22 November 2024, Friday
KSFE Galaxy Chits Banner 2

വരകൊണ്ട് ചരിത്രം രചിച്ച യേശുദാസന്‍

പി എസ് സുരേഷ്
October 7, 2021 5:00 am

‘നമ്മളെല്ലാം ഒരിക്കല്‍ മരിക്കുമല്ലോ. പരലോകത്തു ചെല്ലുമ്പോള്‍ എന്തു ജോലി സ്വീകരിക്കുമെന്ന്’ കുറച്ചുനാള്‍ മുമ്പ് ഒരു സൗഹൃദസംഭാഷണത്തിനിടയില്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസനോട് ചോദിച്ചു. അവിടെയും കാര്‍ട്ടൂണ്‍ വരയ്ക്കുമെന്നായിരുന്നു മറുപടി. ‘അതിനവിടെ വിഷയം കാണത്തില്ലല്ലോ എല്ലാം പരമഭദ്രമല്ലേ’ എന്ന് ചോദിച്ചപ്പോള്‍ വിഷയത്തിനാണോ ദാരിദ്ര്യം. ദേവേന്ദ്രന്‍ ഭരിക്കുന്ന കാലത്തോളം വിഷയമുണ്ടാകും’ എന്നായിരുന്നു മറുപടി. എന്നിട്ട് നിസംഗമായ ഒരു ചിരിയും. അതാണ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍. എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുമ്പോള്‍ അദ്ദേഹം നിസംഗമായി നോക്കിക്കാണും ഒരു ചെറുചിരിയോടെ…

ജന്മസിദ്ധിയുള്ള കാര്‍ട്ടൂണിസ്റ്റായിരുന്നു അദ്ദേഹം. എന്നാല്‍ കാര്‍ട്ടൂണിസ്റ്റാവാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല; കാര്‍ട്ടൂണിസ്റ്റാകുകയായിരുന്നു. ചെറുപ്പത്തിലെ ആഗ്രഹം എന്‍ജിനീയര്‍ ആകണമെന്നായിരുന്നു. ബിഎസ്‌സി പാസായ ശേഷം അതിന് ശ്രമം നടത്തുകയും ചെയ്തു. പ്രവേശനം കിട്ടാന്‍ സാദ്ധ്യതയുണ്ടോ എന്നന്വേഷിക്കുവാന്‍ കൊല്ലം കരിക്കോട്ടെ ടികെഎം എന്‍ജിനീയറിങ് കോളജില്‍ പോയതുമാണ്. കോളജ് മാനേജ്മെന്റിന്റെ വ്യവസ്ഥ ഇഷ്ടപ്പെടാതെ മടങ്ങിയ അദ്ദേഹത്തെ കടപ്പാക്കടയിലെ ‘ജനയുഗ’ത്തിന്റെ ബോര്‍ഡ് ബസില്‍ നിന്ന് വലിച്ചിറക്കുകയായിരുന്നു. നേരെ എത്തപ്പെട്ടത് കാമ്പിശേരിയുടെയും പത്രാധിപര്‍ എന്‍ ഗോപിനാഥന്‍നായരുടെയും മുന്നില്‍. പ്രിന്ററും പബ്ലിഷറുമായ ആര്‍ ഗോപിനാഥന്‍നായരും ആര്‍ പ്രകാശവും അതിന് സാക്ഷി. കാമ്പിശേരിയുടെ നിര്‍ദ്ദേശപ്രകാരം തൊട്ടടുത്ത വീട്ടില്‍ വിശ്രമിക്കുകയായിരുന്ന വൈക്കം ചന്ദ്രശേഖരന്‍നായരെയും കണ്ടു. ജനയുഗം തന്നെ വല്ലാതെ ആകര്‍ഷിച്ചുവെന്നാണ് യേശുദാസന്‍ ആ കൂടിക്കാഴ്ചയെപ്പറ്റി പറഞ്ഞത്. വൈക്കത്തിന്റെ നിര്‍ദ്ദേശപ്രകാരം ‘ചന്തു’ എന്ന പേരില്‍ കാര്‍ട്ടൂണ്‍ പരമ്പര ആഴ്ചപ്പതിപ്പില്‍ ആരംഭിച്ചു.തുടര്‍ച്ചയായി ജനയുഗം പത്രത്തില്‍ കാര്‍ട്ടൂണുകള്‍ വരാന്‍ തുടങ്ങി. അതിലൊരെണ്ണം അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ കോളിളക്കം സൃഷ്ടിച്ചു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ വിമോചനസമരം കൊടുമ്പിരികൊണ്ട സമയമായിരുന്നു.

