23 December 2024, Monday
KSFE Galaxy Chits Banner 2

വരുന്നു, മറ്റൊരു സാമ്പത്തിക കൊടുങ്കാറ്റ്

പ്രൊഫ. കെ അരവിന്ദാക്ഷൻ
March 18, 2022 6:00 am

ഉക്രെയ്‌നെതിരായ റഷ്യന്‍ അധിനിവേശവും തുടര്‍ച്ചയായ സെെനിക ആക്രമണങ്ങളും ആഗോള ജിയോ-പൊളിറ്റിക്കല്‍ അന്തരീക്ഷത്തെ മാത്രമല്ല, ലോകവിപണികളെയും നിക്ഷേപകരെയും ധനകാര്യ നയരൂപീകരണ മേഖലയിലുള്ളവരെയും അതിഗുരുതരമായ നിലയില്‍ ബാധിച്ചിരിക്കുകയാണ്. സെെനിക ഏറ്റുമുട്ടലുകള്‍ തുടരാനാണ് പോകുന്നതെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ലോകരാജ്യങ്ങളെയും അവയുടെ സമ്പദ്‌വ്യവസ്ഥകളെയും ദീര്‍ഘകാലം അപകടപ്പെടുത്തുമെന്നത് ഉറപ്പായ കാര്യമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ത്തന്നെ ആഞ്ഞടിക്കാന്‍ തുടങ്ങിയിരിക്കുന്ന സാമ്പത്തിക കൊടുങ്കാറ്റ് അനുദിനം വഷളാവാന്‍ തന്നെയാണ് സാധ്യത. രൂപയുടെ വിദേശ വിനിമയ മൂല്യം ഏറെക്കുറെ സര്‍വകാല റെക്കോഡ് തകര്‍ച്ചയിലെത്തി നില്‍ക്കുന്നു. ഡോളറിന് 77 രൂപ എന്ന നിരക്ക് നിലവിലായതോടെ ഒറ്റ ദിവസം മാത്രം ഒരു ശതമാനത്തിലധികമാണ് ഇടിവ് രേഖപ്പെടുത്തപ്പെട്ടത്. 2022ല്‍ ഇന്ത്യന്‍ ദേശീയ കറന്‍സിയാണ് ഏഷ്യന്‍ കറന്‍സികളില്‍ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച നേരിട്ടിരിക്കുന്നതെന്നോര്‍ക്കുക. ഈ തകര്‍ച്ച ഉണ്ടായിട്ടുള്ളത്, കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അതീവ ജാഗ്രതയോടെ പ്രശ്നത്തില്‍ ഇടപെടല്‍ നടത്തിയതിനു ശേഷവുമാണ്. മൂല്യശോഷണത്തിന്റെ ഗതിവേഗം കുറയ്ക്കുക ലക്ഷ്യമാക്കി ആര്‍ബിഐ ഇടയ്ക്കിടെ റിസര്‍വ് ഡോളര്‍ ശേഖരത്തിന്റെ ഒരു ഭാഗം വിപണിയില്‍ വിറ്റഴിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ആര്‍ബിഐ വിപണിയിലേക്ക് 1–1.5 ബില്യന്‍ ഡോളര്‍ മൂല്യമുള്ള റിസര്‍വാണ് വിപണിയിലെത്തിച്ചത്. ഒറ്റദിവസത്തേക്കുള്ളതായിരുന്നു ഇത് (ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, 2022 മാര്‍ച്ച് അഞ്ച്). ഓഹരി വിപണികളും കടുത്ത ഞെട്ടലുകള്‍ നേരിട്ടുവരികയാണ്. സെന്‍സെക്സ് 2021നെ അപേക്ഷിച്ച് ഇപ്പോള്‍ 2.7 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി കാണുന്നു. അസംസ്കൃത എണ്ണയുടെ ആഗോള വിപണി വില ബാരല്‍ ഒന്നിന് 130 ഡോളറായി ഉയര്‍ന്നിരുന്നു. ഇതിന്റെയെല്ലാം കനത്ത ആഘാതം ഏല്‍ക്കേണ്ടിവരിക ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കായിരിക്കുമെന്നതില്‍ രണ്ടഭിപ്രായമില്ല. ഒരുപക്ഷെ മോഡി ഭരണത്തിന്റെ സ്തുതിപാഠകര്‍ ഇതില്‍ നിന്നും വ്യത്യസ്തമായ നിലപാടുകളെടുത്തേക്കാം എന്നു മാത്രം. ആഗോള വിപണികളില്‍ ഇറക്കുമതി ഒഴിവാക്കാന്‍ വയ്യാത്ത ചരക്കുകളുടെ വില വര്‍ധനവിന് ആനുപാതികമായി കയറ്റുമതി വര്‍ധനവ് നടക്കാതെ വരുമ്പോള്‍ വ്യാപാര കമ്മിയും ഇതേത്തുടര്‍ന്ന് രൂപയുടെ വിനിമയ മൂല്യത്തിന്റെ ഇടിവും ഉണ്ടാവുക സ്വാഭാവികം മാത്രമാണ്. ഇന്ത്യ യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ നേരിടുന്നതും ഈ പ്രതിസന്ധി തന്നെയാണ്. ഇന്ത്യയാണെങ്കില്‍ ആഭ്യന്തരാവശ്യങ്ങള്‍ക്കുള്ള അസംസ്കൃത എണ്ണയുടെ 85 ശതമാനം വിനിയോഗത്തിനും ഇറക്കുമതിയെ ആണ് ആശ്രയിക്കുന്നത്. ഇതില്‍ പൊടുന്നനെ കുറവ് വരുത്താനും സാധ്യമല്ല. ഇവിടെയാണ് യൂണിയന്‍ ബജറ്റിലെ കണക്കുകൂട്ടലുകള്‍ കീഴ്മേല്‍ മറിയുന്നത്. കേന്ദ്ര ബജറ്റ് രേഖയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പെട്രോളിയത്തിന്റെ വില ബാരല്‍ ഒന്നിന് 75 ഡോളറില്‍ താഴെയായിരിക്കുമെന്ന പ്രതീക്ഷയിലാണ് വരവു ചെലവു കണക്കുകള്‍ തയാറാക്കിയിരിക്കുന്നത്. ഇത് അസാധ്യമാണെന്നത് ഉറപ്പാണല്ലൊ. അതുകൊണ്ടുതന്നെ കണക്കാക്കിയതോതിലുള്ള യഥാര്‍ത്ഥ സാമ്പത്തികവളര്‍ച്ചാ നിരക്ക് (ജിഡിപി) നേടിയെടുക്കാനാവില്ല. സര്‍ക്കാരിന്റെ ചെലവുകളില്‍ എത്ര തന്നെ മിതത്വം പാലിക്കാന്‍ പരിശ്രമിച്ചാല്‍ തന്നെയും വരവ് കുത്തനെ ഇടിയുമെന്നതിനാല്‍ ധനക്കമ്മി കുതിച്ചുയരുക തന്നെ ചെയ്യും. ഇതോടൊപ്പം പണപ്പെരുപ്പ നിരക്കും വര്‍ധിക്കും. ആര്‍ബിഐയുടെ പലിശനിരക്കില്‍ കുറവു വരുത്താതിരുന്നാല്‍ പോലും മൊത്ത വിലസൂചികയും ചില്ലറ വിലസൂചികയും എല്ലാ സീമകളും തകര്‍ത്ത് മുന്നോട്ട് കുതിക്കും. ഉയര്‍ന്ന വിലയ്ക്ക് ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്നതിലൂടെ ചരക്കുകളോടൊപ്പം നാം പണപ്പെരുപ്പം കൂടി ഇറക്കുമതി ചെയ്യുക എന്നതാണ് ഫലത്തില്‍ സംഭവിക്കുക. വര്‍ധിച്ചുവരുന്ന ഊര്‍ജ ഉല്പന്നവിലയുടെ ഒരു ഭാഗം സര്‍ക്കാര്‍ ഉപേക്ഷിച്ചാല്‍ തന്നെയും അതുകൊണ്ട് വിലനിലവാരത്തില്‍ മാറ്റം വരുത്തില്ലെന്നു മാത്രമല്ല സര്‍ക്കാരിന്റെ റവന്യു വരുമാനത്തെ അത് ഗുരുതരമായി ബാധിക്കുകയും ചെയ്യും. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വാര്‍ത്ത എല്‍ഐസിയുടെ നിര്‍ദ്ദിഷ്ട ഓഹരിവില്പന, അതായത് ഡിസ് ഇന്‍വെസ്റ്റ്മെന്റ് നടക്കാനിടയില്ലെന്നാണ്. ഇതാണ് യാഥാര്‍ത്ഥ്യമെങ്കില്‍ സര്‍ക്കാരിന്റെ മറ്റൊരു വരുമാന സ്രോതസു കൂടി അടയുക എന്നതായിരിക്കും ഫലം. ബിപിസിഎല്‍‍ എന്ന ലാഭത്തില്‍ പ്രവര്‍ത്തനം നടത്തിവരുന്ന പൊതുമേഖലാ കമ്പനിയുടെ ഡിസ് ഇന്‍വെസ്റ്റ്മെന്റും പെട്ടെന്നൊന്നും നടക്കുന്ന ലക്ഷണം കാണുന്നില്ല. ഒരുപക്ഷെ, എയര്‍ ഇന്ത്യ വാങ്ങാന്‍ സൗകര്യം ഒത്തുവന്നപ്പോള്‍ ടാറ്റാ രംഗത്തുവന്നതുപോലെ ബിപിസിഎല്‍ കെെവശപ്പെടുത്താന്‍ അംബാനിയും തയാറായേക്കാം. ഈവിധത്തിലൊരു അനിശ്ചിതത്വം നിലവിലിരിക്കെയാണ് റഷ്യ‑ഉക്രെയ്ന്‍ സെെനിക ഏറ്റുമുട്ടല്‍ പൊട്ടിപ്പുറപ്പെടുന്നതും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പുതിയൊരു പ്രതിസന്ധി അഭിമുഖീകരിക്കേണ്ടതായി വന്നിരിക്കുന്നതും.


