16 April 2024, Tuesday

Related news

March 5, 2024
February 29, 2024
February 27, 2024
February 22, 2024
March 6, 2023
October 6, 2022
June 5, 2022
May 7, 2022
April 21, 2022

ആലങ്കോട്‌ എന്ന സാംസ്‌കാരിക ചിഹ്നം

മണമ്പൂര്‍ രാജന്‍ബാബു
March 5, 2024 4:15 am

കേരളത്തിലെ ഏറ്റവും അധികം തിരക്കുള്ള പ്രഭാഷകരില്‍ പ്രമുഖ സ്ഥാനമുള്ള സാഹിത്യകാരന്റെ പേര്‌ ആലങ്കോട്‌ ലീലാകൃഷ്ണന്‍ എന്നാണ്‌. കേരളത്തിന്‌ അകത്തും, പുറത്തും, വിദേശ രാജ്യങ്ങളിലും നിരന്തരം പ്രസംഗിച്ച്‌ ജനഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠയാര്‍ജിച്ച കവിയാരെന്നതിന്‌ മറുപടിയും ആലങ്കോട്‌ ലീലാകൃഷ്ണന്‍ എന്നും തന്നെ. ഒരേ ദിവസം നാലും, അഞ്ചും വേദികളില്‍ ഊര്‍ജസ്വലതയോടെ ഹൃദയാവര്‍ജകമായി സംസാരിക്കാന്‍ മടി കാട്ടാത്ത പ്രസംഗകന്‍ ആരെന്നതിന്‌ മറുപടിയും ആലങ്കോട്‌ എന്നാണ്‌. വായില്‍ വിരലിട്ടാല്‍ കടിക്കാത്ത സൗമ്യരില്‍ സൗമ്യനായ ആലങ്കോട്‌ ലീലാകൃഷ്ണന്‌ ഒരിടത്തും ശത്രുക്കള്‍ ഇല്ല. എത്ര ഗഹനമായ ആശയവും രസരമായി, സരളമായി അവതരിപ്പിച്ച്‌ അനുവാചകരെ ചേര്‍ത്തു പിടിക്കാനുള്ള ആര്‍ജ്ജവം അദ്ദേഹത്തിന്‌ സ്വതസ്സിദ്ധം. ഒരാളേയും നിന്ദിക്കില്ല, പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. സാഹിത്യത്തിലും, ചരിത്രത്തിലും, പുരാണങ്ങളിലുമെല്ലാം അവഗാഹമുള്ളതിനാല്‍ ചരിത്രത്തിന്റേയും, പുരാണങ്ങളുടേയും അന്ത:സത്ത വെടിഞ്ഞ്‌, ചില താല്‍ക്കാലിക ഭൗതിക ലാഭങ്ങള്‍ക്കായി അസത്യം പ്രചരിപ്പിക്കുന്നത്‌ നിശ്ശബ്‌ദം കേട്ടിരിക്കാന്‍ അദ്ദേഹത്തിനാവില്ല. ജനങ്ങള്‍ അറിയേണ്ട സത്യം വെളിവാക്കാതിരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല.


ഇതുകൂടി വായിക്കൂ: ബിജെപി വിലയ്ക്ക് വാങ്ങുന്ന ജനാധിപത്യം


ജനാധിപത്യ ഇന്ത്യയെ ഒരു മതരാഷ്‌ട്രമാക്കാന്‍ മനപ്പായസമുണ്ണുന്ന ചില അവിവേകികള്‍ ആലങ്കോടിനെതിരെ വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിച്ച്‌ സായൂജ്യമടയുന്നത്‌, അദ്ദേഹം യാഥാര്‍ത്ഥ്യങ്ങള്‍ യഥാര്‍ത്ഥമായി ജന മനസുകളില്‍ പകരുന്നതു കൊണ്ടാണ്‌. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്‌ ജനഹൃദയങ്ങളിലുള്ള സ്ഥിര പ്രതിഷ്‌ഠ, മേല്‍ സൂചിപ്പിച്ച അവിവേകികള്‍ക്ക്‌ നന്നായറിയാം. സത്യത്തിനു നേരെ കണ്ണടയ്ക്കുന്നവര്‍ നട്ടു വളര്‍ത്തുന്ന നുണ മരങ്ങള്‍ക്ക്‌ ആയുസ്സില്ലെന്ന്‌ കാലം അവരെ പഠിപ്പിക്കട്ടെ. ‘യുവ കലാ സാഹിതി’യുടെ സംസ്ഥാന അധ്യക്ഷനായും, കേരള സാഹിത്യ അക്കാദമിയുടെ നിര്‍വാഹക സമിതിയംഗമായും, തുഞ്ചന്‍ സ്‌മാരക ട്രസ്റ്റംഗമായുമൊക്കെ അദ്ദേഹം പ്രവര്‍ത്തിക്കുന്നതിന്റെ നേട്ടം സമൂഹത്തിനാണ്‌. തുഞ്ചന്‍ സ്മാരക ട്രസ്റ്റ്‌ ചെയര്‍മാനും, വിഖ്യാത എഴുത്തുകാരനുമായ ഡോ. എംടി വാസുദേവന്‍ നായരുടെ അനുജന്മാരോ, അനുചരന്മാരോ ആയി തുഞ്ചന്‍പറമ്പില്‍ ഞങ്ങള്‍ മൂവര്‍ — ആലങ്കോട്‌, പി കെ ഗോപി, ഞാന്‍ — പ്രവര്‍ത്തിക്കുന്നത്‌ ഒരേ ഒരു പ്രതിഫലം മോഹിച്ചാണ്, കവിത തോന്നുന്ന മനസ് നിലനില്‍ക്കാനുള്ള ഭാഷാ പിതാവിന്റെ അനുഗ്രഹം മാത്രം. ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ ഒരു സാംസ്‌കാരി ചിഹ്നമാണ്‌ . തൊഴുതവനും, തൊഴിച്ചവനുമെല്ലാം ആ ചിഹ്ന ദീപ്‌തിയില്‍ പ്രകാശിക്കുകയേ ഉള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.