25 April 2024, Thursday

Related news

February 15, 2024
February 12, 2024
September 30, 2023
March 12, 2023
February 1, 2023
November 24, 2022
October 15, 2022
September 20, 2022
August 17, 2022
May 8, 2022

ഇളമക്കാരെ കാക്കാൻ ഉയിരു കൊടുത്ത മാതനെത്തൻ

ഡോ. ലിജിഷ എ. ടി
January 29, 2022 9:26 pm

മാതൻ എന്ന പദത്തിന് ദ്രാവിഡഭാഷയിൽ മഹാനായ മനുഷ്യൻ എന്നാണർഥം. സ്വന്തം പേരിനോട് നൂറുശതമാനം നീതി പുലർത്തുന്ന ജീവിതവും മരണവുമായിരുന്നു കരിമ്പുഴ മാതനെത്തന്റെത്. എത്തൻ എന്നാൽ ചോലനായ്ക്കഭാഷയിൽ മുത്തശ്ശൻ എന്നാണർഥം. കാടിനെപ്പോലെത്തന്നെ നിഗൂഢമായ, അന്തർമുഖനായ, ആഴമുള്ള മനുഷ്യനായിരുന്നു അദ്ദേഹം. ചോലവനങ്ങളെ വണങ്ങിയും വനഭാവങ്ങളോടേറ്റവുമിണങ്ങിയും ജീവിക്കുന്ന ചോലനായ്ക്ക ഗോത്രത്തിലെ പ്രായം കൊണ്ടും അറിവു കൊണ്ടും ഒരുപാട് മൂത്ത മാതനെത്തൻ ഒരു കാട്ടാനയുടെ തുമ്പിക്കയ്യിൽ കിടന്ന് മരണപ്പെട്ടുവെന്ന വാർത്ത കേട്ട് വിശ്വസിക്കാനായില്ല.

അഞ്ചടിയകലത്തിൽ ആന നിന്നാലും വടികുത്തി, പതിഞ്ഞ കാലടിയോടെ, ആത്മസംയമനത്തോടെ കുനിഞ്ഞു നടന്നുപോകുന്ന മനുഷ്യനാണദ്ദേഹം. അദ്ദേഹം കൂടെയുണ്ടെങ്കിൽ ഏതു വനാന്തരത്തിലേയ്ക്കും ആരും പോകുമായിരുന്നു. അമാനുഷികത കൊണ്ടൊന്നുമല്ല, മറിച്ച് കാടിനെക്കുറിച്ചുള്ള അഗാധജ്ഞാനം കൊണ്ടാണ്. അതിജീവിക്കാനുള്ള അറിവ് ആർജിച്ചെടുക്കുന്നതിലെ മികവു കൊണ്ടാണ്.

2002ലെ റിപ്പബ്ലിക് ദിനാഘോഷപരിപാടിയോടനുബന്ധിച്ച് രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച് ഡല്‍ഹിയില്‍ പോയിട്ടുണ്ട് കരിമ്പുഴ മാതനും ഭാര്യ കരിക്കയും. എന്നാൽ രാഷ്ട്രപതിയെ നേരിൽ കാണുന്നതിനു മുമ്പെയുള്ള സുരക്ഷാപരിശോധനയിൽ കരിക്കയുടെ മടിയിൽ നിന്ന് അടക്കയും പുകയിലയും കണ്ടെടുത്തതിനെത്തുടർന്ന് സുരക്ഷാഭടൻമാർ അവരെ തിരിച്ചയക്കുകയായിരുന്നു. പശ്ചിമഘട്ടമലനിരകളിലെ ഒരു കല്ലളെയിൽ നിന്ന്/ഗുഹയിൽ നിന്ന് ഡൽഹി വരെ പോയി, വ്യത്യസ്ത മനുഷ്യജീവിതങ്ങൾ കണ്ട് മടങ്ങി വന്ന് വീണ്ടും വനാന്തരത്തിനുള്ളിലെ കല്ലളെയിലേക്ക് കയറിയ മാതനെത്തന്റെ ലോകവീക്ഷണം എന്തായിരിക്കുമെന്ന് ഞാൻ കൌതുകത്തോടെ ഓർക്കാറുണ്ട്. ഒരു നിമിത്തം പോലെ ആ യാത്രയ്ക്ക് 20 വർഷം പൂർത്തിയാവുന്ന 2022ലെ ഈ റിപ്പബ്ലിക്ദിനത്തിൽ അദ്ദേഹം ഒരു വന്യമൃഗത്തിന്റെ കൊടുംക്രൂരതയിൽ ഈ ലോകത്തോട് വിട പറയുകയും ചെയ്തിരിക്കുന്നു.

