21 November 2024, Thursday
KSFE Galaxy Chits Banner 2

നിലയ്ക്കില്ലീ നാദമാധുരി…

ആശ സി
February 13, 2022 5:35 pm

ഒന്നും ശാശ്വതമായി നിലനില്ക്കുകയില്ല, മറ്റൊന്നു പകരം വരും. എന്നാൽ ലോകത്തിൽ ലതയുടെ ദിവ്യസ്വരം എക്കാലവും അതേപോലെ നിലനില്ക്കും.

- ഇളയരാജ

ലതാ മങ്കേഷ്‍കർ… 1929 ഒക്ടോബർ 28 ന് ഉത്തരേന്ത്യയിലെ പ്രശസ്ത നാടക കലാകാരനും മറാത്തി സംഗീതജ്ഞനുമായ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കറിന്റെയും ഷെവന്തിയുടെയും മൂത്ത മകളായി ജനനം.

1942‑ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ ‘നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി… ’ എന്ന ഗാനം ആലപിച്ചു കൊണ്ടായിരുന്നു സംഗീത ലോകത്തേക്കുള്ള ലതയുടെ ചുവടുവയ്പ്. അന്ന് പ്രായം 13. എന്നാൽ 1948‑ൽ ‘മജ്ബൂർ’ എന്ന ചിത്രത്തിനുവേണ്ടി ഗുലാം ഹൈദർ സംഗീതസംവിധാനം ചെയ്ത ‘മേരാ ദിൽ തോഡാ…’ എന്ന ഗാനമാണ് ശ്രദ്ധേയയാക്കിയത്. തുടർന്നങ്ങോട്ട് ഒരു രാജ്യത്തിന്റെ ശബ്ദമായി മാറി ലതാ മങ്കേഷ്ക്കർ.

നൂർജഹാനും ഷംസാദ് ബീഗവും നിറഞ്ഞു നിന്ന ബോളിവുഡ് ലോകം വ്യത്യസ്തതയാർന്ന ശബ്ദമാധുരി കൊണ്ട് കീഴടക്കിയ സംഗീത വിസ്മയം.

നൗഷാദ്, ശങ്കർ-ജയ്കിഷൻ, എസ് ഡി ബർമൻ, പണ്ഡിറ്റ് ഹുസൻ ലാൽ ഭഗത് റാം, ഹേമന്ത് കുമാർ, സലിൽ ചൗധരി, ഉഷ ഖന്ന, സി. രാമചന്ദ്ര, മദൻ മോഹൻ, റോഷൻ, ലക്ഷ്മികാന്ത് പ്യാരേലാൽ തുടങ്ങി എ ആർ റഹ്‌മാൻ വരെയുള്ള സംഗീത സംവിധായകർക്കൊപ്പം, മുഖേഷ് മുതൽ സോനു നിഗം വരെയുള്ള ഗായകർക്കൊപ്പം ലത പാടിക്കൊണ്ടേയിരുന്നു. ഇന്ത്യയിലെ പ്രശസ്ത നിർമാതാക്കളായ യാഷ് ചോപ്ര ഫിലിംസിന്റെ മുഴുവൻ ചിത്രങ്ങളും ലതയുടെ ഗാനങ്ങളായി മാത്രമേ ഇറങ്ങിയുള്ളൂ. ബോളിവുഡ് അടക്കിവാണ പല നായികമാരുടേയും ശബ്ദമായി ലത മാറി.