 


ഇത്കൂടി വായിക്കാം;സ്വദേശാഭിമാനി കേസരി പുരസ്‌കാരം യേശുദാസന്


 

‘എന്റെ പടക്കുതിരയെ ഞാന്‍ ഇഎംഎസിന്റെ മുമ്പില്‍ കൊണ്ടുപോയി കെട്ടും’ എന്ന മന്നത്ത് പത്മനാഭന്റെ വാക്കുകളാണ് യേശുദാസന്‍ കാര്‍ട്ടൂണിന് വിഷയമാക്കിയത്. മന്നം ഒരു മരക്കുതിരപ്പുറത്ത് നില്‍ക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍. അത് ജനയുഗത്തിന്റെ മുഖപേജിലും മറ്റ് ഭാഷകളിലെ കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളിലും അച്ചടിച്ചുവന്നു. അത് വളരെയേറെ ചര്‍ച്ചാവിഷയമായി. വിമോചനസമരകാലത്ത് ജാഥകളില്‍ ‘കണ്ടോടാ കണ്ടോടാ മരക്കുതിരയെ കണ്ടോടാ’ എന്ന മുദ്രാവാക്യം മുഴങ്ങിക്കേട്ടു. വിമോചനസമരം കഴിഞ്ഞപ്പോള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ കോട്ടയത്ത് മന്നത്തിന് ഒരു വലിയ സ്വീകരണം സംഘടിപ്പിച്ചു. അതില്‍ ഒരു പത്രാധിപരും വ്യവസായിയുമായിരുന്ന എം വി ജോര്‍ജ്ജ് മന്നത്ത് പ­ത്മനാഭന് നല്‍കിയത് ഒരു മരക്കുതിരയുടെ രൂപമായിരുന്നു. കമ്മ്യൂണിസ്റ്റുകാരന്‍ അല്ലാത്ത യേശുദാസന്‍ ജനയുഗത്തിനുവേണ്ടി തുടര്‍ന്നും വരച്ചു. വളരെ യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച യേശുദാസനില്‍ വന്ന മാറ്റം അപാരമാണ്. പള്ളിയിലച്ചനാക്കണമെന്നായിരുന്നു വീട്ടുകാരുടെ മോഹം. മാമോദീസ മുക്കാന്‍ ചെന്നപ്പോള്‍ പള്ളിയിലച്ചന് കു­ഞ്ഞിന്റെ ചന്തം കണ്ടപ്പോള്‍ യേശുദാസന്‍ എന്ന് വിളിക്കാനാണ് തോന്നിയത്. നാല് മക്കളില്‍ മൂന്നാമനായിരുന്നു യേശുദാസന്‍. മൂത്തത് രണ്ടാണും ഏറ്റവും ഇളയത് പെണ്ണും. അമ്മ ബഡ്ഷീറ്റുകളില്‍ ചിത്രപ്പണി നടത്തുന്നത് കണ്ടാണ് അതിലേയ്ക്ക് ആകര്‍ഷകത്വം തോന്നിയത്. പ്രാഥമിക സ്കൂളില്‍ പഠിക്കുന്ന കാലത്ത് നിലത്തിരുന്ന് ചിത്രം വരയ്ക്കുമായിരുന്നു. മൂത്ത രണ്ട് ജ്യേഷ്ഠന്‍മാര്‍ക്കും ചിത്രകലയില്‍ വാസനയുണ്ടായിരുന്നു. മൂത്തയാള്‍ പില്‍ക്കാലത്ത് ഡ്രോയിങ് മാഷായി. ഇളയയാള്‍ ഓയില്‍ പെയിന്റിങ് നടത്തുമായിരുന്നു. വീട്ടിലെ ഈ അന്തരീക്ഷമാകാം യേശുദാസനെ വരകളുടെ ലോകത്തേയ്ക്ക് അടുപ്പിച്ചത്. നിഷേധിയായിരുന്നു യേശുദാസൻ. കോട്ടയത്തെ അശോക പ്രോസസ് സ്റ്റുഡിയോ ഉടമ പൈലിച്ചേട്ടന്‍ പ്രസിദ്ധീകരിച്ചിരുന്ന ‘അശോക’ എന്ന ആക്ഷേപഹാസ്യ മാസികയുടെ പത്രാധിപര്‍ കവി പന്തളം കെ പി ആയിരുന്നു. ഈ അശോകയിലായിരുന്നു യേശുദാസന്റെ ആദ്യ കാര്‍ട്ടൂണ്‍ 1955ല്‍ അച്ചടിച്ചുവന്നത്. അന്നത്തെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ഡള്ളസ് ഒരു ആറ്റംബോംബിനൊപ്പം നൃത്തം ചെയ്യുന്നതായിരുന്നു കാര്‍ട്ടൂണ്‍. തുടര്‍ന്നും നിരവധി കാര്‍ട്ടൂണുകള്‍ അശോകയില്‍ വന്നു. ഇതൊക്കെ കണ്ടിട്ട് ഒരിക്കല്‍ പന്തളം കെ പി പറഞ്ഞു ‘ഇതൊക്കെ വായിച്ചാല്‍ പള്ളിക്കാരും പട്ടക്കാരും തന്നെ തല്ലിച്ചതക്കില്ലേ’. അതായിരുന്നു തുടക്കം.

