23 April 2024, Tuesday

ആര്യനും സൂര്യനും പിന്നെ ആനകളും

Janayugom Webdesk
July 3, 2022 7:19 am

പൂരപ്പെരുമയിൽ പുളകമണിഞ്ഞു നിൽക്കുന്ന സാംസ്കാരിക നഗരിയിലെ ഓരോ മണൽ തരിക്കും ഉത്സവങ്ങൾ പോലെതന്നെ ആനകളും അടങ്ങാത്ത വികാരമാണ്. ആനക്കമ്പം മൂത്ത് പാപ്പാന്മാരായവരും ആന ഫോട്ടോഗ്രാഫിയിൽ പ്രതിഭ തെളിയിച്ചവരും ഏറെയുണ്ട്. ഓർമ്മവെച്ച നാൾ തൊട്ട് തുടങ്ങിയ ആനക്കമ്പം മൂത്ത് ശില്പികളായവരാണ് മറ്റം വാകയിൽ വീട്ടിൽ ആര്യനും സൂര്യനും. ആയിരത്തോളം ആനശില്പപങ്ങൾ പലതിലായി ഒരുക്കിയെടുത്ത സ്കൂൾ വിദ്യാർത്ഥികളാണ് ഈ ഇരട്ടസഹോദരങ്ങൾ.
ആര്യന്റെയും സൂര്യന്റെയും ആനശില്പനിർമ്മാണത്തിന് അവരുടെ ഓർമ്മവെച്ച കാലത്തോളം പഴക്കമുണ്ട്. കുഞ്ഞുനാളിൽ മണ്ണിലും, വാഴപ്പിണ്ടിയിലുമെല്ലാം ഈ ഇരട്ടസഹോദരങ്ങൾ തീർത്തത് മുഴുവൻ ആനശിൽപങ്ങളായിരുന്നു. മരത്തിൽ കൊത്തിയെടുക്കാനുള്ള ആവതായിട്ടില്ലാത്തതുകൊണ്ടാണ് കൈയ്ക്ക് വഴങ്ങുന്ന വാഴപ്പിണ്ടിയും മണ്ണും തെരഞ്ഞെടുത്തത്. അതും അവരുടെ കണ്ടെത്തൽ തന്നെ. ഉളി പിടിക്കാൻ പറ്റുന്ന പ്രായമായപ്പോഴേക്കും മരത്തിലായി പരീക്ഷണങ്ങൾ. അപ്പോഴേക്കും മണ്ണിൽ ‘കാക്കത്തൊള്ളായിരം’ ആനശിൽപങ്ങൾ ഒരുങ്ങിക്കഴിഞ്ഞിരുന്നു. ഈ കാലത്താണ് അവർ ആശാന്മാർ എന്നു വിളിക്കുന്ന സൂരജിനെയും വിപിൻരാജിനെയും അറിയാനിടവന്നത്. ഇവർ നിർമ്മിച്ച ശിൽപങ്ങളുടെ ഫോട്ടോകൾ കണ്ടപ്പോൾ തൊട്ട് അവരെ ഗുരുവായി മനസ്സിലുറപ്പിച്ച് ആര്യനും സൂര്യനും ഉളിയെടുത്തുതുടങ്ങി. പിന്നീടുള്ള ശിൽപം മരത്തിൽ ഉളികളാൽ തീർക്കാൻ തുടങ്ങി. ആദ്യമുണ്ടായ തെറ്റുകൾ സ്വയംപരിശീലനത്തിലൂടെ മറികടന്നു. സ്കൂൾ വിട്ടു വന്നാൽ തങ്ങളുടെ ശിൽപനിർമ്മാണത്തിൽ ഇരുവരും മുഴുകും. അങ്ങനെയുണ്ടാക്കിയ ശിൽപങ്ങളെല്ലാം ആനകളുടേതുതന്നെ.
ചിത്രരചന കൂടി സ്വന്തം കൈകൾക്ക് വഴങ്ങുമെന്ന് ഇവർ തെളിയിച്ചു. ശില്പി കൂടിയായ അമ്മാവൻ രജീഷിന്റെ പ്രോത്സാഹനം കൂടിയായതോടെ സ്കൂൾ കലോത്സവങ്ങളിൽ സംസ്ഥാനതലത്തിൽ ഇവർ എ ഗ്രേഡ് നേടി.

