അല്‍ജസീറ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടത് ഇസ്രയേല്‍ സെെന്യത്തിന്റെ വെടിയേറ്റാണെന്ന് സ്ഥിരീകരണം. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനില്‍ ഇസ്രയേല്‍ സെെനിക നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മേയ് 11 നാണ് യുഎസ് പലസ്തീന്‍ പൗരയും അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകയുമായ ഷിറീന്‍ അബു അഖ്‍ലേ കൊല്ലപ്പെട്ടത്. പലസ്തീനികള്‍ നടത്തിയ വെടിവയ്പിലാണ് ഷിറീന്‍ കൊല്ലപ്പെട്ടതെന്നായിരുന്നു ഇസ്രയേല്‍ സെെന്യത്തിന്റെ വാദം.
ഇസ്രയേല്‍ സെെന്യം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പലസ്തീന്‍ തോക്കുധാരിയാണെന്ന ധാരണയില്‍ ഷിറീനു നേരെ അബദ്ധത്തില്‍ വെടിയുതിര്‍ത്തതാണെന്നാണ് റിപ്പോര്‍ട്ടിലെ ന്യായീകരണം. ഷിറീനു നേരെ വെടിയുതിര്‍ത്ത സെെനികര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കില്ലെന്നും സെെന്യം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. സംഭവം നടന്ന് നൂറു ദിവസങ്ങള്‍ക്ക് ശേഷമാണ് ഇസ്രയേല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇസ്രയേല്‍ സെെന്യം അബദ്ധത്തില്‍ വെടിയുതിര്‍ത്തതാകാമെന്ന ന്യായീകരണവുമായി കൊലപാതകത്തിന്റെ ഉത്തരവാദിത്തതില്‍ നിന്ന് സെെന്യം ഒഴിഞ്ഞുമാറുകയാണെന്ന് പലസ്തീന്‍ അധികൃതരും ഷിറീന്റെ കുടുംബവും ആരോപിച്ചു.
യുദ്ധ റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകര്‍ ധരിക്കുന്ന പ്രസ് ജാക്കറ്റ് ഷിറീന്‍ ധരിച്ചിരുന്നു. മുന്‍ ഭാഗത്തും പിന്നിലും പ്രസ് എന്ന് എഴുതിയിരുന്ന ജാക്കറ്റാണ് ഷിറീന്‍ ധരിച്ചിരുന്നതെന്ന് സംഭവ സമയത്തെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഷിറീനു സമീപം സജീവമായ പോരാട്ടമോ പലസ്തീനികളോ ഉണ്ടായിരുന്നില്ലന്നതും ഇസ്രയേല്‍ സെെന്യം ഷിറീനെ മനഃപൂര്‍വം ലക്ഷ്യവച്ചതാണെന്നതിന്റെ തെളിവാണ്. ഷിറീന്‍ വെടിയേറ്റ് വീണതിനു ശേഷവും സെെനികര്‍ വെടിവയ്പ് തുടര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സെെന്യത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകരെ കൊല്ലുകയോ തടവിലാക്കുകയോ ചെയ്യുകയെന്ന ഇസ്രയേലിന്റെ രീതിയാണ് ഷിറീന്റെ മരണത്തിലേക്ക് നയിച്ചത്. 1922 മുതല്‍ 19 മാധ്യമപ്രവര്‍ത്തകരെയാണ് ഇസ്രയേല്‍ സെെന്യം കൊലപ്പെടുത്തിയത്.
English Summary: An Al Jazeera journalist was shot dead by Israeli forces
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.