22 December 2024, Sunday
KSFE Galaxy Chits Banner 2

ഭരതമാനസവും രാമഹൃദയവും

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ തത്വമനനം-20
August 5, 2023 4:15 am

‘ലക്ഷ്മണനെക്കാൾ നിനക്കേറുമേ ഭക്തി\ലക്ഷ്മീപതിയായ രാമങ്കൽ നിർണയം’ എന്ന് അധ്യാത്മരാമായണത്തിൽ ഭരതനെപ്പറ്റി ഭരദ്വാജമുനി പറയുന്നുണ്ട്. സത്യമില്ലാത്ത വെറും മുഖസ്തുതിയാകാറില്ല പൊതുവേ മുനിവാക്യങ്ങൾ. രാജാവിന് അഥവാ ഭരണാധികാരിക്ക് മുഖസ്തുതിപൂജ ചെയ്യുന്ന ആൾ വേഷം കൊണ്ടല്ലാതെ മനോഗുണം കൊണ്ട് മുനിയാവില്ല. ഭരതനു ലക്ഷ്മണനെക്കാൾ കൂടുതലാണ് രാമഭക്തി എന്ന മുനിവാക്യം സത്യമാണെന്ന് രാമായണ സന്ദർഭങ്ങൾ ചുഴിഞ്ഞു പരിശോധിച്ചാൽ തെളിഞ്ഞുവരും.
ഭക്തിയുളളവരുടെ ഒരു ലക്ഷണം അവർ ആരെയും സംഘർഷത്തിലാക്കില്ല; സ്വയം സംഘർഷത്തിൽ അകപ്പെടുകയും ഇല്ല എന്നതാണ്. ദശരഥൻ മുതൽ ശ്രീരാമൻ വരെയും കൗസല്യ മുതൽ സീത വരെയും ഉൾപ്പെടുന്ന തന്നോടുബന്ധപ്പെട്ട ഒരാൾക്കും യാതൊരു സംഘർഷവും ഉണ്ടാവുന്നതിനിടവരുത്തുന്ന എന്തെങ്കിലും മനോവാഗ്കർമ്മങ്ങള്‍ ഭരതൻ ചെയ്തിട്ടുണ്ടെന്ന് രാമായണം വച്ചു തെളിയിക്കാനാവില്ല. എന്നാൽ ഭരതന് രാജ്യമോഹമുണ്ടോ എന്ന ശങ്കയാൽ ദശരഥൻ മുതലായവർ അദ്ദേഹത്തെ സംശയിച്ച് സ്വയം സംഘർഷപ്പെട്ടിട്ടുണ്ട്. ഇത്തരം സ്വയംകൃതാനർത്ഥ സംഘർഷങ്ങളുടെ രാജഗാഥ കൂടിയാണ് രാമായണം.


ഇതുകൂടി വായിക്കൂ: കൈകേയി എന്ന വെറുക്കപ്പെട്ട അമ്മ


ഭരതൻ ആർക്കും സംഘർഷമുണ്ടാക്കുകയോ സ്വയം സംഘർഷപ്പെടുകയോ ചെയ്തിട്ടില്ലെങ്കിലും കരയുകയും കോപിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. കരച്ചിലും കോപവും ഉൾപ്പെടെയുളളതെല്ലാം വൈകാരിക വിസർജനങ്ങളാണ്. വിസർജനം സ്വാഭാവികവും ആരോഗ്യലക്ഷണവുമാണ്. പക്ഷേ വയറിളക്കവും മലബന്ധവും സ്വാഭാവികമല്ല; ആരോഗ്യ ലക്ഷണവും അല്ല. കരയണമെന്ന് കലശലായി തോന്നുമ്പോഴും കരയാനാകാതെ വരിക; കോപിക്കണമെന്നു തോന്നുമ്പോഴും കോപിക്കാൻ പറ്റാതാവുക ഇതുണ്ടാക്കുന്ന മനപ്പുകച്ചിലാണ് സംഘർഷലക്ഷണം. ഇത്തരം സംഘർഷം ഭക്തർക്കുണ്ടാവില്ല; ദൈവങ്ങൾക്കുണ്ടാവും. ഭക്തർ വൈചാരികവും വൈകാരികവുമായ സുതാര്യതയുളളവരായിരിക്കും. അവരുടെ മനോനില ആർക്കും കാണാനാകും. ചുണ്ടത്തു ചിരിയും നെഞ്ചത്തു പകയും ആയി കഴിയുന്നവരും ചുണ്ടത്തു രാമനാമവും നെഞ്ചത്തു രാവണന്റെ കാമവും കൊണ്ടുനടക്കുന്നവരുമായ വഞ്ചകപ്രകൃതർക്ക് മാരീചനാകാനല്ലാതെ ഭരതനെപ്പോലുള്ള ഭക്തനാകാനാവില്ല.


