6 July 2024, Saturday
KSFE Galaxy Chits

സഹകരണ മേഖലയ്ക്ക് പുതുവഴിയൊരുക്കുന്ന നിയമം

കെ ജി ശിവാനന്ദൻ
July 4, 2024 4:30 am

സംസ്ഥാന നിയമസഭ പാസാക്കിയ കേരള സഹകരണ നിയമ ഭേദഗതി ബില്‍ മാസങ്ങളോളം തടഞ്ഞുവച്ചതിനു ശേഷമാണ് ഗവർണർ ഒപ്പുവച്ചത്. സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നടത്തിയ നിയമ പോരാട്ടങ്ങൾക്കിടയിലാണ് ഗവർണറുടെ ഭാഗത്തുനിന്നും ബിൽ അംഗീകരിക്കുന്നതിനുള്ള നടപടി ഉണ്ടായത്. 2022 ഡിസംബർ മാസത്തിലാണ് ബിൽ അവതരിപ്പിച്ചത്. സഹകരണ മേഖലയുടെ പുരോഗതിക്ക് കാലോചിതമായ മാറ്റം ആവശ്യമാണെന്ന കാഴ്ചപ്പാടോടുകൂടി സഭ സെലക്ട് കമ്മിറ്റി‌ക്ക് വിട്ടു.
സെലക്ട് കമ്മിറ്റി 14 ജില്ലകളിലും തെളിവെടുപ്പ് നടത്തി അഭിപ്രായങ്ങൾ സ്വരൂപിച്ചു. വിവിധ തുറകളിലുള്ള സഹകാരികൾ അഭിപ്രായങ്ങളും നിർദേശങ്ങളും നിവേദനങ്ങളുമായി സെലക്ട് കമ്മിറ്റിയോട് സഹകരിച്ചു. ഇത്തരമൊരു അഭിപ്രായ സ്വരൂപീകരണത്തിനും സെലക്ട് കമ്മിറ്റി രൂപീകരണത്തിനും മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് ഭേദഗതി നിയമത്തിന്റെ കാര്യത്തിൽ കേന്ദ്രം തയ്യാറായിരുന്നില്ലെന്നതും ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്.
കേരള നിയമസഭാ സെലക്ട് കമ്മിറ്റി മറ്റ് സംസ്ഥാനങ്ങൾ സന്ദർശിക്കുകയും അവിടുത്തെ സഹകരണ നിയമങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കുകയുമുണ്ടായി. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ നിയമസഭയിൽ വീണ്ടും നടന്ന ചർച്ചകളെ തുടർന്നാണ് 2023 ഒക്ടോബറിൽ ബിൽ പാസാക്കിയത്. സംസ്ഥാന സഹകരണ മേഖലയിൽ സമഗ്രമാറ്റം വിഭാവനം ചെയ്തുകൊണ്ട് ഭേദഗതി നിയമത്തിന് ചട്ടങ്ങൾ തയ്യാറാക്കി വിജ്ഞാപനം പുറപ്പെടുവിച്ചതോടെ നിയമം പ്രാബല്യത്തിൽ വന്നു.
സംസ്ഥാനങ്ങൾക്ക് നിയമനിർമ്മാണാധികാരം ഭരണഘടന ഉറപ്പുനൽകുന്ന മേഖലയാണ് സഹകരണം. കേന്ദ്ര സർക്കാർ ഈ അധികാരം കവർന്നെടുക്കാനുള്ള നീക്കം ഒളിഞ്ഞും തെളിഞ്ഞും നടത്തിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര സഹകരണ മന്ത്രാലയം രൂപം കൊണ്ടതിനു ശേഷം സംസ്ഥാന സഹകരണ മേഖലയ്ക്കു നേരെ കടന്നുകയറ്റം രൂക്ഷമാക്കി. മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി നിയമം പാർലമെന്റ് പാസാക്കിയ ശേഷം സംസ്ഥാന സർക്കാരുകളുടെ അംഗീകാരമില്ലാതെ വൻതോതിൽ അധിനിവേശമാണ് നടത്തുന്നത്. സംസ്ഥാന സഹകരണ സ്ഥാപനങ്ങളെ നിർവീര്യമാക്കാനും തകർക്കാനുമുള്ള ഉദ്ദേശ്യത്തോടെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള കുത്സിത ശ്രമങ്ങളും കേന്ദ്രം നടത്തുന്നു. ഈ സവിശേഷ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്തുവേണം പുതിയ നിയമമാറ്റങ്ങളെ പരിഗണിക്കുവാൻ.