ബോളിവുഡിൽ അഭിവാജ്യ ഘടകമായി മാറിയപ്പോഴും തന്റെ സംഗീത ലോകത്തുനിന്ന് ആയുഷ്ക്കാലം ലതയെ മാറ്റി നിർത്തിയിരുന്നു ഓംകാർ പ്രസാദ് നയ്യാർ എന്ന സംഗീത സംവിധായകൻ. എന്നാൽ ലതയുടെ സഹോദരി ആശ ഭോസ്ലേയെക്കൊണ്ട് ഒട്ടനവധി ഹിറ്റുകൾ സൃഷ്ടിക്കുകയും ചെയ്തു അദ്ദേഹം. ലതയും നയ്യാരും തമ്മിലുള്ള പിണക്കം ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘ആസ്മാനി’ൽ പാടാൻ കരാറായെങ്കിലും മണിക്കൂറുകളോളം കാത്തിരുന്നിട്ടും ലത എത്തിയില്ല. അന്ന് തുടങ്ങിയ ആ പിണക്കം രമ്യതയിലെത്തിയതേയില്ല. രണ്ടു പേരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്നു മാത്രമല്ല, അവസരം കിട്ടുമ്പോഴൊക്കെ പരസ്പരം ഒളിയമ്പെയ്തുകൊണ്ടേയിരുന്നു. ലതയുടെ പാട്ടുകൾ പോലെ ഈ പിണക്കങ്ങളും ബോളിവുഡിൽ ചര്‍ച്ചയായിരുന്നു. ജി എം ദുറാനി, രാമചന്ദ്ര തുടങ്ങി പലരുടേയും സംഗീത ജീവതം നശിപ്പിച്ചിട്ടുണ്ട് ഈ കലഹങ്ങൾ. നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ എസ് ഡി ബർമനോടും മുഹമ്മദ് റഫിയോടുമൊക്കെ പലപ്പോഴും ലത പിണങ്ങിയിട്ടുണ്ട്.

ലതാ മങ്കേഷ്ക്കർ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയത് ലക്ഷ്മികാന്ത് പ്യാരെ ലാലിന്റെ സംഗീതത്തിലാണ്. എഴുന്നൂറോളം പാട്ടുകൾ. ശങ്കർ ജയ്കിഷനൊപ്പം ഏകദേശം 450,

ആർ ഡി ബർമനൊപ്പം 330, സി രാമചന്ദ്ര 300, കല്യാൺജി ആനന്ദ്ജി 300, ചിത്രഗുപ്ത 240,

മദൻമോഹൻ 210, എസ് ഡി ബർമൻ 180, നൗഷാദ് 160, രോശൻ 150, ഹേമന്ത് കുമാർ 140, അനിൽ ബിശ്വാസ് 125, സലിൽദയക്കൊപ്പം 130. പാടിയതൊക്കെയും ഹിറ്റാക്കിയ ലതാജിയുടെ പാട്ടുകളിൽ നിന്ന് പത്ത് ഇഷ്ടഗാനങ്ങൾ തിരഞ്ഞെടുക്കുക അത്ര എളുപ്പമല്ല.

ലതാജിയെ ഓർക്കുമ്പോൾ എന്റെ മനസിലേക്ക് ആദ്യമെത്തുന്നത് 71 ൽ ഷർമിലി എന്ന ചിത്രത്തിൽ ലതാജി പാടിയ ‘കിൽതേ ഹേ ഫൂല് യഹാ… മിൽതേ ഹേ ദിൽ യഹാ

മിൽകേ ബിചഡിനേ കോ…’ എന്ന ഗാനമാണ്. വിവിധ ഭാഷകളിലായി നാൽപ്പതിനായിരത്തിലധികം ഗാനങ്ങൾ. പാടിയതിലധികവും ഹിറ്റുകൾ. എട്ടു പതിറ്റാണ്ടോളം നീണ്ട സമാനതകളില്ലാത്ത സംഗീതയാത്ര. ഒരു തലമുറയെ മുഴുവൻ ശബ്ദമാധുര്യം കൊണ്ട് പ്രണയപരവശരാക്കിയ പതിറ്റാണ്ടുകൾക്കിപ്പുറം പുതിയ തലമുറപോലും ഏറ്റു പാടുന്ന ലതാജിയുടെ ശബ്ദത്തിലല്ലാതെ സങ്കല്പിക്കാനാവാത്ത ചില ഗാനങ്ങൾ.