മൂർച്ചയേറിയ വാളു പോലെ കിടക്കുന്ന, ഗർത്തങ്ങളും ശൃംഗങ്ങളും നിറഞ്ഞ വാൾക്കെട്ടുമലയിലെ കരിമ്പുഴയിലാണ് മാതനെത്തന്റെയും കരിക്ക എത്ത്യയുടെയും അളെ. കരിങ്കൂറ്റൻ പാറക്കെട്ടുകൾക്ക് നടുവിലാണ് ആ അളെ. കരിമ്പാറക്കെട്ടിനു മുകളിലും താഴെയും പുല്ലുകളും ചെറുമരങ്ങളുമുണ്ട്. മഴക്കാലത്ത് കരിമ്പാറക്കെട്ടിലൂടെ ധാരാളം വെള്ളച്ചാട്ടങ്ങൾ ഒഴുകി വന്ന് കരിമ്പുഴയോടു ചേർന്നു. മാതനെത്തനും കരിക്ക എത്ത്യയ്ക്കും കുട്ടികളില്ല. സഹോദരൻ രവിയും കുടുംബവും അവരുടെ അടുത്തു തന്നെയാണ് താമസിച്ചിരുന്നത്. അവരുടെ കുട്ടികൾ മുളകൾ കൊണ്ട് ചങ്ങാടമുണ്ടാക്കി കരിമ്പുഴയുടെ കുളിരറിഞ്ഞു..

പിഎച്ഛ്ഡി ഗവേഷണത്തിന്റെ ഭാഗമായി മാഞ്ചീരി താഴ്വരയിലെത്തിയപ്പോഴാണ് ഞാനാദ്യമായി മാതനെത്തനെ കാണുന്നത്. ഞങ്ങളെ നോക്കിയുള്ള, യുഗങ്ങൾക്കു പിറകിൽ നിന്നെന്ന പോലെയുള്ള അദ്ദേഹത്തിന്റെ ആ ചിരിയാണ് എന്നെ ആകർഷിച്ചത്. നിഷ്കളങ്കമായ ആ ചിരി എനിക്കേറെയിഷ്ടപ്പെട്ടു. പക്ഷേ സംസാരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം ഒന്നോ രണ്ടോ വാക്കിൽ മറുപടി പറഞ്ഞ് മാറിയിരുന്നു. എന്തുകൊണ്ടൊ, അദ്ദേഹത്തിന്റെ അന്തർമുഖത്വത്തിന് പരിക്കേൽപ്പിക്കാൻ പിന്നീട് എനിക്കും തോന്നിയില്ല. അതുകൊണ്ടു തന്നെ ഗവേഷണാനുബന്ധ ചോദ്യങ്ങൾ ചോദിച്ച് അദ്ദേഹത്തെ ശല്യപ്പെടുത്തിയുമില്ല..

