19 December 2024, Thursday
KSFE Galaxy Chits Banner 2

വര്‍ണശില്പികള്‍

രശ്മി എന്‍ കെ
December 5, 2021 8:14 pm

കല മറയില്ലാത്ത ആത്മാവിഷ്കാരം ആണ് അത് സൃഷ്ടിക്കുന്നവർക്ക്, ആസ്വദിക്കുന്നവർക്ക് ദിവ്യമായ അനുഭൂതിയും. അത് കൊണ്ട് തന്നെ അവിടെ ജീവിതത്തിന്റെ കാപട്യങ്ങൾക്ക് അപ്പുറം കടക്കുന്ന യാഥാർഥ്യങ്ങളെ കാണാം, അലങ്കരിക്കപ്പെടാത്ത ശരീരങ്ങളെയും ആത്മാക്കളെയും കാണാം.
അഭിനയത്തിന്റെ ഭാരമില്ലാത്ത തന്നെത്തന്നെ പുറത്തു വിടാനുള്ള ഇടം ആയതു കൊണ്ടാവും കല മനോവേധിയായി, കാല ദേശാതിവർത്തിയായി നില നിൽക്കുന്നത്. കല സ്വാതന്ത്ര്യം തന്നെ.
കോവിഡിന്റെ തടവറയിൽ ശ്വാസം മുട്ടുന്ന സമയത്ത് ഇതുപോലൊരു ആർട്ട് എക്സിബിഷൻ നൽകുന്ന പ്രാണവായു അത്രത്തോളം ഊർജദായകം.
ആലപ്പുഴയുടെ പൗരാണികമായ അന്തരീക്ഷത്തിൽ കയർ ഫാക്റ്ററികളുടെ വിശാലമായ കെട്ടിടങ്ങളിലും പോർട്ട് മ്യൂസിയത്തിലും വില്യം വുഡേക്കർ, ഇപി സി ഹാളിലുമായുള്ള ഏഴു പ്രദർശന സ്ഥലങ്ങളിലായി ഏപ്രിൽ മാസം മുതൽ നടന്നു വരുന്ന, ഡിസംബർ 31ന് അവസാനിക്കുന്ന ഈ വലിയ പ്രദർശനം ക്യൂറേറ്റ് ചെയ്യുന്നത് ബോസ് കൃഷ്ണമാചാരി ആണ്. കേരളത്തിൽ വേരുകളുള്ള 267 കലാകാരൻമാരും കലാകാരികളും (ചിത്ര ശിൽപ്പ ഫോട്ടോ ഗ്രാഫിക് വീഡിയോ ഗ്രാഫിക്) പങ്കെടുക്കുന്ന ലോകമേ തറവാട് എന്ന ഈ പ്രദർശനത്തിലൂടെ രണ്ടു ദിവസം കൊണ്ട് ഒരു ഓട്ടപ്രദക്ഷിണം നടത്തിയപ്പോൾ നിറയെ പല വർണ്ണച്ചിപ്പികൾ അടിഞ്ഞ കടൽത്തീരത്ത് നിന്നും ഏതു പെറുക്കണം എന്ന് ആശങ്കപ്പെടുന്ന കുഞ്ഞിനെപ്പോലെ ആയിരുന്നു ഞാൻ. കണ്ണിലും മനസിലും ഉടക്കിയത് പെറുക്കിയെടുക്കുക മാത്രമാണ് ചെയ്യുന്നത്.

