19 April 2024, Friday

Related news

March 19, 2024
March 10, 2024
December 22, 2023
October 7, 2023
August 24, 2023
August 3, 2023
July 9, 2023
June 1, 2023
May 2, 2023
February 18, 2023

ജിഎസ്‌ടിയുടെ പേരില്‍ വിലകൂട്ടിയാല്‍ നടപടി: ധനമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
July 27, 2022 11:14 pm

ഭക്ഷ്യവസ്‌തുക്കളുടെ ചെറുകിട കച്ചവടത്തിന്‌ സംസ്ഥാനത്ത്‌ ജിഎസ്‌ടി ഈടാക്കുന്നില്ലെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. അതിനാൽ ഒരു സാധനത്തിനും വില വർധിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. അതേസമയം ബ്രാൻഡഡ് ഉല്പന്നങ്ങൾക്ക് നികുതി ബാധകമായിരിക്കും. സപ്ലൈകോയിലും ത്രിവേണി സ്‌റ്റോറുകളിലും കടകളിലും സ്വന്തമായി പായ്‌ക്കുചെയ്‌ത്‌ നൽകുന്ന അരിക്കും മറ്റ് ധാന്യങ്ങൾക്കും നികുതി വാങ്ങേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
ചെറുകിട കച്ചവടക്കാർ പായ്‌ക്ക് ചെയ്ത് വില്ക്കുന്ന അരിയും പയറുല്പന്നങ്ങളും അടക്കമുള്ളവയ്‌ക്ക് അഞ്ച് ശതമാനം ജിഎസ്‌ടി ഈടാക്കണമെന്ന‌ കേന്ദ്ര നിർദ്ദേശം കേരളത്തിൽ നടപ്പാക്കിയിട്ടില്ല. ചെറുകിട കച്ചവടക്കാരും കുടുംബശ്രീ അടക്കമുള്ള ചെറുകിട ഉല്പാദകരും പായ്‌ക്കുചെയ്ത് വിൽക്കുന്ന അരിക്കും പയറുല്പന്നങ്ങൾക്കുമടക്കം ജിഎസ്‌‌ടി വർധിപ്പിച്ച കേന്ദ്ര തീരുമാനം കേരളത്തിൽ നടപ്പാക്കില്ലെന്ന്‌ സർക്കാർ ആവർത്തിച്ച്‌ വ്യക്തമാക്കിയതാണെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒന്നരക്കോടി രൂപവരെ വാർഷിക വിറ്റുവരവുള്ള കടകൾക്ക്‌ ജിഎസ്‌ടി പിരിക്കാൻ അനുവാദമില്ല. ഇവരുടെ വിറ്റുവരവിന്റെ ഒരു ശതമാനമാണ്‌ നികുതി. അത്‌ സാധനം വാങ്ങുന്നവരില്‍ നിന്ന്‌ ഈടാക്കാനാകില്ല. ഇത്തരത്തിൽ 50,000ൽപരം കടകളുണ്ട്‌. ഇതിന്റെ മൂന്നിരട്ടിവരുന്ന ചെറുകിട കച്ചവടക്കാരുടെ വിറ്റുവരവ്‌ 40 ലക്ഷംവരെയാണ്‌. ഇവയും ജിഎസ്‌ടി പരിധിയിൽ വരുന്നില്ല. മൊത്തം കടകളുടെ 80 ശതമാനം ഈ രണ്ട്‌ വിഭാഗത്തിൽപ്പെടുന്നു. ഇവയിലൊന്നും നികുതി വാങ്ങാൻ പാടില്ല. 25 കിലോയ്ക്ക് മുകളിൽവരുന്ന ചാക്കുകൾക്ക് ജിഎസ്‌ടി ബാധകമല്ല. അവ കൊണ്ടുവന്ന് ചില്ലറായി തൂക്കി വിൽക്കുമ്പോഴും നികുതിയില്ല. ഇത്തരം സ്ഥാപനങ്ങളിലൊന്നും ജിഎസ്‌ടിയുടെ പേരിൽ വില ഉയർത്തുന്നത് അനുവദിക്കില്ല.
പല കടകളും തെറ്റായി അഞ്ച് ശതമാനം ജിഎസ്‌ടി വാങ്ങാൻ തുടങ്ങിയതായി പരാതി ഉയർന്നു. ഇത്തരത്തിൽ നികുതി വാങ്ങിയാൽ പരാതിപ്പെടാം. കർശന നടപടിയുണ്ടാകും. മിൽമ തൈര്, മോര് പോലെയുള്ളവ ബ്രാൻഡഡ്‌ ആയതിനാൽ നികുതി ബാധകമാകുന്നു.
ജിഎസ്‌ടിയുമായി അളവ് തൂക്ക നിയമ വ്യവസ്ഥ ബന്ധിപ്പിച്ച്‌ കേന്ദ്രം പുറത്തിറക്കിയ പുതിയ ഉത്തരവിലെ വ്യവസ്ഥകളും ആശയക്കുഴപ്പമുണ്ടാക്കുന്നു. ഇവ പരിഹരിക്കുന്നതിന്‌ ആവശ്യമായ ഇടപെടലുകൾ ജിഎസ്‌ടി കൗൺസിലിലടക്കം സംസ്ഥാനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Action will be tak­en if prices are increased due to GST: Finance Minister

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.