ഇതുകൂടി വായിക്കാം; നിരാശപ്പെടുത്തുന്ന ജിഡിപി വളര്‍ച്ചാ കണക്കുകള്‍


ഒരു കാര്യത്തില്‍ തര്‍ക്കമില്ല. കോവിഡിന്റെ ഭീഷണിയേക്കാള്‍ കൂടുതല്‍ ഗുരുതരമായ മാനങ്ങളുള്ള ദീര്‍ഘകാല പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഉറപ്പുള്ള റഷ്യ‑ഉക്രെയ്ന്‍ സെെനിക ഏറ്റുമുട്ടല്‍ നീണ്ടുപോകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇതിനിടെ, ആര്‍ബിഐ നേരിടുന്നത് കറന്‍സിയുമായി ബന്ധപ്പെട്ടുള്ള ശക്തമായ സമ്മര്‍ദ്ദമാണ്. ഗൗരവതരമായ ധനകാര്യ പ്രതിസന്ധി നിലവിലിരിക്കുമ്പോള്‍, കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐക്കു മുമ്പില്‍ സഹായത്തിനായി കെെകള്‍ നീട്ടി നിലകൊള്ളുകയാണ്. സാമ്പത്തിക വികസന പദ്ധതികളുമായി പ്രത്യേകിച്ച് ‘ഭാരത് മാല’ പോലുള്ള വമ്പന്‍ ആന്തരഘടനാ വികസന പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്ന നരേന്ദ്രമോഡി, ഈ ആവശ്യത്തില്‍ നിന്നും പിന്മാറുമെന്നു തോന്നുന്നതേയില്ല. റഷ്യ‑ഉക്രെയ്ന്‍ യുദ്ധം, പെട്രോളിയം വിലവര്‍ധന വാണം പോലെ കുതിച്ചുയരുകയും ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണം സര്‍വകാല റെക്കോഡിലെത്തുകയും ചെയ്തതിനുശേഷവും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള രാജ്യത്തിന്റെ സാമ്പത്തിക വികസന പദ്ധതികളുമായി മുന്നേറുമെന്ന ആത്മവിശ്വാസമാണ് മാര്‍ച്ച് എട്ടിന് പോലും പ്രധാനമന്ത്രി നടത്തിയത്. ഇതിലേക്കായി ട്രഷറി ബോണ്ടുകള്‍ വിറ്റഴിക്കുന്നതിലൂടെയും പണം സമാഹരിക്കാന്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പത്ത് വര്‍ഷക്കാലാവധിയിലും ഇത് സര്‍ക്കാര്‍ ബോണ്ടുകളുടെ മൂല്യം ഏഴ് പോയിന്റുകള്‍ ഉയര്‍ന്ന് 6.89 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ലാഭത്തോത് ഇനിയും ഉയരാനാണ് സാധ്യത തെളിയുന്നതെന്ന സാഹചര്യത്തില്‍ കടം കൈകാര്യം ചെയ്യുക എന്നത് കൂടുതല്‍ ശ്രമകരമായി തീരുമെന്നതും ഉറപ്പാക്കാവുന്നതാണ്. ഇതിനിടെ, പണപ്പെരുപ്പം അനുസ്യൂതം തുടരുകയാണ്. അസംസ്കൃത എണ്ണവില വര്‍ധനവിനെത്തുടര്‍ന്ന് മാത്രമല്ല, ഭക്ഷ്യ എണ്ണ അടക്കമുള്ള നിത്യോപയോഗ വസ്തുക്കളുടെ വിലനിലവാരവും ഗണ്യമായി ഉയരും. ഇതിനകംതന്നെ മൊത്ത വിലസൂചിക അഞ്ച് ശതമാനമെന്ന ആര്‍ബിഐയുടെ പരമാവധി നിലവാരം മറികടന്നിരിക്കുകയാണ്. സൂര്യകാന്തി എണ്ണയുടെ വില കുത്തനെ ഉയരുന്നതിന് റഷ്യ‑ഉക്രെയ്ന്‍ യുദ്ധം നേരിട്ടുള്ള സമ്മര്‍ദ്ദമാണ് ചെലുത്തിയിരിക്കുന്നത്. കാരണം, ലോകവിപണികളിലെത്തുന്ന സൂര്യകാന്തി എണ്ണയുടെ അഞ്ചിലൊരു ഭാഗവും റഷ്യയുടെയും