24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 14, 2024
October 20, 2024
July 15, 2024
July 13, 2024
June 29, 2024
June 26, 2024
June 14, 2024
May 7, 2024
February 28, 2024
January 15, 2024

വിലക്കയറ്റത്തിന് പിന്നിൽ

ഡോ. പ്രദീപ്കുമാര്‍
August 7, 2022 5:30 am

രാജ്യത്ത് ഭക്ഷ്യോല്പന്നങ്ങളുടെ വിലക്കയറ്റം അതിരൂക്ഷമാവുകയാണ്. 2021 ഒക്ടോബറിൽ ഒരു ശതമാനത്തിൽ താഴെയുണ്ടായിരുന്ന വിലക്കയറ്റം കഴിഞ്ഞ ജൂണിൽ 7.8 ശതമാനമായി വർധിച്ചിരിക്കുന്നു. ഭക്ഷ്യധാന്യങ്ങൾക്ക് 16 ശതമാനവും പാല്‍ ഉല്പന്നങ്ങൾക്ക് 12, ഭക്ഷ്യയെണ്ണയ്ക്ക് 10, പച്ചക്കറിക്ക് 30 ശതമാനം വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. മൊത്ത വില്പന വില സൂചിക 15.26 ശതമാനമായും ചില്ലറ വില സൂചിക 7.1 ശതമാനമായും വർധിച്ചിരിക്കുന്നു. ചില്ലറ വില്പന വില സൂചികയേക്കാൾ മൊത്ത വില്പന വില സൂചികയുടെ വർധനവ് സൂചിപ്പിക്കുന്നത് വിലവർധനവിന് പിന്നിൽ ഉല്പാദകർക്കും, ചില്ലറ വ്യാപാരികൾക്കും ഇടയിൽ നില്ക്കുന്ന മൊത്ത വ്യാപാരികളായ കോർപറേറ്റുകൾക്ക് വലിയൊരു പങ്കുണ്ട് എന്നാണ്.
രാജ്യം നേരിടുന്ന വിലക്കയറ്റത്തെ കേന്ദ്ര സർക്കാർ ലാഘവത്തോടു കൂടിയാണ് കാണുന്നത്. വിലക്കയറ്റത്തിന്റെ കെടുതി താഴ്ന്ന വരുമാനക്കാരെ ബാധിക്കുകയില്ലെന്നും, ഉയർന്ന വരുമാനക്കാരെയാണ് ദോഷകരമായി ബാധിക്കുകയെന്നുമുള്ള വിചിത്രമായ വാദഗതിയാണ് കേന്ദ്ര സർക്കാർ ഉന്നയിക്കുന്നത്. ഇത് എത്ര പരിഹാസപൂർണമായ സമീപനമാണ്. 2021 ൽ രാജ്യത്തെ ഭക്ഷ്യോല്പാദന രംഗത്ത് റെക്കോഡ് വിളവാണ് ഉണ്ടായിരിക്കുന്നത്. 344.51 ദശലക്ഷം മെട്രിക് ടണ്ണാണ് ഉല്പാദനം. 2020ൽ ഇത് 297.5 ദശലക്ഷം മെട്രിക് ടണ്ണായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി ഉല്പാദനത്തെക്കാൾ 23.8 ദശലക്ഷം‍ മെട്രിക് ടണ്ണിന്റെ വർധനവാണ് 2021ൽ ഉണ്ടായത്. ഉല്പാദനത്തിലുണ്ടായ കുറവല്ല വിലവർധനവിന് കാരണമായിട്ടുള്ളതെന്ന് വ്യക്തം. മറിച്ച് ചില്ലറ വ്യാപാര രംഗത്തെ കോർപറേറ്റ് വല്ക്കരണമാണ് നിലവിലെ പ്രതിസന്ധിക്ക് അടിസ്ഥാനമായിട്ടുള്ളത്.


