22 December 2024, Sunday
KSFE Galaxy Chits Banner 2

കടൽ കടന്ന കലാരവം

Janayugom Webdesk
ടി കെ അനിൽകുമാർ
January 15, 2023 7:30 am

ശ്രീലങ്കൻ കലാരൂപമായ കോലം ഡാൻസ്, ബംഗാളിന്റെ ചൗ നൃത്തം, മലബാറിന്റെ സവിശേഷകലയായ തെയ്യവും തിറയാട്ടവും… വേദികൾ നിറഞ്ഞാടി നാട്ടരങ്ങ് കലാകാരൻമാർ വിസ്മയങ്ങൾ തീർക്കുമ്പോൾ കാണികളിലെ അനുഭൂതി കൊടുമുടികൾ താണ്ടും. ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് രണ്ടര പതിറ്റാണ്ടുകൊണ്ട് കീഴടക്കിയത് ആയിരക്കണക്കിന് സദസിലെ ജനലക്ഷങ്ങളെയാണ്. ബാബ്റി മസ്ജിദ് തകർത്തതിനെ തുടർന്ന് നാട്ടിൽ വർഗീയ ചേരിതിരിവ് ശക്തമായ കാലം. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം വിളംബരം ചെയ്ത് ഇപ്റ്റയുടെ നേതൃത്വത്തിൽ സ്നേഹസംഗീത യാത്ര നടത്തി. നാടെമ്പാടും ചർച്ചയായ യാത്രയെ വരവേൽക്കാൻ കാട്ടൂർ, മാരാരിക്കുളം, എസ് എൽ പുരം പ്രദേശത്തെ നാടക പ്രവർത്തകർ സംഘടിച്ചു. മൂന്ന് പതിറ്റാണ്ട് മുൻപുള്ള കലാകാരന്മാരുടെ ആ ഒത്ത് ചേരൽ വഴിതെളിച്ചത് ഇപ്റ്റയുടെ ഘടക രൂപീകരണത്തിന് കാരണമായി. പിന്നീട് ഇപ്റ്റ നാട്ടരങ്ങും രൂപംകൊണ്ടു. നാട്ടരങ്ങിന്റെ നേതൃത്വത്തിൽ നാടൻ പാട്ടിനൊപ്പം അനുഷ്ഠാന കലകളും പാരമ്പര്യ കലാരൂപങ്ങളും വേറിട്ട രീതിയിൽ പുനർജനിച്ചപ്പോൾ കാണികൾക്കത് നവ്യാനുഭവമായി. ക്രമേണ നാട്ടരങ്ങിന്റെ പേരും പെരുമയും കടൽ കടന്നു. ദുബായ്, അബുദാബി, ഷാർജ, അജ്മാൻ തുടങ്ങി വിദേശ രാജ്യങ്ങളിലടക്കം ആയിരകണക്കിന് വേദികൾ കീഴടക്കി.

വ്യത്യസ്തത ഭാവങ്ങള്‍

തുടക്കം മുതൽ ഒടുക്കം വരെ കാഴ്ചക്കാരുടെ കണ്ണും മനസും നിറക്കുന്ന വ്യത്യസ്തങ്ങളായ വിഭവങ്ങളുമായാണ് ഇപ്റ്റ നാട്ടരങ്ങ് ജൈത്രയാത്ര നടത്തിയത്. രൂപീകരണത്തിന്റെ ആദ്യഘട്ടത്തിൽ നാടകങ്ങൾക്കും നാടൻ പാട്ടുകൾക്കുമൊപ്പം സംഘടിപ്പിച്ച വേറിട്ട പരിപാടികളുടെ അവതരണങ്ങളും ശ്രദ്ധേയമായി. അനശ്വര കവി വയലാർ രാമവർമ്മയുടെ ഓർമ്മകൾ ഉറങ്ങുന്ന രാഘവപ്പറമ്പിൽ കലാകാരൻമാർ ഇപ്റ്റ നാട്ടരങ്ങിന്റെ നേതൃത്വത്തിൽ ഒത്തുചേർന്നു. കഥയും കവിതയും നാടൻ പാട്ടുമൊക്കെ വേദികളിൽ ഇമ്പം തീർത്തപ്പോൾ പുതുതലമുറയിലെ കലാകാരൻമാരുൾപ്പടെ അവിടേക്ക് ഒഴുകിയെത്തി. ആനുകാലിക പ്രസക്തിയുള്ള നിരവധി സ്കിറ്റുകൾ പുതുമയോടെ വേദിയിൽ അവതരിച്ചപ്പോൾ സദസിലാകെ കടലിരമ്പം തീർത്ത് കൈയടികൾ മുഴങ്ങി. ഏറെ കാലമായുള്ള സംഘടകരുടെ പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും ശേഷം വിവിധ പ്രദേശങ്ങളിലെ കലാരൂപങ്ങൾ കോർത്തിണക്കി ചടുലതയോടെ അവതരിപ്പിച്ചപ്പോൾ അതൊരു പുതിയ അനുഭവമായി. പരുന്താട്ടം, പൂക്കുട്ടി ചാത്തൻ വെള്ളാട്ട്, നാഗകാണി വെള്ളാട്ട്, വില്ലടിച്ചാൽ പാട്ട്, കാളകുറ്റി, മണി മുത്തപ്പൻ തുടങ്ങിയ അനുഷ്ഠാന, പരമ്പരാഗത രൂപങ്ങൾ ശബ്ദ, വെളിച്ച വിസ്മയങ്ങളിൽ വേദിയിൽ പുനർജനിച്ചു.

