ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക തൊഴിൽ ദാന പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിക്ക് കേന്ദ്ര ബജറ്റിൽ കടുത്ത അവഗണന. മോഡി സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും കുറഞ്ഞ വിഹിതമാണ് ഇത്തവണ തൊഴിലുറപ്പിനായി മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ 89,400 കോടിരൂപയായിരുന്നത് 60,000 കോടിയായാണ് വെട്ടിക്കുറച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ അത്രയും തൊഴിലാളികൾക്ക് 100 ദിവസം തൊഴിൽ നൽകണമെങ്കിൽ ചുരുങ്ങിയത് 2.72 ലക്ഷം കോടി രൂപയെങ്കിലും വേണ്ടിവരും. ആവശ്യമുള്ളതിന്റെ നാലിലൊന്നിൽ താഴെയായി വിഹിതം കേന്ദ്രസർക്കാർ വെട്ടിച്ചുരുക്കിയത് ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. ഘട്ടം ഘട്ടമായി വിഹിതം വെട്ടികുറക്കുന്നത് പദ്ധതിയെ ഇല്ലാതാക്കാനാണെന്ന ആക്ഷേപവും ശക്തമാണ്. 2021–22 സാമ്പത്തിക വർഷം 98,467.85 കോടി രൂപയാണ് ചെലവിട്ടത്. ഏറ്റവും കാര്യക്ഷമമായി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമായ കേരളത്തിലാണ് കേന്ദ്ര നയം മൂലം പ്രതിസന്ധി രൂക്ഷമാകുക.
ബിജെപി സർക്കാർ അധികാരത്തിൽ വന്നത് മുതൽ ഈ പദ്ധതിയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ സജീവമായിരുന്നു. ഒരു പഞ്ചായത്തിൽ ഒരേ സമയം 20 പ്രവൃത്തിയേ പാടുള്ളൂവെന്ന് കേന്ദ്ര സർക്കാർ നയം കേരളത്തിൽ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. പദ്ധതിയിൽ തൊഴിലിന് സന്നദ്ധരായ 18 ലക്ഷത്തോളം ജനങ്ങളാണ് കേരളത്തിലുള്ളത്. എന്നാൽ സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടൽ മൂലം കേരളത്തിൽ മാത്രം അൻപത് പ്രവൃത്തികൾ അനുവദിച്ച് കേന്ദ്ര ഗ്രാമവികസനമന്ത്രാലയം പിന്നീട് നിലപാട് തിരുത്തി.
തൊഴിലുറപ്പ് പദ്ധതിയുടെ ആയുധ വാടക ഒഴിവാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ 2022 ൽ ഉത്തരവിറക്കിയിരുന്നു. ഇതിലൂടെ പ്രതിദിനം 128 കോടി രൂപയോളം ലാഭമുണ്ടായി. നൂറ് ദിവസത്തെ തൊഴിലെന്ന പ്രഖ്യാപനം അട്ടിമറിക്കാന്‍ കേന്ദ്ര സർക്കാർ ശക്തമായ ഇടപെടലുകളും നടത്തുന്നുണ്ട്. കേരളം ഒഴികെയുള്ള മറ്റുപല സംസ്ഥാനങ്ങളിലും പദ്ധതിയുടെ ഫണ്ട് വകമാറ്റവും വേതനം നൽകാതിരിക്കലും പതിവാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം വിവിധ സംസ്ഥാനങ്ങളിലായി അഞ്ച് ലക്ഷത്തോളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഏറ്റവും കൂടുതൽ കേസുകൾ കണ്ടെത്തിയത് ആന്ധ്രാപ്രദേശിലായിരുന്നു.
ന്യൂഡല്‍ഹി: റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി രൂപ മൂലധനവിഹിതം നല്‍കുമെന്നും ഇത് 2014 സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഒമ്പത് ഇരട്ടിയാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കോച്ചുകള്‍ നവീകരിക്കുമെന്നും കൂടുതല്‍ റൂട്ടുകളില്‍ വന്ദേഭാരത് എക്സ്പ്രസ് അനുവദിക്കുമെന്നും പ്രഖ്യാപനമുണ്ട്.
റെയില്‍വേയില്‍ സമഗ്രമാറ്റം ലക്ഷ്യമിട്ടാണ് വിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുമെന്നും പുതിയ ട്രെയിനുകള്‍ അനുവദിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. റെയില്‍വേയ്ക്ക് മൂലധനചെലവുകള്‍ക്കായി 1.37 ലക്ഷം കോടിയും റവന്യു ചെലവുകള്‍ക്കായി 3,267 കോടിയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കുകയെന്ന ലക്ഷ്യം സര്‍ക്കാരിന്റെ അധിക വകയിരുത്തലിന്റെ പിന്നിലുണ്ടെന്ന് ആരോപണമുണ്ട്.
രാജധാനി, ശതാബ്ദി, തുരന്തോ, ഹംസഫര്‍, തേജസ് തുടങ്ങിയ ട്രെയിനുകളിലെ ആയിരത്തിലേറെ കോച്ചുകള്‍ നവീകരിക്കും. കൂടുതല്‍ റൂട്ടുകളില്‍ വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കുന്നതിനായി ട്രാക്ക് മാറ്റി സ്ഥാപിക്കും. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ നൂറിലേറെ വിസ്താഡോം കോച്ചുകള്‍ നിര്‍മ്മിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
35 ഹൈഡ്രജന്‍ ഫ്യുവല്‍ തീവണ്ടികള്‍ നിര്‍മ്മിക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നു. 4500 ഓട്ടോമൊബൈല്‍ കാരിയര്‍ കോച്ചുകളും അയ്യായിരം എല്‍എച്ച്‌ബി കോച്ചുകളും 58,000 വാഗണുകളും നിര്‍മ്മിക്കും.
