ഹിന്ദു മഹാപഞ്ചായത്ത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചുവിട്ട് ഹിന്ദുത്വ പ്രവര്‍ത്തകര്‍. ഡല്‍ഹിയിലെ ബുരാരി മൈതാനത്ത് ഇന്നലെ സംഘടിപ്പിച്ച പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ അഞ്ച് മാധ്യമ പ്രവര്‍ത്തകരെയാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്.
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ അര്‍ബാബ് അലി, മീര്‍ ഫൈസല്‍, ഫോട്ടോഗ്രാഫര്‍ മൊഹദ് മെഹര്‍ബാന്‍, ദ ക്വിന്റ് പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് മേഘനന്ദ് ബോസ് എന്നിവര്‍ക്ക് നേരെ ആയിരുന്നു ആക്രമണം. ഇവരുടെ കൈവശമുണ്ടായിരുന്ന കാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ അക്രമികള്‍ പിടിച്ചുവാങ്ങുകയും ചിത്രങ്ങളും വീഡിയോകളും ഡിലീറ്റ് ചെയ്യുകയും ചെയ്തു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
സേവ് ഇന്ത്യ ഫൗണ്ടഷനാണ് പരിപാടി സംഘടിപ്പിച്ചത്. വിവാദ സന്യാസി യതി നരസിംഘാനന്ദിന്റെ അനുയായി പ്രീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘടനയാണിത്. മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗം നടത്തയതിന് നേരത്തെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ള ആളാണ് പ്രീത് സിങ്. പരിപാടിയില്‍ പങ്കെടുത്ത നരസിംഘാനന്ദ് അടക്കമുള്ള ഹിന്ദുത്വ നേതാക്കാള്‍ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിപാടിയില്‍ 200ഓളം പേര്‍ പങ്കെടുത്തു.
മുസ്‌ലിം ആണെന്ന് അറിഞ്ഞുകൊണ്ടാണ് തങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയതെന്ന് മാധ്യമ പ്രവര്‍ത്തകനായ അര്‍ബാബ് അലി പറഞ്ഞു. ജിഹാദികളെന്ന് വിളിച്ചുകൊണ്ട് ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചുവെന്നും അര്‍ബാബ് പറഞ്ഞു.
പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കില്ലെന്ന് വടക്കു-പടിഞ്ഞാറന്‍ ഡല്‍ഹി ഡിസിപി ഉഷാ രംഗ്‌നാനി അറിയിച്ചിരുന്നതായി ക്വിന്റിലെ മാധ്യമ പ്രവര്‍ത്തകനായ മേഘനന്ദ് ബോസ് ട്വിറ്റ് ചെയ്തു. 2021ല്‍ ജന്തര്‍ മന്ദറില്‍ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗം നടത്തിയവര്‍ തന്നെയാണ് ബുരാരി മൈതാനത്ത് ഹിന്ദുമഹാപഞ്ചായത്ത് നടത്തുന്നതെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.
ന്യൂഡല്‍ഹി: മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യണമെന്ന വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വിവാദ പുരോഹിതന്‍ യതി നര്‍സിംഘാനന്ദ് വീണ്ടും മുസ്‌ലിം വിരുദ്ധ പ്രസ്താവനയുമായി രംഗത്ത്.
ഇന്ത്യയില്‍ ഒരു മുസ്‌ലിം പ്രധാനമന്ത്രി വരാതിരിക്കാന്‍ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്നായിരുന്നു ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഹിന്ദു പഞ്ചായത്തില്‍ നര്‍സിംഘാനന്ദ് നടത്തിയ പ്രസംഗം. അടുത്ത 20 വര്‍ഷത്തിനകം 50 ശതമാനം ഹിന്ദുക്കളും മതം മാറുമെന്നും നര്‍സിംഘാനന്ദ് പ്രസംഗിച്ചു. ഇന്ത്യയില്‍ ഒരു മുസ്‌ലിം പ്രധാനമന്ത്രി വന്നാല്‍ 40 ശതമാനം ഹിന്ദുക്കളും കൊല്ലപ്പെടും. ഇതാണ് ഹിന്ദുക്കളുടെ ഭാവി. ഇതിനൊരു മാറ്റം വേണമെങ്കില്‍ ആണാകണം. ആണാകുക എന്നു പറഞ്ഞാല്‍ കയ്യില്‍ ആയുധമെടുക്കുക എന്നാണ്-നര്‍സിംഘാനന്ദ് പറഞ്ഞത്.
English Summary: Attack by Hindutva activists on media persons
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.