ഇതുകൂടി വായിക്കൂ: ജോർദാനിൽ വിസ്മയം തീർത്ത കേരള സഹകരണ നേട്ടങ്ങൾ


അംഗീകാരത്തിനുശേഷം പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ പ്രതിപാദിച്ചിട്ടുള്ളത് നിലവിലെ നിയമത്തിലെ 56 വ്യവസ്ഥകളിന്മേലുള്ള ഭേദഗതികളാണ്. നിയമത്തെ സമഗ്രമാക്കുന്നതിനുള്ള പരിശ്രമം നടത്തിയിട്ടുള്ളത് ഇതിൽ കാണാൻ കഴിയും. അതിലൊന്ന് ഭരണസമിതി അംഗമാകാൻ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളാണ്. ഭരണസമിതി അംഗങ്ങളുടെ പ്രവർത്തനത്തിൽ ഉണ്ടാകേണ്ട സുതാര്യതയും ഉത്തരവാദിത്തവും സഹകാരി സമൂഹത്തിനു മുന്നിൽ പ്രകടിപ്പിക്കാൻ സഹായകരമാക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ മാറ്റം. വായ്പാ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങൾക്ക് തുടർച്ചയായി മൂന്നിലധികം തവണ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ അർഹത ഉണ്ടായിരിക്കില്ല. സംഘത്തിന്റെ കമ്മിറ്റിയിലെ ഏതൊരു അംഗത്തിന്റെയും കാലാവധി ഭാഗികമാണോ, പൂർണമാണോയെന്നത് പരിഗണനാർഹമല്ല. അതോടൊപ്പം ഭരണസമിതിയിലെ രണ്ട് സീറ്റുകൾ നാല്പതോ അതിനു താഴെയോ പ്രായമുള്ളവർക്ക് സംവരണം ചെയ്തിരിക്കുന്നു. ഇതിൽ ഒരെണ്ണം വനിതാ സംവരണ വിഭാഗത്തിൽ നിന്നായിരിക്കുകയും വേണം.
ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ഭിന്നലിംഗക്കാർ, വിഷാദ ബാധിതർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽപ്പെട്ടവരുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി രൂപീകരിച്ച പ്രാഥമിക സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിർദേശങ്ങൾ ഭേദഗതി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുവജനങ്ങൾക്കു വേണ്ടി രൂപീകരിക്കപ്പെട്ട സംഘങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങളും വരുമാനവും സൃഷ്ടിക്കുന്നതിനും ആവശ്യമായ നിർദേശങ്ങളും അടങ്ങിയിട്ടുള്ളതാണ് പുതിയ നിയമ ഭേദഗതി. സ്റ്റാർട്ടപ്പുകൾ, നവ സങ്കേതികവിദ്യ, സംരംഭകത്വം തുടങ്ങിയ മേഖലകളിലേക്കും യുവജന സഹകരണ സംഘങ്ങൾ വഴി തുറക്കുന്നു.
പുതിയ സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നിബന്ധനകളിൽ മാറ്റം ഉണ്ടായിട്ടുണ്ട്. നിർദ്ദിഷ്ട വായ്പാ സംഘങ്ങൾക്കും വായ്പേതര സഹകരണ സംഘങ്ങൾക്കുമുള്ള ഏറ്റവും കുറഞ്ഞ മൂലധനത്തിന്റെ സംഖ്യയിൽ വർധനവ് വരുത്തി. എന്നാൽ ഈ തീരുമാനം എസ്‌സി /എസ്‌ടി വിഭാഗങ്ങൾ, മത്സ്യബന്ധനം, വനിത, ഭിന്നലിംഗക്കാര്‍, പ്രാഥമിക ആനന്ദ് മാതൃക ക്ഷീരോല്പാദക സഹകരണ സംഘങ്ങൾ, സ്കൂൾ/കോളജുകൾ, പരമ്പരാഗത വ്യാവസായിക സഹകരണ സംഘങ്ങൾ എന്നിവയ്ക്ക് ബാധകമല്ല.
വായ്പാ സംഘങ്ങളുടെ ഭരണസമിതിയിൽ രണ്ട് വിദഗ്ധാംഗങ്ങളെ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥയുണ്ട്. ഭരണസമിതി അധികാരമേറ്റെടുത്ത് ആറു മാസത്തിനകം വിദഗ്ധാംഗങ്ങളെ ഉള്‍ക്കൊള്ളിച്ചിരിക്കണം. അല്ലാത്തപക്ഷം സർക്കാരിനോ, രജിസ്ട്രാറിനോ രണ്ട് വിദഗ്ധാംഗങ്ങളെ ഉള്‍ക്കൊള്ളിക്കാൻ അധികാരമുണ്ട്. ഈവിധം ഉള്‍ച്ചേര്‍ക്കപ്പെടുന്ന അംഗങ്ങൾക്ക് ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെടാനോ, വോട്ടവകാശത്തിനോ അർഹത ഉണ്ടായിരിക്കില്ല.


