21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024
December 3, 2024

സൈബറിടത്തിൽ കൂട്ടത്തല്ല് : വേണുഗോപാലിനെതിരെ പ്രചാരണം ശക്തമാക്കി എഐ ഗ്രൂപ്പുകള്‍

ആർ ഗോപകുമാർ
കൊച്ചി
December 7, 2021 8:47 pm

ഞങ്ങൾ ഒറ്റക്കെട്ടാണെന്ന് എ,ഐ ഗ്രൂപ്പുകളെ ട്രോളിയ കെ സി വേണുഗോപാലിനെതിരെ സൈബർ ആക്രമണം ശക്തമാക്കി ഗ്രൂപ്പുകൾ. എ, ഐ ഗ്രൂപ്പുകളോട് ഉള്ള പരിഹാസമായേ കെ സി വേണുഗോപാലിന്റെ പ്രസ്താവനയെ കാണാൻ കഴിയൂവെന്നാണ് ഗ്രൂപ്പ് മാനേജർമാരുടെ നിലപാട്. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടാണെന്നും, മുതിർന്ന എല്ലാ നേതാക്കളുമായും കൂടിയാലോചിച്ചാണ് തീരുമാനം എടുക്കുന്നതെന്നുമാണ് കെ സി വേണുഗോപാൽ വ്യക്തമാക്കിയത്.

ഉമ്മൻചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി, വി എം സുധീരൻ എന്നിവരാണ് നിലവിൽ കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസ് മുതിർന്ന നേതാക്കൾ. ഇവരാരും പുതിയ നേതൃത്വത്തിന്റെ നീക്കങ്ങളെ അംഗീകരിക്കുന്നില്ല. ഇവരുമായി സുപ്രധാന കാര്യങ്ങളൊന്നും ആലോചിക്കാറുമില്ല. ഇവര്‍ ഹൈക്കമാൻഡിന് മുന്നിൽ പരാതി ഉന്നയിച്ചിട്ടുമുണ്ട്. ഒന്നോ രണ്ടോ നേതാക്കൾ വിചാരിച്ചാൽ പാർട്ടിയുടെ വളർച്ച തടയാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ ആഞ്ഞടിച്ചത്. ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും വകവയ്ക്കേണ്ടെന്ന കെ സുധാകരൻ ‑വി ഡി സതീശൻ കൂട്ടുകെട്ടിന്റെ തീരുമാനത്തിനെ പിന്തുണയ്ക്കുന്നയാളാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍.

രാഹുല്‍ഗാന്ധിയെ കബളിപ്പിച്ച് വേണുഗോപാല്‍ പാർട്ടിയുടെ ഉന്നത സ്ഥാനത്ത് എത്തിയ നാള്‍മുതൽ തുടങ്ങിയതാണ് ഈ പാർട്ടിയുടെ കണ്ടകശനിയെന്ന മട്ടിലാണ് ട്രോളുകള്‍. പ്രവർത്തകരിൽ ഒരാളുടെ പോലും പിന്തുണ ഇല്ലാതിരുന്ന താങ്കൾ കേരളത്തിലെ ചില നേതാക്കന്മാരെ വരുതിയിലാക്കി കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ഒരാൾ ചെയ്യുന്നത് പോലെ എല്ലാം ഞാനാണെന്ന് വരുത്തിതീർത്ത് ഈ പ്രസ്ഥാനത്തെ പോക്കറ്റിലിട്ട് മുന്നോട്ട് പോകാം എന്ന് വിചാരിച്ചാൽ നടക്കില്ല ചങ്ങായി എന്ന് തുടരുന്നു ട്രോള്‍. ഇതിനിടെ യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരായി യൂത്തു കോൺഗ്രസിലെ ഒരു വിഭാഗം വിദേശത്തു അപവാദ പ്രചാരണം നടത്തുന്നതായി ഹൈക്കമാൻഡിന് പരാതി ലഭിച്ചിട്ടുണ്ട്.

സംഘടനാ തെരഞ്ഞെടുപ്പിനായി പണപ്പിരിവടക്കം തുടങ്ങിയ ഗ്രൂപ്പുകൾക്ക് സൈബർ തലത്തിലെ ബലാബലം നിർണായകമാണ്. മുന്നണിയിൽ ഒരു തീരുമാനം എടുക്കണമെങ്കിൽ ഗ്രൂപ്പ് നേതാക്കന്മാർ അറിഞ്ഞില്ലെങ്കിൽ സംഗതി നടപ്പാക്കാത്ത അവസ്ഥയാണ്. മുൻപ് യോഗങ്ങളിൽ നിന്നും പല തവണ മുതിർന്ന നേതാക്കമാർ വിട്ടു നിന്നിരുന്നു. അതിലൂടെ അവർ സംസ്ഥാന നേതൃത്വത്തോടുമുള്ള അതൃപ്തി അറിയിക്കുകയും ചെയ്തു. ഒപ്പം ഘടക കക്ഷികൾ അവരുടെ അതൃപ്തിയും പ്രകടമാക്കുകയും ചെയ്യുന്നുണ്ട്.

അതിനിടെ, ബദൽ പരിപാടികളുമായി മുന്നോട്ടു പോകാനാണ് ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നീക്കം. പുതിയ നേതൃത്വം സ്ഥാനമേറ്റശേഷം ആലപ്പുഴയിൽ രണ്ടുവിഭാഗവും കെഎസ്‌യു ക്യാമ്പ് നടത്തി. ചെന്നിത്തലയുടെ നേതൃത്വത്തിൽ ഹരിപ്പാടായിരുന്നു ‘വിമത ക്യാമ്പ്’ സംഘടിപ്പിച്ചത്. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന സി ആർ ജയപ്രകാശിന്റെ ഒന്നാം ചരമവാർഷിക പരിപാടികൾക്ക് ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഒന്നിച്ച് എത്തി നേതൃത്വം നൽകിയതും ഔദ്യോഗിക നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ഔദ്യോഗിക അനുമതിയില്ലാതെ പരിപാടി സംഘടിപ്പിക്കരുതെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുന്നറിയിപ്പിനെ വെല്ലുവിളിച്ചാണ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പദയാത്രയും സംഘടിപ്പിച്ചത്.

Eng­lish Sum­ma­ry: AI groups inten­si­fy cam­paign against Venugopal

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.