കുടുംബങ്ങൾക്ക് കൈത്താങ്ങായി

ഇപ്റ്റ നാട്ടരങ്ങ് കൈത്താങ്ങാകുന്നത് നിരവധി കുടുംബങ്ങൾക്ക്. ഗ്രാമീണ തൊഴിലാളികളും വിദ്യാർത്ഥികളുമായ മുപ്പതോളം കലാകാരന്മാരാണ് ഇപ്റ്റ നാട്ടരങ്ങിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നത്. അവരുടെ കുടുംബങ്ങളെ ചേർത്ത് നിർത്തുന്ന ഒട്ടേറെ ക്ഷേമ പദ്ധതികൾക്കും നാട്ടരങ്ങ് തുടക്കമിട്ടു.
ടി എസ് സന്തോഷ്കുമാർ ഡയറക്ടർ ആയിരുന്നപ്പോഴാണ് ദീർഘവീക്ഷണത്തോടെയുള്ള ഇത്തരം പദ്ധതികൾക്ക് തുടക്കമിട്ടത്. അദ്ദേഹം അന്തരിച്ചു എങ്കിലും അന്ന് നടപ്പാക്കിയ പല സംരംഭങ്ങളും നാട്ടരങ്ങിന് മുതൽകൂട്ടായത് ചരിത്രം. കോവിഡ് അതിരുകളില്ലാത്ത ദുരന്തങ്ങൾ തീർത്തപ്പോൾ ജനങ്ങൾക്ക് താങ്ങായും തണലായും നാട്ടരങ്ങിന്റെ പ്രവർത്തകർ മുന്നിൽ നിന്നു.

നാട്ടുപാട്ട് തിറയാട്ടം

കാലത്തിനനുസരിച്ച് പുതുമ വിളംബരം ചെയ്യുന്ന ഇപ്റ്റയുടെ ’ നാട്ടുപാട്ട് തിറയാട്ടം ’ കീഴടക്കിയത് ജന്മനസുകളെ. നാടൻ പാട്ടിന്റെ ദൃശ്യാവിഷ്കാരങ്ങളുടെ തനതായ രീതി മാറ്റിനിർത്തി വ്യത്യസ്തമായ നവീന രംഗാവിഷ്ക്കാരമാണ് ഇതിലൂടെ വേദിയിലെത്തിയത്. സ്റ്റേജ് ഡിസൈനും ലൈറ്റ് ഡിസൈനും ഒരുക്കുന്നത് നാടക രചനയ്ക്കും, സംവിധാനത്തിനും, രംഗപടത്തിനും, ദീപ സംവിധാനത്തിനുമെല്ലാം നിരവധി ദേശീയ‑അന്തർദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഡോ: സാംകുട്ടി പട്ടംകരിയാണ്. ഫോക് ലോറിൽ കേന്ദ്ര സർക്കാരിന്റെ ജൂനിയർ ആന്റ് സീനിയർ ഫെലോഷിപ്പുകൾ നേടിയിട്ടുള്ള ഡോ: സാംകുട്ടി പട്ടംകരി നാടോടി അനുഷ്ഠാന കലാരൂപങ്ങളുടെ സൗന്ദര്യവും രാഷ്ട്രീയവും സമന്വയിപ്പിച്ച രംഗഭാഷയാണ് നാട്ടുപാട്ട് തിറയാട്ടത്തിന്റെ വേദിയിൽ ഒരുക്കിയത്.
മനോഹരമായ പ്രകാശ ക്രമീകരണങ്ങളോടൊപ്പം ആധുനിക ശബ്ദ വിസ്മയ സംവിധാനമായ ലൈൻ അറേയ് സൗണ്ട് സിസ്റ്റവും നാട്ടരങ്ങിനെ വേറിട്ട് നിർത്തുന്നു.

