14 November 2024, Thursday
KSFE Galaxy Chits Banner 2

അസാധാരണത്വം അനിവാര്യം

വിജയ് സി എച്ച്
നിലപാട്
October 14, 2024 8:01 am

‘ഇന്ന് രാത്രി പതിനൊന്നും’, ‘പെൺഘടികാരവും’, ‘ഇണയില്ലാപൊട്ടനും’, ‘എലിക്കെണിയും’ എഴുതിയ വി എസ് അജിത്ത് പുതു തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ്. വി എസ് അജിത്ത് സംസാരിക്കുന്നു…

അപൂർവത
***********
ആരുടെ കഥപറച്ചിലിനാണ് പുതുമയുള്ളത് അവരെയാണ് പുത്തനെഴുത്തുകാരെന്നു വിളിക്കേണ്ടത്. ആബ്സലിസൻസ് കണക്കിലെടുക്കാത്ത നവാഗതരുമുണ്ടല്ലോ. പ്രണയം, കാമം, പ്രതികാരം, ദാരിദ്ര്യം, രോഗം, മരണം മുതലായ നാൽപതോളം അവസ്ഥകളേ മനുഷ്യർക്കുള്ളൂവെന്നാണ് പ്രശസ്ത ഫ്രഞ്ച് സാഹിത്യവിമർശകനും ധൈഷണികനുമായ റൊളാൻഡ് ബാർത്ത് നിരീക്ഷിച്ചത്. ഈ മനുഷ്യാവസ്ഥകളെ കാളിദാസനും ഷേക്സ്പിയറും മുതൽ ഗബ്രിയേൽ മാർക്വേസും മാധവിക്കുട്ടിയും വരെയുള്ളവർ ആവിഷ്കരിച്ചു കഴിഞ്ഞു. ഇനി ബാക്കിയുള്ളത് എഴുത്തിന്റെ ക്രാഫ്റ്റിൽ അപൂർവത കൊണ്ടുവരിക എന്നതു മാത്രമാണ്. എന്നാൽ, അത് കൃത്രിമമായി അനുഭവപ്പെടാനും പാടില്ല. എന്റെ തന്നെ ‘പെൺഘടികാരം’ എന്ന കഥാസമാഹാരത്തിൽ ഭീമൻ കല്യാണസൗഗന്ധികം പറിയ്ക്കാൻ പോയ കഥയ്ക്ക് ‘ഹിഡഗിയം കൊറോണേറിയം’ എന്നാണ് പേരിട്ടിരിക്കുന്നത്. മറ്റൊരു കഥയുടെ നാമം ‘ഊന സെപ്പറാത്തിയോൺ ടോപ്പോഗ്രാഫിക്ക’ എന്നും! വായനക്കാർ മണ്ടന്മാരല്ല; എഴുത്താളൻ കൊടുത്ത വിചിത്രമായ പേര് കഥ വായിച്ചു കഴിയുമ്പോൾ നീതീകരിക്കപ്പെടണം. തകഴിയും കേശവദേവും എഴുതിയിരുന്ന കാലത്തുനിന്നു വ്യത്യസ്തമായി ഇന്ന് പരശതം ടി വി ചാനലുകൾ, സ്മാർട്ട്ഫോൺ, സോഷ്യൽ മീഡിയ തുടങ്ങിയവയുടെ വിശാലമായ ലോകം അപ്പുറത്തു തുറന്നു കിടപ്പുണ്ട്. സമയം തുലോം തുച്ഛമാണു താനും. ആയതിനാൽ വായനക്കാരനെ തന്റെ കൃതിയിലേയ്ക്ക് ആകർഷിച്ചു കൊണ്ടുവരേണ്ട ബാധ്യത കാഥാകൃത്തിനുണ്ട്. 