ഇതുകൂടി വായിക്കൂ:  വിലക്കയറ്റം; ലോകം ഭക്ഷ്യ പ്രതിസന്ധിയിലേക്ക്


ജനങ്ങളുടെ ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തുന്നതിനും പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ച് നിർത്തുന്നതിനും സർക്കാരിന്റെ വിപണി ഇടപെടൽ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് 1955ൽ അവശ്യസാധന നിയമത്തിന് രൂപം നല്കിയത്. നവ ഉദാരവല്ക്കരണ നയങ്ങളെ തുടർന്ന് രാജ്യത്തെ ചില്ലറ വ്യാപാരരംഗം തങ്ങളുടെ നിയന്ത്രണത്തിലാക്കാൻ കോർപറേറ്റുകൾ ശ്രമം ആരംഭിച്ചു. അതിന് തടസമായി നില്ക്കുന്ന അവശ്യസാധനനിയമം ഇല്ലാതാക്കാൻ പലതവണ ശ്രമം നടത്തി. 2002ലെ ബിജെപി സർക്കാർ അവശ്യസാധന നിയമത്തിലെ വകുപ്പ് മൂന്നില്‍ ഭേദഗതി വരുത്തി വ്യാപാരികൾക്ക് സാധനങ്ങൾ സൂക്ഷിക്കുന്നതിനും, സംഭരിക്കുന്നതിനും ഇളവ് നല്കി. നിയമഭേദഗതികൾ നിലവിൽ വന്ന ഘട്ടത്തിലെല്ലാം സവാള, ഉള്ളി, തക്കാളി, അരി, ഭക്ഷ്യയെണ്ണ, പയർ, പരിപ്പ് വർഗങ്ങൾക്കെല്ലാം വലിയതോതിൽ വിലവർധനവ് ഉണ്ടാകുകയും സർക്കാർ ഭേദഗതികൾ പിൻവലിച്ച് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതിയാണ് ഉള്ളത്. മോഡി സർക്കാർ അധികാരത്തിൽ വന്നശേഷം അഞ്ച് തവണയാണ് നിയമഭേദഗതി കൊണ്ടുവന്നത്. രാജ്യത്തെ കോർപറേറ്റ് ഭീമൻമാരായ അംബാനി, അഡാനി, ബാബാ രാംദേവ് തുടങ്ങിയവരുടെ താല്പര്യത്തിന് വിധേയമായി ഭക്ഷ്യോല്പന്നങ്ങളുടെ സംഭരണവിതരണത്തെക്കുറിച്ച് പഠിക്കാൻ മോഡിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യൻ അധ്യക്ഷനായ സമിതി രൂപീകരിച്ചു. ആ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അവശ്യസാധന നിയമ ഭേദഗതി അടക്കമുള്ള കാർഷിക നിയമങ്ങൾ നടപ്പിലാക്കാൻ മോഡി സർക്കാർ ശ്രമിച്ചത്. സർക്കാരിന് മൊത്ത വിപണിയിലുള്ള നിയന്ത്രണം ഒഴിവാക്കി വൻകിട കോർപറേറ്റുകൾക്ക് കർഷകരിൽനിന്നും ഉല്പന്നങ്ങൾ വാങ്ങാനുള്ള അവസരമൊരുക്കുകയായിരുന്നു. അവശ്യസാധന നിയമ ഭേദഗതിയിലൂടെ ധാന്യങ്ങൾ, പയർവർഗങ്ങൾ, ഉരുളക്കിഴങ്ങ്, ഉള്ളി, ഭക്ഷ്യയെണ്ണ കുരുക്കൾ തുടങ്ങിയവ യഥേഷ്ടം സംഭരിക്കാൻ കോർപറേറ്റുകളെ അനുവദിക്കുകയായിരുന്നു. ഇതിലൂടെ രണ്ട് നേട്ടങ്ങളാണ് കോർപറേറ്റുകൾ പ്രതീക്ഷിച്ചത്. തങ്ങൾ സംഭരണം ഏറ്റെടുക്കുന്നതോടുകൂടി കർഷകർക്ക് സർക്കാർ താങ്ങുവില നല്കേണ്ടതില്ല, രണ്ടാമത്തേത് ഭക്ഷ്യധാന്യങ്ങൾ യഥേഷ്ടം സംഭരിക്കാനും, പൂഴ്ത്തിവയ്ക്കാനും, വിപണിയിൽ വില നിശ്ചയിക്കാനുമുള്ള അവസരം ലഭിക്കും. നിലവിൽ ബിജെപി-കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ സ്വീകരിക്കുന്ന ഉദാരമായ സമീപനങ്ങളുടെ മറപറ്റി രാജ്യത്തെ ചില്ലറ വ്യാപാര രംഗത്തെ കോർപറേറ്റുകൾ പൂഴ്ത്തി വയ്പും, കൃത്രിമ വിലക്കയറ്റവും സൃഷ്ടിക്കുകയാണ്.
ചില്ലറ വ്യാപാര രംഗത്ത് കോർപറേറ്റുകളുടെ ഇടപെടൽ ശക്തമാവുകയാണ്. റീട്ടെയിൽ മാർക്കറ്റിങ് റിസർച്ച് ഏജൻസിയുടെ കണക്ക് പ്രകാരം 2010 ൽ ചില്ലറ വ്യാപാര രംഗത്ത് കോർപറേറ്റുകൾ വെറും നാല് ശതമാനമായിരുന്നെങ്കിൽ 2022 ൽ അത് 16 ശതമാനമായി വർധിച്ചിരിക്കുന്നു. വിപുലമായ വിതരണ ശൃംഖലകൾ സൃഷ്ടിച്ച് വിപണിയുടെ നിയന്ത്രണം തങ്ങളുടെ കൈവശമാക്കാൻ കോർപറേറ്റുകൾ ശ്രമിക്കുകയാണ്. വിപണിയിലെ വിലനിർണയ തന്ത്രത്തിലൂടെ ചെറുകിട ചില്ലറ വ്യാപാരികളെ ഒഴിവാക്കാനുള്ള വ്യാപാരതന്ത്രങ്ങളാണ് ഇവർ സ്വീകരിക്കുന്നത്. വിപണിയിലെ മത്സരം ഒഴിവാക്കി കുത്തകവല്ക്കരിക്കാനുള്ള ശ്രമം ജനങ്ങളുടെ വിലപേശൽ ശേഷി തന്നെ ഇല്ലാതാക്കുന്നു. അതിന്റെ സൂചനകളാണ് നിലവിലുണ്ടായിരിക്കുന്ന വിലക്കയറ്റം.


