22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 9, 2024
November 20, 2024
November 20, 2024
November 18, 2024
August 24, 2024
July 17, 2024
July 17, 2024
July 13, 2024
April 15, 2024
February 6, 2024

ഫൈനലിസിമ; ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ അര്‍ജന്റീനയും ഇറ്റലിയും

Janayugom Webdesk
ലണ്ടന്‍
June 1, 2022 8:28 am

കാല്‍പന്തുകളിയില്‍ ഭൂഖണ്ഡാന്തര ചാമ്പ്യന്മാരെ കണ്ടെത്താന്‍ ഇന്ന് ഫൈനലിസിമ. യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയും കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അര്‍ജന്റീനയുമാണ് ഇന്ന് കളത്തിലിറങ്ങുക. ഫൈനലിസിമ എന്നറിയപ്പെടുന്ന മത്സരം ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 12.15 നാണ് തുടങ്ങുക. വിജയികളില്ലാതെ 90 മിനിറ്റ് പൂര്‍ത്തിയായാല്‍ അധിക സമയമില്ലാതെ നേരിട്ട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങും. 

ലോകത്തിലെ ഏറ്റവും ശക്തമായ ഫുട്ബോള്‍ കോൺഫെഡറേഷനുകളിലെ രണ്ട് ചാമ്പ്യന്മാര്‍ ഔദ്യോഗിക മത്സരത്തിൽ ഏറ്റുമുട്ടുന്നത് ഇത് മൂന്നാമത്തെ തവണയാണ്. മറ്റ് രണ്ട് അവസരങ്ങളിൽ ഫ്രാൻസ് 1985ൽ ഉറുഗ്വേയെയും 1993ൽ അർജന്റീന ഡെന്മാർക്കിനെയും തോല്പിച്ചു. 2021ലെ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ 1–0ന് തോല്പിച്ചാണ് അർജന്റീന കിരീടം നേടിയത്. കഴിഞ്ഞ വർഷം യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ പെനാൽറ്റിയിൽ ഇറ്റലി ഇംഗ്ലണ്ടിനെ തോൽപ്പിച്ചിരുന്നു. കിരീടനേട്ടം വെംബ്ലിയില്‍ തന്നെയായിരുന്നുവെന്നത് ഇറ്റലിക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. ഇറ്റലിയും അർജന്റീനയും മുമ്പ് 16 തവണ വീതം ഏറ്റുമുട്ടിയിട്ടുണ്ട്, ഇതിൽ ആറ് വിജയങ്ങളുമായി അർജന്റീനയാണ് മുന്നില്‍. മറുവശത്ത് ഇറ്റലി അഞ്ചെണ്ണത്തിൽ വിജയിച്ചു. 

അഞ്ച് മത്സരങ്ങള്‍ സമനിലയിൽ അവസാനിച്ചു. 31 കളികളിൽ തോൽവി അറിയാതെ കുതിക്കുന്ന അർജന്റീനയ്ക്ക് 17 കളികളിൽ നിന്ന് 14 വിജയങ്ങളുണ്ട്. നായകന്‍ ലയണല്‍ മെസിയുടെ പ്രകടനമാണ് ഫുട്ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ന് വിജയിക്കാനായാല്‍ മെസിക്ക് തന്റെ രണ്ടാമത്തെ അന്താരാഷ്ട്ര കിരീടം സ്വന്തമാക്കാനാകും. എന്നാല്‍ യൂറോപ്യന്‍ എതിരാളികളുമായി മത്സരിച്ചതില്‍ മെസി 15 തവണയും തോല്‍ക്കുകയായിരുന്നു. പത്ത് വിജയങ്ങള്‍ നേടാനായപ്പോള്‍ നാലെണ്ണം സമനിലയായി. ഇറ്റലിക്കെതിരെയുള്ള കഴിഞ്ഞ രണ്ട് മത്സരങ്ങളും പരിക്കുകാരണം മെസിക്ക് നഷ്ടമായിരുന്നു. ലയണൽ സ്‌കലോനിയുടെ ടീമില്‍ മെസിക്കൊപ്പം എയ്ഞ്ചല്‍ ഡി മരിയ, ലൗറ്റാരോ മാര്‍ട്ടിനസ് എന്നിവരായിരിക്കും മുന്നേറ്റനിരയില്‍ കളിക്കുക. 

ഇറ്റലിയാകട്ടെ സമീപകാലത്തായി വളരെ മോശം ഫോമിലാണ്. ലോകകപ്പ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട ഇറ്റലി നോർത്ത് മാസിഡോണിയക്കെതിരെ സ്വന്തം മൈതാനത്ത് 1–0ന് തോറ്റിരുന്നു. ഇതിന് മുമ്പ് റോബർട്ടോ മാൻസിനിയുടെ ടീം സ്വിറ്റ്സർലൻഡിനെതിരെയും വടക്കൻ അയർലൻഡിനെതിരെയും സമനിലയിൽ പിരിഞ്ഞു. തുര്‍ക്കിക്കെതിരെ അടുത്തിടെ നടന്ന മത്സരത്തില്‍ 3–2 വിജയം നേടാന്‍ ഇറ്റലിക്ക് സാധിച്ചിരുന്നു. 

Eng­lish Sum­ma­ry: Argenti­na and Italy in the bat­tle for the champions
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.