26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 24, 2024
December 23, 2024
December 10, 2024
December 8, 2024
December 3, 2024
November 27, 2024
November 14, 2024
November 14, 2024
October 29, 2024

ജില്ലയിൽ കാർഷിക മുന്നേറ്റം: വിനിയോഗിച്ചത് 340. 44 കോടി രൂപ

Janayugom Webdesk
കോഴിക്കോട്
April 16, 2022 6:58 pm

ജില്ലയിൽ കൃഷിയിൽ മുന്നേറ്റവുമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്. 340. 44 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കാർഷിക വികസനത്തിനായി ചെലവഴിച്ചത്. തെങ്ങ് കൃഷി കൂടുതൽ ആദായകരമാക്കുന്നതിനും ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി നടപ്പാക്കിവരുന്ന കേരഗ്രാമം പദ്ധതി ജില്ലയിൽ 2021–22 വർഷത്തിൽ 26 കൃഷിഭവനുകളിലായാണ് നടപ്പിലാക്കിയത്. ഏകദേശം 6500 ഹെക്ടർ സ്ഥലത്ത് പദ്ധതി പ്രാവർത്തികമാക്കിയപ്പോൾ മടവൂർ, നരിക്കുനി, പുറമേരി, ചങ്ങരോത്ത്, ഒളവണ്ണ, മണിയൂർ, ഉള്ളിയേരി, തുറയൂർ, കൊടിയത്തൂർ, ബേപ്പൂർ, വാണിമേൽ തുടങ്ങിയ 26 പഞ്ചായത്തുകളിലായി 675 ലക്ഷം രൂപയാണ് വിവിധ പദ്ധതികൾക്കായി വിനിയോഗിച്ചത്. 

തെങ്ങിൻ തോട്ടങ്ങളിൽ ലഭ്യമായ ഓലകൾ, ജൈവാവശിഷ്ടങ്ങൾ എന്നിവ ജൈവ വളമാക്കാനുള്ള 73 കമ്പോസ്റ്റ് യൂണിറ്റുകൾ നിർമിച്ചു. നാളികേരോത്പാദനം വർധിപ്പിക്കുന്നതിനായി 716 ജലസേചന പമ്പുസെറ്റുകൾ, തെങ്ങ് കയറ്റ തൊഴിലാളി ദൗർലഭ്യം പരിഹരിക്കുന്നതിനായി 120 തെങ്ങ് കയറ്റ യന്ത്രങ്ങൾ എന്നിവ വിതരണം ചെയ്തു. തെങ്ങിന്റെ വിളവ് വർധിപ്പിക്കുന്നതിനും കർഷകന്റെ വരുമാനം കൂട്ടുന്നതിനുമായി 1125 ഹെക്ടർ സ്ഥലത്ത് ഇടവിളകൃഷി വ്യാപിപ്പിച്ചു. ഉത്പാദനക്ഷമത കുറഞ്ഞതും രോഗം ബാധിച്ചതുമായ 5166 തെങ്ങുകൾ മുറിച്ചു മാറ്റി പകരം തെങ്ങിൻ തൈകൾ വച്ചുപിടിപ്പിച്ചു. 

സുഭിക്ഷ കേരളം പദ്ധതിയിലൂടെ മലബാറിന്റെ നെല്ലറയായ ആവളപ്പാണ്ടി ഉൾപ്പെടുന്ന വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെ 214 ഹെക്ടർ തരിശുനിലം കൃഷിയോഗ്യമാക്കി. സംസ്ഥാനാവിഷ്കൃത പദ്ധതിയോടൊപ്പം ജില്ലാ പഞ്ചായത്തിന്റെ കതിരണി പ്രോജക്ട് കൂടി സംയോജിപ്പിച്ച് 50 ലക്ഷംരൂപയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി. നിരവധി നൂതന കാർഷിക യന്ത്രങ്ങളും ഇതിനായി പ്രയോജനപ്പെടുത്തി. 

