7 May 2024, Tuesday

ഭക്ഷ്യ സുരക്ഷയൊരുക്കാന്‍ സൈനികരില്ലാത്ത സേന

ടി കെ അനിൽകുമാർ
January 12, 2023 4:24 pm

ഹോട്ടലുകളിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ ശുചിത്വം, പരിസരത്തെ വൃത്തി, മായം എന്നിവയുടെ പരിശോധനയടക്കം ഭക്ഷ്യസുരക്ഷാ ജീവനക്കാർക്ക് പിടിപ്പത് പണിയാണ്. കൂടാതെ നിയമം തെറ്റിച്ച് നിലവാരമില്ലാത്ത ഭക്ഷണം വിളമ്പുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയുമെടുക്കണം. കേരളത്തിലെ 140 നിയമസഭാ മണ്ഡലത്തിലും ഓരോ ഭക്ഷ്യസുരക്ഷാ ജീവനക്കാരൻ മാത്രമാണ് നിലവിലുള്ളത്. സ്ക്വാഡുകൾക്ക് അംഗബലമില്ലാത്തതിനാൽ രണ്ടും മൂന്നും നിയമസഭാ മണ്ഡലത്തിലെ ജീവനക്കാർ ഒന്നിച്ചാണ് പരിശോധനയ്ക്ക് ഇറങ്ങുന്നത്. ഒരു നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽമാത്രം നഗരസഭയും 13 മുതൽ 19 വരെ ഗ്രാമപഞ്ചായത്തുകളും കാണും. 

തദ്ദേശ സ്ഥാപനങ്ങളിലെ ലൈസൻസോടെ പ്രവർത്തിക്കുന്ന 10 ലക്ഷത്തിലധികം സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. കൂടാതെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അഞ്ച് ലക്ഷത്തോളം സ്ഥാപനങ്ങള്‍ വേറെയും. ഇത്രയും സ്ഥാപനങ്ങളിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റേണ്ടതും 140 ഭക്ഷ്യസുരക്ഷാ ജീവനക്കാരാണ്. ഇതിൽ തന്നെ ഒട്ടേറെ ജീവനക്കാരെ ജില്ലാ ഓഫിസുകളിൽ ക്ലറിക്കൽ ജോലിക്കായും നിയോഗിച്ചിട്ടുണ്ട്. ചില തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയുമാണ്. ചീഞ്ഞഴുകി ദുർഗന്ധം വമിക്കുന്ന ഇറച്ചിയും പൂപ്പൽ പിടിച്ച അച്ചാറുകളും ദിവസങ്ങളോളം പഴക്കമുള്ള ഫ്രൈഡ് റൈസും ചപ്പാത്തിയും മാസങ്ങളായി ഉപയോഗിക്കുന്ന കരിഓയിൽ പോലെയുള്ള എണ്ണയുമെല്ലാം ഉപയോഗിക്കുന്ന മലീമസമായ അന്തരീക്ഷമാണ് പല ഹോട്ടലുകളിലും. ഇത് കണ്ടെത്തുന്നതിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർണായക പങ്കുണ്ട്. 

ഇത്തരം പരിശോധനകൾ കൂടാതെ തദ്ദേശ സ്ഥാപനങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തേണ്ട ചുമതലയും ഇവരിൽ നിക്ഷിപ്തമാണ്. രാസവസ്തുക്കൾ കലർന്ന ഭക്ഷ്യവസ്തുക്കൾ പരിശോധിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ അക്രഡിറ്റേഷനുള്ള മൂന്ന് ലാബുകൾ മാത്രമാണ് കേരളത്തിലുള്ളത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന ഈ ലാബിൽ വേണം സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശത്തേയും ഭക്ഷ്യ സാധനങ്ങൾ പരിശോധിക്കാൻ. ഭക്ഷ്യസുരക്ഷാ വകുപ്പിന് പരിശോധനയ്ക്കായി വാഹനസൗകര്യവുമില്ല. മൂന്ന് സർക്കിളുകൾ ചേർന്ന് ഒരു വാഹനം കരാർ വ്യവസ്ഥയിലെടുത്തുവേണം പരിശോധന നടത്താൻ.
പാശ്ചാത്യ രാജ്യങ്ങളേക്കാൾ ശക്തമായ ഭക്ഷ്യസുരക്ഷാ നിയമമാണ് ഇന്ത്യയിലുള്ളത്. 

എന്നാൽ അടിസ്ഥാന തലത്തിൽപോലും ഇത് ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ല. അതിനാൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ സാങ്കേതികത്വത്തിന്റെ പേരിൽ രക്ഷപ്പെടുകയാണ്. മായം ചേർക്കുന്നതിൽ ഉന്നത സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന മാഫിയകൾ ശക്തമായ കാലത്ത് അവ കണ്ടെത്താൻ അതിന് അനുസരിച്ചുള്ള ഉപകരണങ്ങളും ലാബുകളും അനിവാര്യമാണ്. ഭക്ഷ്യ വിഷബാധയെ തുടർന്നുള്ള മരണങ്ങൾ കേരളത്തിൽ തുടർകഥയാകുമ്പോൾ പുതുതലമുറയെ ഇതിൽ നിന്നും മുക്തരാക്കുവാൻ ബോധവൽക്കരണവും അനിവാര്യം. 

Eng­lish Summary:Army with­out sol­diers to ensure food security

You may also like this video

————————–

അവസാനിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.