 

ബാലയുഗത്തിന്റെ പത്രാധിപരായും…

 

എം എന്‍ ഗോവിന്ദന്‍നായരും കാമ്പിശേരിയും കൂടി യേശുദാസനെ വീട്ടിലെത്തി ജനയുഗത്തിലേക്ക് നേരിട്ട് ക്ഷണിക്കുകയായിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് പത്രത്തില്‍ ജോലിക്കയയ്ക്കാന്‍ മാതാപിതാക്കള്‍ക്ക് അത്ര ഇഷ്ടം തോന്നിയില്ല. എന്നാല്‍ യേശുദാസന്റെ ഇഷ്ടത്തിന് മുന്നില്‍ അവര്‍ വഴങ്ങി. അങ്ങനെയാണ് അദ്ദേഹത്തെ ജനയുഗത്തിലെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി നിയമിക്കുന്നത്. മലയാളം പത്രങ്ങളില്‍ ആ തസ്തികയിലുള്ള ആദ്യത്തെ നിയമനമായിരുന്നു അത്.
മലയാള ദിനപത്രങ്ങളില്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ ജനയുഗത്തിലെ ‘കിട്ടുമ്മാവ’ന്‍ ആണ്. പത്രാധിപര്‍ എന്‍ ഗോപിനാഥന്‍നായരായിരുന്നു. ഇങ്ങനെയൊരു ആശയം മുന്നോട്ട് വച്ചത്. അതിന് ‘കിട്ടുമ്മാവന്‍’ എന്ന പേര് നിര്‍ദ്ദേശിച്ചതാകട്ടെ തെങ്ങമം ബാലകൃഷ്ണനും. പില്‍ക്കാലത്ത് ഇതിന്റെ ചുവടുപിടിച്ച് മറ്റ് മലയാള പത്രങ്ങളിലും പോക്കറ്റ് കാര്‍ട്ടൂണും സ്ഥാനം പിടിച്ചു. 2019ല്‍ കിട്ടുമ്മാവന്റെ അറുപതാം വാര്‍ഷികം കൊല്ലത്ത് യേശുദാസന്റെ സാന്നിധ്യത്തില്‍ വിപുലമായി ആഘോഷിക്കുകയുണ്ടായി.

 


ഇതുംകൂടി വായിക്കാം;സ്വദേശാഭിമാനി കേസരി പുരസ്‌കാരം യേശുദാസന്


 