നയിക്കാൻ പാട്ട് വേദിയിലെ പ്രഗത്ഭര്‍

ഇപ്റ്റ നാട്ടരങ്ങിനെ നയിക്കുന്നത് പാട്ട് വേദിയിലെ നിറ സാന്നിധ്യങ്ങൾ. വേദികളിൽ വർണ്ണമഴ പെയ്യിച്ച കലാകാരൻ സജീവ് കാട്ടൂർ സെക്രട്ടറിയും ഫോക് ലോർ അവാർഡ് ജേതാവ് ഗിരീഷ് അനന്തൻ പ്രസിഡന്റുമായ സംഘടനയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നവരിൽ നിരവധി പുരസ്ക്കാരങ്ങൾ നേടിയ കലാകാരന്മാരും. പരിപാടികളുടെ ക്രിയേറ്റീവ് ഡയറക്ടർമാരായി സംവിധായകൻ ആർ ജയകുമാറും, ചലച്ചിത്രതാരം നടൻ സി പി മനേക്ഷായുമാണ് പ്രവർത്തിക്കുന്നത്. നാടൻ കലകളിൽ സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ഫെല്ലോഷിപ്പ് നേടിയ സജീഷ് തമ്പുരാനും, ശ്രീനാഥും സംസ്ഥാന കേരളോത്സവത്തിൽ നിരവധി തവണ പുരസ്ക്കാരം നേടിയ സലിമാമ്മൻ, കലാഭവൻ മണി സ്മാരക സംസ്ഥാന പുരസ്കാര ജേതാവായ ഗായിക ബിജിമോൾ ഉൾപ്പടെയുള്ളവർ വേദിയെ സമ്പന്നമാക്കുന്നു. ഇപ്റ്റ നാട്ടരങ്ങിന്റെ രക്ഷാധികാരികളായ ചലച്ചിത്ര താരം പത്മശ്രീ മധു, ടി വി ബാലൻ, എൻ ബാലചന്ദ്രൻ, പി കെ മേദിനി എന്നിവരും എല്ലാവിധ പിന്തുണയുമായി രംഗത്തുണ്ട്.

ഫോക്‌ലോർ പുരസ്ക്കാരം

കേരളത്തിനകത്തും പുറത്തുമുള്ള ജനലക്ഷങ്ങളുടെ ഹൃദയത്തിലേറിയ നാട്ടരങ്ങ് കലാരംഗത്തെ പ്രഗത്ഭർക്കായി എല്ലാവർഷവും പുരസ്ക്കാരവും നൽകുന്നുണ്ട്. കുട്ടനാടിന്റെ പാട്ടമ്മയായ കാവാലം രംഭയുടെ സ്മരണയ്ക്കായാണ് ഫോക് ലോർ പുരസ്ക്കാരം സമ്മാനിക്കുന്നത്. 10, 001 രൂപയും ശ്രീകുമാർ അരീപ്പറമ്പ് രൂപകൽപന ചെയ്ത ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ആദ്യ വർഷം നൽകിയത് പ്രശസ്ത നാടൻ പാട്ട് ഗായകനായ രമേശ് കരിന്തല കൂട്ടത്തിനാണ്. തുടർന്നുള്ള വർഷങ്ങളിൽ പോൾസൺ താന്നിക്കൽ, സുബ്രഹ്മണ്യൻ കക്കാട്ടിരി, ബുധനൂർ രാജൻ തുടങ്ങിയ പ്രതിഭകളെയും പുരസ്ക്കാരം തേടിയെത്തി.

ക്ലാസുകളും പരിശീലനങ്ങളും

പുതു തലമുറയെ ആകർഷിക്കാനായുള്ള പഠനങ്ങളും പരിശീലനങ്ങളും ക്ലാസുകളും പതിവായി സംഘടിപ്പിക്കുന്ന നാട്ടരങ്ങ് ഈ രംഗത്ത് വാർത്തെടുക്കുന്നത് നിരവധി കലാകാരന്മാരെ. വിവിധ മേഖലകളിലെ വിദഗ്ധർ പങ്കെടുക്കുന്ന ക്യാമ്പുകളും പുതുതലമുറക്ക് ആവേശമാകുന്നു. നാടകത്തിന്റെ വളർച്ചക്കും കലാകാരന്മാരുടെ പരിശീലനത്തിനും വഴിയൊരുക്കുന്ന നിരവധി പദ്ധതികളാണ് ആവിഷ്കരിക്കരിക്കുന്നത്. ഇപ്റ്റയുടെ നേതൃത്വത്തിൽ കെ എ ചന്ദ്രഹാസൻ സ്മാരക നാടക പഠന കേന്ദ്രം കഞ്ഞിക്കുഴി കെ കെ നാരായണൻ സ്മാരകത്തിൽ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ നാടകോത്സവത്തിലെ സജീവ പങ്കാളിയുമാണ് നാട്ടരങ്ങ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.