ആജാരേ പരദേസി (മധുമതി), ലഗ് ജാ ഗലേ (വോ കോൻ ഥീ), ചാന്ദ് ഫിർ നിക് ലാ മഗർ തും ന ആയേ (പേയിംഗ് ഗസ്റ്റ് ), ആപ് കി നസറോം നെ സംജാ… (അൻപഥ്) പ്യാർ കിയാതോ ഡർനാ ക്യ(മുഘൽ — ഇ- അസം), ആയേഗാ ആനേ വാലാ (മഹൽ),അജീബ് ദാസ്‍ത് ഹേ യേ’ ( ദിൽ അപ്‍നെ ഓർ പ്രീത് പരെയ്),ആഘോം മേം ഹംനേ ആപ്കേ സപ്നേ(ഥോടി സി ബേവ് ഫായ്),കഭീ കഭീ മേരേ ദിൽ മേം… ( കഭീ കഭീ ), യേ സിന്തഗി ഉസി കെ ഹെ…(അനാർക്കലി).

പുരുഷാധിപത്യം കൊടികുത്തി വാണിരുന്ന ബോളിവുഡിൽ എട്ടുപതിറ്റാണ്ടോളം നീണ്ട ഒരു സ്ത്രീയുടെ സംഗീതയാത്ര. സ്ത്രീ സമൂഹത്തിനും ഏതൊരു കലാകാരിക്കും കരുത്തും ആത്മവിശ്വാസവുമേകുന്നതായിരുന്നു ലതാ മങ്കേഷ്കറുടെ ജീവിതം. പ്രശസ്തിയുടെ ഉയരങ്ങൾ താണ്ടുമ്പോഴും എളിമയും വിനയവും കാത്തുസൂക്ഷിച്ചത് ലതയെ ഇന്ത്യൻ സിനിമാ ലോകത്ത് എന്നും വ്യത്യസ്തയാക്കി. എങ്കിലും നിലപാടുകളിൽ തെല്ലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലായിരുന്നു ലത. പ്രശസ്ത ടിവി-റേഡിയോ അവതാരകനായ ഹരീഷ് ബീമാനി തന്റെ ‘In search of Latha’ എന്ന ജീവചരിത്ര പുസ്തകത്തിൽ എൺപതുകളിൽ ലതാമങ്കേഷ്കർ നടത്തിയ വിദേശ സംഗീതപര്യടനങ്ങളും വിട്ടുവീഴ്ചകളില്ലാത്ത നിലപാടുകളും വിവരിക്കുന്നുണ്ട്. മാതൃഭൂമി ബുക്സ്പ്രസിദ്ധീകരിച്ച ‘ലതാ മങ്കേഷ്ക്കർ- സംഗീതവും ജീവിതവും’ എന്ന പുസ്തകത്തിൽ ജമീൽ കൊച്ചങ്ങാടിയും ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്.

“ദുബായിയിൽ ലതാജിയുടെ ഒരു സ്റ്റേജ് പരിപാടി നടക്കുന്നു. പരിപാടി കഴിഞ്ഞപ്പോൾ ദുബായിയിലെ ഒരു കോടീശ്വരനു തന്റെ കൊട്ടാരതുല്യമായ ബംഗ്ലാവിൽ ലതാ മങ്കേഷ്കറിന്റെ ഒരു മെഹ്ഫിൽ കേൾക്കാനൊരാഗ്രഹം. എത്ര പണം നല്കാനും തയ്യാറാണെന്ന് ദൂതൻ മുഖാന്തരം ലതയെ അറിയിച്ചു. പൊതു പരിപാടിയല്ലാതെ മെഹ്ഫിലുകൾ താൻ നടത്താറില്ലെന്നായിരുന്നു ലതയുടെ മറുപടി.”

പിന്നീട് ആ സംഭവത്തെപ്പറ്റി ലതാജി നല്കിയ വിശദീകരണമിങ്ങനെ.

”ഞാൻ ആ ക്ഷണം സ്വീകരിച്ചിരുന്നുവെങ്കിൽ അത് എന്റെ പൊതുപരിപാടി കേൾക്കാൻ വന്ന ഈ രാജ്യത്തെ സ്ത്രീകളെ മുഴുവൻ അപമാനിക്കുന്നതിനു തുല്യമാകുമായിരുന്നു.” ലതാജിക്ക് തുല്യം അവർ മാത്രം!