അക്കാലത്ത് ഏതൊരു കാര്‍ട്ടൂണിസ്റ്റും അഭിമാനമായി കണ്ടിരുന്ന ശങ്കേഴ്സ് വീക്കിലിയില്‍ യേശുദാസന്‍ ചേര്‍ന്നു. ജനയുഗത്തിന്റെ പൂര്‍ണ സമ്മതത്തോടെയാണ് അദ്ദേഹം ആ ചുമതലയില്‍ പ്രവേശിച്ചത്. അതിന് മുന്‍ പത്രാധിപര്‍ എന്‍ ഗോപിനാഥന്‍നായരുടെ എല്ലാവിധ പിന്തുണയും ഉണ്ടായിരുന്നു. യേശുദാസന്റെ വരകള്‍ കൂടുതല്‍ വികസ്വരമാകാന്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറുമായുള്ള ബന്ധം സഹായിച്ചു. ആറ് വര്‍ഷം അദ്ദേഹം അവിടെ ജോലി ചെയ്തു. ശങ്കറിന്റെ പല രീതികളോടും പൊരുത്തപ്പെടുക പലര്‍ക്കും ബുദ്ധിമുട്ടാണ്. അതുകൊണ്ട് കൂടിയാല്‍ രണ്ട് വര്‍ഷം അതാണ് അവിടുത്തെ കൂടിയ സേവനകാലം. അബു എബ്രഹാം, ഒ വി വിജയന്‍, കേരളവര്‍മ്മ, കുട്ടി, ഗഫൂര്‍, ശാമുവേല്‍ തുടങ്ങിയവരൊക്കെ അകാലത്തില്‍ പിരിഞ്ഞവരാണ്. അതിന് ചില കാരണങ്ങളുണ്ടെന്ന് യേശുദാസന്‍ പറഞ്ഞു. കാര്‍ട്ടൂണിസ്റ്റ് ശങ്കറിന് എല്ലാവരെയും സംശയമായിരുന്നു. തൊഴില്‍പരമായ പൂര്‍ണതയില്‍ അദ്ദേഹം ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമായിരുന്നില്ല. 1963ല്‍ താന്‍ ജോലിയില്‍ പ്രവേശിച്ച ദിവസം അദ്ദേഹം ഒരു ഉപദേശം നല്‍കി. ഒ വി വിജയനെയും അബു എബ്രഹാമിനെയും പോലെ ആകരുത്. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി. ഒരു കാര്‍ട്ടൂണ്‍ കണ്ടാല്‍ ആളുകള്‍ പൊട്ടിച്ചിരിക്കണം. പൊട്ടിച്ചിരിക്കാതെ, കാര്‍ട്ടൂണിന്റെ അര്‍ത്ഥം മനസിലാക്കാന്‍ ബ്രിട്ടീഷ് ലൈബ്രറിയില്‍ പോയി റഫര്‍ ചെയ്യേണ്ട അവസ്ഥ ഉണ്ടാകരുത് എന്നായിരുന്നു.

കാര്‍ട്ടൂണിസ്റ്റ് ശങ്കറിനൊപ്പമുള്ള ആറ് വര്‍ഷം തന്റെ ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടതായിരുന്നു എന്നാണ് യേശുദാസന്‍ വിശേഷിപ്പിച്ചത്. ആറ് വര്‍ഷക്കാലത്തിനിടയില്‍ ശങ്കറുമായി ഇണങ്ങുകയും പിണങ്ങുകയുമൊക്കെ ചെയ്തു. ശങ്കര്‍ പിണങ്ങുമ്പോള്‍ അതിനെ സമചിത്തതയോടെ നേരിടാന്‍ യേശുദാസന്‍ പഠിച്ചു. ശങ്കറിന്റെ ചില പ്രത്യേകതകള്‍ ജീവിതത്തില്‍ പകര്‍ത്താനും യേശുദാസന്‍ ശ്രമിച്ചിട്ടുണ്ട്. വര ഇഷ്ടപ്പെട്ടില്ലെങ്കില്‍ ആ ഭാഗങ്ങളിലൊക്കെ ഗുണനചിഹ്നമിടുന്ന സ്വഭാവം ശങ്കറിനുണ്ട്. എന്ത് വരയ്ക്കുന്നോ അതിന് പൂര്‍ണത വേണം; വിശദാംശങ്ങള്‍ വിട്ടുകളയാനും പാടില്ല. അത്ര സൂക്ഷ്മതയോടെ വ്യക്തികളെ നിരീക്ഷിക്കുകയാണ് വേണ്ടത്. അതിനു വേണ്ടി എന്തൊക്കെ ചെയ്യാനും ശങ്കര്‍ തയ്യാറായിരുന്നു. പാര്‍ലമെന്റ് സമ്മേളന കാലത്ത് കൃത്യമായി അതില്‍ പങ്കെടുക്കാന്‍ പാസ് എടുത്ത് നല്‍കും. പൊതുസമ്മേളന സ്ഥലങ്ങളില്‍ വെറുതെ പോയി പ്രസംഗം കേള്‍ക്കണം. ഓരോ നേതാവിന്റെയും വേഷം, തൊപ്പി ധരിക്കുന്ന രീതി, ചെരുപ്പ് ഇടുന്നതിലെ പ്രത്യേകത, പ്രസംഗിക്കുമ്പോള്‍ കാട്ടുന്ന ചേഷ്ടകള്‍ അങ്ങനെയെല്ലാം ചിത്രത്തില്‍ പതിയണം. ഉദാഹരണത്തിന് പട്ടത്തിന്റെ മൂക്കിന് താഴെയുള്ള അരിമ്പാറ, ശങ്കറിന്റെ ഞെളിവ്, നയനാരുടെ മുന്‍വരി പല്ലിലെ വിടവ് അങ്ങനെ പോകുന്നു നിരീക്ഷണം. ശങ്കേഴ്സ് വീക്‌ലിയില്‍ ‘റയില്‍വേ സ്റ്റേഷന്‍’, ‘കേവ്മാന്‍’ എന്ന സ്ഥിരം പംക്തികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വീക്കിലിയുടെ ഫിലിം പേജും പില്‍ക്കാലത്ത് യേശുദാസന്‍ തന്നെയാണ് അണിയിച്ചൊരുക്കിയത്.

