23 May 2024, Thursday

സ്മരണകളിരമ്പും രണസ്മാരകം

സുരേഷ് തോപ്പില്‍
January 16, 2022 7:46 am

കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ ചരിത്രത്തില്‍ വിപ്ലവത്തിന്റെ തീക്കാറ്റു വീശിയ കെപിഎസി യുടെ രണസ്മാരകം ഇനി ഓര്‍മ്മയില്‍ മാത്രം. പെരുമ്പറയ്ക്ക് മുകളില്‍ അരിവാള്‍ കൈയിലേന്തി നില്‍ക്കുന്ന കര്‍ഷക സ്ത്രീയും വാരിക്കുന്തവുമായി നില്‍ക്കുന്ന കര്‍ഷകനും കെപിഎസി യുടെ മാത്രം അടയാളമായിരുന്നില്ല, നവോത്ഥാന കേരളത്തിന്റെ ഉയര്‍ത്തിപ്പിടിച്ച അഭിമാന സ്തൂപം കൂടിയായിരുന്നു. അതില്‍ കാലം നെഞ്ചോട് ചേര്‍ത്ത ഒരു വലിയ ചരിത്രമുണ്ടായിരുന്നു. മുഷ്ടിചുരുട്ടി ആവേശത്തോടെ ആകാശത്തേക്കെറിഞ്ഞ പോരാട്ട വീര്യത്തിന്റെ കരുത്തുണ്ടായിരുന്നു. ഭാവിയിലേക്കുള്ള കരുതലുണ്ടായിരുന്നു.

1960 കളുടെ അവസാനം വരെ കെപിഎസിയ്ക്ക് അതിന്റെ ഇന്നത്തെ ആസ്ഥാനമായ കായം കുളത്ത് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഉണ്ടായിരുന്നില്ല. അക്കാലങ്ങളിൽ കായംകുളത്തു തന്നെ പല സ്ഥലങ്ങളിലായി മാറി മാറിയുള്ള വാടക കെട്ടിടങ്ങളിലോ വീടുകളിലോ ഒക്കെയായിരുന്നു കെപിഎസി യുടെ ഓഫീസും റിഹേഴ്സൽ ക്യാമ്പുമെല്ലാം പ്രവർത്തിച്ചിരുന്നത്. കെപിഎസി യ്ക്ക് ഇനിയെങ്കിലും സ്വന്തമായി സ്ഥലവും ഓഫീസ് കെട്ടിടവും വേണമെന്ന ഒരാവശ്യം ഉയർന്നുവന്നിരുന്ന ഒരു സമയത്താണ്, നാഷണൽ ഹൈവേയുടെ ഓരത്തുള്ള ഒരു സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും കാര്യം ഒരു പരിചയക്കാരൻ വഴി തോപ്പില്‍ ഭാസി അറിയുന്നത്. കെപിഎസി യുടെ ഫണ്ടിലുണ്ടായിരുന്ന തുക മാത്രം കൊണ്ട് ആ മുപ്പതു സെന്റു സ്ഥലം വാങ്ങാൻ തികയില്ലെന്നു കണ്ടപ്പോൾ, മദിരാശിയിലെ (ചെന്നൈ) സുദർശൻ ചിട്ടി സ്ഥാപനത്തിൽ നിന്നും തോപ്പിൽ ഭാസിയുടെയും വയലാർ രാമവർമ്മയുടെയും ജാമ്യത്തിൽ ലഭിച്ച തുകയും കൂടി ഉപയോഗിച്ചാണ് ഇപ്പോൾ കെപിഎസി മന്ദിരം സ്ഥിതി ചെയ്യുന്ന കൃഷ്മപുരത്തെ സ്ഥലം വാങ്ങാനായി ചെല്ലുന്നതു്. എന്നാൽ ആ വസ്തുവിലെ കെട്ടിടത്തിൽ ഒരു വാടകക്കാരനുണ്ടെന്നും, അയാളെ ഒഴിപ്പിയ്ക്കാനായി താൻ കേസു കൊടുത്തിരിയ്ക്കുകയാണെന്നും വസ്തു ഉടമ അവസാന സമയത്താണ് ഭാസിയെ അറിയിയ്ക്കുന്നത്. കെപിഎസി യ്ക്കു വേണ്ടി വാങ്ങാനാഗ്രഹിച്ച ആ സ്ഥലം കൈവിട്ടു പോകുമോയെന്ന ആശങ്കയിൽ, വാടകക്കാരനോടൊന്നു സംസാരിച്ചു നോക്കാമെന്നു കരുതി ആ ചെറിയ വീട്ടിലേക്കു കയറി ചെന്ന തോപ്പിൽ ഭാസിയും വയലാറും വെള്ള ഖദർ മുണ്ടും ജൂബയും ധരിച്ച് കാവി നിറത്തിലുള്ള ഖദർ ഷാൾ പുതച്ചിരിയ്ക്കുന്ന ദീർഘകായനായ മനുഷ്യനെ കണ്ട് ശരിയ്ക്കും അമ്പരന്നുപോയി. എക്കാലവും സ്മരിക്കപ്പെടേണ്ട സംഭാവന മലയാള നാടക വേദിയ്ക്കു നൽകിയ നാടകകൃത്ത്, സ്വാമി ബ്രഹ്മവ്രതനായിരുന്നു ആ വാടകക്കാരൻ.