പ്രതാപത്തിൽനിന്ന്​ ദാരിദ്ര്യത്തിലേക്ക്​ കൂപ്പുകുത്തിയ മ​ങ്കേഷ്​കർ കുടുംബത്തെ ​ചെറുപ്രായത്തിൽ തോളിലേറ്റിയ ലത പ്രശസ്തിയുടെ കൊടുമുടി കീഴടക്കിയെങ്കിലും ജീവിതത്തിലെന്നും ഒറ്റയ്ക്കായിരുന്നു. സംഗീതത്തോടൊപ്പം ക്രിക്കറ്റിനേയും പ്രണയിച്ച ലതയുടെ ക്രിക്കറ്റ് പ്രണയത്തിനു പിന്നിൽ ഒരു നഷ്ടപ്രണയത്തിന്റെ കഥയുണ്ടെന്നും ബോളിവുഡ് വൃത്തങ്ങളിൽ സംസാരമുണ്ടായിരുന്നു. ലതയുടെ നാല് സഹോദരങ്ങളും സംഗീത ലോകത്ത് പ്രശസ്തരാണ്. സംഗീത സംവിധായകൻ ഹൃദയനാഥ് മങ്കേഷ്കർ, ഗായികയും സംഗീത സംവിധായികയുമായ മീന ഖാദികർ, ഗായിക ഉഷാ മങ്കേഷ്കർ, ഗായിക ആഷാ ഭോസ്ലേ എന്നിവരാണ് ലതയുടെ സഹോദരങ്ങൾ. ആശാ ഭോസ്ലേയും ലതയും ചേർന്നാലപിച്ചത് 50 ഗാനങ്ങൾ. അതിൽ ‘ഉത്സവി‘ലെയും ‘ധരംവീറി‘ലെയും ഗാനങ്ങൾ സൂപ്പർഹിറ്റും.

സംഗീത ലോകത്തിലെ ഇതിഹാസമായിരുന്നു ലതാജി. 2011 ൽ എം എസ് സുബ്ബലക്ഷ്മിക്ക് ശേഷം ഭാരതരത്നം കിട്ടുന്ന സംഗീതജ്ഞയായി ലത. പദ്മഭൂഷൺ, പദ്മവിഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം, ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓഫീസർ ഓഫ് ലീജിയൻ ഓഫ് ഓണർ ( 2007 ) തുടങ്ങി പുരസ്കാര പെരുമഴ തന്നെയുണ്ട് ലതയുടെപേരിൽ.

പതിമൂന്നാമത്തെ വയസ്സിൽ സംഗീതത്തിന്റെ നീലവിഹായസിലേക്ക് പറന്നുയർന്ന് ഇന്ത്യയുടെ ശബ്ദമായി മാറിയ വാനമ്പാടി വിണ്ണിൻ മടിയിലേക്ക് മടങ്ങുമ്പോൾ പ്രായം തൊണ്ണൂറ്റിരണ്ട്. പതിറ്റാണ്ടുകൾ നീണ്ട സംഗീതസപര്യ. നർഗീസും വഹീദ റഹ്മാനും തുടങ്ങി മാധുരി ദീക്ഷിതിനും പ്രിറ്റി സിന്റയ്ക്കും വരെ തന്റെ ശബ്ദമാധുര്യം പിന്നണിയിൽ നൽകിയ ലതാ മങ്കേഷ്ക്കറുടെ സമാനതകളില്ലാത്ത സംഗീതയാത്ര ഇന്ത്യയുടെ ചരിത്രമാവുന്നു. ഇന്ന് ലതാജി നമ്മോടൊപ്പമില്ല. പക്ഷേ അവർ പാടിയതുപോലെ ഒരു പൂങ്കാറ്റായി ആ നാദം എന്നും സംഗീത ലോകത്ത് സുഗന്ധം പരത്തിക്കൊണ്ടേയിരിക്കും…

”രഹേ ന രഹേ ഹം മെഹകാ കരേംഗേ

ബൻ കേ കലി ബൻകേ സബാ

ബഗേ വാഫാ മേനെ

രഹേ ന രഹേ ഹം…” (മംമ്ത 1966)

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.