8 May 2024, Wednesday

വനമേഖലയിലെ ആദിവാസി കോളനികളിലും സമ്പൂര്‍ണ വൈദ്യുതീകരണം

Janayugom Webdesk
തിരുവനന്തപുരം
November 24, 2022 9:41 pm

ഉള്‍വനങ്ങളിലെ മുഴുവന്‍ ആദിവാസി കോളനികളിലും വൈദ്യുതി എത്തിക്കാന്‍ അടിയന്തര നടപടി. വിവിധ കാരണങ്ങളാൽ വൈദ്യുതി എത്തിക്കാൻ കഴിയാതിരുന്ന, സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ 97 ആദിവാസി കോളനികളിലെ വീടുകളിൽ അടുത്ത വര്‍ഷം മാര്‍ച്ച് 31ന് മുമ്പായി വൈദ്യുതി എത്തിക്കാൻ തീരുമാനമായി. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി, പട്ടികജാതി-പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണനുമായി നടത്തിയ ചർച്ചയിലാണ് ഇതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കാന്‍ തീരുമാനിച്ചത്. 

ലൈനുകൾ/കേബിളുകളിലൂടെ വൈദ്യുതി എത്തിക്കാൻ പറ്റുന്ന കോളനികളിൽ കെഎസ്ഇബിയുടെ ചുമതലയിൽ വൈദ്യുതി എത്തിക്കും. ദുർഘടമായ വനാന്തരങ്ങളിലുള്ള കോളനികളിൽ സോളാർ/ഹൈബ്രിഡ് പദ്ധതി നടപ്പാക്കാൻ അനർട്ടിനെ ചുമതലപ്പെടുത്താനും യോഗത്തില്‍ ധാരണയായി.
കോളനി വൈദ്യുതീകരണത്തിന്റെ ഫണ്ട് പട്ടികവർഗ വികസന വകുപ്പിൽ നിന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്നും, കെഎസ്ഇബിയുടെ കോർപസ് ഫണ്ടിൽ നിന്നും, അനർട്ടിനുള്ള സർക്കാർ ഫണ്ടിൽ നിന്നും, കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടിൽ നിന്നും കണ്ടെത്തുന്നതിനുള്ള സാധ്യത പരിശോധിക്കും. തദ്ദേശവാസികളുടെ പൂർണമായ പങ്കാളിത്തം തുടക്കം മുതൽ തന്നെ ഉറപ്പാക്കുന്നത് പദ്ധതി രൂപീകരണ വേളയിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് നിർദ്ദേശം നൽകി. 

വൈദ്യുതീകരണത്തിനുള്ള പദ്ധതി രൂപീകരിച്ച് പൂർത്തിയാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിനായി ജില്ലാ തലത്തിൽ കളക്ടർമാരുടെ നേതൃത്വത്തിൽ വൈദ്യുതി ബോർഡ്, അനർട്ട്, തദ്ദേശ സ്വയംഭരണ വകുപ്പ്, വനം വകുപ്പ്, പട്ടികവർഗ വികസന വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ജില്ലാതല സമിതികൾ രൂപീകരിക്കുവാൻ തീരുമാനിച്ചു. 

കോളനികളിൽ സാമൂഹിക ആവശ്യങ്ങൾക്കുള്ള പൊതുസ്ഥലം തയാറാക്കി ടെലിവിഷൻ സൗകര്യം ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. ആദിവാസി കോളനികളിലെ ചെറുപ്പക്കാർക്ക് കെഎസ്ഇബി മുതലായ സ്ഥാപനങ്ങളിൽ മതിയായ പരിശീലനം നൽകി സ്ഥിര വരുമാനം ഉറപ്പാക്കുന്ന തൊഴിൽ നൽകും. ആദിവാസികളുടെ കൈവശമുള്ള കൃഷിയോഗ്യമായ ഭൂമിയിൽ നവീന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കൃഷി രീതികളും മൈക്രോ ഇറിഗേഷൻ സാങ്കേതിക വിദ്യയും നടപ്പിലാക്കി അധികവരുമാനം ലഭ്യമാക്കാനുള്ള പദ്ധതിക്ക് ജില്ലാതലത്തിൽ ക്രോഡീകരണം നൽകുവാനും തീരുമാനിച്ചു. 

Eng­lish Sum­ma­ry: Com­plete elec­tri­fi­ca­tion of trib­al colonies in for­est areas also

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.