ജലസാന്നിദ്ധ്യത്തിൽ മനം കുളിരുന്ന ആലപ്പുഴയിൽ ജലതരംഗംപോലെ ധ്യാനാത്മകമായ സംഗീതമുണർത്തുന്നത് ടെക്സ്സാസ് മലയാളിയായ സെബാസ്റ്റ്യൻ വർഗ്ഗീസിന്റെ സൂക്ഷ്മമായ നിറവിന്യാസം. നനവ് നിറഞ്ഞ മനസ്സിന്റെ രൂപഭാവങ്ങൾ. ജലഭാവങ്ങൾ കാണുന്നവരുടെ മനസ്സിലും തുളളിയായി, തിരയായി അലകൾ തീർക്കുന്നു. പായലുകളുടെ വർണ്ണ ഭംഗിയിൽ മറയ്ക്കപ്പെടുന്ന കാപട്യങ്ങളെ, ഒളിച്ചുവെക്കപ്പെടുന്ന ചീഞ്ഞളിഞ്ഞ അഴുക്കുകളുടെ യാഥാർത്ഥ്യത്തെക്കൂടി ആവിഷ്കരിക്കുകയാണ് അധിനിവേശത്തിന്റെ, ചരിത്രത്തിന്റെ രാഷ്ട്രീയം പറയുന്ന ആഫ്രിക്കൻ പായൽ ചിത്രങ്ങൾ. അമൂർത്തമായ സ്ട്രോക്കുകൾ കൊണ്ട്, നിറങ്ങളുടെ വിന്യാസം കൊണ്ട് സൃഷ്ടിക്കപ്പെടുന്ന അനന്തമായ പായൽപ്പരപ്പുകൾ യഥാതഥമെന്ന് തോന്നിപ്പിക്കുന്ന അത്രയും വൈദഗ്ദ്ധ്യമുള്ളതാണ്.
ഒരു വൃത്തരൂപമുള്ള കാൻവാസിലേക്ക് കേരളത്തിന്റെ, നഗരവൽക്കരണത്തിന്റെ കാപട്യങ്ങളേയും ക്രൂരതകളേയും ഒരു ഷോക്കേസിലെ പ്രദർശന വസ്തുക്കളെപ്പോലെ വരച്ചിടുന്ന ഭാഗ്യനാഥന്റെ ചിത്രം പെർസ്പക്റ്റിവിന്റെ അപാര സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്ന അൽഭുത സൃഷ്ടിയാണ്. ഒരു കോൺവെക്സ് കണ്ണാടിയിലെന്ന പോലെ പ്രത്യക്ഷപ്പെടുന്ന പ്രദർശന വസ്തുക്കൾ ഓരോന്നും അവയെ സ്ഥാപിച്ചിരിക്കുന്ന പെട്ടിക്കൂടുകളിൽ ത്രിമാനം കൈവരിക്കുന്നുണ്ട്. കാൻവാസിന്റെ രൂപവും ചിത്രത്തിന്റെ സംവിധാനവും ആശയങ്ങൾക്ക് അധികമാനം നൽകുന്നു.
ശാന്തമായൊരു മനസിന്റെ വൈഡ് ആംഗിൾ കാഴ്ചകൾ പകർത്തുന്ന സനം നാരായണന്റെ ചിത്രങ്ങൾ അനുഭൂതി നിറക്കുന്ന നിറക്കൂട്ടുകളിൽ കുഞ്ഞുകുഞ്ഞു വരകളിലൂടെ കാടും വീടും സൃഷ്ടിക്കുന്നു. ഒരു മല മുകളിൽ, അത്രയും വിശാലമായ ആകാശത്തു നിന്നും ഈ ഭൂമിയെ, കാടിനെ, മരങ്ങളെ കാണുന്ന ഒരാളിൽ നിറയുന്ന അനുഭൂതിയും ശാന്തിയും ചിത്രങ്ങൾ കാണുന്നവരിലും നിറയുകയാണ്.


