27 April 2024, Saturday

Related news

March 25, 2024
February 6, 2024
January 3, 2024
December 26, 2023
November 17, 2023
November 9, 2023
November 9, 2023
October 9, 2023
October 7, 2023
October 7, 2023

ഈടായി നൽകിയ ആധാരം തിരികെ നൽകിയില്ല; നഷ്ടപരിഹാരമായി ഏഴുലക്ഷം രൂപ ബാങ്ക് നല്‍കാന്‍ ഉത്തരവായി

വസ്തുവിന്റെ ആധാരവും മറ്റു രേഖകളും തീപിടിത്തത്തിൽ നശിച്ചുപോയതായി ബാങ്ക് അറിയിക്കുകയായിരുന്നു
Janayugom Webdesk
കോട്ടയം
October 7, 2023 10:41 am

വിദ്യാഭ്യാസ വായ്പയ്ക്ക് ഈടായി നൽകിയ ആധാരം നഷ്ടപ്പെടുത്തിയതിന് വസ്തു ഉടമയ്ക്ക് ഐഡിബിഐ ബാങ്ക് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ്.
കോട്ടയം പാമ്പാടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ ഡയറക്ടറായ ഡോ. അനിൽ കുമാർ മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി ഭൂമി പണയപ്പെടുത്തി ഐഡിബിഐ ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നു. വായ്പയ്ക്കായി അസൽ ആധാരവും മുന്നാധാരവും ബാങ്കിൽ ഈടായി നൽകി. ലോൺ അടച്ചുതീർത്തശേഷം വസ്തുവിന്റെ ആധാരവും മറ്റു രേഖകളും 2017 ൽ സംഭവിച്ച തീപിടിത്തത്തിൽ നശിച്ചുപോയതായി ബാങ്ക് അറിയിക്കുകയായിരുന്നു. 2020 ഡിസംബർ 18നാണ് വിവരം ഡോ. അനിൽ കുമാറിനെ അറിയിക്കുന്നത്. തുടർന്ന് രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകി. തുടർന്ന് അസൽ ആധാരം തിരികെ നൽകാത്തതിനെതിരേ ഇദ്ദേഹം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.

ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള അസൽ രേഖകളുടെ അഭാവം ഉടമസ്ഥാവകാശത്തിൽ സംശയം ജനിപ്പിക്കാനും സ്ഥലത്തിന്റെ കമ്പോള വിലയിൽ കുറവു വരുത്താനും ഇടയാക്കുമെന്ന് ജില്ലാ ഉപഭോക്തൃതർക്കപരിഹാര കമ്മിഷൻ വിലയിരുത്തി. ഈടായി നൽകിയ പ്രമാണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാതിരുന്നത് ഐഡിബിഐ ബാങ്കിന്റെ ഭാഗത്തുനിന്നുമുണ്ടായ സേവനന്യൂനതയാണെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ കണ്ടെത്തി. 

ഹർജിക്കാരന് ബാങ്ക് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും നൽകാൻ ഉത്തരവിട്ടു. അഡ്വ. വി എസ് മനുലാൽ പ്രസിഡന്റും അഡ്വ. ആർ ബിന്ദു, കെ എം ആന്റോ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃതർക്കപരിഹാര കമ്മിഷനാണ് ഉത്തരവിട്ടത്.

Eng­lish Sum­ma­ry: Aad­haar giv­en as col­lat­er­al was not returned; The bank to pay Rs 7 lakh as compensation

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.