ഇതുകൂടി വായിക്കൂ: നിക്ഷേപ സമാഹരണം: റെക്കോഡ് നേട്ടവുമായി സഹകരണബാങ്കുകൾ


പൊതുയോഗത്തിനു മുമ്പാകെ അവതരിപ്പിക്കുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ട നിർദേശങ്ങളും ശ്രദ്ധേയങ്ങളാണ്. ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മുൻ സാമ്പത്തിക വർഷം കുടിശികയായ എല്ലാ ബാധ്യതകൾ സംബന്ധിച്ചുള്ള വിവരങ്ങളും പൊതുയോഗത്തിൽ അവതരിപ്പിക്കണം. അതോടൊപ്പം രജിസ്ട്രാർക്കോ, അദ്ദേഹം നിർദേശിക്കുന്ന മറ്റൊരാൾക്കോ, സഹകരണ ഓഡിറ്റർക്കോ, അദ്ദേഹം നിർദേശിക്കുന്ന മറ്റൊരാൾക്കോ ഏതൊരു സംഘത്തിന്റെയും കമ്മിറ്റിയിലോ പൊതുയോഗങ്ങളിലോ പങ്കെടുക്കുവാൻ അധികാരമുണ്ടായിരിക്കും. ഈ നിർദേശം സഹകരണ ജനാധിപത്യത്തിനു നേരെയുള്ള കടന്നുകയറ്റമാകുവാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല.
വായ്പക്കാർ സംഘത്തിൽ പണയപ്പെടുത്തുന്ന ഈട് വസ്തുക്കളുടെ മൂല്യനിർണയം നടത്തേണ്ടതെങ്ങനെയെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുള്ളത് ഇങ്ങനെയാണ്: 10 ലക്ഷത്തിനു മേലെയുള്ള വായ്പകളിൽ ഈട് വസ്തുവിന്റെ മൂല്യനിർണയത്തിന് അഞ്ചംഗ സമിതിയെ നിയോഗിക്കാം. ഒരു സംഘത്തിന്റെ ഓഡിറ്റ് നടത്തുന്നതിന് രണ്ടിൽ കൂടുതൽ തവണ അനുമതി നൽകാൻ പാടുള്ളതല്ല. ഓഡിറ്റർ, ഓഡിറ്റ് ഫേം, ഓഡിറ്റ് ടീം എന്നിവയിൽ ഏതെങ്കിലും ഒരു വിഭാഗമായിരിക്കും സംഘങ്ങളുടെ ഓഡിറ്റ് നടത്തേണ്ടത്.

നിയമത്തിലെ 65-ാം വകുപ്പു പ്രകാരമുള്ള അന്വേഷണം നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് 30 ദിവസത്തിനകം നൽകണം. റിപ്പോർട്ട് ലഭിച്ച് 45 ദിവസത്തിനുള്ളിൽ പരിഹരണ റിപ്പോർട്ട് രജിസ്ട്രാർക്ക് നൽകുകയും വേണം. വായ്പാ സംഘങ്ങൾ ഇനി മുതൽ ത്രൈമാസ റിപ്പോർട്ട് രജിസ്ട്രാർക്ക് സമർപ്പിക്കണം. അല്ലാത്തപക്ഷം 10,000 രൂപയിൽ അധികരിക്കാത്ത തുക പിഴ ചുമത്താവുന്നതാണ്.
ജീവനക്കാരുടെ നിയമനങ്ങൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി. ഭിന്നശേഷിക്കാർക്കുള്ള ഉദ്യോഗ സംവരണം നാല് ശതമാനമാക്കി. സഹകരണ ബോർഡുകളിലും സംസ്ഥാന സഹകരണ യൂണിയനുകളിലുമുള്ള ജീവനക്കാരെ സ്വാശ്രയ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി.


