ബാലുശ്ശേരി കിനാലൂരിലെ നിർദിഷ്ട ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) പദ്ധതിയുടെ അന്തിമ സാമൂഹിക ആഘാത പഠന റിപ്പോർട്ട് ജില്ലാ കലക്ടർക്ക് സമർപ്പിച്ചതോടെ നടപടികൾ സജീവമാകുന്നു. കണ്ണൂർ ഇരിട്ടിയിലെ ഡോൺ ബോസ്കോ ആർട്സ് ആന്റ് സയൻസ് കോളെജാണ് സാമൂഹിക ആഘാത പഠനം നടത്തിയത്. പഠന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് പഠിക്കാനും പ്രദേശവാസികളുടെ ആവശ്യങ്ങളും പരാതികളും പരിശോധിക്കാനും കലക്ടർ വിദഗ്ദ സമിതിയെ നിയോഗിക്കും. ഈ സമിതി നിർദ്ദേശങ്ങളുടെ പട്ടിക സഹിതമുള്ള റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിക്ക് വേണ്ടിയുള്ള ബാക്കി സ്ഥലമേറ്റെടുപ്പ് ആരംഭിക്കുക. സർക്കാർ കൈമാറിയ 200 ഏക്കറിന് പുറമെ 40. 68 ഹെക്ടർ സ്വകാര്യ ഭൂമി കൂടി ഏറ്റെടുക്കും. സ്ഥലമേറ്റെടുപ്പിനുള്ള അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്ന ജോലികൾ ഉടൻ ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കിനാലൂർ, കാന്തലാട് വില്ലേജുകളിലായുള്ള 175 കുടുംബങ്ങളുടെ കൈവശമുള്ള ഭൂമിയാണ് ഏറ്റെടുക്കുക. ഇതിനായി മതിയായ നഷ്ടപരിഹാരം നൽകും. ഇതിന് മുന്നോടിയായാണ് സാമൂഹിക ആഘാത പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 80 വീടുകൾ പൂർണ്ണമായും പൊളിക്കേണ്ടിവരുമന്ന് റിപ്പോർട്ടിൽ പറയുന്നു. ഏഴ് കെട്ടിടങ്ങളും 96 കിണറുകളും മൂന്ന് പൈപ്പ് ലൈനുകളും മൂന്ന് കുളങ്ങളും മദ്രസ ഹാളും ഗുളികൻ തറയും കാറ്റാടിപ്പുഴയും ഏറ്റെടുക്കേണ്ട ഭൂമിയിലുണ്ട്. മൊത്തം 114 കുടിവെള്ള സ്രോതസ്സുകൾ, രണ്ട് തോടുകൾ, കാറ്റാടി പുഴ എന്നിവയെ പദ്ധതി ബാധിക്കും. 193 കുടുംബങ്ങളിലെ 933 പേരെ ഭൂമി ഏറ്റെടുക്കൽ ബാധിക്കും. ഇരുപത്തിയെട്ട് കുടുംബങ്ങൾക്ക് നേരിട്ടോ അല്ലാതെയോ ഉപജീവനമാർഗം നഷ്ടപ്പെടും. മലനിരകളുടെ താഴ്വാര പ്രദേശവും പുഴയും ചേരുന്ന പ്രദേശം ആയതിനാൽ ആവാസ വ്യവസ്ഥയെ ബാധിക്കാത്ത വിധം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകോത്തര നിലവാരത്തിലുള്ള സ്ഥാപനം വരുന്നത് പ്രദേശത്താകെയും സമഗ്ര വികസനത്തിന് വഴിതെളിക്കും. എയിംസിലും അനുബന്ധ സ്ഥാപനങ്ങളുമായി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കാസർക്കോടും എയിംസിനായി ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും കിനാലൂർ പ്രദേശവാസികൾ പൂർണ്ണമായും പദ്ധതിക്ക് അനുകൂലമായ നിലപാടിലാണ്. രൂക്ഷമായ ആഘാതം ഇല്ലാത്തതിനാൽ നിർദ്ദേശിച്ചിരിക്കുന്ന സ്ഥലമാണ് ഏറ്റവും അനുയോജ്യമെന്നും റിപ്പോർട്ടിലുണ്ട്.
എത്രയും വേഗം ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണമെന്ന നിലപാടിലാണ് പ്രദേശവാസികൾ. നഷ്ടപരിഹാരം മാത്രം പോരെന്നും ഭാവിയിൽ പ്രദേശത്തുണ്ടാകുന്ന വളർച്ച കൂടി പരിഗണിച്ച് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. ഭൂമി ഏറ്റെടുക്കൽ പ്രദേശത്തിന്റെയം ജില്ലയുടെയും പുരോഗതിക്ക് ആവശ്യമായതിനാൽ സാമൂഹ്യ വശങ്ങളും പാരിസ്ഥിതിക വശങ്ങളും കോർത്തിണക്കിന് ആഘാത ലഘൂകരണ നിർദ്ദേശങ്ങളും പാലിച്ച് പദ്ധതി ആവിഷ്ക്കരിക്കണമെന്ന് പഠന സംഘം അഭിപ്രായപ്പെടുന്നു.
സ്ഥല ലഭ്യതയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പരിഗണിച്ചാണ് സംസ്ഥാന സർക്കാർ കിനാലൂരിന് പ്രഥമ പരിഗണന നൽകിയത്. കോഴിക്കോട് നഗരത്തിൽനിന്ന് 31 കിലോമീറ്ററും, നിർദിഷ്ട മലയോര ഹൈവേയിൽ നിന്ന് എട്ടര കിലോമീറ്ററുമാണ് കിനാലൂരിലേക്കുള്ളത്. എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉള്ള പ്രദേശം എന്ന നിലയിലാണ് സർക്കാർ പദ്ധതിക്കായി കിനാലൂരിനെ പരിഗണിക്കുന്നത്.
English Summary: AIIMS: Based on the report of the expert committee, the site acquisition will begin
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.