ജനയുഗം ബാലയുഗം എന്ന പ്രസിദ്ധീകരണം തുടങ്ങിയപ്പോള്‍ അതിന്റെ എഡിറ്ററാകാന്‍ യേശുദാസന് ക്ഷണമുണ്ടായി. അന്ന് എംപിയായിരുന്ന സി അച്യുതമേനോനാണ് ഈ ആവശ്യം ഉന്നയിച്ചത്. അതനുസരിച്ച് ശങ്കേഴ്സ് വീക്കി‌ലി വിട്ട് യേശുദാസന്‍ വീണ്ടും ജനയുഗത്തിന്റെ ഭാഗമായി. പില്‍ക്കാലത്ത് ബാലയുഗം വിട്ട് ‘അസാധു’, ‘കട്ട്കട്ട്’, ‘ടക്‌ടക്’ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ സ്വന്തമായി തുടങ്ങി. സാമ്പത്തിക കാരണങ്ങളാല്‍ അവയൊക്കെ മുടങ്ങിപ്പോയി.
1985ല്‍ അദ്ദേഹം മനോരമയില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്നു. തനിക്ക് മൂന്ന് ഗുരുക്കന്മാരാണ് ഉള്ളതെന്ന് യേശുദാസന്‍ പലപ്പോഴും പറയാറുണ്ട്. കാമ്പിശേരി കരുണാകരന്‍, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, കെ എം മാത്യു എന്നിവരാണവര്‍. അണിയറ, പ്രഥമദൃഷ്ടി, വരയിലെ നയനാര്‍, വരയിലെ ലീഡര്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ യേശുദാസന്റേതാണ്. രണ്ട് മലയാള ചലച്ചിത്രങ്ങള്‍ക്ക് സംഭാഷണവും എഴുതി. ‘പഞ്ചവടിപ്പാല’വും ‘എന്റെ പൊന്നുതമ്പുരാനും’. ജനയുഗം രണ്ടാമത് ആരംഭിച്ചപ്പോള്‍ യേശുദാസന്‍ കിട്ടുമ്മാവന്‍ വീണ്ടും തുടങ്ങി. ഏതാനും ദിവസം മുമ്പ് രോഗബാധിതനായി ആശുപത്രിയിലാകുന്ന ദിവസം പോലും അദ്ദേഹം കിട്ടുമ്മാവന്‍ വരച്ചു. അത്രമാത്രം ആത്മബന്ധം പുലര്‍ത്തിയിരുന്ന കാര്‍ട്ടൂണായിരുന്നു കിട്ടുമ്മാവന്‍.ആത്മകഥ എഴുതി പൂര്‍ത്തിയായശേഷമാണ് യേശുദാസന്‍ മരണത്തിന് കീഴടങ്ങിയത്. ആത്മകഥാംശം നിറഞ്ഞ ഒരു അഭിമുഖം ഏറ്റവും അവസാനമായി ജനയുഗം ഓണം വിശേഷാല്‍ പ്രതിക്ക് നല്‍കി. ടെലഫോണിലൂടെയാണ് ആ അഭിമുഖം തയ്യാറാക്കിയത്. അതില്‍ ചില പിശകുകള്‍ സംഭവിച്ചു. പിന്നീട് ആ പിശകുകള്‍ എങ്ങനെ പരിഹരിക്കണമെന്ന് അദ്ദേഹം ചോദിച്ചു. കൃത്യമായ ഒരു മറുപടി അന്ന് നല്‍കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ആഗ്രഹം അനുസരിച്ച് ആ പിശകുകള്‍ ഇവിടെ തിരുത്തുകയാണ്.
മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായപ്പോള്‍ ആദ്യത്തെ പൊതുചടങ്ങായി അദ്ദേഹത്തിന്റെ വസതിയില്‍ യേശുദാസന്‍ എഴുതിയ ‘വരയിലെ നയനാര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്താന്‍ അനുവാദം നല്‍കി. അതിന്റെ സാഹചര്യം വിശദീകരിച്ചപ്പോള്‍ മനോരമയുടെ ലീഡര്‍ റൈറ്ററായിരുന്ന മലയാള പത്രപ്രവര്‍ത്തനത്തിലെ കുലപതികളില്‍ ഒരാളായ ടികെജി നായരെപ്പറ്റി ഒരു പരാമര്‍ശമുണ്ടായി. ആ കാലത്ത് അദ്ദേഹം ജീവിച്ചിരിപ്പില്ലായിരുന്നു.യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രിയുടെ പ്രി‍ന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടികെഎ നായരെപ്പറ്റിയായിരുന്നു സൂചിപ്പിച്ചത്. അതുപോലെ യേശുദാസന്‍ ആദ്യം കടപ്പാക്കടയില്‍ താമസിച്ച വീട് പത്രപ്രവര്‍ത്തകരായ പരേതനായ ആര്‍ രാജേന്ദ്രന്റെയും, ആര്‍ എസ് ബാബുവിന്റെയും പിതാവായിരുന്ന രാഘവന്‍ മുതലാളിയുടേതായിരുന്നു. ആ പേര് തെറ്റായാണ് അച്ചടിച്ചത്. യേശുദാസന്‍ സംഭാഷണം എഴുതിയ രണ്ടാമത്തെ ചലച്ചിത്രത്തിന്റെ പേര് ‘എന്റെ പൊന്നുതമ്പുരാന്‍’ എന്നാണ്. ഈ തെറ്റുകള്‍ വന്നതില്‍ യേശുദാസനുവേണ്ടി ഖേദപ്രകടനം നടത്തുകയും അതിലൂടെ അദ്ദേഹത്തിന് നല്‍കിയ വാക്ക് പാലിക്കുകയും ചെയ്യാന്‍ ഈ അവസരം വിനിയോഗിക്കുന്നു.

