26 May 2024, Sunday

ബാപ്പുവിന്റെ അവസാന വിജയം

Janayugom Webdesk
February 5, 2023 5:00 am

1948 ജനുവരി 30ന് പ്രാർത്ഥനാ യോഗത്തിന് വരുമ്പോൾ ഗോഡ്‌സെയുടെ വെടിയേറ്റ് മഹാത്മാഗാന്ധി മരിച്ചു. ആ കൊലപാതകം ആത്യന്തികമായ ഭയത്തിന്റെ പ്രകടനമായിരുന്നു, ബഹുജന ബോധത്തിൽ നിന്ന് വേരോടെ പിഴുതെറിയപ്പെടുമോ എന്ന ഭയം. എപ്പോഴും ഭൂതത്തെപ്പോലെ വേട്ടയാടുന്ന അരക്ഷിതാവസ്ഥ, അതുയർത്തുന്ന വെല്ലുവിളിയെ നേരിടാനുള്ള കഴിവില്ലായ്മ, അതിന് അടിവരയിടുന്ന വസ്തുതയാണത്. ഭൂരിപക്ഷ ശക്തികളുടെ പ്രത്യേകാവകാശവാദവുമായി ആ ഭയം ഇപ്പോഴും ജീവിക്കുന്നു. മതേതര-ജനാധിപത്യ തത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള ഭരണഘടനയ്ക്കെതിരായ, വൈവിധ്യത്തിനും ബഹുസ്വരതയ്ക്കും എതിരായ, നമ്മുടെ സാംസ്കാരിക ഘടകങ്ങൾക്കെതിരായ വർഗീയതയുടെ തുടർപങ്കിനെക്കുറിച്ചുള്ള ചർച്ച ശക്തിപ്പെടുത്താനും ഗാന്ധിജിയെക്കുറിച്ച് കൂടുതൽ അറിയാനും ഈ ദിനം വീണ്ടും അവസരം നൽകുന്നു. മഹാത്മാവിന്റെ കൊലപാതകം, ഹിന്ദുത്വ ശക്തികൾക്ക് അദ്ദേഹത്തെ ശാരീരികമായി ഉന്മൂലനം ചെയ്യേണ്ടി വന്ന ഭയത്തിന്റെ ഉദാഹരണമാണ്. ആ വെളിച്ചം കെടുത്തിയ വർഗീയ പ്രത്യയശാസ്ത്രത്തോടുള്ള വെല്ലുവിളി എന്നത്തെയും പോലെ സത്യവും ശക്തവുമാണ് ഇന്നും.

 


ഇതൂകൂടി വായിക്കു; ഗാന്ധിഘാതകർ ദേശദ്രോഹികൾ


 

പുസ്തക നിരോധനത്തിലൂടെയും മാധ്യമങ്ങളെ നിശബ്ദമാക്കിയും, തുറുങ്കിലടയ്ക്കുമെന്ന ഭീഷണിയിലും പ്രതിഷേധങ്ങളെ വിലക്കാന്‍ ശ്രമിക്കുന്ന ഭരണകൂട ശക്തികള്‍ക്കെതിരെ ആശയപരമായ പോരാട്ടങ്ങൾ എക്കാലത്തും ഉണ്ടായിട്ടുണ്ട്. പൂര്‍ണവിജയം നേടിയിട്ടില്ലെങ്കിലും അതിന്റെ ബഹുസ്വര സംസ്കാരം നിലനിർത്താൻ ശ്രമിക്കുന്ന രാഷ്ട്രമായി സ്വാതന്ത്ര്യാനന്തര ഇന്ത്യ ഉയർന്നുവന്നു. അപ്പോഴും ഒരു വെല്ലുവിളിയായി വർഗീയത തുടർന്നു. കൊളോണിയൽ ഭരണകാലത്ത് ഭിന്നിപ്പിച്ച് ഭരിക്കുന്ന രാഷ്ട്രീയം ഒരു ഉപകരണമായി വർഗീയ പ്രത്യയശാസ്ത്രത്തെ ഉപയോഗിച്ചിരുന്നു. എന്നാല്‍ സമുദായമോ മതമോ പരിഗണിക്കാതെ ജനം ആരംഭിച്ച അഹിംസാത്മക സമരങ്ങളെ അടിച്ചമർത്താൻ ക്രൂരമായ മര്‍ദനമുറകള്‍ തന്നെ വേണ്ടി വന്നു ഭരണകൂടത്തിന്. അതൊരു പ്രധാന കാര്യമാണ്. 1930ൽ ഉപ്പ് നിയമത്തിനെതിരെ ഗാന്ധിജി ആരംഭിച്ച ദണ്ഡി മാർച്ച് ഉദാഹരണം. ദണ്ഡിയിൽ നിന്ന് അധികം അകലെയല്ലാതെയുള്ള ‘ധരാസന സാൾട്ട് വർക്സി‘ൽ എത്തിയ ഇരുപത്തയ്യായിരത്തോളം സന്നദ്ധപ്രവർത്തകർ, തങ്ങളുടെ സമുദായത്തെക്കുറിച്ചോ വിശ്വാസത്തെക്കുറിച്ചോ ചിന്തിക്കാത്തവരായിരുന്നു. ആൾക്കൂട്ടത്തിൽ നിന്ന് ഒരു നിര മുന്നോട്ട് നീങ്ങി, മുള്ളുവേലികൊണ്ടുള്ള ബാരിക്കേഡിന് സമീപമെത്തി. പെട്ടെന്ന് പൊലീസ് അവരുടെ ഉരുക്കു ലാത്തികൾ കൊണ്ട് മാർച്ചിനു നേരെ ചാടിവീണു മര്‍ദനം തുടങ്ങി. സമരക്കാരില്‍ ആരും കെെകള്‍ കൊണ്ടുപോലും ലാത്തിയടിയെ തടഞ്ഞില്ല.

