26 April 2024, Friday

അനധികൃത ടാറ്റൂ കേന്ദ്രങ്ങൾക്കെതിരെ നടപടി കർശനമാക്കി

ബേബി ആലുവ
കൊച്ചി
March 12, 2022 8:41 pm

സംസ്ഥാനത്ത് അനധികൃത ടാറ്റൂ (പച്ചകുത്തൽ) കേന്ദ്രങ്ങൾ പെരുകുന്നതിനെതിരെ കർശന നടപടിയുമായി പൊലീസ്. ആർട്ട് സ്റ്റുഡിയോയുടെ ലൈസൻസിന്റെ മറവിലാണ് ഇവയിലേറെയും പ്രവർത്തിക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്.

കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോയിൽ വച്ച് യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയുയർന്നതോടെയാണ് ഈ സ്ഥാപനങ്ങളിലേക്കു ജനശ്രദ്ധ തിരിഞ്ഞത്. കൂടുതൽ യുവതികൾ കൊച്ചിയിലെ കേന്ദ്രത്തിനെതിരെ പരാതിയുമായെത്തുകയും പൊലീസ് ഈ രംഗത്തെ നിരീക്ഷണവും നടപടിയും കർശനമാക്കുകയും ചെയ്തതോടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നവ പോലും സംശയത്തിന്റെ നിഴലിലായി.

പാശ്ചാത്യ സംസ്കാരത്തെ അന്ധമായി അനുകരിക്കാനുള്ള വാസന വർദ്ധിച്ചതോടെയാണ് പച്ചകുത്തു കേന്ദ്രങ്ങൾ കൂടുതലായി മുളച്ചുപൊന്താൻ തുടങ്ങിയത്. ടാറ്റൂ സ്റ്റുഡിയോകൾക്കുള്ള മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് പലതിന്റെയും പ്രവർത്തനമെന്നാണ് കണ്ടെത്തൽ. തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ആർട്ട്സ്റ്റുഡിയോയ്ക്കുള്ള ലൈസൻസ് സമ്പാദിച്ച് അതിന്റെ മറവിലാണ് പല കേന്ദ്രങ്ങളുടെയും പ്രവർത്തനം. പല സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് ടാറ്റു ചെയ്യുന്നതും പുരുഷന്മാരാണ്.

ടാറ്റൂ ആർട്ടിസ്റ്റുകൾക്ക് കഴിവു തെളിയിക്കുന്ന ലൈസൻസ് നിർബന്ധമാണെന്നു വ്യവസ്ഥയുണ്ടെങ്കിലും പച്ചകുത്താൻ എത്തുന്നവർ ഈ അന്വേഷണങ്ങൾക്കൊന്നും മുതിരാറില്ല. ഇതിനായി വലിയ തുകകളാണ് പ്രതിഫലമായി ഈടാക്കുന്നത്.

ടാറ്റൂ കുത്താൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം, സുരക്ഷിതത്വം, ഏതൊക്കെ നിറങ്ങൾ ഉപയോഗിക്കണം, ഏതൊക്കെ നിറങ്ങളിലാന്ന് രാസവസ്തുക്കൾ കൂടതലായി അടങ്ങിയിട്ടുള്ളത് എന്നീ കാര്യങ്ങളിലൊന്നും ആവശ്യക്കാർക്കു വലിയ പിടിപാടില്ല. പല നിറങ്ങളിലും രാസവസ്തുക്കളും ഇരുമ്പ് ഓക്സൈഡ്, മെർക്കുറി തുടങ്ങിയവയും അടങ്ങിയിട്ടുണ്ടെന്നും ഇത് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. ചില കേന്ദ്രങ്ങൾ സ്വന്തമായുണ്ടാക്കുന്ന മഷിയും ഇവയോടു ചേർത്ത് ഉപയോഗിക്കുന്നുണ്ട്.

Eng­lish Sum­ma­ry: Action has been tak­en against ille­gal tat­too parlors

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.