ഡോ. ബാബാസാഹേബ് അംബേദ്കറുടെ 65-ാം ചരമ ദിനമാണിന്ന്. കാലങ്ങളായി തൊട്ടുകൂടായ്മയ്ക്കും സാമൂഹ്യ സാമ്പത്തിക വിവേചനത്തിനും വിധേയമായ പാർശ്വവൽകൃത ജനവിഭാഗത്തിന്റെ വിമോചകനായി തന്റെ ജീവിതം കൊണ്ട് ഉയർന്നുവന്ന അദ്ദേഹത്തിന് സ്കൂൾ പഠനകാലയളവിൽ അയിത്താചരണത്തിന്റെ ഭാഗമായി ക്ലാസ് മുറിയിൽ പോലും പ്രവേശനം നിഷേധിക്കപ്പെട്ടുവെന്നുമാത്രമല്ല, അധ്യാപകരുടെ യാതൊരു ശ്രദ്ധയും സഹായവും ലഭ്യവുമായിരുന്നില്ല. വെല്ലുവിളികളെ ചെറുത്ത് തോല്പിച്ച് ‘ഭാരതരത്ന’മായി മാറിയ അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറയ്ക്ക് മഹത്തായ ഒരു മാതൃകയാണ്. ഇന്ത്യയിലെ അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്ട്രീയാവകാശങ്ങൾ എന്നിവ സംബന്ധിച്ച് നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന അംബേദ്കറുടെ വിപുലവും വൈവിധ്യപൂർണവുമായ പ്രവർത്തനങ്ങളെയും സംഭാവനകളെയും രാഷ്ട്രം ആദരവോടെ ഈ വേളയിൽ സ്മരിക്കുന്നു. ഇന്ത്യൻ ജനതയ്ക്ക് ആധുനിക പൗരാവകാശങ്ങളുടെയും ജനാധിപത്യമൂല്യങ്ങളുടെയും മാനവികതയുടെയും സാഹോദര്യത്തിന്റെയും വെളിച്ചം പകർന്ന അംബേദ്കറുടെ സംഭാവനകൾ ചരിത്രം, രാഷ്ട്രീയം, സാമൂഹ്യം, സാമ്പത്തികം, വിദ്യാഭ്യാസം, ഭരണനൈപുണ്യം, ജനാധിപത്യം എന്നിങ്ങനെ മനുഷ്യനെ ബാധിക്കുന്ന എല്ലാ മേഖലകളുമായി ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ട് കിടക്കുന്നതായി കാണാം. ബ്രിട്ടീഷ് ഭരണത്തിൻ കീഴിലും സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷവും ശക്തമായ തൊഴിൽ നിയമങ്ങൾ നിലനിന്നിരുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ ഫ്യൂഡൽ സംവിധാനത്തിൻ കീഴിലും ജാതി അടിച്ചമർത്തലുകൾക്കും വിധേയരായി നരകയാതന അനുഭവിക്കേണ്ടിവന്ന തൊഴിലാളികൾക്ക് ആശ്വാസത്തിന്റെ ജീവവായു നൽകിയ തൊഴിൽ നിയമങ്ങൾ നടപ്പിൽ വരുത്തുന്നതിൽ നിർണായക നീക്കങ്ങളാണ് അംബേദ്കർ നടത്തിയത്. ലോക തൊഴിലാളി വർഗത്തിന് മാർക്സ് എങ്ങനെയാണോ പ്രിയങ്കരനാകുന്നത് അതുപോലെ ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ടിരുന്ന തൊഴിലാളി വർഗ്ഗത്തിന് മറക്കാൻ കഴിയാത്ത പേരാണ് അംബേദ്ക്കറുടേത്. എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിനോദം, എട്ടുമണിക്കൂർ വിശ്രമം എന്ന അടിസ്ഥാനാശയത്തിന് ബ്രിട്ടീഷ് ഇന്ത്യയിൽ നിയമപരമായ പിൻബലം ഉണ്ടാക്കുന്നത് അംബേദ്കറുടെ ശ്രമഫലമായിട്ടായിരുന്നു. 