തരിശ് ഭൂമിയിൽ കൃഷി ചെയ്യാൻ ഹെക്ടറിന് 40, 000 രൂപ പ്രകാരം 33.94 ഹെക്ടറിന് 13,176 ലക്ഷം രൂപയുടെ സഹായം നൽകി. സുസ്ഥിര നെൽകൃഷി വികസന പദ്ധതിയിലൂടെ ഹെക്ടറിന് 5500 രൂപ പ്രകാരം 113.04 ലക്ഷം രൂപയുടെ ധനസഹായം നേരിട്ട് കർഷകരുടെ കൈകളിലേക്ക് എത്തിച്ചു. വർധിച്ച് വരുന്ന കൂലി ചെലവിനിടയിൽ കർഷകർക്ക് ആശ്വാസം പകരാൻ പ്രാദേശിക സർക്കാറുകളുടെ കൂലിച്ചെലവ് സബ്സിഡി. ഹെക്ടറിന് 17000 രൂപ വീതം 2.465 കോടി രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകി. 

കരനെൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 170. 34 ലക്ഷം രൂപയുടെ പദ്ധതിയിലൂടെ 125.25 ഹെക്ടറിൽ നെൽകൃഷി വ്യാപനം. കൈപ്പാട് നെൽകൃഷി 4.5 ഹെക്ടറിൽ നടപ്പിലാക്കാൻ മൂന്ന് ലക്ഷം രൂപയുടെ പ്രത്യേക പദ്ധതിയും നടപ്പിലാക്കി.
പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് പച്ചക്കറി കൃഷി വികസന പദ്ധതി. 14 ലക്ഷം ഗുണഭോക്താക്കളെ ഉൾപ്പെടുത്തി 4785 ഹെക്ടർ സ്ഥലത്ത് പച്ചക്കറി കൃഷി വ്യാപിക്കാനും 54542 മെട്രിക്ക് ടൺ പച്ചക്കറി ഉത്പാദിപ്പിക്കാനും വകുപ്പിന് സാധിച്ചു. 

ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയിൽ 3.5 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും 15.3 ലക്ഷം പച്ചക്കറി തൈകളും ജില്ലയിൽ സൗജന്യമായി വിതരണം ചെയ്തു. പുരയിടങ്ങളിൽ പച്ചക്കറി കൃഷി പദ്ധതി പ്രകാരം ജില്ലയിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും 4.6 ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്തു. 

1.3 കോടി രൂപ ചെലവഴിച്ച് ഏകദേശം 36.65 മെട്രിക് ടൺ പച്ചക്കറി അധികമായി ഉത്പാദിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. 80 ശതമാനം സബ്സിഡിയിൽ 1.8 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകൾ വിതരണം ചെയ്തു. സ്ഥാപനങ്ങളിൽ പച്ചക്കറി കൃഷി പദ്ധതിയിൽ സ്കൂളുകൾ, പൊതു സ്ഥാപനങ്ങൾ, കോളേജുകൾ എന്നിവിടങ്ങളിൽ പച്ചക്കറി കൃഷി ചെയ്യുന്നതിന് 4000 വീതം ധനസഹായം നൽകി. ജില്ലയിലാകെ 193 സ്ഥാപനങ്ങൾക്കായി 77 ലക്ഷം രൂപ ചെലവഴിച്ചു. ഏകദേശം 7.7 സ്ഥലത്ത് പച്ചക്കറി കൃഷി നടത്തി 123.5 ടൺ പച്ചക്കറി ഉത്പാദിപ്പിച്ചു. കൃഷി നാടൊന്നാകെ വ്യാപിപ്പിക്കുന്നതിനായി കാർഷിക ഉപകരണങ്ങളും ഉത്പന്നങ്ങളും സബ്സിഡി നിരക്കിൽ വകുപ്പ് നൽകിവരുന്നു.

Eng­lish Summary:Agricultural Advance­ment in the Dis­trict: 340. 44 crore was spent
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.