 

toppil bhasi

 

1930 കളിൽ കുമാരനാശാന്റെ ‘കരുണ’ എന്ന കാവ്യത്തെ ആസ്പദമാക്കി ആ പേരിൽ തന്നെ സ്വാമി ബ്രഹ്മവൃതൻ രചിച്ച നാടകരൂപം അരങ്ങിലെത്തിച്ചത്, ‘പരബ്രഹ്മോദയം സംഗീത നടനസഭ’ ആയിരുന്നു. സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരും ഓച്ചിറ വേലുക്കുട്ടിയും മറ്റുമായിരുന്നു പ്രധാന വേഷക്കാർ. അക്കാലത്തു നിലവിലുണ്ടായിരുന്ന നാടക രീതിയെ തകിടം മറിച്ചു ഒരു ബുദ്ധഭിക്ഷു നായകനായും, ഒരു വേശ്യ(വാസവദത്ത) നായികയായും വന്ന ആ നാടകം നാടകപ്രേമികൾക്ക് പുതിയൊരനുഭവമായി. നാടകം വിജയകരമായെങ്കിലും സ്വാമി ബ്രഹ്മവ്രതന് വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയി. അദ്ദേഹത്തിന്റെ ഏതാണ്ട് അവസാന കാലത്താണ്, കായംകുളത്തെ ആ വാടക വീട്ടിൽ വച്ച് തോപ്പിൽ ഭാസി അദ്ദേഹത്തെ വീണ്ടും കാണുന്നത്. സ്വാമിയെ കുടിയിറക്കിയിട്ട് തങ്ങൾക്കാ സ്ഥലം വേണ്ടെന്നു തീരുമാനിച്ചു പിൻമാറിയ തോപ്പിൽ ഭാസിയെ അങ്ങോട്ടു ചെന്നു കണ്ട ബ്രഹ്മ വ്രതൻ, കെപിഎസി ആ സ്ഥലം വാങ്ങിയില്ലെങ്കിലും, വസ്തു ഉടമ തന്നെ ഇറക്കി വിട്ടിട്ട് സ്ഥലം മറ്റാർക്കെങ്കിലും കൊടുക്കുമെന്നും, അതിനേക്കാൾ താനാഗ്രഹിയ്ക്കുന്നത് താൻ കുറച്ചു നാളെങ്കിലും തങ്ങിയ ആ വീടും സ്ഥലവും കെപിഎസി യുടെ സ്വന്തമാകുന്നതാണെന്നും പറഞ്ഞപ്പോൾ, ബ്രഹ്മവ്രതനൊരു കിടപ്പാടം സംഘടിപ്പിച്ചു കൊടുക്കുന്നതിനെക്കുറിച്ചാണ് ഒരേ സമയം പോറ്റി സാറും തോപ്പിൽ ഭാസിയും വയലാറും മറ്റും ചിന്തിച്ചത്.