അടിയേറ്റവർ ബോധരഹിതരായി. പലരും തലയോട്ടി തകർന്നോ ഒടിഞ്ഞ തോളുകളോടെയോ തളർന്ന് വീണു. തളരാത്തവർ, നിരതെറ്റാതെ നിശ്ശബ്ദമായി നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് നടന്നു. ആരും തിരിച്ചടിക്കുകയോ പ്രത്യാക്രമണം നടത്തുകയാേ ചെയ്തില്ല. സത്യഗ്രഹികൾ എന്താണ് നേടിയതെന്ന് വേണമെങ്കില്‍ ചോദിക്കാം. ഉപ്പ് നിയമം ഔപചാരികമായി പൂർണമായും നിർത്തലാക്കപ്പെട്ടില്ലെന്നും വാദിക്കാം. പക്ഷേ, ലോകത്തിന് പുതിയൊരു തിരിച്ചറിവുണ്ടായി. സമാധാനപരമായ തീവ്രസമരം എന്ന ഒരു പുതിയ ആയുധത്തിന്റെ കുറ്റമറ്റ ഉപയോഗം ഉപ്പ് സത്യഗ്രഹം ലോകത്തിന് കാണിച്ചുകൊടുത്തു. 1930 ഏപ്രിൽ ആറിന് നടന്ന ഉപ്പ് സത്യഗ്രഹത്തിന്റെ പരിസമാപ്തി അങ്ങനെയായിരുന്നു. ഉപ്പ് നികുതി പാവപ്പെട്ടവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ, ഉപ്പ് ഉണ്ടാക്കാൻ കഴിയുന്നിടത്തെല്ലാം, ജനങ്ങള്‍ തീർച്ചയായും സ്വയം ഉല്പാദിപ്പിക്കണമെന്ന് ഗാന്ധിജി പറഞ്ഞു. ആ ആഹ്വാനത്തില്‍ ബഹുജനബോധം നിർഭയത്വത്തിന്റെയും അഹിംസയുടെയും ശക്തിയായി പരിണമിച്ചു.

 


ഇതൂകൂടി വായിക്കു; ഗാന്ധിജിയില്ലാത്ത 75 വര്‍ഷങ്ങള്‍


 

ബംഗാളിലെ നവഖാലിയിലെ വർഗീയ സംഘട്ടനവും സംഭവസ്ഥലത്തെ ഗാന്ധിജിയുടെ സാന്നിധ്യവും ദുരന്തബാധിതരായ എല്ലാജനങ്ങളും അദ്ദേഹത്തിന് ഒരുപോലെയായിരുന്നുവെന്നതിന്റെ ഉദാഹരണമാണ്. അദ്ദേഹം പറഞ്ഞു; “നവഖാലി നഷ്ടപ്പെട്ടാൽ ഇന്ത്യയും നഷ്ടപ്പെട്ടു”. മഹാത്മാഗാന്ധിയുടെ ജീവിതം എഴുതിയ ലൂയിസ് ഫിഷറിനോട് അദ്ദേഹം പറഞ്ഞത്; “ഗ്രാമങ്ങളിൽ കർഷകർ നികുതി അടയ്ക്കുന്നത് നിർത്തും. ഔദ്യോഗിക വിലക്കുണ്ടെങ്കിലും അവർ ഉപ്പുണ്ടാക്കും. ഇത് ഒരു ചെറിയ കാര്യമാണെന്ന് തോന്നാം. ഉപ്പ് നികുതി ബ്രിട്ടീഷ് സർക്കാരിന് തുച്ഛമായ തുക മാത്രമാണ് നൽകുന്നത്. എന്നാൽ പണം നല്കാൻ വിസമ്മതിക്കുന്നത് കർഷകർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുമെന്ന് ചിന്തിക്കാനുള്ള ധൈര്യം നല്കും. ഭൂമി പിടിച്ചെടുക്കലായിരിക്കും അവരുടെ അടുത്ത നടപടി. വാസ്തവത്തിൽ ഭൂമി അതിൽ ജോലി ചെയ്യുന്നവരുടേതാണ്. ഒരുപക്ഷേ അക്രമമോ അരാജകത്വമോ ഉണ്ടാകാം, പക്ഷേ നമുക്ക് അത് നിയന്ത്രിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു”. “യഥാർത്ഥ മൂലധനം സ്വർണമോ വെള്ളിയോ അല്ല, മറിച്ച് അവരുടെ ശാരീരിക അധ്വാനവും ബുദ്ധിയുമാണ് എന്ന സത്യം ഞാൻ തൊഴിലാളിവർഗത്തിന് മുന്നിൽ അവതരിപ്പിച്ചു. ആ അവബോധം വളർത്തിയെടുത്താൽ, അവരെ അധികാരം നേടുന്നതിന് പ്രാപ്തമാക്കാൻ എന്റെ സാന്നിധ്യം ആവശ്യമായിവരില്ല” എന്നും ഗാന്ധിജി പറഞ്ഞു. പിന്നീട് ജനം ഗാന്ധിജിയുടെ സത്തയും മാസ്മരികതയും ഏറ്റെടുക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.