ഇടതു പക്ഷമാവാനേ കഴിയൂ
***************************
എഴുത്തുകാരിൽ മിക്കവരും ഇടതുപക്ഷ ചിന്താഗതിക്കാരാണെന്നു കാണുന്നു. ഞാനും, അതെ. ഇടത്തെ മസ്തിഷ്കത്തിലെ രസതന്ത്രമാണല്ലോ ഒരാളെ എഴുത്തുകാരനാക്കുന്നത്! ശാസ്ത്രീയായി പറഞ്ഞാൽ കലാസാഹിത്യ പ്രവർത്തകർ right-brained ആയിരിക്കും. അയാൾക്ക് പൊളിറ്റിക്കലായി ഇടതു പക്ഷമാവാനേ കഴിയൂ. കപട സദാചാരം, വലിപ്പച്ചെറുപ്പം, ഡോഗ് മാറ്റിസം, എക്സ്ക്ലൂസിവിറ്റി, മതാത്മകത തുടങ്ങിയ പഴഞ്ചൻ മൂല്യബോധങ്ങൾ ഉപേക്ഷിച്ചു ഭൂതദയ, പരഹൃദയജ്ഞാനം, ചരാചരപ്രേമം, അനുകമ്പ, ബഹുസ്വരത, സയിന്റിഫിക് ടെമ്പർ, പ്രാഗ് മാറ്റിസം എന്നീ ഗുണങ്ങളെ സ്വാംശീകരിച്ചവരുടെ പക്ഷമാണെല്ലോ ഇടതുപക്ഷം! ആ നിലയ്ക്കു ഒരു നല്ല എഴുത്തുകാരന് ഇടതു പക്ഷക്കാരനായിരിക്കാതെ തരമില്ല.

മനുഷ്യനെന്ന ദുരൂഹത
**********************
ജീവിതഗന്ധികളായ കുറേ കഥകൾ രചിച്ചിട്ടുണ്ടെങ്കിലും മനുഷ്യനെ നിർവചിക്കുക അത്ര എളുപ്പമല്ല! പുരുഷനെ ‘അപകർഷതയുടെ കൂടാരം’ എന്നും സ്ത്രീയെ ‘അരക്ഷിതത്തിന്റെ കൂപം’ എന്നും പണ്ടൊരിക്കൽ നിർവചിച്ചത് ഓർക്കുന്നു. അപകർഷതയെ മറച്ചു പിടിക്കാൻ പുരുഷൻ പല വിക്രിയകളും കാണിക്കും. കൂടാരത്തിൽ അകപ്പെടുന്നവരെ പാട്രിയാക്കിയുടെ ടൂളുകൾ കൊണ്ട് പരമാവധി ദ്രോഹിക്കും. കൂടാരത്തിനു പുറത്തുള്ളവരെയെല്ലാം എതിരാളിയായി കരുതി യുദ്ധപ്രഖ്യാപനം നടത്തും. അരക്ഷിതത്വത്തിന്റെ കിണറ്റിൽ അകപ്പെട്ട സ്ത്രീ കൂട്ടുകൂടാനെത്തുന്നവരെക്കൂടി അതിനകത്തേക്ക് വലിച്ചിടും. കരയിൽ നിന്ന് കയ്യയച്ച് മോചിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ പാതാളക്കരണ്ടി തട്ടി മുറിവേറ്റു എന്ന് വിലപിക്കും. മനുഷ്യൻ പൊതുവേ ദുരൂഹത നിറഞ്ഞവനാണ്! Igno­mat­ic എന്നും പറയാം. അവനെ/അവളെ പ്രവചിക്കുക സാധ്യമല്ല. സദ്ഗുണങ്ങളെല്ലാം സഹജമാണെന്നും ദുർഗുണങ്ങളാണ് ആർജിതമെന്നും ഒരു നറേറ്റിവ് കേട്ടിട്ടുണ്ട്. അതത്ര ശരിയാണെന്ന് ഞാൻ കരുതുന്നില്ല. പരിണാമപരമായി ചിന്തിച്ചാൽ അങ്ങനെ ആവാൻ തരമില്ല. ജനാധിപത്യം പോലുള്ള, സമത്വം പോലുള്ള ആശയങ്ങൾ പഠിപ്പിച്ചു, ട്രെയിൻ ചെയ്തു എടുക്കുക തന്നെ വേണം. സഹജമായുള്ളത് അടക്കിഭരിക്കാനോ ഭരിക്കപ്പെടാനോ ഉള്ള വാഞ്ഛയാണ്, അഥവാ രാജാവോ പ്രജയോ ആകാനുള്ള ത്വരയാണ് സാഡിസ്റ്റോ മെസോക്കിസ്റ്റോ ആവാനുള്ള വാസനയാണത്. 