ഇതുകൂടി വായിക്കൂ:  ഇലക്ടറല്‍ ബോണ്ട് മറയ്ക്കാന്‍ പൗരത്വ ഭേദഗതി നിയമം


കൂട്ടിച്ചേർക്കപ്പെട്ട മറ്റൊരു വ്യവസ്ഥ അനുബന്ധ സ്ഥാപനങ്ങളെ സംബന്ധിച്ചുള്ളതാണ്. നിലവിൽ അനുബന്ധ സ്ഥാപനങ്ങൾ തുടങ്ങാൻ സംഘങ്ങൾക്ക് തടസങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ കർശന നിയന്ത്രണങ്ങൾ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. സംഘത്തിലെ നിലവിലുള്ള ഭരണസമിതി അംഗങ്ങൾ തന്നെയായിരിക്കണം അനുബന്ധ സ്ഥാപനത്തിലെ ഭൂരിപക്ഷം കമ്മിറ്റി അംഗങ്ങളും. ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അനുബന്ധ സ്ഥാപനത്തിന്റെ എക്സ് ഒഫിഷ്യോ അംഗമായിരിക്കണം. സംഘത്തിന്റെ നേതൃത്വത്തിലായിരിക്കണം ഓഹരി സമാഹരണം നടത്തേണ്ടത്. വ്യക്തിയിൽ നിന്നും ഓഹരികൾ വാങ്ങുന്നതിന് അനുബന്ധ സ്ഥാപനങ്ങൾക്ക് നിയന്ത്രണമുണ്ട്. റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പൊതുയോഗത്തിൽ അവതരിപ്പിച്ച് ബോധ്യപ്പെടുത്തണം. അനുബന്ധ സ്ഥാപനങ്ങളും വാർഷിക പൊതുയോഗം വിളിച്ചുചേർത്ത് റിപ്പോർട്ടും കണക്കും അവതരിപ്പിക്കണം. സംഘത്തിന്റെ അറ്റലാഭത്തിൽ നിന്നു മാത്രമെ അനുബന്ധ സ്ഥാപനങ്ങൾക്ക് പണം നൽകാൻ പാടുള്ളു. എല്ലാ സ്ഥാപനങ്ങളിലും സർക്കാർ പ്രതിനിധികൾ ഉണ്ടായിരിക്കും. കമ്പനി, ട്രസ്റ്റ് എന്നിവയിലും സഹകരണ ഓഡിറ്റ് നടത്തുന്നതിനും പങ്കാളിത്ത ബിസിനസ് നടത്തുന്നതിനും സർക്കാർ അനുമതി ആവശ്യമാണ്. സഹകരണ സംഘം രജിസ്ട്രാർക്ക് അനുബന്ധ സ്ഥാപനങ്ങളിൽ പരിശോധന നടത്തുവാൻ അധികാരമുണ്ടായിരിക്കും.
അനുബന്ധ സ്ഥാപനങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുവാൻ പൊതുയോഗത്തിന് അവകാശമുണ്ട്. കേവല ഭൂരിപക്ഷത്തോടെ തീരുമാനമെടുത്താൽ മതിയാകും.
സഹകരണഭേദഗതികളെല്ലാം സദുദ്ദേശത്തോടെ സർക്കാർ കൊണ്ടുവന്നിട്ടുള്ളതാണ്. വിശ്വാസ്യതയും സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിനാവശ്യമായ നിർദേശങ്ങളാണ് നിയമ ഭേദഗതിയിലൂടെ മുന്നോട്ടുവച്ചിട്ടുള്ളത്. ഈ നിർദേശങ്ങൾ സൂക്ഷ്മതയോടെയും ജനാധിപത്യമൂല്യങ്ങൾ പാലിച്ചുകൊണ്ടും സഹകരണ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം നഷ്ടപ്പെടുത്താതെയും നടപ്പിലാക്കുകയാണെങ്കിൽ സഹകരണ മേഖലയിൽ സമഗ്രമായ വളർച്ച കൈവരിക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.