26 April 2024, Friday

അദാമ ബാരോ; ഗാംബിയന്‍ ജനാധിപത്യത്തിന്റെ വിജയം

അശ്വതി എസ്
December 20, 2021 5:12 pm

ഗാംബിയ തീര്‍ത്ത മാതൃക അടിച്ചമര്‍ത്തലിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും കരങ്ങള്‍ക്കെതിരെ ഒരു ജനതയുടെ ചെറുത്തുനില്‍പ്പും വിജയവുമാണ് ലോകത്തിനു മുന്നില്‍ തുറന്നു കാട്ടുന്നത്. ഡിസംബര്‍ 4ന് നടന്ന തിരഞ്ഞെടുപ്പില്‍ 53ശതമാനം വോട്ടുകളുമായി അദാമ ബാരോ ജയിച്ചു. എതിരാളി ഔസൈനോ ഡാര്‍ബോ 28ശതമാനം വോട്ടുകള്‍ നേടി. 2016ല്‍ ബാരോ, യഹ്യ ജമ്മെയോട് തോറ്റതിന് ശേഷമുള്ള ഗാംബിയന്‍ ജനാധിപത്യത്തിന്റെ പരീക്ഷണമായാണ് ഈ തെരഞ്ഞെടുപ്പിനെ രാജ്യം വിലയിരുത്തിയത്. 2021 ലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വായിച്ച ടാലി ഷീറ്റുകളിലും ഒപ്പുവച്ചു. ഈ ഫലങ്ങള്‍ അംഗീകരിക്കില്ലെന്നായിരുന്നു ഡാര്‍ബോയും മറ്റു രണ്ട് സ്ഥാനാര്‍ത്ഥികളായ മമ്മ കണ്ടേ, എസ്സ എംബി ഫാല്‍ എന്നിവരുടെ അഭിപ്രായം. പ്രതീക്ഷിച്ചതിലും അധികം സമയം എടുത്തതിനാലും ചില പോളിങ്ങ് സ്റ്റേഷനുകളിലെ അവ്യക്തമായ പ്രശ്‌നങ്ങളും കാരണം ഫലം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചു. അതേസമയം മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് ഫല പ്രഖ്യാപനം വൈകിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് ഗാംബിയ. പശ്ചിമ ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യം. 1965ല്‍ ഫെബ്രുവരി 18 നു ബ്രിട്ടനില്‍ നിന്ന് ദൗദ ജവാരയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യം നേടുകയും 1970 ഏപ്രില്‍ 24 ന് റിപ്പബ്ലിക്കായി മാറുകയും ചെയ്തു. 1994 ല്‍ അട്ടിമറിയിലൂടെ യഹ്യ ജമ്മെ അധികാരം പിടിച്ചെടുക്കുന്നതുവരെ അദ്ദേഹം ഭരണം തുടര്‍ന്നു. 1970നു ശേഷം രണ്ട് ദശാബ്ദകാലത്തേക്ക് സ്വേച്ഛാധിപത്യഭരണവും പതിവ് ആഭ്യന്തര കലാപങ്ങളും ബാധിച്ച ഒരു പ്രദേശത്ത് ദൗദ ജവാര മള്‍ട്ടി- പാര്‍ട്ടി രാഷ്ട്രീയ സംവിധാനത്തിന് നേതൃത്വം നല്‍കി.എന്നാല്‍ സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും പേരില്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ അദ്ദേഹം വിമര്‍ശിക്കപ്പെട്ടു. അത് ജവാരയെ പുറത്താക്കിയ സൈനിക അട്ടിമറിയിലേക്ക് വാതില്‍ തുറന്നു. 1994 ജൂലൈയില്‍ രക്തരഹിത അട്ടിമറിക്ക് നേതൃത്വം നല്‍കിയ യഹ്യ ജമ്മെ സൈനിക ഭരണകൂടമായ എഎഫ്പിആര്‍സിയുടെ ചെയര്‍മാനായി സ്വയം അവരോധിക്കുകയും 1996ല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതുവരെ രാജ്യം ഭരിക്കുകയും ചെയ്തു. 2001, 2006, 2011 വര്‍ഷങ്ങളില്‍ ജമ്മെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2016 ല്‍ അദാമ ബാരോയോട് പരാജയപ്പെട്ടു. 1994‑ലെ ന്യൂസ് പേപ്പര്‍ ആക്ട്, വാര്‍ഷിക രജിസ്‌ട്രേഷന്‍ ഫീസ് എന്നി അടയ്ക്കുന്നതില്‍ പരാജയപ്പെടുന്ന സ്വകാര്യ പ്രസിദ്ധീകരണങ്ങള്‍ക്ക് ക്രിമിനല്‍ പിഴ ചുമത്തുകയും 2008‑ല്‍ സ്വവര്‍ഗാനുരാഗികള്‍ക്കെതിരെ കര്‍ശനനിയമങ്ങള്‍ കൊണ്ടുവന്നതും ജമ്മെക്കെതിരെ ജനവികാരമിളകാന്‍ കാരണങ്ങളായി.ഇതിനുപുറമെ രാജ്യത്ത് കണ്ടെത്തുന്ന ഏതൊരു സ്വവര്‍ഗാനുരാഗിയുടെയും ‘തല ഛേദിക്കുമെന്നും’ ജമ്മെ പ്രഖ്യാപിച്ചിരുന്നു.