ഒരു നേതാവുമായും ഉറ്റ സൗഹൃദം പുലര്‍ത്താതെ സ്വകാര്യമായി അവരുടെ വീടുകളില്‍ പോകാതെ, അവരുമൊത്ത് ഉല്ലാസയാത്ര നടത്താതെ എല്ലാവരുമായും അകലം പാലിച്ച് മാത്രം ജീവിച്ച വ്യക്തിയായിരുന്നു യേശുദാസന്‍. അതുകൊണ്ടാണ് തനിക്ക് ആത്മസുഹൃത്തുക്കള്‍ ഇല്ലാതെ പോയതെന്ന് അദ്ദേഹം പറയുമായിരുന്നു. വലിയ നേതാക്കളെ അടുത്ത് നിന്ന് കണ്ടിട്ടുണ്ട്. എന്നാല്‍ അടുപ്പക്കാരാകാന്‍ ശ്രമിച്ചിട്ടില്ല. പലരും പല വഴിയിലൂടെയും വലിയ നേതാക്കളുടെ അടുപ്പക്കാരായി മാറുന്നത് കണ്ടിട്ടും അദ്ദേഹം ഒരിക്കലും അവരെ പിന്തുടരാന്‍ ശ്രമിച്ചില്ല. അതുകൊണ്ട് അവര്‍ക്ക് ഗുണവും ദോഷവും ഉണ്ടായിട്ടുണ്ട്. അതേപ്പറ്റിയൊന്നും വിലയിരുത്താന്‍ താന്‍ ആളല്ല. ഇതാണ് അദ്ദേഹത്തിന്റെ ജീവിതദര്‍ശനമെന്ന് തോന്നുന്നു.

Eng­lish Sum­ma­ry : Remem­ber­ing car­toon­ist Yesudasan

You may also like this video :

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.