തുടർന്ന് കെപിഎസി ആ സ്ഥലം വാങ്ങിയെങ്കിലും, സ്വാമി ബ്രഹ്മവ്രതനെയും കുടുംബത്തെയും പുതിയ വീട്ടിലേക്കു മാറ്റി താമസിപ്പിച്ച ശേഷം മാത്രമാണ് കെപിഎസി യുടെ പ്രവർത്തനം പുതിയ സ്ഥലത്തേക്കു മാറ്റിയത്. അദ്ദേഹം താമസിച്ചിരുന്ന ആ കെട്ടിടം പൊളിച്ചുമാറ്റാതെ ഏറെക്കാലം കെപിഎസി നിലനിർത്തിയിരുന്നു. ഇതിനോടു ചേർന്നു തന്നെ പിന്നീടു പണി കഴിപ്പിച്ച ‘കാമ്പിശ്ശേരി സ്മാരക മന്ദിരം’ 1985 ലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടതെന്നാണ് എന്റെ ഓർമ്മ. ആ സമയത്തു തന്നെയാണ്, അന്നുമുതൽ ജനുവരി പത്തിന് പൊളിച്ചു മാറ്റപ്പെടും വരെ നാഷണൽ ഹൈവേയിലൂടെ യാത്ര ചെയ്യപെട്ടവരുടെയെല്ലാം ശ്രദ്ധ പിടിച്ചു പറ്റി നിന്നിരുന്ന കെപിഎസി എബ്ളം വഹിയ്ക്കുന്ന സ്തൂപവും സ്ഥാപിക്കപ്പെട്ടത്. ഈ രണ്ടു നിർമ്മാണങ്ങളും കേശവൻ പോറ്റി സാറിന്റെയും തോപ്പിൽ ഭാസിയുടെയും നേതൃത്വത്തിലാണ് നടന്നത്. കെട്ടിടം പണിയോടൊപ്പം ആ സ്തൂപം സ്ഥാപിയ്ക്കുന്ന ദിവസം കെപിഎസി യിൽ നിന്നു വീട്ടിലേക്കു വാഹനമെത്തുന്നതു വൈകിയതിൽ ക്ഷമകെട്ട അച്ഛൻ, ഒരു കാലില്ലെന്ന സത്യം പോലും മറന്ന് എന്റെ ബൈക്കിനു പിന്നിൽ കയറി കെപിഎസി യിലെത്തിയ കാര്യം ഇപ്പോഴും ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്നു. ഈ നടപടിക്ക് അച്ഛന് പോറ്റി സാറിന്റെ കടുത്ത ശകാരം കേൾക്കേണ്ടിയും വന്നു. എന്റെ മനസ്സിൽ ആ സ്തൂപത്തിന് സവിശേഷമായ ഒരു പ്രാധാന്യം കൈവന്നത് ഈ സംഭവം കൊണ്ടു കൂടിയാവാം.
ആ സ്തൂപത്തിന്റെ പിൻഭാഗത്ത് ഏതാണ്ടു മധ്യഭാഗം മുതൽ താഴേക്ക് ഫ്രെയിമിൽ തറച്ച നെറ്റു പയോഗിച്ച് കൂടുണ്ടാക്കി അച്ഛൻ ലൗ ബേർഡ്സിനെ വളർത്തിയിരുന്നു. വീട്ടിലെ കിളികൾക്കു വാങ്ങുന്ന ‘തിന’ യുടെ ഒരോഹരി കെപിഎസി യിലെ കിളികൾക്കായി അച്ഛന്റെ വാഹനത്തിൽ മറക്കാതെ എടുത്തു വയ്ക്കേണ്ട ചുമതല എനിയ്ക്കായിരുന്നു. അതുപോലെ തന്നെ വീട്ടിലെ കിളികൾക്കായി കെപിഎസി യിൽ നിന്നും വല്ലപ്പോഴും ഓഹരിയെത്തിയിരുന്നു. ആ സ്തൂപത്തിനു പിന്നിൽ ഇങ്ങനെയൊരു ‘കിളിപ്പാട്ടു ’ കഥ കൂടി ഉണ്ടായിരുന്നു. നാടക റിഹേഴ്സലിന്റെ ഇടവേളകളിൽ, ആ കിളികളുടെയടുത്ത് കസേരകളിരുന്ന് അച്ഛനൊപ്പം തമാശ പങ്കിട്ടിരുന്ന നിരവധി പ്രമുഖരെയും ഞാൻ കണ്ടിട്ടുണ്ട്. ജെസിബി യുടെ കൈകൾ ആ സ്തൂപം പൊളിച്ചു കളയുന്ന ദൃശ്യം പത്രത്തിൽ കണ്ടപ്പോൾ മനസ്സ് വിങ്ങിയത് ആ സ്തൂപം എനിയ്ക്കൊരു വെറും സിമന്റ് നിർമ്മിതി മാത്രമല്ലാതിരുന്നതു കൊണ്ടു കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.