ജമ്മെയുടെ ഭരണം 2000, 2006, 2014 വര്‍ഷങ്ങളില്‍ അട്ടിമറി ശ്രമങ്ങള്‍ക്ക് വിധേയമായിരുന്നു. അട്ടിമറി ശ്രമങ്ങള്‍ വിജയിച്ചില്ലെങ്കിലും, രാജ്യത്ത് വര്‍ധിച്ചു വരുന്ന അസംതൃപ്തിയെ സൂചിപ്പിക്കാനായി 2001 ലും 2006 ലും തെരഞ്ഞെടുപ്പുകള്‍ നടത്തി. ചില പിഴവുകളുണ്ടെങ്കിലും പൊതുവെ സ്വാതന്ത്ര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിലൂുടെ അദ്ദേഹം വീണ്ടും അധികാരത്തിലെത്തി. 2011 ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനെ പ്രതിപക്ഷം അപലപിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മനുഷ്യാവകാശ പരാതികള്‍ വര്‍ധിച്ചപ്പോള്‍ ജമ്മെ ചില അന്താരാഷ്ട്ര കൂട്ടായ്മകളില്‍ നിന്നും 2013 ല്‍ കോമണ്‍വെല്‍ത്തില്‍ നിന്നും പിന്മാറി. 2016 ല്‍ കോടതി ഗാംബിയ ഒരു മതേതര രാജ്യമാണെന്ന് പ്രസ്താവിച്ചെങ്കിലും ഗാംബിയയെ ഇസ്ലാമിക് റിപ്പബ്‌ളിക്കായി പ്രസിഡന്റ് യഹ്യ ജമാ പ്രഖ്യാപിച്ചു. മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് കൊളോണിയല്‍ പൈതൃകം അനുവദിക്കില്ലെന്നും മറ്റു മതക്കാര്‍ക്ക് അവരുടെ വിശ്വാസം തുടരാംമെന്നുമാണ് യഹ്യ പറഞ്ഞത്. 2021 ലെ തെരഞ്ഞെടുപ്പില്‍ 22 വര്‍ഷത്തെ ഭരണത്തില്‍ ജമ്മെയ്ക്ക് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തിയത് പുതുതായി ചേര്‍ന്ന പ്രതിപക്ഷമാണ്. ജമ്മെ തെരഞ്ഞെടുപ്പ് ദിവസം ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും അന്താരാഷ്ട്ര കോളുകള്‍ തടയുകയും ചെയ്തു.എന്നാല്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി അദാമ ബാരോയെ പിന്തുണയ്ക്കാന്‍ നിരവധി പ്രതിപക്ഷ ഗ്രൂപ്പുകള്‍ അണിനിരന്നു. മുന്‍ ഭരണകക്ഷി അംഗം മമ്മ കണ്ടെയായിരുന്നു തെരഞ്ഞെടുപ്പിലെ മൂന്നാമത്തെ സ്ഥാനാര്‍ത്ഥി.ഒത്തുതീര്‍പ്പിന്റെ സന്ദേശങ്ങളും ഗോത്ര ബന്ധത്തില്‍ ഐക്യം പ്രോത്സാഹിപ്പിച്ചതുമായിരുന്നു ബാരോയുടെ വിജയത്തിന് തിളക്കം കൂട്ടിയത്. രാജ്യ ഭരണത്തില്‍ കോടതികള്‍ക്കുള്ള പ്രാധാന്യവും, ജനാധിപത്യത്തിലേക്ക് കൃത്യമായ നീതി നിര്‍വഹണം നല്‍കുന്ന പിന്തുണയും ബാരോയുടെ വിജയത്തിന് കാരണങ്ങളായി.

വോട്ട് രേഖപ്പെടുത്താന്‍ പേപ്പര്‍ ബാലറ്റുകള്‍ക്ക് പകരം ഗാംബിയക്കാര്‍ മാര്‍ബിളുകളാണ് ഉപയോഗിക്കുന്നത്. 1965- ലെ സ്വാതന്ത്ര്യ സമയത്ത് നിരക്ഷരതാ നിരക്ക് വളരെ ഉയര്‍ന്നതായിരുന്നതിനാല്‍, ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന സംവിധാനം വോട്ടിങ്ങില്‍ ജനങ്ങളുടെ വലിയ പങ്കാളിത്തം ഉറപ്പിക്കാന്‍ സഹായിച്ചു. ബാലറ്റ് ബോക്‌സുകള്‍ക്ക് പകരം, പോളിംഗ് സ്റ്റേഷനില്‍ ഒരു ലോഹ സിലിണ്ടര്‍ അതിന്റെ മുകളില്‍ ദ്വാരമിട്ട് സ്ഥാപിക്കുന്നതാണ് രീതി. വോട്ടര്‍ക്ക് അതാത് സ്ഥാനാര്‍ത്ഥിയുടെ ചിത്രം പതിച്ച ഡ്രമ്മില്‍ മാര്‍ബിള്‍ നിക്ഷേപിക്കാം. ചതുരാകൃതിയിലുള്ള ട്രേയിലേക്ക് മാര്‍ബിളുകള്‍ അടുക്കി വോട്ടിംഗ് സ്ഥലത്തുതന്നെ എണ്ണലും നടക്കും. ലളിതമായ പ്രക്രിയയായതിനാല്‍ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ വലിയ തിരിമറികള്‍ നടത്താനാകില്ലെന്നതും അദാമ ബാരോയുടെ വിജയത്തിന് മാറ്റേകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.