മലയാളിയുടെ തീൻ മേശയിലെ പതിവ് വിഭവങ്ങളുടെ പുനഃരാവിഷ്കാരമാണ് ലിയോണിന്റെ ചിത്രങ്ങളിൽ കാണുന്നത്. ഒരു ജനതയുടെ പ്രദേശികമായ ഭക്ഷണ രീതി അവരുടെ സംസ്കാരമായി ബന്ധപ്പെട്ടു കിടക്കുന്നു. നിങ്ങൾ എന്ത് കഴിക്കണമെന്നത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്. ആ തിരഞ്ഞെടുപ്പിലെ ഇടപെടലിലെ അപകട രാഷ്ട്രീയം ലിയോൺ ചിത്രത്തിലൂടെ പറയുന്നു. നെൽകൃഷിയോട് ചേർന്നു തനിക്കു പരിചിതമായ കാർഷിക ജീവിതത്തെ യഥാതഥമായ സൂക്ഷ്മവരകളിലൂടെ വരച്ചിടുന്നു നെല്ല് ചിത്രങ്ങളിലൂടെ അഖിൽ മോഹൻ. സൂക്ഷ്മമായ പൂർണത ഉള്ള ചിത്രങ്ങൾ ഓരോ നെൽവിത്തിനേയും എടുത്തു കാണിക്കും വിധം സാങ്കേതിക തികവാർന്നതാണ്. അൻജും രിസ്വിയുടെ മുത്തു കൊണ്ടുള്ള ചിത്ര ശിൽപ്പം ഒരു ചൈനീസ് എംബ്രോയ്ഡറി പോലെ മനോഹരം.
പന്നലുകളുടേയും ഓർക്കിഡുകളുടേയും പരാദ സസ്യങ്ങളുടേയും അരികുവൽക്കരിക്കപ്പെട്ട സമാന്തര ജീവിതത്തെയും അവയും വൃക്ഷങ്ങളും തമ്മിലുള്ള സഹ ജീവിതത്തിന്റെയും അത് നിലനിർത്തുന്ന ആവാസ വ്യവസ്ഥയേയും മിഴിവോടെ വരച്ചു ചേർത്തിരിക്കുന്നു പ്രീതി വടക്കത്തിന്റെ മനോഹരമായ ജലച്ചായ ചിത്രങ്ങൾ. ഉമേഷ് പി കെ യുടെ ‘കത്തുന്ന കാട്’ ഉള്ളിലെ ആദിമമായ വന്യതയെയും അഗ്നിയേയും ശൂന്യതയേയും ഓർമ്മപ്പെടുത്തുന്നു. അതിനൊപ്പം പ്രകൃതിയിൽ മനുഷ്യൻ നടത്തുന്ന ആരണ്യ ദഹനം കൂടി ദ്യോതിപ്പിക്കുന്നതാണ്.
മുടി വരയിലൂടെ, കുഞ്ഞു ചതുര കാൻവാസുകളിൽ ചെയ്ത കൂട്ടിയിട്ട നിറപ്പകിട്ടുള്ള തുണികളുടെ ചിത്രങ്ങളിലൂടെ സ്ത്രീയുടെ സ്വത്വരാഷ്ട്രീയം പറയുകയാണ് സൂരജ കെ എസ് സിജി ആർ കൃഷ്ണന്റെ പോർട്രെയ്റ്റുകൾ നിറങ്ങളുടെ തെരഞ്ഞെടുപ്പ് കൊണ്ടും വരയുടെ സങ്കേതങ്ങൾ കൊണ്ടും പൗരാണികമായ തുകൽ ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്നവയാണ്. ഓർമ്മച്ചിത്രങ്ങൾ പോലെ അവ്യക്ത സുന്ദരമാണ് അവ, ഹൃദയം തൊടുന്നവയും. ഫോട്ടോഗ്രാഫുകൾക്ക് പകരം തന്റെ ഒബ്ജക്റ്റുകളെ അവരുടെ ജീവിത സാഹചര്യങ്ങളിൽ പഠിച്ച് ചെയ്ത ഛായാചിത്രങ്ങൾ ആവിഷ്കരിക്കാൻ ശ്രമിക്കുന്നത് ചിത്രകാരിയും ചിത്രമാക്കപ്പെടുന്നവരും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത കൂടിയാണ്.

 


തീഷ്ണമായ കണ്ണുകളുള്ള, ശക്തമായ നഗ്നശരീരങ്ങളുള്ള സ്ത്രീ ശിൽപ്പങ്ങളിലൂടെ ആൺനോട്ടങ്ങൾ കാണുന്നതല്ലാത്ത ഒരു മറു നോട്ടത്തിന്റെ സാദ്ധ്യതകൾ ഉറപ്പിക്കുകയാണ് ചിത്ര ഇ സി എന്ന ശിൽപ്പി തന്റെ ‘പരോപകാര ജീവിതങ്ങൾ’ എന്ന ശിൽപ്പത്തിലൂടെ. പ്രകൃതിയോടിണങ്ങി ജീവിക്കുന്നവരുടെ, അടിസ്ഥാന വർഗ്ഗത്തിന്റെ, ജീവിതത്തിലെ സ്ത്രീ ജീവിതത്തിന്റെ കരുത്തും കരുണയും മുഖങ്ങളിൽ, ശരീരത്തിൽ ആവാഹിച്ച ശിൽപ്പങ്ങളാണവ. കയർ ഫാക്ടറിയുടെ വിശാലമായ വെയർഹൗസുകൾ മറ്റു പുരാതന കെട്ടിടങ്ങൾ എല്ലാം ഈ കലാസൃഷ്ടികളുടെ സാമീപ്യം കൊണ്ട് ജൻമസാഫല്യം നേടിയിരിക്കാം. അത്ര മനോഹരമായിരിക്കുന്നു സ്പേസിങ്ങ്, ലൈറ്റിംഗിന്റെ അതി സൂക്ഷ്മ വിന്യാസങ്ങൾ.
മലയാളിക്ക് കല ഒരു ആഡംബരമാണ്. അത് ആഡംബരമല്ല അതിജീവനമാണ്, ജീവശ്വാസം തന്നെയാണ് എന്ന് ഉറപ്പിച്ചു പറയാൻ ഇതു പോലുള്ള വേദികൾ ഉണ്ടായേ തീരൂ. മുന്നൂറോളം കലാകാരൻമാരുടേയും കലാകാരികളുടേയും ആറായിരത്തോളം കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുള്ള ഇത്തരമൊരു പ്രദർശനം കേരളത്തിൽ ആദ്യമാണ്. അറുപതോളം കലാകാരികൾ ഇതിൽ പങ്കെടുക്കുന്നു എന്നത് അതിലേറെ സന്തോഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.