ഐടിഡിപി വഴി ചോലനായ്ക്കഗോത്രത്തിനു നൽകുന്ന റേഷൻ വാങ്ങാൻ പൂച്ചപ്പാറ, വാൾക്കെട്ട്മല, ബെർച്ചൽ മല, നാഗമല തുടങ്ങിയ മലകളിൽ നിന്നെല്ലാം ഗോത്രാംഗങ്ങൾ എത്തിച്ചേരുന്നത് മാഞ്ചീരി താഴ്വരയിലാണ്. വനത്തിൽ നിന്ന് ശേഖരിക്കുന്ന കുന്തിരിക്കം, തേൻ, ശതാവരി, കുടമ്പുളി, കാട്ടേലം തുടങ്ങിയ വനവിഭവങ്ങൾ പട്ടിക വർഗ വികസന സൊസൈറ്റി ശേഖരിക്കുകയും അവർക്ക് തതുല്യമായ പണം നൽകുകയും ചെയ്യുന്നു. അതു കഴിഞ്ഞാൽ സർക്കാർ നൽകുന്ന അരിയും സാധനങ്ങളും വാങ്ങി തോൾക്കൊട്ടയിലിടും. വന്നുചേർന്ന ഗോത്രാംഗങ്ങളെല്ലാം അരിയും സാധനങ്ങളും വാങ്ങിയെന്നുറപ്പ് വരുത്തിയിട്ടെ മാതനെത്തൻ റേഷൻ വാങ്ങിയിരുന്നുള്ളു. ഐടിഡിപി മാഞ്ചീരിയിൽ നിർമിച്ച പൊതു അടുക്കളയിൽ നിന്ന് ഭക്ഷണവും കഴിച്ച് 3 മണിയ്ക്കുള്ളിൽ എല്ലാവരും മല കേറിത്തുടങ്ങും. വെയിലാറും മുന്നെ അളെയിലെത്തണമവർക്ക്. കാട്ടിലവർ ഏറ്റവും ഭയക്കുന്നത് ദൊഡ്ഡെജന്തുവിനെയാണ്. ആനെ എന്നാണ് ചോലനായ്ക്കഭാഷയിൽ ആനയുടെ പേരെങ്കിലും ഗോത്രാംഗങ്ങളാരും ആ പേരുച്ഛരിക്കാറില്ല. ഭയഭക്തി ബഹുമാനസൂചകമായി ദൊഡ്ഡെജന്തു (വലിയ ജന്തു) എന്നാണ് പരാമർശിക്കാറ്. ദൊഡ്ഡെജന്തുവിനെ പേടിച്ചാണവർ ചെങ്കുത്തായ കരിമ്പാറക്കെട്ടിനു മുകളിലെ കല്ലളെകൾ താമസത്തിനായി തിരഞ്ഞെടുക്കുന്നത്. ആന കേറില്ലെന്നുറപ്പുള്ള പാറപ്പുറങ്ങളിൽ കെട്ടിയുണ്ടാക്കുന്ന മനെകളിലും താമസിക്കാറുണ്ട്.

കാട്ടാനകളെ ദൈവസങ്കൽപമായിട്ടാണ് ചോലനായ്ക്ക ഗോത്രം കാണുന്നത്. ആനകളെ മാത്രമല്ല നിരായുധരായ മനുഷ്യരേക്കാൾ ശക്തരായ പുലി, കരടി, കടുവ, കാട്ടുപോത്ത്, വിഷപ്പാമ്പ് എന്നീ മൃഗങ്ങളെയും അവർ ആരാധിക്കുന്നുണ്ട്. പൊതുവെ ഇത്തരം മൃഗങ്ങളെ നേർക്കുനേർ കാണുന്ന സാഹചര്യം പരമാവധി ഒഴിവാക്കിയാണ് അവർ ആ കൊടുംവനങ്ങളിൽ അതിജീവിക്കുന്നത്. അതുകൊണ്ടു തന്നെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ചോലനായ്ക്കർ മരണപ്പെടുന്നത് വളരെ അപൂർവമാണ്.

പതിവുപോലെ റേഷൻ വാങ്ങാനും വനവിഭവങ്ങൾ വിൽക്കുവാനും വേണ്ടിയാണ് മാതനെത്തൻ ജനുവരി 26 ബുധനാഴ്ച രാവിലെ അളെയിൽനിന്നിറങ്ങിയത്. മഞ്ഞുകാലങ്ങളിൽ വെയിൽ മൂത്ത് മഞ്ഞുരുകിത്തുടങ്ങിയിട്ടല്ലാതെ ആരും കാട്ടിലേയ്ക്കിറങ്ങാറില്ല. എന്നാൽ രണ്ടു മണിക്കൂർ ഉൾക്കാട്ടിലൂടെ നടന്ന് മാഞ്ചീരിയിൽ ചെന്ന് സാധനങ്ങൾ വിറ്റ് അരിയും പലവ്യഞ്ജനങ്ങളും വാങ്ങി ഇരുട്ടാവും മുന്നെ അളെയിൽ തിരിച്ചെത്തുന്നതിനാണ് ബുധനാഴ്ചകളിൽ നേരത്തെയിറങ്ങുന്നത്. ആ ഒരാഴ്ച മുഴുവൻ കാട്ടിലലഞ്ഞ് ശേഖരിച്ച കുന്തിരിക്കവും മറ്റു വനവിഭവങ്ങളും തോൾക്കൊട്ടയിലിട്ട് മാതനെത്തൻ അളെയിൽ നിന്നിറങ്ങുമ്പോൾ കരിക്ക എത്ത്യ ഒരിക്കലും വിചാരിച്ചു കാണില്ലല്ലോ, ഒരു ഭ്രാന്തു പിടിച്ച ദൊഡ്ഡെജന്തുവിന്റെ കൊമ്പിലും തുമ്പിയിലും പിടഞ്ഞ് മാതനെത്തന്റെ ജീവൻ വന്യതയിലലിഞ്ഞു ചേരുമെന്ന്. ഇനിയൊരിക്കലും തന്റെ ഇണയെ ജീവനോടെ കാണാനാവില്ലെന്ന്.

