22 June 2024, Saturday

Related news

May 28, 2024
March 23, 2024
March 21, 2024
March 17, 2024
January 15, 2024
December 26, 2023
November 27, 2023
November 24, 2023
November 5, 2023
June 4, 2023

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എഐ വെല്ലുവിളി

എഐ പ്രചാരണത്തിന് ചെലവാക്കിയത് അഞ്ച് കോടി ഡോളര്‍ 
Janayugom Webdesk
ന്യൂഡല്‍ഹി
May 28, 2024 10:13 pm

പൊതുതെരഞ്ഞെടുപ്പ് മാമങ്കത്തിന്റെ പ്രധാന വെല്ലുവിളിയും ആകര്‍ഷണവും എഐ നിര്‍മ്മിത ഡീപ് ഫേക്ക് വീഡിയോകളും ചിത്രങ്ങളുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായും എതിരാളികളെ മലര്‍ത്തിയടിക്കാനും നിര്‍മ്മിത ബുദ്ധി (എഐ) വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എഐ ഉപയോഗിച്ച് ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നതിന് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ 50 ദശലക്ഷം ഡോളര്‍ വരെ ഇക്കൊല്ലം ചെലവഴിക്കാന്‍ തയ്യാറായതായി റെസ്റ്റ് ഓഫ് വേള്‍ഡ് എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ പറയുന്നു. പ്രചരണത്തില്‍ എഐ നിര്‍ണായക ശക്തിയായി മാറി എന്ന് അടിവരയിടുന്നതാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ്.
വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഫോണ്‍ കോളുകള്‍ എഐ ഉപയോഗിച്ച് സൃഷ്ടിക്കുന്ന സാങ്കേതികവിദ്യയില്‍ പല രാഷ്ട്രീയ നേതാക്കളും പണം മുടക്കി. എഐ അവരുടെ പ്രസംഗങ്ങള്‍ മറ്റ് പല ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യുന്നതിനും സഹായിക്കുന്നു. ഇതെല്ലാം ആധികാരികമാണെന്ന് വോട്ടര്‍മാര്‍ വിശ്വസിക്കുകയും ചെയ്യും. 

എഐ ഉപയോഗിച്ച് സൃഷ്ടിക്കുന്ന വീഡിയോകളും മറ്റും വാട്സാപ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ദേശീയ നേതാക്കള്‍ മുതല്‍ പ്രാദേശിക നേതാക്കളുടെ വരെ വോട്ടഭ്യര്‍ത്ഥിച്ചുള്ള വീഡിയോ കോളുകള്‍ എഐയുടെ സഹായത്തോടെ വോട്ടര്‍മാരെ തേടിയെത്തി. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ പരിഹസിച്ചുകൊണ്ടുള്ള ഡീപ് ഫേക്ക് മീംസ് ഓണ്‍ലൈനില്‍ കണ്ട് ആളുകള്‍ അന്തംവിട്ടു.
രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ ആദ്യമായി എഐ ഉപയോഗിച്ചത് ബിജെപിയാണ്. 2020ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് മനോജ് തിവാരി ഇംഗ്ലീഷിലും ഹരിയാന്‍വിയിലും മനോഹരമായി സംസാരിക്കുന്ന വീഡിയോയായിരുന്നു അത്. അദ്ദേഹത്തിന് ഈ രണ്ട് ഭാഷകളും നന്നായി സംസാരിക്കാനറിയില്ലായിരുന്നു. പിന്നീട് രാജ്യത്ത് നടന്ന പല തെരഞ്ഞെടുപ്പുകളിലും എഐ ടൂളുകള്‍ ഉപയോഗിച്ച് പ്രചരണം നടന്നെങ്കിലും ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേത് പോലെ വ്യാപകമായിരുന്നില്ല. സാധാരണ സ്ത്രീകളെ അധിക്ഷേപിക്കാനും ഭീഷണിപ്പെടുത്താനുമായിരുന്നു വ്യാജ വീഡിയോകള്‍ ഉപയോഗിച്ചിരുന്നത്. സാങ്കേതികവിദ്യ വളരുകയും എല്ലാവര്‍ക്കും കൈകാര്യം ചെയ്യാവുന്ന സാഹചര്യമുണ്ടാവുകയും ചെയ്തതോടെ കാര്യങ്ങള്‍ മാറുകയായിരുന്നു.

വോട്ടര്‍മാരുമായി നേരിട്ട് സംവദിക്കാനും ആക്ഷേപഹാസ്യത്തിനുമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ എഐ ടൂളുകളെ ആശ്രയിക്കുന്നത്. എതിരാളികളുടെ പഴയ പ്രസംഗത്തിന്റെയോ, പത്രസമ്മേളനങ്ങളുടെയോ ക്ലിപ്പുകള്‍ തപ്പിയെടുത്ത് വിവാദമാകാവുന്ന ഭാഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതായിരുന്നു മുമ്പത്തെ പ്രധാന ആയുധം. എഐ വന്നതോടെ ഇതൊക്കെ പഴങ്കഥയായി. തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് എഐ ഉപയോഗിച്ച് മീമും മറ്റും എളുപ്പത്തില്‍ സൃഷ്ടിക്കാനാകും. രാഷ്ട്രീയക്കാരുടെ നൃത്തം, മീമുകള്‍, പാരഡി റീലുകള്‍, ശബ്ദസന്ദേശം തുടങ്ങിയ നിരവധി കാര്യങ്ങള്‍ എഐ ഉപയോഗിച്ച് പടച്ചുവിടുന്നതാണ് പുതിയ ട്രെന്‍ഡ്. ഇന്ത്യ സഖ്യം മുസ്ലിം പ്രീണനം നടത്തുന്നെന്ന വ്യാജ പ്രചരണം ഇത്തരത്തില്‍ നിര്‍മ്മിച്ചതാണ്. ഇത്തരം വ്യാജ വീഡിയോ, മീം, റീലുകള്‍ തുടങ്ങിയവ തമാശയായോ, പാരഡിയായോ തോന്നുമെങ്കിലും തെരഞ്ഞെടുപ്പ് സംബന്ധിച്ച ആഖ്യാനം രൂപപ്പെടുത്തുന്നതിനും നേതൃത്വത്തെയും പാര്‍ട്ടികളെയും കുറിച്ചുള്ള അഭിപ്രായം രൂപീകരിക്കുന്നതിനും സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു.
രാഷ്ട്രീയ പാര്‍ട്ടികളുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലും മറ്റുള്ളവര്‍ കൈകാര്യം ചെയ്യുന്ന പേജുകളിലും വലിയ മുതല്‍മുടക്കില്ലാത്തതും എഐ ടൂളുകൊണ്ട് എളുപ്പത്തില്‍ സൃഷ്ടിക്കാവുന്നതുമായ ഉള്ളടക്കങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പ്രോഗ്രാമിക് വൈദഗ്ധ്യം ആവശ്യമില്ലാത്തതിനാല്‍ അത്യാവശ്യം കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ഉള്ളടക്കം സൃഷ്ടിക്കാനാകും. അയോധ്യയിലെ ശ്രീരാമക്ഷേത്ര ഉദ്ഘാടനത്തോട് അനുബന്ധിച്ച് ലോകനേതാക്കളില്‍ പലരും ജയ് ശ്രീറാം വിളിക്കുന്ന വീഡിയോ ഇത്തരത്തില്‍ നിര്‍മ്മിച്ചതായിരുന്നു.

Eng­lish Summary:AI Chal­lenge in Lok Sab­ha Elections
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.