1942 മുതൽ 1946 വരെ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമായിരുന്നു അംബേദ്കർ. ഈ കാലയളവിലും പിന്നീട് കേന്ദ്രമന്ത്രിയെന്ന നിലയിലും അംബേദ്കർ മുൻകൈയ്യെടുത്തു നടപ്പിലാക്കിയ തീരുമാനങ്ങൾ ഇന്ത്യൻ തൊഴിലാളി വർഗത്തെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായിരുന്നു. ലിംഗ വ്യത്യാസമില്ലാതെ തുല്യ ജോലിക്ക് തുല്യവേതനം, സ്ത്രീകളുടെ ഗർഭകാല ആനുകൂല്യങ്ങൾ, ക്ഷാമബത്ത, വേതന പരിഷ്കരണം, ഒഴിവുദിനങ്ങളിൽ വേതനത്തിനുള്ള അവകാശം എന്നിവ അവയിൽ പ്രധാനപ്പെട്ടവയാണ്. ട്രേഡ് യൂണിയനുകൾക്കുള്ള അംഗീകാരം, പണിമുടക്കാനുള്ള അവകാശ സംരക്ഷണം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ തുടക്കം, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് പ്രോവിഡന്റ് ഫണ്ട്,ലേബർ വെൽഫെയർ ഫണ്ട്, മിനിമം വേതനം തുടങ്ങി ആധുനിക തൊഴിലാളി സമൂഹം അനുഭവിക്കുന്ന ആനുകൂല്യങ്ങളുടെ തുടക്കം കുറിക്കുന്നതിന് ഇന്ത്യയിൽ നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. ഇന്ത്യയിലെ ജാതി വ്യവസ്ഥയും അതിന്റെ അടിസ്ഥാനത്തിലുള്ള ജാതി വിവേചനവും ഉല്പാദന വ്യവസ്ഥയോട് ബന്ധപ്പെട്ടാണല്ലോ നിലനിൽക്കുന്നത്. ജാതി വിഭജനം എന്നത് തൊഴിൽവിഭജനം മാത്രമല്ല തൊഴിലാളികളുടെ വിഭജനം കൂടിയാണെന്ന അംബേദ്ക്കറുടെ നിരീക്ഷണത്തിന് ഇന്ത്യൻ സാഹചര്യത്തിൽ ഉള്ള പ്രസക്തി വളരെ വലുതാണ്. ജാതി നിലനിൽക്കുവോളം തൊഴിലാളി വർഗം എന്ന മാർക്സിയൻ കാഴ്ചപ്പാടിലേക്കുള്ള ദൂരം കൂടുതലാണ് എന്ന് അദ്ദേഹം വിശ്വസിച്ചു. തന്റെ ജീവിതത്തിലുടനീളം അടിച്ചമർത്തപ്പെട്ടവരുടെ ക്ഷേമൈശ്വര്യങ്ങൾക്കുവേണ്ടി നിലകൊണ്ട അദ്ദേഹം സ്ഥാപിച്ച പാർട്ടിയുടെ പേര് ‘ഇന്ത്യൻ ലേബർ പാർട്ടി’ എന്നായിരുന്നു. തൊഴിൽ സമരങ്ങളിൽ കമ്മ്യൂണിസ്റ്റുകാർക്കൊപ്പം അദ്ദേഹം ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്.
ഭരണഘടനാ ശില്പിയെന്ന വിശേഷണത്തോടൊപ്പം ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ സംരക്ഷകൻ എന്ന വിശേഷണവും കൂടി അംബേദ്കർക്ക് ഏറെ അനുയോജ്യമാകുന്നതാണ്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, നികുതികൾ കേന്ദ്രം പിരിക്കുമ്പോൾ ചെലവിനായി സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ ഔദാര്യത്തിന് കൈനീട്ടേണ്ട അവസ്ഥയെ കുറിച്ചുമായിരുന്നു അംബേദ്കറുടെ ആദ്യത്തെ ഗവേഷണ പ്രബന്ധം. ‘Evolution of Provincial Finances in British India’ ഈ വിഷയത്തിൽ എഴുതപ്പെട്ട ആദ്യത്തെ സമഗ്രപഠനമാണ്. ബ്രിട്ടീഷ് ഗവൺമെന്റും അന്നത്തെ പ്രവിശ്യകളും തമ്മിലുള്ള സാമ്പത്തിക സഹകരണ ബന്ധമായിരുന്നു ഇതിന്റെ പശ്ചാത്തലം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഫിനാൻസ് കമ്മിഷൻ 1951‑ൽ രൂപീകൃതമായപ്പോൾ അതിന് ആധാരശിലയായി മാറിയത് ഈ പ്രബന്ധമാണ്. പ്രവിശ്യകളുടെ സാമ്പത്തിക സ്വയംഭരണമാണ് അദ്ദേഹം