 

കാടിനെ അത്രത്തോളം അറിഞ്ഞൊരു മനുഷ്യൻ എന്ന നിലയിൽ ഒരിക്കലും ആനയുടെ ആക്രമണത്തിൽ മാതനെത്തൻ മരണപ്പെടില്ലെന്നെനിക്കുറപ്പുണ്ടായിരുന്നു. അഥവാ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ തക്കതായ കാരണവുമുണ്ടായിരിക്കണം എന്നെന്റെ മനസ് പറഞ്ഞുകൊണ്ടേയിരുന്നു. ആനയുടേതെന്നല്ല, കാട്ടിലെ ഓരോ ഗന്ധവും ചലനവും ഇഴ പിരിച്ചറിയാനുള്ള ശേഷി മാതനെത്തനുണ്ട്. എത്രയൊ തവണ കൂടെയുള്ളവരെ അപകടത്തിൽ നിന്നും രക്ഷിച്ച മനുഷ്യനാണ്! മരണവാർത്തയറിഞ്ഞതു മുതൽ ചോലനായ്ക്കഗോത്രത്തിലെ സുഹൃത്തുക്കളിൽ പലരേയും വിളിക്കുന്നുണ്ടായിരുന്നെങ്കിലും ആരെയും ഫോണിൽ കിട്ടിയില്ല. ഒടുവിൽ ഗിരീഷിനെ ഫോണിൽ കിട്ടി. ഗോത്രാംഗമായ സുനുവിന്റെ ഭർത്താവാണദ്ദേഹം. ചോലനായ്ക്ക സുന്ദരിയെ പ്രണയിച്ചു കെട്ടിയ നായർ ചെക്കൻ! സുനുവിന്റെ അമ്മയുടെ അമ്മാവനാണ് മാതനെത്തൻ. അവരുടെ മൂത്ത മുത്തശ്ശൻ. ഗിരീഷ് മരണവാർത്തയറിഞ്ഞയുടനെ കാട്ടിലേക്ക് പോയിട്ടുണ്ടായിരുന്നു. അപകടം നടക്കുമ്പോൾ കൂടെയുണ്ടായിരുന്നവർ പറഞ്ഞ കാര്യങ്ങൾ ഗിരീഷെന്നോടു പറഞ്ഞു.

