September 29, 2023 Friday

വിമാന കമ്പനികളുടെ നിരക്ക് കൊള്ള: യാത്ര കപ്പൽ സർവീസിന് അനുമതി നൽകണമെന്ന് മലബാർ ഡവലപ്മെന്റ് കൗൺസിൽ

Janayugom Webdesk
കോഴിക്കോട്
March 25, 2023 9:22 pm

സീസൺ കാലത്ത് അടിക്കടി വർധിപ്പിക്കുന്ന വിമാന ടിക്കറ്റ് നിരക്ക് വിദേശയാത്രികരെ വലയ്ക്കുന്ന സാഹചര്യത്തിൽ യാത്രാ കപ്പൽ സർവീസിന് കൂടുതൽ ഊന്നൽ നൽകണമെന്ന് മലബാർ ഡവലപ്മെന്റ് കൗൺസിൽ അധികൃതരോട് ആവശ്യപ്പെട്ടു. കേരളത്തിലെ എമിഗ്രേഷനും പാസഞ്ചർ ടെർമിനലുകളുള്ള ബേപ്പൂർ — കൊച്ചി തുറമുഖങ്ങൾ ബർദുബായിൽ അതെ സൗകര്യങ്ങളുള്ള മിന റാഷിദ് തുറമുഖവുമായി ബന്ധിപ്പിച്ച് യാത്ര കപ്പൽ സർവീസ് ആരംഭിക്കാനുള്ള പദ്ധതി ഏറെ പ്രതീക്ഷ നൽകുന്നതാണ്. കപ്പൽ സർവീസിന് മുന്നോടിയായി ദുബായിലെയും ഗോവയിലെയും പ്രമുഖ കപ്പൽ കമ്പനികൾ പ്രാഥമിക പഠനം നടത്തി അനുമതിക്കായി കേരള സർക്കാറിനെയും ബന്ധപ്പെട്ടവരെയും സമീപിച്ചിട്ടുണ്ട്. 

മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രതിനിധികൾ ഉൾപ്പെടെ തുറമുഖ വകുപ്പ് മന്ത്രിയും പോർട്ട് ഓഫീസറും കപ്പൽ കമ്പനികളുമായി ഇക്കാര്യത്തിൽ വർഷങ്ങൾക്കു മുമ്പ് ചർച്ച നടത്തിയതുമാണ്. എത്രയും വേഗം കപ്പൽ സർവീസ് നടത്താൻ സന്നദ്ധത അറിയിച്ച കമ്പനിയുടെ ഇടപെടലും യാത്രക്കാർക്ക് പ്രതീക്ഷയേകുന്നു. കമ്പനിക്ക് കപ്പൽ സർവീസ് ആരംഭിക്കാൻ എത്രയും വേഗം അനുമതി നൽകി വിമാന കമ്പനികളുടെ ചൂഷണതിനു അറുതി വരുത്തി യാത്രക്കാർക്കും പ്രവാസികൾക്കും ആശ്വാസം നൽകാൻ സർക്കാറും നോർക്കയും തയ്യാറാകണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ ആവശ്യപ്പെട്ടു.

റംസാൻ മാസം ആരംഭിച്ചതോടെ വിമാന ടിക്കറ്റ് നിരക്ക് പതിന്മടങ്ങ് വർധിച്ചു. വിശുദ്ധ റംസാനൊപ്പം യുഎഇയിലെ സ്കൂൾ അവധിക്കാലവും തുടങ്ങുന്നതോടെ ടിക്കറ്റ് നിരക്ക് വാണം പോലെ കുതിക്കുമെന്ന് വ്യക്തം. യുഎഇ‑കേരള സെക്ടറിൽ എയർ ഇന്ത്യ വിമാനങ്ങൾ പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ആക്കുന്നതോടെ സീറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവും ടിക്കറ്റ് നിരക്ക് വർധനയ്ക്ക് കാരണമാകുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിൽ യുഎഇയിൽനിന്ന് കൊച്ചിയിലേക്ക് ശരാശരി 300 മുതൽ 320 ദിർഹം ഇപ്പോൾ 650 ദിർഹത്തിനു മുകളിലാണ്. കരിപ്പൂരിലേക്ക് 700 ദിർഹത്തിനും മുകളിലാണ് വിമാന ടിക്കറ്റ് യാത്രാ നിരക്ക്. 

കുടുംബ സമേതം നാട്ടിലേക്കുള്ള യാത്രക്ക് ഭീമമായ തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. തിരിച്ച് യു. എ. ഇ. യിലേക്ക് ഇതിലും വലിയ നിരക്കാണ് ഈടാക്കുന്നത്. കൊച്ചി ദുബൈ കഴിഞ്ഞ മാസം 10, 000 രൂപയ്ക്ക് ടിക്കറ്റ് ലഭിച്ചിരുന്നു. ഈ മാസം വൺവേക്ക് 30, 000 രൂപയ്ക്ക് മുകളിലാണ്. അതേ സമയം അബൂദാബി, റാസൽഖൈമ, ഷാർജ എയർപോർട്ടുകളിലൂടെയാണെങ്കിൽ ദുബൈയെക്കാളും നേരിയകുറവുണ്ട്. ഏകദേശം 15 മുതൽ 20 മണിക്കൂർ വരെ സമയം എടുത്ത് യുഎഇയിലെത്തുന്ന കണക്ഷൻ ഫ്ളൈറ്റുകളെ ആശ്രയിക്കുകയാണ് പല പ്രവാസികളും. ഈ സാഹചര്യത്തിൽ കപ്പൽ സർവീസ് ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും അധികൃതർ ഇക്കാര്യത്തിൽ കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്നും മലബാർ ഡവലപ്മെന്റ് കൗൺസിൽ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry; Air­line com­pa­nies fare extor­tion: Mal­abar Devel­op­ment Coun­cil to allow Yatra fer­ry service
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.