നിർദ്ദേശിച്ചിരുന്നത്. പ്രാചീന ഇന്ത്യയിലെ വാണിജ്യ രീതികളെക്കുറിച്ച് ‘The Problem of the Rupee, its origin and its solution’ എന്ന മറ്റൊരു ഗവേഷണപഠനം, റിസർവ് ബാങ്ക് സ്ഥാപിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഹിൽട്ടൺ-യങ് കമ്മിഷന് മുൻപിൽ പരിഗണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 1947‑ൽ ഇന്ത്യ സ്വാതന്ത്രമായപ്പോൾ ആദ്യത്തെ നിയമമന്ത്രിയായും, ഭരണഘടനാ നിർമ്മാണ സമിതിയുടെ അധ്യക്ഷനായും നിയമിതനായ അദ്ദേഹത്തിന്റെ പേര് ഇന്ത്യാചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതിചേർത്തു. പൗരാവകാശങ്ങൾ, മതസ്വാതന്ത്ര്യം, അയിത്തോച്ചാടനം, എല്ലാവിധ വിവേചനങ്ങളും നിയമ വിരുദ്ധമാക്കൽ തുടങ്ങിയ അവകാശങ്ങൾ ഭരണഘടനയുടെ ഉള്ളടക്കത്തെ സമ്പുഷ്ടമാക്കി. പട്ടികജാതി — പട്ടികവർഗ പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ ജോലിയിലും, പഠനത്തിലും സംവരണ സമ്പ്രദായം നടപ്പാക്കുന്നതിലൂടെ സാമൂഹ്യ – സാമ്പത്തിക അസമത്വം അവസാനിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം കരുതി. 1956 ഒക്ടോബർ 14 ന് നാഗ്പൂരിൽ ചേർന്ന പൊതുപരിപാടിയിൽവച്ച് അദ്ദേഹവും അനുയായികളും ബുദ്ധമതം സ്വീകരിച്ചു. കാഠ്മണ്ഡുവിൽ ചേർന്ന നാലാമത് ലോക ബുദ്ധമത സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തു. 1956 – ൽ അദ്ദേഹത്തിന്റെ അവസാനകൃതി ‘The Budha and his Dharma’ പൂർത്തിയാക്കിയെങ്കിലും കൃതി മരണാനന്തരം മാത്രമേ പ്രസിദ്ധീകരിക്കുകയുണ്ടായുള്ളു. 1956 – ഡിസംബർ ആറിന് അദ്ദേഹം തന്റെ 65-ാം വയസിൽ ഓര്‍മ്മായായി. വെറും 20 പേജ് മാത്രമുള്ള ആത്മകഥാപരമായ ‘Waiting for a Visa’ എന്ന അനുഭവക്കുറിപ്പുകൾ കുട്ടിക്കാലം മുതൽ അദ്ദേഹം നേരിട്ട കടുത്ത ജാതി വിവേചനത്തിന്റെയും പീഡനങ്ങളുടേയും അപമാനത്തിന്റെയും വിവരണങ്ങളാണ്. 1935 – 36 കാലത്ത് എഴുതിയ ആ കുറിപ്പുകൾ പിന്നീട് അദ്ദേഹം പഠിച്ച കൊളംബിയ സർവകലാശാല പാഠപുസ്തകമാക്കി അദ്ദേഹത്തെ ആദരിച്ചു. തന്റെ ജീവിതകാലത്ത് അദ്ദേഹം ശക്തമായി എതിർത്തിരുന്ന ജാതിവിവേചനത്തിന്റെയും അസമത്വത്തിന്റെയും വക്താക്കൾ രാജ്യത്ത് അധികാരത്തിന്റെ മേൽക്കൈ നേടിയ ഗൗരവതരമായ വർത്തമാനകാല സാഹചര്യത്തിൽ ഇന്ത്യയിൽ ഭരണഘടനാ തത്വങ്ങൾ കടുത്ത വെല്ലുവിളി നേരിടുമ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചും രചനകളെക്കുറിച്ചും ആഴത്തിൽ മനസ്സിലാക്കി മുന്നോട്ട്പോകുന്നതിനുള്ള പരിശ്രമമാണ് ഇന്ത്യൻ പൗരനെന്ന നിലയിൽ നമുക്ക് ഈ ഓർമ്മദിനത്തിൽ അദ്ദേഹത്തിന് നല്കാന്‍ കഴിയുന്ന ഏറ്റവും മഹത്തായ ആദരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.