അളെയിൽ നിന്നിറങ്ങി നടന്ന് അരമണിക്കൂറായിക്കാണും. മൂടൽമഞ്ഞ് നീങ്ങിയിട്ടില്ല. കനത്ത തണുപ്പും. പാറക്കെട്ടുകളിലെ കുത്തനെയുള്ള ഇറക്കങ്ങളിറങ്ങി ചെങ്കുത്തായ പാതയിലെത്തി. ഇരുവശവും ആഴമുള്ള കൊല്ലികളാണ്. ആനകൾക്കും മനുഷ്യർക്കും കടന്നു പോകാനുള്ള ഏകവഴിയാണത്. പാതയുടെ ഓരങ്ങളിൽ ഓളിക്കായകളുണ്ടാവുന്ന മൂന്നുനാല് വൻമരങ്ങളുണ്ട്. ഓളിമരത്തിന്റെ തൊലി ആനകളുടെ പ്രിയപ്പെട്ട ഭക്ഷണമാണ്. ആനച്ചൂരടിച്ചെങ്കിലും മരമറവുകളിൽ നിന്ന് ആനകളെ കാണുന്നുണ്ടായിരുന്നില്ല. സൂക്ഷിച്ചു മുന്നോട്ടു നീങ്ങവെയാണ് ഓളിമരത്തൊലി അടർത്തിത്തിന്നുന്ന ആനക്കൂട്ടത്തെ കണ്ടത്. വളരെ അപ്രതീക്ഷിതമായി രണ്ട് മരങ്ങൾക്കിടയിലെ വിടവിലൂടെ ഒരു കൊമ്പനാന ചിന്നംവിളിച്ച് പാഞ്ഞു വന്നു. മാതനെത്തന്റെ കൂടെ രണ്ടു ചെറുപ്പക്കാരാണുണ്ടായിരുന്നത്. ജീവിക്കാൻ തുടങ്ങുന്നവർ. മാതനെത്തനെ വിശ്വസിച്ച് കൂടെപ്പോന്നവർ. ആനയെക്കണ്ടതും ഒരാൾ വന്ന വഴിയിലെ കുത്തനെയുള്ള കയറ്റത്തിലേയ്ക്കോടി. മറ്റൊരാൾ ആഴമുള്ള കൊല്ലിയുടെ നേരെ ഓടി. മൂന്നുപേരിൽ ആരെങ്കിലുമൊരാളെ ആന പിടിക്കുമെന്ന് മാതനെത്തന് ഉറപ്പുണ്ടായിരുന്നു. അല്ലെങ്കിൽ ഒരാൾ കൊല്ലിയിലേക്ക് വീണ് മരിയ്ക്കും. മാതനെത്തൻ ഓടിയില്ല. മാതനെത്തൻ അങ്ങനെയാണ്, അപകടത്തെക്കുറിച്ച് സൂചന കിട്ടിയാൽ കൂടെയുള്ളവർ സുരക്ഷിതമായെന്ന് ഉറപ്പു വരുത്തിയിട്ടെ സ്വയരക്ഷയെപ്പറ്റി ചിന്തിക്കാറുള്ളു. ഒരു മുത്തശ്ശന്റെ കടമയാണത്രെ അത്. ചിന്നംവിളിച്ച് പാഞ്ഞുവരുന്ന കൊമ്പന്റെ മുന്നിൽ കുന്തിരിക്കം നിറച്ച തോൾക്കൊട്ടയും ചുമലിലിട്ട് നിരായുധനായി, നിസഹായതയോടെ ആ മനുഷ്യൻ നിന്നു. വർഷങ്ങളോളം നടന്ന കാട്ടുവഴി! ഒരേ കാട്ടിൽ അന്നം തേടിയും ഇണ ചേർന്നും പ്രകൃതിയെ അറിഞ്ഞും നടന്ന രണ്ട് തരം ജീവികൾ. ഒരാൾ മനുഷ്യൻ. മറ്റേതൊരു ആന. എത്രയൊ തവണ ഒരു പക്ഷേ പരസ്പരം കണ്ടിട്ടും കാണാത്ത പോലെ മാറി നടന്നവർ. ഇന്നും അങ്ങനെയാവുമെന്ന് മനുഷ്യൻ കരുതി. പതിറ്റാണ്ടുകൾ പരിചയമുള്ള കാടിനെ വിശ്വസിച്ചു. ‘ഉപദ്രവിക്കാൻ ഒരിക്കലും വന്നിട്ടില്ലല്ലൊ, ആരാധനയോടെ എന്നും മാറിപ്പോയിട്ടല്ലെയുള്ളു. പൂർവികർക്കു ഊട്ട് നടത്തുമ്പോൾ നിന്റെ പൂർവികർക്കും ഒരു വിഹിതം നൽകാറുള്ളതല്ലെ. നീയെന്തിന് എന്നെ ഉപദ്രവിക്കണം?’ എന്നായിരിക്കും മനുഷ്യൻ ചിന്തിച്ചിട്ടുണ്ടാവുക. മനുഷ്യന്റെ യുക്തിയല്ലല്ലൊ ആനയ്ക്ക്. അതൊരു വന്യജന്തുവാണ്. അതിന് മദം പൊട്ടി നിൽക്കുമ്പോൾ ഭൂതകാലം ഓർമ വന്നു കാണില്ല. ഒരുമിച്ചു സഹവസിച്ചതാണെന്ന ബോധം ഉണ്ടായിരുന്നിരിക്കില്ല. അതിന് ശത്രു മാത്രമെയുള്ളു. ഒരു പക്ഷേ മാതനെത്തനെയും ആ കാടിനേയും പരിചയമില്ലാത്തവരായിരുന്നിരിക്കണം അവ. പശ്ചിമഘട്ടത്തിന്റെ മറുവശത്തു നിന്നോ ആന — മനുഷ്യ സംഘർഷം നിലനിൽക്കുന്നിടത്തു നിന്നോ വന്നവരുമായിരുന്നിരിക്കണം!