ഉക്രെയ്‌ന്റെയും വകയാണ്. ഇത്തരമൊരു വിതരണ ശൃംഖലാ പ്രതിസന്ധിക്ക് മുമ്പില്‍ ആര്‍ബിഐക്ക് നിസഹായരായി നോക്കിനില്‍ക്കാന്‍ മാത്രമെ കഴിയു. അതായത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ, ഇന്നത്തെ നിലയില്‍ നേരിടുന്നത് ഇരട്ട മുഖമുള്ളൊരു പ്രതിസന്ധിയാണ്. ഒന്ന് വികസന മുരടിപ്പ്, രണ്ട് രൂക്ഷമായ പണപ്പെരുപ്പവും വിലക്കയറ്റവും. ഈ പ്രതിസന്ധി നേരിടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വാചക കസര്‍ത്തുകള്‍കൊണ്ടോ, പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശുഭാപ്തി വിശ്വാസം ജനിപ്പിക്കുന്ന പ്രസംഗങ്ങള്‍ കൊണ്ടോ സാധ്യമാവില്ല. കേന്ദ്ര ബാങ്കെന്ന നിലയില്‍ നയപരമായ യാതൊരു തീരുമാനവും എടുക്കാനാവാത്ത ആര്‍ബിഐക്കും ഒരു നിശബ്ദ നിരീക്ഷകന്റെ സ്ഥാനത്തിനപ്പുറം ഒരു റോളും ഉണ്ടാവുകയുമില്ല. എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നിസംഗത സാധ്യമല്ല. വിശിഷ്യ, പുടിന്‍ ഭരണകൂടത്തെ കൂടുതല്‍ പ്രകോപിപ്പിക്കുന്നതിനിടയാക്കിയിരിക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബെെഡന്റെ തീരുമാനം-റഷ്യയില്‍ നിന്നും ഇതു എണ്ണ ഇറക്കുമതി നിര്‍ത്തിവയ്ക്കാന്‍ റഷ്യന്‍ പ്രസിഡന്റിന്റെ നിലപാട് കടുപ്പിക്കുന്നതിനായിരിക്കും ഇടയാക്കുക. റഷ്യ രണ്ടും കല്പിച്ച് ഇറങ്ങിത്തിരിച്ചാല്‍ പെട്രോള്‍ വില ബാരലിന് 300 ഡോളര്‍ വരെ ആയി ഉയരാനും സാധ്യതയുണ്ട്. 2012–13 കാലയളവില്‍ ഇന്നത്തേതിനു സമാനമായൊരു വിധത്തില്‍ ഉയര്‍ന്ന ചരക്കുവില നിലവാരവും പണപ്പെരുപ്പവും മാത്രമല്ല അതോടൊപ്പം ബലഹീനമായൊരു സാമ്പത്തിക വളര്‍ച്ചയും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ബഹുമുഖ പ്രതിസന്ധികളുടെ ഒരു നടുക്കയത്തില്‍ അകപ്പെടുത്തിയ കാര്യം മറക്കാറായിട്ടില്ല. കറന്‍സിയും പണപ്പെരുപ്പവും വളര്‍ച്ചയും വിദേശ വിനിമയ കമ്മിയും എല്ലാം എല്ലാം തന്നെ ഇനിയും ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യതകള്‍ വേണ്ടുവോളം ഇതിനകം തന്നെ ഉടലെടുത്തിട്ടുണ്ട്. യുദ്ധം നീണ്ടുനില്‍ക്കുന്നതനുസരിച്ച് അവയുടെ ഗുരുതരാവസ്ഥയും വര്‍ധിക്കുകയല്ലാതെ, കുറയുമെന്നു കരുതുന്നത് മൗഢ്യമായിരിക്കും. മറ്റൊരു അപകടസാധ്യത കൂടി കാണാതിരുന്നുകൂട. മഹാമാരി നമ്മുടെ പടിവാതിലില്‍ തന്നെ ഇപ്പോഴുമുണ്ട്. നാലാം തരംഗത്തിനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നത് മറ്റൊരു ആഘാതം കൂടി ആവര്‍ത്തിക്കപ്പെടില്ലെന്നു തീര്‍ത്തും ഉറപ്പുവരുത്തിയതിനു ശേഷമായിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.