”ആനയോടുള്ള ഇഷ്ടം തന്നെയാണ് ഇത്രേം ആന ശില്പങ്ങളുണ്ടാക്കാനുള്ള കാരണം.” ഇരുവരും ഒരേസ്വരത്തിൽ പറയുന്നു. കർണ്ണൻ, ശിവസുന്ദർ തുടങ്ങി പേരെടുത്ത പല ആനകളുടെയും ശിൽപങ്ങൾ ഇതിനകം ഇരുവരും നിർമ്മിച്ചുകഴിഞ്ഞു. പൊതുവെ കാഴ്ചയിൽ എല്ലാ ആനകളും ഒരുപോലെയാണ് തോന്നുക. എന്നാൽ ആനക്കമ്പമുള്ള, ആനപ്രേമികൾക്ക് ഓരോ ആനയെയും തിരിച്ചറിയാനാവും. ചെറിയ വ്യത്യാസങ്ങളിലൂടെയായിരിക്കും ആ തിരിച്ചറിയൽ. ആര്യന്റെയും സൂര്യന്റെയും ആനശിൽപങ്ങൾ കണ്ടാൽ എത്രത്തോളം ആനപ്രേമികളാണ് ഇരുവരുമെന്ന് മനസ്സിലാകും.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഒരടിയിലും രണ്ടടിയിലുമായി ഇവർ നിർമ്മിച്ച ശിൽപങ്ങൾ ജീവസുറ്റതാണ്. ഇതിലൊന്ന് ഇരുപത്തയ്യായിരം രൂപയ്ക്കാണ് വിറ്റുപോയത്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഒന്നാം പാപ്പാൻ രാമേട്ടന്റെ രൂപത്തെയും ഇവർ ശിൽപമായി കൊത്തിയെടുത്തിട്ടുണ്ട്. യഥാർത്ഥ രൂപത്തോട് അത്രയേറെ ചേർന്നു നിൽക്കുന്നതാണ് ആ ശില്പ ചാരുത. പത്താം ക്ലാസിലെ പഠന തിരക്കുകൾക്കിടയിലായിരുന്നു ഊണും ഉറക്കവും ഉപേക്ഷിച്ച് ഈ ശില്പങ്ങൾ പൂർത്തീകരിച്ചത്.
ഈ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് മറ്റം സെന്റ് ഫ്രാൻസിസ് എൽപി സ്കൂളിലെ ചുമരുകളിൽ വിവിധ ചിത്രങ്ങൾ വരച്ചതും ഈ ഇരട്ടസഹോദരങ്ങൾ തന്നെ. പ്രകൃതിയുടെയും മനുഷ്യരുടെയും രൂപഭാവങ്ങൾ ലൈവായി തങ്ങളുടെ കാൻവാസിലേക്ക് പകർത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളായ ഇവർ ഇപ്പോൾ എസ്എസ്എൽസിക്ക് നല്ല ഫലം കിട്ടിയതിന്റെ സന്തോഷത്തിലാണ്. പ്ലസ് ടു കഴിഞ്ഞ് ഫൈൻ ആർട്സ് കോളേജിൽ ചേരണം എന്നതാണ് മോഹം. ”അതിനിടയിൽ ശില്പങ്ങൾ ചെയ്ത് ചെറിയ വരുമാന മാർഗ്ഗവും കണ്ടെത്തി അമ്മയ്ക്കും ചേച്ചിക്കും തണലാവണം.” ആര്യനും സൂര്യനും ഒരേ സ്വരത്തിൽ പറയുന്നു.

ഇവരുടെ ഏഴാം വയസ്സിലാണ് അച്ഛൻ വാകയിൽ നന്ദകുമാറിനെ നഷ്ടമാകുന്നത്. അന്നു മുതൽ ആര്യനും സൂര്യനും ചേച്ചി ആര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം അമ്മ രജിതയുടെ തയ്യൽ ജോലിയിൽ നിന്നു കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ്.
പണിതീരാത്ത കൊച്ചു വീടിന്റെ ഉമ്മറത്തിരുന്ന് രണ്ടുപേരും തങ്ങൾ നിർമ്മിച്ച ശില്പങ്ങളെയും വരച്ച ചിത്രങ്ങളെയും കുറിച്ചു വാതോരാതെ സംസാരിക്കുമ്പോൾ പ്രതീക്ഷയുടെ പൊൻകിരണങ്ങൾ അവരുടെ കണ്ണുകളിൽ മിന്നിമറയുന്നത് കാണാമായിരുന്നു. ഓരോ ശില്പവും അവരിൽ അന്തർലീനമായ കഴിവുകളുടെ വ്യാപ്തിയും കഠിനാധ്വാനവും വിളിച്ചോതുന്നതാണ്. എത്ര സൂക്ഷ്മതയോടെയാണ് ഓരോ അണുവിലും ആ കലാ നൈപുണ്യം ഇഴചേർത്തിരിക്കുന്നതെന്ന് ആ ശില്പത്തെ വീക്ഷിക്കുന്നവർക്ക് മനസ്സിലാവും.

ഒരു ശില്പി എത്രത്തോളം തന്റെ ശില്പങ്ങളിലേക്ക് തങ്ങളെ തന്നെ ആവാഹിക്കണമെന്നും, മെയ്യും മനസും പൂർണ്ണമായി അർപ്പിക്കപ്പെടുന്ന തപസ്യയിലൂടെ മാത്രമേ ഒരു ശില്പം അതിന്റെ തനതു രൂപത്തിലേക്ക് കൊത്തിയെടുക്കാൻ കഴിയൂവെന്നും തങ്ങളുടെ ശില്പങ്ങളിലൂടെ നമ്മെ ബോധ്യപ്പെടുത്തുകയാണ് കൗമാരക്കാരായ ഈ ഇരട്ട സഹോദരങ്ങൾ.
ആനയും പൂരവും നിറയുന്ന തൃശ്ശൂർ നഗരത്തിന്റെ ഉത്സവകാലം ഇവരുടെ വരകളിലൂടെയും ശില്പങ്ങളിലൂടെയും ലോകം മുഴുവൻ തെളിയുന്നത് കാണുവാൻ കാത്തിരിക്കുകയാണ് എല്ലാ പിന്തുണയും നൽകി അമ്മ രജിതയും. പുതിയ പരീക്ഷണങ്ങളിലേക്കുകൂടി കടന്നുകൊണ്ട് ജന്മസിദ്ധമായ കലാവൈദഗ്ധ്യത്തെ കഴിവിന്റെ മൂശയിൽ കടഞ്ഞ് ശിൽപങ്ങളൊരുക്കിക്കൊണ്ട് ആര്യനും സൂര്യനും ആ കാലത്തെ കാത്തിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.