ഇതുകൂടി വായിക്കൂ: അധ്യാത്മ രാമനും മാനവ രാമനും


ഭക്തി എന്നാൽ എന്തിനോടെങ്കിലുമുളള പ്രാണതുല്യമായ പരമപ്രണയമാണ്. പ്രാണപ്രശ്നം തരണംചെയ്യാൻ ഏതു കാടും ഏതു കടലും ഏതു മലയും ഭക്തർ വെല്ലും. തപസിന്റെ ഏതു പഞ്ചാഗ്നിയിലും നീന്തിക്കളിക്കാൻ ഭക്തർക്കാവും. ഹനുമാനും ഭരതനും ലക്ഷ്മണനും ഉൾപ്പെടെയുള്ള രാമഭക്തർ അവരുടെ ഭക്തിയാൽ അസാധ്യമായതിനെ സാധ്യമാക്കിയിട്ടുണ്ട്. പ്രണയം ഏതു മതിലും ചാടിക്കുമല്ലോ! എന്നാൽ ഭരതനെയും ഹനുമാനെയും ലക്ഷ്മണകുമാരനെയും അപേക്ഷിച്ച് രാമൻ, താരതമ്യേന സംഘർഷഭരിതനായിരുന്നു. കാരണം രാമൻ ഭക്തനായിരുന്നില്ല; ഭക്തവത്സലനായിരുന്നു. ഭരതന് രാമനോടുള്ള ഭക്തി പ്രാണതുല്യമായിരുന്നു. പക്ഷേ രാമന് സീതയോടുളള പ്രണയം പോലും പ്രാണസ്ഥാനമർഹിക്കുന്നതായിരുന്നില്ല.


ഇതുകൂടി വായിക്കൂ: രാമായണത്തിലെ സീത


ഒരാൾ ദൈവമോ ആൾദൈവമോ ആകുന്നത് അയാൾക്ക് പ്രാണതുല്യപ്രണയം ഒന്നിനോടും ഇല്ലെന്ന നില വരുമ്പോഴും അയാളെ പ്രാണതുല്യം പ്രണയിക്കാൻ ഒരുപാടുപേരുണ്ടെന്ന നില ഉണ്ടാകുമ്പോഴുമാണ്. ഈ നിലയിൽ രാമായണത്തിലെ ആൾദൈവം രാമനാണ്; ഭരതനും ഹനുമാനും ഗുഹനും ശബരിയുമെല്ലാം ഭക്തജനങ്ങളുമാണ്. പരമപ്രണയം എന്തിനോടെങ്കിലുമില്ലാത്ത ജീവിതം സംഘർഷഭരിതമായിരിക്കും. അതിനാൽ സംഘർഷം ഒഴിവാക്കാനുളള വഴി തന്റെ പരമപ്രേമഭാജനം ഏതെന്നും ആരെന്നും കണ്ടെത്തുകയാണ്. ഭരതന്‍ അതുകണ്ടെത്തി. അതിനാൽ ഭരതമാനസം സംഘർഷരഹിതമായ തെളിനീർ തടാകമായി. ഭരതനെപ്പോലുളള ഭക്തമാനസങ്ങളെ ഏത് ആനപ്പുറം താക്കോൽസ്ഥാനമാക്കുന്നവർക്കും കലക്കിമറിച്ചു സ്വാർത്ഥപൂരണത്തിന്റെ മീൻപിടിത്തം നടത്താനാവില്ല.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.