍മ്മാണത്തിലെ അപാകതയുടെ ഫലമാണ്. ദേശീയപാത അതോറിറ്റി കേന്ദ്ര സര്‍ക്കാരിനു കീഴിലാണ്. അതി ന്റെ പ്രവര്‍ത്തനം നേരിട്ട് നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധ്യമല്ല. അതുകൊണ്ടുതന്നെ നിര്‍മ്മാണത്തിന്റെ സ്ഥിതി വിവരങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ പരിധിക്കു പുറത്താണ്. ദേശീയപാതയിലെ നിര്‍മ്മാണങ്ങളിലും അറ്റകുറ്റപ്പണികളിലും പലപ്പോഴും കാലതാമസം ഉണ്ടാകുന്നു. നിര്‍മ്മാണത്തിലെ അപാകതകള്‍ കണ്ടെത്തി പരിഹാരമുണ്ടാക്കുന്നതിലും കാരണക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിലും സംസ്ഥാനത്തുള്ളത്രയും ജാഗ്രത പലപ്പോഴും ദേശീയപാത അതോറിറ്റിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുമില്ല. മിക്കവാറും എല്ലാ ദേശീയപാതകളും യാത്രക്കാരില്‍ നിന്ന് ചുങ്കം പിരിക്കുന്നുണ്ട്. നിര്‍മ്മാണ ചെലവിന്റെ എത്രയോ മടങ്ങ് പിരിച്ചെടുത്താലും ചുങ്കം അവസാനിപ്പിക്കാതിരിക്കുകയും പ്രക്ഷോഭങ്ങളെയും സര്‍ക്കാരിന്റെ ഇടപെടലുകളെയും തുടര്‍ന്ന് നിര്‍ത്തലാക്കുകയും ചെയ്യുന്ന സ്ഥിതിയും സാധാരണമാണ്. ഇതെല്ലാംകൊണ്ടുതന്നെ അപകടങ്ങളുടെ ഉത്തരവാദിത്തം ദേശീയ പാത അതോറിറ്റിക്കുതന്നെയാണ്.
സുതാര്യതയില്ലായ്മയും ദേശീയപാത അതോറിറ്റിയുടെ പോരായ്മയായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. അതാണ് നെടുമ്പാശ്ശേരി അപകടത്തെ തുടര്‍ന്നുണ്ടായ വിവാദത്തോട് പ്രതികരിച്ച പൊതുമരാമത്ത് മന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് പൊതുമരാമത്ത് പ്രവൃത്തികളില്‍ പോരായ്മകളോ റോഡുകളില്‍ തകരാറുകളോ ഉണ്ടായാല്‍ പരാതി പറയുന്നതിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാലന കാലാവധി, കരാറുകാരൻ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ പേരും ഫോൺ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ബോർഡുകൾ ജനങ്ങളുടെ അറിവിലേക്കായി സ്ഥാപിച്ചിട്ടുമുണ്ട്. സംസ്ഥാനത്തിന്റെ ഈ മാതൃക പിന്തുടരുവാനും സുതാര്യതയും ഗുണമേന്മയും ഉറപ്പുവരുത്തുവാനും ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണം. നിര്‍മ്മാണത്തിന് ചെലവാകുന്നതും അതിലധികവും തുക ചുങ്കമായി പിരിച്ചുകൊണ്ടുപോകുന്നവരെന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്തബോധം പ്രകടിപ്പിക്കുവാന്‍ അധികൃതര്‍ തയാറാകണം. മന്ത്രി ആവശ്യപ്പെട്ടതുപോലെ കരാറുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങൾ പരസ്യപ്പെടുത്താനും തെറ്റായ പ്രവണത പിന്തുടരുന്ന കരാറുകാരെ കരിമ്പട്ടികയില്‍പ്പെടുത്താനും റോഡുകളുടെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ട് ഇനിയും ദേശീയപാതകളിലെ കുരുതി അവസാനിപ്പിക്കുവാനും നടപടിയെടുക്കാന്‍ ദേശീയപാത അതോറിറ്റി സന്നദ്ധമാകണം.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.