മിടുക്കിന്റെ കീ വേർഡ്
************************
അനാട്ടമിയും ഫിസിയോളജിയും പഠിച്ചു പാസാകുന്നവരുടെ മിടുക്ക് തത്വശാസ്ത്ര‑നീതിശാസ്ത്ര വ്യഗ്രതകളായി പരിണമിക്കുമെന്നൊരു ചിന്താധാരയുണ്ട്. പക്ഷേ, മനുഷ്യർ പൂർവാധികം അക്രമങ്ങളിലേയ്ക്കും നികൃഷ്ടതയിലേയ്ക്കും നിപതിച്ചുപോയ വാർത്തകളാണു നിത്യവും സംസ്ഥാനത്ത്! അഭ്യസ്ഥവിദ്യരുടെ മിടുക്ക് തത്വശാസ്ത്ര‑നീതിശാസ്ത്ര വ്യഗ്രതകളായി പരിണമിക്കേണ്ടതല്ലേ എന്ന് പലരും ചോദിക്കാറുണ്ട്. ശാസ്ത്രവിഷയങ്ങൾ പഠിച്ചവർക്ക് കൈവരേണ്ടുന്ന സയന്റിഫിക് ടെമ്പർ മനുഷ്യാന്തസിന് ഗുണകരമായി ഭവിക്കേണ്ടതാണ് എന്ന് പ്രതീക്ഷിക്കുന്നതിൽ ന്യായമുണ്ട്. പക്ഷേ, വാസ്തവമില്ല. പഠിച്ചു പാസാകുന്നവരുടെ മിടുക്ക് എന്നതിനെ കീ വേർഡ്സ് ആയി എടുക്കുകയാണെങ്കിൽ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായമനുസരിച്ചു പഠിക്കുക എന്നാൽ ദൗർഭാഗ്യവശാൽ മനഃപാഠം പഠിക്കുക എന്നാണ്. വികലമായ പരീക്ഷാ സമ്പ്രദായമനുസരിച്ചു പാസാവുക എന്നാൽ ഓർമ്മശക്തി അളന്നപ്പോൾ തരക്കേടില്ല എന്നു മാത്രമാണ്. മിടുക്ക് എന്ന സംജ്ഞ ഡാറ്റ‑ഇൻഫർമേഷൻ‑നോളഡ്ജ്-വിസ്ഡം എന്നീ ക്രമാനുഗതമായ പടവുകൾ വിജയകരമായി കയറിയവൻ/ൾ എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചതെങ്കിൽ, ജ്ഞാനോല്പാദകൻ എന്ന നിലക്കാണെങ്കിൽ, അത് തത്വശാസ്ത്ര‑നീതിശാസ്ത്ര വ്യഗ്രതകളായി പരിണമിച്ചേക്കാം. ജോലി കിട്ടാൻ ഉടായിപ്പ് പിഎച്ച്ഡി എടുക്കുക, നല്ല സ്ത്രീധനം കിട്ടാനിടയുള്ള പെണ്ണിനെ പ്രേമിക്കുക എന്നിവയിലൊക്കെയാണ് മിടുക്ക് പൊതുവേ കാണുന്നത്. സാമ്പ്രദായിക ശാസ്ത്ര വിദ്യാഭാസം മനസിനെ വിമലീകരിക്കും എന്ന് ഞാൻ കരുതുന്നില്ല. നാമത് കൂടുതൽ പ്രതീക്ഷിക്കാനിടയുള്ളത് ഹ്യൂമാനിറ്റിക്സ് പഠിച്ചവരുടെ ഇടയിലാണെന്ന് തോന്നുന്നു. പക്ഷേ, അവിടെയും മനുഷ്യർ പൂർവാധികം അക്രമങ്ങളിലേയ്ക്കും നികൃഷ്ടതയിലേയ്ക്കും നിപതിച്ചുപോയ വാർത്തകളാണു നിത്യവും. സമുചിതമായി പണിയെടുക്കാതെ എങ്ങനെയെങ്കിലും വരുമാനം ഉണ്ടാക്കാം എന്നത് അമാന്യമായി ആരും കരുതുന്നില്ല. ബ്ലൂകോളർ ജോലിക്ക് സോഷ്യൽ അക്സപ്റ്റൻസ് ഇല്ല. അവർക്ക് പെണ്ണ് കിട്ടുന്നില്ല. സമൂഹത്തിൽ മാന്യതയില്ല. ഈ അവസ്ഥ മാറുകയും കൊള്ളാവുന്ന ടീച്ചർമാരെ (if any among the lot എന്നല്ല, പുതുതായി നിർമ്മിക്കുക തന്നെ വേണം) വച്ച് ചെറിയ ക്ളാസു മുതലേ കുട്ടികൾക്ക് മൂല്യധിഷ്ഠിത വിദ്യാഭ്യാസം കൊടുക്കാനുള്ള ഇച്ഛാശക്തി ഭരണ വർഗത്തിനുണ്ടാവുകയും ചെയ്താൽ വിദൂര ഭാവിയിൽ മാറ്റമുണ്ടാകും. 

