12 September 2024, Thursday
KSFE Galaxy Chits Banner 2

ആദിത്യ‑എല്‍1 ഇന്ന് ലക്ഷ്യസ്ഥാനത്ത്

Janayugom Webdesk
ബംഗളൂരു
January 6, 2024 8:51 am

ഇന്ത്യയുടെ സൗരദൗത്യം ആദിത്യ‑എല്‍1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഐഎസ്ആര്‍ഒ. വൈകുന്നേരം നാലു മണിയോടെ പേടകം ലാഗ്രാഞ്ച് പോയിന്റ് 1ല്‍ എത്തുമെന്ന് ബഹിരാകാശ ഗവേഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ രണ്ടിനാണ് ആദിത്യ 125 ദിവസത്തെ യാത്ര ആരംഭിച്ചത്. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയാണ് പേടകം എത്തുക. 1,475 കിലോഗ്രാം ഭാരമുള്ള ആദിത്യ ലാഗ്രാഞ്ച് പോയിന്റ് 1ല്‍ നിന്ന് സൂര്യനെ നിരീക്ഷിക്കും.

പേടകം ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയതായി ഐഎസ്ആര്‍ഒ നേരത്തെ അറിയിച്ചിരുന്നു. സൂര്യന്റെ പൂര്‍ണ വൃത്താകൃതിയിലുള്ള അള്‍ട്രാവയലറ്റ് ചിത്രങ്ങളും പേടകം പകര്‍ത്തിയിരുന്നു.

പേടകത്തിലെ സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ് ഉപയോഗിച്ചായിരുന്നു സൂര്യന്റെ 200 മുതല്‍ 400 നാനോമീറ്റര്‍ തരംഗദൈര്‍ഘ്യമുള്ള ആദ്യത്തെ പൂര്‍ണ വൃത്ത ചിത്രങ്ങള്‍ പകര്‍ത്തിയത്. നവംബര്‍ 20നാണ് സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ് പ്രവര്‍ത്തനമാരംഭിച്ചത്. ഡിസംബര്‍ ആറിന് സൗരജ്വാലകളുടെ ഹൈ എനര്‍ജി എക്‌സ്റേ ചിത്രവും പകര്‍ത്തിയിരുന്നു.

സോളാര്‍ വിന്‍ഡ് അയണ്‍ സ്‌പെക്ട്രോമീറ്റര്‍ (സ്വിസ്), ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്പിരിമെന്റ് (അസ്‌പെക്‌സ്) എന്നിവ ഡിസംബര്‍ ആറിന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

സൂര്യനോട് ഏറ്റവും അടുത്തായി കണക്കാക്കപ്പെടുന്ന ഇടമാണ് ലാഗ്രാഞ്ച് പോയിന്റ്. ഗ്രഹണങ്ങളോ മറ്റ് തടസങ്ങളോ ഇല്ലാതെ തുടർച്ചയായി സൂര്യനെ നിരീക്ഷിക്കാൻ ഇവിടെ നിന്നാകും. സൂര്യനെയും അതു മൂലമുള്ള ബഹിരാകാശ കാലാവസ്ഥയുടെ വ്യതിയാനങ്ങളെയും പേടകം വഴി നിരീക്ഷിക്കാൻ കഴിയും. ഏഴ് പേലോഡുകളാണ് സൂര്യനെ നിരീക്ഷിക്കുന്നതിനായി ഉപയോഗിക്കുക.

Eng­lish Sum­ma­ry: Aditya-L1 at des­ti­na­tion today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.