പുതിയ 50 വിമാനത്താവളങ്ങള്‍, ഹെലിപോര്‍ട്ടുകള്‍, വാട്ടര്‍ എയറോഡ്രോമുകള്‍, അഡ്വാന്‍സ്ഡ് ലാന്‍ഡിങ് സോണുകള്‍ എന്നിവ പുനരുജ്ജീവിപ്പിക്കും. സ്റ്റീല്‍, തുറമുഖങ്ങള്‍, വളം, കല്‍ക്കരി, ഭക്ഷ്യധാന്യ മേഖലകളെ ലക്ഷ്യമിട്ടുള്ള 100 നിര്‍ണായക ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാ പ്രോജക്ടുകള്‍ക്കായി സ്വകാര്യ സ്രോതസുളില്‍ നിന്നുള്ള 15,000 കോടി ഉള്‍പ്പെടെ 75,000 കോടി രൂപയുടെ നിക്ഷേപം കണ്ടെത്തിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ പ്രതിരോധ മന്ത്രാലയത്തിനുള്ള വിഹിതത്തില്‍ 13 ശതമാനം വര്‍ധന. 5.94 ലക്ഷം കോടിയാണ് വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ ബജറ്റിൽ 5.25 ലക്ഷം കോടിയായിരുന്നു അനുവദിച്ചിരുന്നത്.
പുതിയ ആയുധങ്ങൾ, വിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, മറ്റ് സൈനിക ഉപകരണങ്ങൾ എന്നിവ വാങ്ങാൻ മൊത്തം 1.62 ലക്ഷം കോടി ഇതിൽ നീക്കിവച്ചിട്ടുണ്ട്. തീവ്രവാദ ഭീഷണി, അതിര്‍ത്തിയില്‍ ചൈന‑പാകിസ്ഥാന്‍ ഭാഗങ്ങളില്‍ നിന്നുള്ള ഭീഷണികള്‍ എന്നിവ വര്‍ധിച്ച സാഹചര്യത്തിലാണ് ഇതെന്ന് ധനമന്ത്രി പറഞ്ഞു. 2022–23ൽ, മൂലധന വിഹിതത്തിനായി വകയിരുത്തിയിരുന്നത് 1.52 ലക്ഷം കോടിയായിരുന്നു. എന്നാൽ, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഇത് 1.50 ലക്ഷം കോടിയായിരുന്നു.
അതേസമയം, 2023–24 ബജറ്റ് രേഖകൾ അനുസരിച്ച് ശമ്പളം നൽകുന്നതിനും സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുമുള്ള ചെലവുകൾ ഉൾപ്പെടെ റവന്യു ചെലവുകൾക്കായി 2,70,120 കോടി വകയിരുത്തിയിട്ടുണ്ട്. 2022–23ൽ റവന്യു ചെലവിന്റെ ബജറ്റ് വിഹിതം 2,39,000 കോടിയായിരുന്നു. അഗ്നിവീരര്‍ക്കുള്ള വരുമാനത്തിന് നികുതിയിളവും പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയിലെ സബ്‌സിഡികള്‍ ഇല്ലാതാക്കുന്ന നീക്കത്തിന്റെ തുടര്‍ച്ചയായി കാര്‍ഷിക മേഖലയില്‍ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കും.
കാര്‍ഷിക മേഖലയിലെ സമഗ്ര വിവരങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഡിജിറ്റല്‍ സംവിധാനമാണ് നിലവില്‍ വരിക. വിളകളെ സംബന്ധിച്ച് വിവരങ്ങള്‍ക്കൊപ്പം, കാര്‍ഷിക വായ്പകള്‍, വിള ഇന്‍ഷുറന്‍സ്, മാര്‍ക്കറ്റ്, കാര്‍ഷിക ബന്ധിത വ്യവസായങ്ങളുടെ വികസനം ഉള്‍പ്പെടെയുള്ളവയാണ് ഇതിലൂടെ ലഭ്യമാകുക.
5 ജി സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിനായി 100 ലാബുകള്‍, രാജ്യത്തെ കുട്ടികള്‍ക്കായി ഡിജിറ്റല്‍ ലൈബ്രറി, വ്യക്തിഗത ഡിജി ലോക്കറിന്റെ ഉപഭോക്താവിനെ തിരിച്ചറിയാനുള്ള നടപടികള്‍ ലഘൂകരിക്കുക, എംഎസ്എംഇകള്‍, വന്‍കിട കച്ചവട സ്ഥാപനങ്ങള്‍, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ ഡിജിലോക്കര്‍ സംവിധാനം രൂപീകരിക്കുക, ഇ‑കോര്‍ട്ടുകളുടെ മൂന്നാം ഘട്ടത്തിനായി 7000 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്.
പുരാതന ലിഖിതങ്ങള്‍ സൂക്ഷിക്കാന്‍ ഡിജിറ്റല്‍ എപിഗ്രാഫി മ്യൂസിയം സ്ഥാപിക്കും. ഒരു ലക്ഷം പുസ്തകങ്ങളാകും ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുക. ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ് നൈപുണ്യ കേന്ദ്രങ്ങളായി രാജ്യത്തെ മൂന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.