28 April 2024, Sunday

Related news

November 4, 2023
October 13, 2023
August 11, 2023
August 3, 2023
August 3, 2023
July 25, 2023
July 18, 2023
July 6, 2022
May 28, 2022
April 1, 2022

കുട്ടികളിൽ പൗരബോധം വളർത്താൻ ബാലകേരളം 
പദ്ധതി തുടങ്ങും: മന്ത്രി സജി ചെറിയാൻ

Janayugom Webdesk
കായംകുളം
July 18, 2023 5:44 pm

പൊതുവിദ്യാലയങ്ങൾ കേരളത്തിന്റെ വളർച്ചയുടെ പ്രധാന കേന്ദ്രങ്ങളെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് ഗവണ്‍മെന്റ് യു പി സ്കൂളിൽ പുതുതായി നിർമ്മിച്ച ക്ലാസ് മുറിയും ബി ആർ സി ഒരുക്കിയ വർണ്ണക്കൂടാരവും ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. മികച്ച വിദ്യാഭ്യാസം നൽകി സംസ്ഥാനത്തെ കുട്ടികളെ ലോകത്തിന്റെ എല്ലായിടത്തും എത്തിക്കാൻ നമ്മുടെ വിദ്യാഭ്യാസത്തിന് കഴിയണം. സംസ്ഥാന സർക്കാർ ഏറ്റവും കൂടുതൽ ഊന്നൽ നൽകുന്ന മേഖലയാണ് ഉന്നത വിദ്യാഭ്യാസം. കുട്ടികൾ മതബോധത്തോടെയോ ജാതിബോധത്തോടെയോ അല്ല വളർന്നു വരേണ്ടത്, പൗര ബോധത്തോടെയാണ്.

അവരിൽ പൗരബോധം വളർത്തിയെടുക്കാൻ സംസ്ഥാന സർക്കാർ ബാലകേരളം എന്നൊരു പരിപാടി ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും അതിന്റെ കേന്ദ്രങ്ങൾ ആരംഭിക്കും. ദേവികുളങ്ങരയിലും ഒരു കേന്ദ്രം ഉണ്ടാകും. കോളജുകൾ എല്ലാം ഗവേഷണ കേന്ദ്രങ്ങളായി മാറണം. ഇതിനായി സംസ്ഥാന സർക്കാർ വലിയ നിക്ഷേപമാണ് ഒരുക്കിയിരിക്കുന്നത്. കായംകുളം മണ്ഡലത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മികച്ചതായി മാറിയിട്ടുണ്ട്. ഇന്ത്യയിലെ അപൂർവ്വം യൂണിവേഴ്സിറ്റികൾക്ക് ലഭിക്കുന്ന എ പ്ലസ് പ്ലസ് അംഗീകാരം നേടിയ കേരള യൂണിവേഴ്സിറ്റി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അഭിമാനമാണ്. കേരളത്തിലെ കുട്ടികൾ ഇവിടെ പഠിക്കുകയും കേരളത്തിന് പുറത്തുള്ള കുട്ടികളെ ഇവിടുത്തെ വിദ്യാഭ്യാസ രീതി കൊണ്ട് ആകർഷിക്കുകയും ചെയ്യുന്ന എജുക്കേഷൻ ഹബ്ബാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

നൈപുണ്യമുള്ള തലമുറയെ ലോകത്തിന് നൽകാൻ സാധിക്കണം. എന്നാൽ കേവലം എഴുത്തും വായനയും മാത്രമല്ല വിദ്യാഭ്യാസം. ജീവിത പ്രതിസന്ധികളെ അതിജീവിക്കാനും ജീവിതത്തിൽ ഫുൾ എ പ്ലസ് നേടാനും കഴിയുന്ന തലമുറയെ വളർത്തിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. പുതുപ്പള്ളി ഫെസ്റ്റ് സംഘടിപ്പിക്കുന്നതിനായി സാംസ്കാരിക വകുപ്പ് ഫണ്ട് നൽകുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ യു പ്രതിഭ എം എൽ എ അധ്യക്ഷത വഹിച്ചു. എ എം ആരിഫ് എം പി മുഖ്യപ്രഭാഷണം നടത്തി. സമഗ്ര ശിക്ഷാ കേരളം ഡി പി സി ഡി എം രജനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, ബ്ലോക്ക് പഞ്ചായത്ത് അംഗം വയലിൽ നൗഷാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പവനനാഥൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതുഷാരാജ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ എസ് രേഖ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ഇ ശ്രീദേവി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ കെ ചിത്രലേഖ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ രാജേഷ്, രാധാകൃഷ്ണൻ, ലീനാരാജു, പി സ്വാമിനാഥൻ, ശ്യാമവേണു, ലീന, പ്രശാന്ത് രാജേന്ദ്രൻ, ശ്രീലത, രജനി ബിജു, മിനി മോഹൻ ബാബു, എ ഇ ഒ. എ സിന്ധു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി ജെ പോൾ, സമഗ്ര ശിക്ഷ കേരളം പ്രോഗ്രാം ഓഫീസർ പി എ സിന്ധു, ബി പി സി, എസ് ദീപ, എസ് എം സി ചെയർമാൻ ജയകുമാർ തെക്കൻശ്ശേരിൽ, എസ് ഷീജ, സ്റ്റാഫ് സെക്രട്ടറി ആർ വിജയലക്ഷ്മി, ഹെഡ്മിസ്ട്രസ് ആർ രേണുക, ബി ആർ സി ട്രെയിനർ വി ബിന്ദുമോൾ, ബി ആർ സി കോർഡിനേറ്റർ സീനാ സുദേവൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

പൊതുവിദ്യാലയങ്ങളിലെ പ്രീ പ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരള കായംകുളം ബി ആർ സി എന്നിവയുടെ ആഭിമുഖ്യത്തിൽ 10 ലക്ഷം രൂപ ചെലവഴിച്ചാണ് വർണ്ണക്കൂടാരം സജ്ജമാക്കിയിരിക്കുന്നത്. കുട്ടികളുടെ സ്വാഭാവിക വളർച്ചയും വികാസവും സാധ്യമാകുന്ന തരത്തിൽ ഭൗതിക സാഹചര്യങ്ങളുടെ അന്തരീക്ഷത്തിലാണ് വർണ്ണക്കൂടാരം ഒരുക്കിയിരിക്കുന്നത്. ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് 14 ലക്ഷം രൂപ വകയിരുത്തിയാണ് പുതിയ ക്ലാസ് മുറി നിർമ്മിച്ചത്.

Eng­lish Sum­ma­ry:Bal­ak­er­alam project will be launched to incul­cate civic sense in children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.