ഇതുകൂടി വായിക്കൂ:  സാമ്പത്തിക വികസനവും സബ്സിഡികളും


ഭക്ഷ്യോല്പന്ന സംസ്കരണ‑വിതരണ രംഗത്തും കോർപറേറ്റുകൾ ആധിപത്യം സ്ഥാപിച്ചതോടെ ചെറുകിട വ്യാപാരികൾക്ക് ന്യായവിലയ്ക്ക് ആവശ്യമായ സാധനങ്ങൾ ലഭിക്കാത്ത സ്ഥിതിയാണ് ഉള്ളത്. കർഷകരിൽനിന്നും നേരിട്ട് ഉല്പന്നങ്ങൾ സംഭരിക്കുകയോ, അല്ലെങ്കിൽ അവരുമായി പാട്ടക്കരാർ ഉണ്ടാക്കുകയോ ചെയ്യുന്നു. തങ്ങളുടെ കമ്പനിക്ക് അല്ലാതെ മറ്റൊരാൾക്കും ഉല്പന്നങ്ങൾ കൈമാറില്ലെന്ന വ്യവസ്ഥയിൽ കർഷകരുമായി മുൻനിശ്ചയിച്ച വിലപ്രകാരമുള്ള കരാർ ഉണ്ടാക്കുന്നു. കൃഷിക്കാവശ്യമായ വിത്തും വളവും കാർഷികോപകരണങ്ങളും ഇവരിൽ നിന്ന് തന്നെ കർഷകർ വാങ്ങണം. ഉല്പാദന‑വിതരണ ശൃംഖല പൂർണമായും കോർപറേറ്റ്‌വല്ക്കരിക്കപ്പെടുന്നതോടെ അതിരൂക്ഷമായ വിലക്കയറ്റം സൃഷ്ടിക്കുന്നതിനോടൊപ്പം രാജ്യത്തിന്റെ ഭക്ഷ്യ ഭദ്രത തന്നെ തകരാൻ ഇടയാകുന്നു.
വിലക്കയറ്റത്തിന്റെ ഏറ്റവും വലിയ ഇരകളാക്കപ്പെടുക താഴ്ന്ന വരുമാനക്കാരായ അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവരായിരിക്കും. വർധിക്കുന്ന തൊഴിലില്ലായ്മയും, കുറഞ്ഞ കൂലിയും ഇവരുടെ വരുമാനത്തിൽ വലിയ ഇടിവ് ഉണ്ടാക്കുന്നു. വിലക്കയറ്റം കൂടി ആകുന്നതോടെ രാജ്യത്തെ ഏതാണ്ട് 22 ശതമാനത്തിലധികം ജനങ്ങൾ പട്ടിണിയിലാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ആഗോള പട്ടിണി സൂചികയിൽ 101-ാം സ്ഥാനത്ത് നില്ക്കുന്ന രാജ്യത്തിന്റെ സ്ഥിതി ഇതിലും ദയനീയമായി മാറും. ഓരോ വർഷവും പോഷകാഹാരക്കുറവിന്റെ ഫലമായി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന 1.9 കോടി കുട്ടികൾ രാജ്യത്തുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം ഓരോ വർഷവും മൂന്ന് ലക്ഷം കുട്ടികളാണ് പോഷകാഹാരക്കുറവിന്റെ ഫലമായി അസുഖബാധിതരായി മരിക്കുന്നത്. സ്ത്രീകളിൽ വിളർച്ച ഏറ്റവും കൂടുതലുള്ള ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാതെ അത് രൂക്ഷമാക്കാനുള്ള നയങ്ങളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. നിത്യോപയോഗസാധനങ്ങൾ പാക്കറ്റിൽ വില്ക്കുന്നതിന് അഞ്ച് ശതമാനം അധിക ജിഎസ്‌ടി ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നു. എന്നാൽ ആഡംബരവസ്തുക്കളുടെ നികുതി വർധിപ്പിച്ചിട്ടില്ല. പൊതുവിതരണ സമ്പ്രദായത്തെ തകർക്കുന്ന നയങ്ങളും കൈക്കൊള്ളുന്നു.