അതോ ആഗോളപരിസ്ഥിതിയിലുണ്ടായിക്കൊണ്ടിരിക്കുന്ന വ്യതിയാനം കാടിന്റെ കാഠിന്യം കൂട്ടുന്നതിനനുസരിച്ച് മാനസിക സംഘർഷമനുഭവിക്കുന്നവരോ എന്തോ! എന്തു തന്നെയായാലും ആന ഒരു വന്യജീവിയാണ്. അതിന്റെ യുക്തിയളക്കാൻ മനുഷ്യന് പരിമിതികളുണ്ടല്ലോ..

ആ വന്യജീവി കൊലവിളിയോടെ പാഞ്ഞുവന്ന് ആ ജ്ഞാനവൃദ്ധനെ തുമ്പിക്കയ്യിൽ ചുറ്റി നിലത്തടിച്ചു. തോൾക്കൊട്ടയിലെ കുന്തിരിക്കം ചിതറിത്തെറിച്ചു. നീണ്ട കൊമ്പു കൊണ്ട് വയറ്റിൽ കോർത്ത് കൊല്ലിയിലേക്ക് വലിച്ചു. അഗാധമായ കൊല്ലിയിൽ നിന്ന് നാലഞ്ചടികൾ മാത്രമവശേഷിക്കെ, ആ പാവം മനുഷ്യന്റെ, ഒട്ടിയ വയറ്റിലെ രക്തം പുരണ്ട കൊമ്പുകൾ വലിച്ചൂരി തിരിഞ്ഞു നടന്ന് മരങ്ങളും ചെടികളും പിഴുതെറിഞ്ഞു. കാടു കുലുങ്ങെ ചിന്നം വിളിച്ചു.
മൃതദേഹം എടുക്കുവാൻ വന്നവരെ അടുപ്പിക്കാതെ ആനകൾ ആ പ്രദേശത്ത് ചുറ്റിത്തിരിഞ്ഞു. ചോലനായ്ക്കരുടെ വിശ്വാസപ്രകാരം മനുഷ്യരെ കൊന്നു കഴിഞ്ഞാൽ ആനകൾ പശ്ചാത്തപിയ്ക്കുകയും 7 ദിവസം കൊലപാതകം നടത്തിയ പ്രദേശത്ത് ചുറ്റിത്തിരിയുകയും ചെയ്യുമെന്നാണ്. ആവൊ. ആർക്കറിയാം, അത് പശ്ചാത്താപമാണൊ വിജയാഹ്ലാദമാണൊ എന്ന്!.

ചോലനായ്ക്കവംശത്തിന്റെ പ്രാക്തനമായ അറിവും ഭാഷയും സൂക്ഷിച്ചു വെച്ച ചുരുക്കം ചിലരിൽ ഒരാളെക്കൂടി ആ കാട് പറിച്ചെടുത്തു. അതാണ് യാഥാർഥ്യം. കാട്ടിനകത്തെ ഗോത്രജീവിതം നാം കാണുന്നത്ര കാൽപനികമോ കാവ്യാത്മകമോ അല്ല. അതിജീവനമാണ് കാടിനകത്തെ ഏകയുക്തി. മനുഷ്യപരിണാമചരിത്രത്തിന്റെ ജീവിക്കുന്ന ഫോസിലുകളായാണ് (Liv­ing fos­sils) ഞാനീ മനുഷ്യരെ കാണുന്നത്. ഗുഹാവാസികളായിരുന്ന കാലത്തുനിന്ന് അത്യാധുനിക സാങ്കേതികവിദ്യകളുടെ കാലത്തേക്ക് മനുഷ്യവംശം നടന്നെത്തിയ യാത്രയുടെ ദൂരമളക്കാൻ, നിർമിക്കപ്പെട്ട അറിവിന്റെ അടിസ്ഥാന ശിലകൾ കണ്ടെടുക്കാൻ — ഇടയ്ക്കിടയ്ക്ക് ഞാനീ മനുഷ്യരെപ്പറ്റി ഓർക്കുന്നു. പ്രാകൃതിക നിഗൂഢതകളെ പഞ്ചേന്ദ്രിയജ്ഞാനം കൊണ്ട് തൊട്ടറിഞ്ഞ മാതനെത്തന്റെ പ്രക്തനമായ, വന്യമായ, ആദിമനുഷ്യന്റെ ആത്മീയത കലർന്ന ആ ചിരി ഇനിയില്ലാ എന്നോർക്കുമ്പോൾ എന്തിനാവൊ എന്റെ ഹൃദയം ഇങ്ങനെ കാരമുള്ളു കൊണ്ട പോലെ വലിയുന്നത്. കണ്ണുകൾ കരിമ്പുഴയാകുന്നത്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.