അർബൻ സാഹിത്യ മന്നന്മാർ
******************************
ജ്ഞാനപീഠ ജേതാക്കളായ എസ് കെ പൊറ്റെക്കാടും, ഒഎൻവി കുറുപ്പും ഉൾപ്പെടെയുള്ളവർ ലോകസഭാ/നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. 1957‑ലും, 1962‑ലും പൊറ്റക്കാട് ഇലക്ഷനിൽ മത്സരിച്ചു. ഒഎൻവി യാകട്ടെ 1989 ലും. അറുപതുകളിലും എഴുപതുകളിലും എൺപതുകളിലും കേരള സമൂഹത്തിൽ നിറഞ്ഞു നിന്നിരുന്ന പ്രക്ഷുബ്ധ യൗവനവും പുസ്തകാനുരാഗവും വായനയും വായനശാലാ ചർച്ചകളും തൊണ്ണൂറോടെ അസ്തമിച്ചു. 1991‑ൽ ഗ്ലോബലൈസഷൻ വന്നതോടെ മനുഷ്യർ ആർത്തിപ്പണ്ടാരങ്ങളായി മാറി. ഇത്തരമൊരു അധോലോകത്താണ് ഇന്നത്തെ അർബൻ സാഹിത്യ മന്നന്മാർ വിരാചിക്കുന്നത്! പൊതു ഇടപെടലുകളിലൂടെ അവർ ലക്ഷ്യമിടുന്നത് ജനകീയ വേദികളും മാധ്യമങ്ങളിൽ ഇടവും തങ്ങൾ രചിച്ച പുസ്തകങ്ങളുടെ കച്ചവടവും പുരസ്കാരങ്ങളും സാംസ്കാരിക സ്ഥാപനങ്ങളിലെ സ്ഥാനങ്ങളുമാണ്. കുമിഞ്ഞുകൂടിയ സമ്പത്തിനെ മൂടിവയ്ക്കാൻ അവർ ദരിദ്രരുടെ മെലോഡ്രാമ പ്രമേയമാക്കി കഥകളെഴുതിയും, ഇന്നത്തെ അധികാര പ്രമത്തതയെ മറച്ചു പിടിയ്ക്കാൻ പണ്ട് അനുഭവിച്ച വിവേചനത്തിന്റെ കഥ പ്രസംഗിച്ചും നവലിബറലിസം നിരാലംബരെ പഠിപ്പിക്കുന്നു. 

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.