ഇതുകൂടി വായിക്കൂ:  ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക


പ്രധാന്‍മന്ത്രി ഗരീബ് കല്യാൺ അന്നയോജനയെന്ന സൗജന്യ ഭക്ഷ്യപദ്ധതി സെപ്റ്റംബറോടെ നിർത്തലാക്കുമെന്നാണ് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 80 കോടി ജനങ്ങൾക്ക് എല്ലാ മാസവും അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായിട്ടാണ് നല്കിയിരുന്നത്. സർക്കാരിന്റെ കൈവശം പണമില്ലാത്തതുകൊണ്ട് പദ്ധതി നിർത്തുന്നുവെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ മറ്റൊരു വസ്തുത കൂടി ഇതിന് പിന്നിലുണ്ട്. ഈ വർഷം സർക്കാർ നടത്തിയിരിക്കുന്നത് ഭക്ഷ്യോല്പന്നങ്ങളുടെ ഏറ്റവും കുറഞ്ഞ സംഭരണമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പകുതിപോലും ഗോതമ്പും അരിയും സംഭരിക്കാൻ സർക്കാർ തയാറായിട്ടില്ല. സർക്കാർ സംഭരണത്തിൽനിന്ന് പിന്നോട്ട് പോകാൻ കാരണം കരാറുകാർക്ക് താങ്ങുവില ലഭിക്കാതിരിക്കാനും കോർപറേറ്റുകളെ സഹായിക്കുന്നതിനുമാണ്.
രാജ്യത്ത് വിലക്കയറ്റത്തിന്റെ തോത് ഏറ്റവും കുറവ് അനുഭവപ്പെടുന്നത് കേരളത്തിലാണ്. രാജ്യത്ത് വിലക്കയറ്റം 7.8 ശതമാനമായിരിക്കുമ്പോൾ കേരളത്തിൽ 5.1 ശതമാനം മാത്രമാണ്. പൊതുവിതരണ സമ്പ്രദായത്തിലൂടെ സർക്കാരിന്റെ പൊതുവിപണിയിലെ അതിശക്തമായ ഇടപെടലാണ് ഇതിനു പ്രധാന കാരണം. 2016 മേയ് മുതൽ 13 ഇനം അവശ്യസാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകാത്ത സംസ്ഥാനം കേരളമാണ്. അവശ്യസാധനങ്ങളുടെ ജിഎസ്‌ടിയിലുണ്ടായ അഞ്ച് ശതമാനം വർധനവ് സംസ്ഥാനത്ത് നടപ്പാക്കേണ്ടയെന്ന് സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഇതുമൂലമുണ്ടാകുന്ന വിലക്കയറ്റം ഒഴിവാക്കാൻ കഴിയും.
കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന മോഡി സർക്കാർ ജനങ്ങളുടെ താല്പര്യങ്ങളേക്കാൾ പ്രാധാന്യം നല്കുന്നത് കോർപറേറ്റുകളുടെ താല്പര്യങ്ങള്‍ക്കാണ്. ജനം വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോഴും അത് നിയന്ത്രിക്കുന്നതിനോ, ആശ്വാസ നടപടികൾ പ്രഖ്യാപിക്കുന്നതിനോ തയാറാകുന്നില്ല. രാജ്യത്തെ ചില്ലറ വ്യാപാര രംഗത്തെ കോർപറേറ്റുകളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിലക്കയറ്റം തുടർക്കഥയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.